9 Sunday
May 2021
2021 May 9
1442 Ramadân 26

ളിഹാറിന്റെ മതവിധി

ശംസുദ്ദീന്‍ പാലക്കോട്‌


ഒരാള്‍ തന്റെ ഭാര്യയെ മാതാവിനോട് സാദൃശ്യപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് ലൈംഗിക-ദാമ്പത്യ ബന്ധത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ് ളിഹാര്‍ എന്ന് പറയുന്നത്. ഇസ്ലാം കര്‍ശനമായി നിരോധിച്ച ഒരു കാര്യമാണിത്. കാരണം ഉമ്മയും മകനും തമ്മിലുള്ള ബന്ധമല്ല ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളത്. മാതാവ് വേറെ, ഭാര്യ വേറെ എന്ന സത്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന് മുമ്പ് ളിഹാര്‍ ത്വലാഖിന് സമാനമായ ഒരു പദപ്രയോഗമായിരുന്നു. ഭാര്യയെ അകറ്റി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ അക്കാലത്ത് ഭാര്യയോട് പറയുന്ന ഒരു വാക്കായിരുന്നു ‘ഇനി മുതല്‍ നീ എനിക്ക് എന്റെ ഉമ്മയെപ്പോലെയാണ്’ എന്ന്.
ഇങ്ങനെ പറയുന്നതിലൂടെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു: ഭാര്യാഭര്‍തൃ ബന്ധത്തിലെ അനുവദനീയമായ ലൈംഗികബന്ധം സ്വയം നിഷിദ്ധമായി പ്രഖ്യാപിക്കുകയും ഭാര്യ എന്ന അവസ്ഥയില്‍ തന്റെ ഭാര്യയെ അംഗീകരിക്കാന്‍ താന്‍ തയ്യാറല്ല എന്ന് പറയാതെ പറയുകയും ചെയ്യുന്നു എന്നതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യം, ഭര്‍ത്താവ് ത്വലാഖിന് സമാനമായ ഇത്തരം ഗുരുതര വാക്ക് പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഉപയോഗപ്പെടുത്തി സ്വന്തം വഴി തേടി പോകാന്‍ ഇത്തരം സന്ദര്‍ഭത്തില്‍ സ്ത്രീക്ക് കഴിയാതെ വരുന്നു.
സൂറത്തുല്‍ മുജാദലയില്‍ ഒന്നു മുതല്‍ 4 വരെയുള്ള ആയത്തുകളില്‍ ളിഹാറിനെ കുറിച്ച് വിവരിക്കപ്പെട്ടിട്ടുണ്ട്. ”തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് സംവദിക്കുകയും അല്ലാഹുവിനോട് ആവലാതി ബോധിപ്പിക്കുകയും ചെയ്ത സ്ത്രീയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ ഇരുവരുടെയും സംഭാഷണം കേള്‍ക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഭാര്യമാരെ സ്വന്തം ഉമ്മമാരോട് സാദൃശ്യപ്പെടുത്തുന്നവര്‍ (ളിഹാര്‍ ചെയ്യുന്നവര്‍) അറിയണം, അവര്‍ അവരുടെ ഉമ്മമാരല്ല. അവരെ പ്രസവിച്ചതാരാണോ അവര്‍ മാത്രമാകുന്നു അവരുടെ ഉമ്മമാര്‍. യഥാര്‍ഥത്തില്‍ അവര്‍ (ളിഹാര്‍ ചെയ്യുന്നവര്‍) വളരെ വ്യാജമായ ഒരു വാക്കാണ് പറയുന്നത്. ഇനി അങ്ങനെ ളിഹാര്‍ ചെയ്യുകയും അതില്‍ നിന്ന് പിന്‍മടങ്ങാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ അവര്‍ ഭാര്യാഭര്‍തൃ ലൈംഗികബന്ധം പുലര്‍ത്തുന്നതിന് മുമ്പ് ഒരു അടിമയെ മോചിപ്പിക്കണം. അല്ലാഹു നല്‍കുന്ന ഉപദേശമാകുന്നു ഇത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. ഇനി, അതിന് സാധിക്കാതെ വന്നാല്‍, നിങ്ങള്‍ പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് നോല്‍ക്കണം. ഇനി അതിനും സാധിക്കാതെ വന്നാല്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ് എന്നത് കൊണ്ടാണിത്. ഇവ അല്ലാഹുവിന്റെ നിയമപരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.”
ഔസുബ്‌നു സ്വാമിത്ത് എന്ന സ്വഹാബി തന്റെ ഭാര്യ ഖൗല ബിന്‍തു സഅലബയെ ളിഹാര്‍ ചെയ്ത് അകറ്റി നിര്‍ത്തുകയും പിന്നീട് അവരുമായി ലൈംഗിക ബന്ധത്തിന് മുതിരുകയും ചെയ്തപ്പോള്‍ ഭാര്യ അതിന് വിസമ്മതിക്കുകയും ഇതിന്റെ നിയമ പ്രശ്‌നമറിയാന്‍ പ്രവാചകനെ സമീപിക്കുകയും ചെയ്തതാണ് ളിഹാര്‍ സംബന്ധമായ നിയമങ്ങളിറങ്ങാന്‍ ഇടയായ സാഹചര്യം. ഈ ജാഹിലിയ്യാ സംസ്‌കാരം ഒരാള്‍ ഇസ്ലാമിക ജീവിതത്തിനുള്ളില്‍ എടുത്തുപയോഗിച്ചാല്‍ ഭാര്യാഭര്‍തൃ ബന്ധം മുറിഞ്ഞ് ത്വലാഖാവുകയില്ലെങ്കിലും ഇസ്ലാം നിരോധിച്ച ഒരു കാര്യം ചെയ്തു എന്ന കാരണത്താല്‍ പരസ്പരം ബന്ധപ്പെടുന്നതിന് മുമ്പ് നിര്‍ദ്ദിഷ്ട പ്രായശ്ചിത്തം ചെയ്യണം. ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പരസ്പരം ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാകണം. കാരണം ചില പദപ്രയോഗങ്ങളും നിലപാടുകളും സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തലായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x