28 Thursday
March 2024
2024 March 28
1445 Ramadân 18

ഇസ്ലാമിക നിയമങ്ങളിലെ സ്ത്രീ അവകാശങ്ങള്‍

എ ജമീല ടീച്ചര്‍


ഈയിടെയായി ഇന്ത്യാ രാജ്യത്ത് കോടതി ഇടപെടലുകള്‍ക്ക് വിധേയമായ ഒരു ഇസ്ലാമിക നിയമമാണ് ഖുല്‍അ്. നിരന്തരം പൊരുത്തക്കേടുകള്‍ കൊണ്ട് പൊറുതിമുട്ടുന്ന ദാമ്പത്യ ജീവിതത്തില്‍ നിന്ന് സ്ത്രീക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയാണത്. ശരീഅത്ത് നിയമങ്ങളിലെ ഒരു പെണ്ണവകാശം എന്ന് അതിനെ വിശേഷിപ്പിക്കാം. ഇസ്ലാമിലെ ഇത്തരം നിയമങ്ങള്‍ക്ക് രണ്ട് വശമുണ്ട്. ഒന്ന് നിയമപരം. മറ്റൊന്ന് ധാര്‍മികം. ത്വലാഖ്, ഖുല്‍അ്, ഫസ്ഖ് മുതലായവയെല്ലാം ഏറ്റവും ഒടുവിലത്തെ ആയുധമായി മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് അതിലെ ധാര്‍മികത. അതൊരു കളിയും ചിരിയും തോന്നിവാസവുമായി മാറാന്‍ പാടില്ല. കാരണം എല്ലാറ്റിന്റെയും പര്യവസാനം കുടുംബ ബന്ധങ്ങളെ വെട്ടിമുറിക്കുക എന്നതായിരിക്കും. അതാകട്ടെ അല്ലാഹു ഇഷ്ടപ്പെടാത്ത കാര്യമാണ് താനും. ”അല്ലാഹുവുമായുള്ള പ്രതിജ്ഞ ഉറപ്പിച്ച ശേഷം ലംഘിക്കുകയും അല്ലാഹു ചേര്‍ക്കാനാവശ്യപ്പെടുന്ന ബന്ധങ്ങളെ ഛേദിക്കുകയും ഭൂമിയില്‍ അധര്‍മമാചരിക്കുകയും ചെയ്യുന്നവരെ. അവരല്ലോ മഹാനഷ്ടം സംഭവിച്ചവര്‍.” (വി.ഖു 2:27).
അല്ലാഹു ചേര്‍ക്കാനുദ്ദേശിക്കുന്ന ബന്ധങ്ങളില്‍ അതിപ്രധാനം കുടുംബബന്ധങ്ങളാണെന്ന് ഖതാദ(റ), ഇബ്‌നു ജരീര്‍(റ) മുതലായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. കുടുംബ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും തകര്‍ച്ച കടുത്ത അരാജകത്വത്തിലേക്കായിരിക്കും ചെന്നെത്തുക. നബി(സ) പറയുന്നു: ”മാറി മാറി രുചി നോക്കുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. രുചി നോക്കി നടക്കുകയും കൂടുതല്‍ ത്വലാഖ് ചൊല്ലുകയും ചെയ്യുന്ന എല്ലാവരെയും അല്ലാഹു നശിപ്പിക്കുന്നു.”
”ഭര്‍ത്താവില്‍ നിന്ന് യാതൊരു ന്യായവുമില്ലാതെ ഭാര്യ ഖുല്‍അ് വാങ്ങിയാല്‍ അവളുടെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെ മുഴുവനും കോപമുണ്ടാവട്ടെ.” (നബിവചനം). ഖുല്‍അ് കൊണ്ട് കളിക്കുന്ന സ്ത്രീകള്‍ കപട വിശ്വാസികളാണ്.
