28 Thursday
March 2024
2024 March 28
1445 Ramadân 18

പരാക്രമം ലക്ഷദ്വീപിലേക്ക്‌


ഒരു ജനതയുടെ ജീവിതത്തെ തകര്‍ത്തെറിയാന്‍ ഏറ്റവും എളുപ്പം ആ ജനതയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കലാണ്. അതിനുള്ള എളുപ്പമാര്‍ഗം സംസ്‌കാരത്തിലേക്ക് അധിനിവേശം നടത്തുക എന്നതും. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. ഒരു ജനതയുടെ പാരമ്പര്യത്തെ വേരോടെ പിഴുതെറിയാനും അതുവഴി സ്വന്തം മണ്ണില്‍ അവരെ അപരവത്കരിക്കാനുമുള്ള ആസൂത്രിതവും കിരാതവുമായ ശ്രമം. കൃത്യമായ ലക്ഷ്യങ്ങളോടെ നടപ്പാക്കപ്പെടുന്ന ഈ ഫാസിസ്റ്റ് അജണ്ടക്കെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.
32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള 36 ദ്വീപ്‌സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലക്ഷദ്വീപ്. കവരത്തിയാണ് ഈ കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനം. 99 ശതമാനവും മുസ്്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശം. കൃഷിയും കാലിവളര്‍ത്തലും മത്സ്യബന്ധനവും പ്രധാന ജീവിതമാര്‍ഗമാക്കിയ ജനത. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള ഭരണത്തിലാണ് ലക്ഷദ്വീപ്. ഇതിനു കീഴില്‍ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളുമുണ്ട്. ഡല്‍ഹി അടക്കമുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്ക് നല്‍കപ്പെട്ടതിന് തുല്യമായ അധികാരമാണ് ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം കൂടിയായ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ദിനേശ്വര്‍ ശര്‍മ്മ ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് 2020 ഡിസംബറില്‍ മരണപ്പെട്ടതോടെയാണ് ആ സ്ഥാനത്ത് പകരക്കാരനായി ഗുജറാത്തുകാരനായ പ്രഫുല്‍ കോഡ പട്ടേല്‍ നിയമിക്കപ്പെട്ടത്. ഐ എ എസുകാര്‍ മാത്രം നിയമിക്കപ്പെട്ടിട്ടുള്ള അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടുള്ള ആദ്യ രാഷ്ട്രീയ നിയമനമായിരുന്നു പ്രഫുല്‍ പട്ടേലിന്റേത്. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമുള്ള പട്ടേല്‍ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് റോഡ് കോണ്‍ട്രാക്ടര്‍ ആയിരുന്നു. ഇതുതന്നെ കൃത്യമായ സംഘ്പരിവാര്‍ അജണ്ട ഈ നിയമത്തിനു പിന്നിലുണ്ടെന്ന് വെളിപ്പെടുത്തുന്നു. മോദി- അമിത് ഷാ അച്ചുതണ്ടിന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടാളിയാണ് പ്രഫുല്‍ പട്ടേല്‍. സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ അറസ്റ്റിലായതോടെയാണ് പ്രഫുല്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായത്. അതും പല സീനിയര്‍ എം എല്‍ എമാരേയും മറികടന്ന് അമിത് ഷാ കൈവശം വച്ചിരുന്ന 10-ല്‍ എട്ടു വകുപ്പുകളുമായി. ആ വിശ്വസ്തത തന്നെയാണ് ‘ലക്ഷദ്വീപ് ദൗത്യം’ അദ്ദേഹത്തെ ഏല്‍പ്പിക്കാനുള്ള പ്രേരണയും.