അത്യാവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ ഇരുവര്‍ക്കും ദാമ്പത്യ ജീവിതത്തിന്റെ ഇടുക്കത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴികള്‍ മാത്രമാണിവ. അനാവശ്യമായി അവ എടുത്തുപയോഗിക്കാന്‍ പാടില്ലെന്നര്‍ഥം. മരണം വരെ സന്തോഷത്തോടും സമാധാനത്തോടും കൂടിയ ജീവിതമാണ് ദാമ്പത്യബന്ധം കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (വി.ഖു 30:21)
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം മനസ്സമാധാനമായിരിക്കും. കുടുംബാന്തരീക്ഷത്തിലാണ് ആദ്യം അതുണ്ടാകേണ്ടത്. സമൂഹം എന്ന സ്ഥാപനത്തിലെ ഏറ്റവും ചെറിയ യൂനിറ്റ് കുടുംബമാണല്ലോ. കുടുംബത്തിലെ സമാധാനം എന്നത് ഒരു പരിധി വരെ അവനവന്‍ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്. കുമിഞ്ഞുകൂടിയ സമ്പത്തുണ്ടായതു കൊണ്ടൊന്നും മനസ്സമാധാനമുണ്ടായിരിക്കണമെന്നില്ല. പരസ്പരം വിട്ടുവീഴ്ച ചെയ്യുക, സ്വാര്‍ഥത കൈവെടിയുക, തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കാനാവുക, അപരന്റെ സുഖത്തില്‍ സന്തോഷിക്കാനും ദു:ഖത്തില്‍ വിഷമിക്കാനും സാധിക്കുക. ഇത്തരം മാനുഷിക ഗുണങ്ങള്‍ നിലനിര്‍ത്തുമ്പോഴേ കുടുംബ ബന്ധത്തിലും സമാധാനം കണ്ടെത്താനാവുകയുള്ളൂ.
ഉള്ളതുകൊണ്ട് സംതൃപ്തനാകുക എന്നതും ജീവിതത്തില്‍ ശീലിച്ചിരിക്കേണ്ട ഒരു നല്ല ഗുണമാണ്. ഒരിക്കല്‍ ഒരു സദസ്സില്‍ അനുയായികള്‍ക്ക് മതം പഠിപ്പിക്കുന്നതിനിടയില്‍ തിരുമേനി(സ) ഇപ്രകാരം പറഞ്ഞു: ”ഖത്താബിന്റെ ഭാര്യ സ്വര്‍ഗത്തിലാണ്.”
നബി(സ) സ്വര്‍ഗം വാഗ്ദാനം ചെയ്യാന്‍ മാത്രം വലിയ സല്‍ഗുണങ്ങളില്‍ പ്രസ്തുത സ്ത്രീ ചെയ്യുന്നതെന്താണെന്നറിയാന്‍ സഹാബത്തിന് ജിജ്ഞാസയായി. അവരില്‍ ചിലര്‍ ഖത്താബിന്റെ ഭാര്യയെ തേടിപ്പിടിച്ചു.
”നിങ്ങള്‍ സ്വര്‍ഗത്തിലാണെന്ന് തിരുമേനി(സ) പറയുന്നത് കേട്ടല്ലോ. അതിനു മാത്രം എന്തൊക്കെ സല്‍ക്കര്‍മങ്ങളാണ് നിങ്ങള്‍ കൂടുതലായി ചെയ്യുന്നത്. അതറിയാണ് ഞങ്ങളെത്തിയിരിക്കുന്നത്” -സ്വഹാബാക്കളില്‍ ചിലര്‍ ഖത്താബിന്റെ ഭാര്യയോട് ചോദിച്ചു.
”പ്രത്യേകിച്ചൊന്നുമില്ല, എന്റെ ഭര്‍ത്താവ് പാവപ്പെട്ട ഒരു വിറക് വെട്ടുകാരനാണ്. അദ്ദേഹം എന്നും രാവിലെ വിറക് ശേഖരിക്കാന്‍ പോകും. അദ്ദേഹം പോയിക്കഴിഞ്ഞാലുടനെ ഞാന്‍ എന്റെ വീട് അടിച്ചുവാരി വൃത്തിയാക്കും. അദ്ദേഹം കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങള്‍ രുചികരമായി പാചകം ചെയ്ത് വെക്കും. ശേഷം ഞാന്‍ കുളിക്കും. എനിക്കുള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രങ്ങളൊക്കെ ഉടുത്തണിഞ്ഞ് നില്‍ക്കും. വൈകുന്നേരം അദ്ദേഹം തിരിച്ചു വരുമ്പോള്‍ ഒരു പുതുമാരനെ സ്വീകരിക്കാനെന്നവണ്ണം വാതില്‍ക്കല്‍ നില്‍ക്കും. ശരീരമാകെ വിയര്‍പ്പും തലയില്‍ വിറക് കെട്ടുമായി കയറി വരുന്ന ഭര്‍ത്താവിനെ ഞാന്‍ കൈപിടിച്ച് സ്വീകരിക്കും. തലയില്‍ നിന്ന് വിറകുകെട്ട് താഴെ വെക്കാന്‍ സഹായിക്കും. അദ്ദേഹത്തിന് കുളിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഒന്നിച്ചുറങ്ങും. ഇതില്‍ക്കൂടുതലൊന്നും സല്‍കര്‍മങ്ങളായി എടുത്തുപറയാന്‍ എനിക്കില്ല”
ഇക്കാര്യങ്ങളെല്ലാം സ്വഹാബിവര്യന്മാര്‍ തിരുമേനി(സ)യെ കേള്‍പ്പിച്ചു. അവിടുന്ന് ഇപ്രകാരം പറഞ്ഞു: ”അതെ, ഇതൊക്കെ തന്നെയാണ് ആ സ്ത്രീയെ സ്വര്‍ഗത്തിനവകാശിയാക്കുന്നത്.”
ഭര്‍തൃസ്നേഹവും ഉള്ളതുകൊണ്ട് സംതൃപ്തി പൂണ്ട് ജീവിക്കാനുള്ള സന്മനസ്സുമാണ് അവര്‍ക്കുണ്ടായിരുന്ന കൈമുതല്‍. സന്തുഷ്ടകുടുംബത്തിന്റെ മാനദണ്ഡവും അതുതന്നെ.
വിനോദങ്ങള്‍
ഭാര്യ, ഭര്‍ത്താവില്‍ നിന്ന് വെറും സാമ്പത്തിക സഹായവും മാന്യമായ പെരുമാറ്റവും മാത്രമല്ല പ്രതീക്ഷിക്കുന്നത്. സംശുദ്ധമായ ജീവിതം നയിക്കുവാന്‍ പറ്റിയ വിധം അവളുടെ വൈകാരികമായ ആവശ്യങ്ങളും ഭര്‍ത്താവില്‍ നിന്ന് പൂര്‍ത്തീകരിച്ച് കിട്ടേണ്ടതാണ്. അതിന് പറ്റിയ വിധമായിരിക്കണം ഭര്‍ത്താവിന്റെ അവളോടുള്ള സഹവാസം. കൂടുതല്‍ കാലം അവളുമായി അകന്ന് ജീവിക്കാന്‍ പാടില്ലെന്നും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഭാര്യയുമായി സല്ലപിക്കാന്‍ ഒരല്പ സമയം ഭര്‍ത്താവ് നീക്കി വെച്ചേ മതിയാവൂ.
”തങ്ങളുടെ സ്ത്രീകളുമായി അകന്ന് നില്‍ക്കുമെന്ന് സത്യം ചെയ്യുന്നവര്‍ നാല് മാസം കാത്തിരിക്കാവുന്നതാണ്” (വി.ഖു. 2:226). നാല് മാസത്തിലധികം ഒരു കാരണവശാലും അകന്ന് ജീവിക്കരുതെന്നാണ് ഖുര്‍ആന്‍ ഇവിടെ കല്പിക്കുന്നത്. ഭാര്യയുമായി ബന്ധപ്പെടുകയില്ലെന്ന് സത്യം ചെയ്ത് കൂടുതല്‍ കാലം അകന്നുനില്‍ക്കുന്ന ജാഹിലിയ്യ സമ്പ്രദായത്തെയാണ് ഖുര്‍ആന്‍ ഇവിടെ എതിര്‍ക്കുന്നത്.
അംറിബ്‌നി ആസ്(റ) ഭാര്യയെ സമീപിക്കുകയില്ലെന്നും ആരാധനയില്‍ മാത്രം മുഴുകി ജീവിക്കുമെന്നും സത്യം ചെയ്തപ്പോള്‍ നബി(സ) അതിനെ ശക്തിയുക്തം എതിര്‍ക്കുകയുണ്ടായി. നബി(സ) പറഞ്ഞു: നിന്റെ ഭാര്യയോട് നിനക്ക് ബാധ്യത നിറവേറ്റേണ്ടതുണ്ട്.” (ബുഖാരി, മുസ്ലിം). കിടപ്പറ രഹസ്യം പുറത്താക്കുന്നതിനെയും തിരുമേനി(സ) വെറുക്കുന്നുണ്ട്. നബി(സ) പറഞ്ഞു: ”നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ദുഷ്ടനായ മനുഷ്യന്‍ പരസ്പരം ഇണചേര്‍ന്നതിനു ശേഷം ഭാര്യയുടെ രഹസ്യം പുറത്തുവിടുന്നവനാണ്” (മുസ്ലിം).
ഭര്‍ത്താവ് മാത്രമല്ല, ഭാര്യയും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. ഭാര്യമാരെ ക്രൂരമായി അടിക്കുന്നതും ഇസ്ലാം വിരോധിക്കുന്നു. നബി(സ) പറയുന്നു: ”അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ നിങ്ങള്‍ മര്‍ദിക്കരുത്” (അബൂദാവൂദ്).
ചുരുക്കത്തില്‍ ഖുല്‍അ് മാത്രമല്ല, ഇസ്‌ലാം അനുവദിക്കുന്ന പെണ്ണവകാശങ്ങള്‍ ഒരുപാടുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x