സ്വന്തമായ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരാണ് ലക്ഷദ്വീപ് നിവാസികള്‍. തനതു സംസ്‌കാരവും ജീവിത രീതികളും ആചാര മര്യാദകളും നിലനിര്‍ത്തിപ്പോരുന്ന ജനത. ആ സംസ്‌കാരങ്ങള്‍ക്കുമേലാണ് ഇന്ന് സംഘ്പരിവാരിന്റെ ബുള്‍ഡോസറുകള്‍ പതിച്ചുകൊണ്ടിരിക്കുന്നത്.
അധികാരമേറ്റ ശേഷം സംഘ്പരിവാര്‍ അജണ്ടകള്‍ ദ്വീപ് ജനതക്കുമേല്‍ ഒന്നൊന്നായി അടിച്ചേല്‍പ്പിക്കപ്പെടുന്ന തിരക്കിലാണ് അഡ്മിനിസ്‌ട്രേറ്റര്‍. അംഗനവാടി ജീവനക്കാര്‍ അടക്കമുള്ളവരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ട് തുടങ്ങിയ നടപടികള്‍ ഇന്ന് ആ ജനതയുടെ സംസ്‌കാരത്തേയും ജീവിതോപാധികളേയും ആകെ തച്ചുടക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. കാര്‍ഷിക മേഖലയെ തകര്‍ത്തും സാങ്കേതിക തടസ്സങ്ങളുയര്‍ത്തി മത്സ്യബന്ധന യാനങ്ങള്‍ കൂട്ടത്തോടെ പിടിച്ചെടുത്തും ജീവിതോപാധികളെ തകര്‍ക്കലായിരുന്നു അടുത്ത ഘട്ടം. അതുവരെ മദ്യലഭ്യതയില്ലാതിരുന്ന ദ്വീപില്‍ ടൂറിസം വികസനത്തിനെന്ന പേരില്‍ മദ്യവിതരണം സുലഭമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലെ കൊച്ചിയെയും ബേപ്പൂരിനെയും ആശ്രയിച്ചിരുന്ന, കേരളവുമായി അഭേദ്യമായ ബന്ധം നിലനിര്‍ത്തിപ്പോന്ന ദ്വീപ് നിവാസികളുടെ യാത്രാ സൗകര്യത്തെ മംഗലാപുരത്തേക്ക് പറിച്ചുനട്ടു. സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ മറ്റു സര്‍ക്കാര്‍ ജോലികളില്‍ നിയമിച്ച അഡ്മനിസ്‌ട്രേറ്ററുടെ നടപടി കേരള ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ബഹുഭൂരിഭാഗം ജനങ്ങളും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന ബീഫിന് നിരോധനം ഏര്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ പൊറുതിമുട്ടിയതോടെയാണ് ലക്ഷദ്വീപ് ജനത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ തന്നെ ക്രിമിനല്‍ കേസുകള്‍ ഏറ്റവും കുറവുള്ള പ്രദേശമാണ് ലക്ഷദ്വീപ്. കവരത്തിയില്‍ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും കേസുകൂട്ടങ്ങളൊന്നുമുണ്ടാവാറില്ല. അത്തരമൊരു പ്രദേശത്ത് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മാത്രം ഗുണ്ടാ നിയമം നടപ്പാക്കുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി ആളുകളെ അറസ്റ്റു ചെയ്യുകയുമാണിപ്പോള്‍. കൃത്യമായ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കൂടി മോദി സര്‍ക്കാറിനു കീഴില്‍ നടക്കുന്ന ലക്ഷദ്വീപ് നീക്കത്തിനു പിന്നിലുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. വിവിധ സാമൂഹിക, സാംസ്‌കാരിക, മത സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളേയും കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തിയ മര്‍ദക ഭരണകൂടം തന്നെയാണ് ലക്ഷദ്വീപ് നീക്കത്തിനു പിന്നിലും എന്നതുകൊണ്ടുതന്നെ അതിശക്തമായ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ആ ജനതക്ക് തങ്ങളുടെ ജീവിതവും സംസ്‌കാരവും സംരക്ഷിക്കാന്‍ കഴിയൂ.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x