13 Saturday
April 2024
2024 April 13
1445 Chawwâl 4

സ്ത്രീ സ്വതന്ത്ര വ്യക്തിത്വം

ഡോ. ജാബിര്‍ അമാനി


ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞന്‍, ഗോസ്റ്റപ് ലേബന്‍ അഭിപ്രായപ്പെടുന്നു: സ്ത്രീയുടെ പദവി ഉയര്‍ത്തിയ ഒന്നാമത്തെ മതം ഇസ്‌ലാമാണ്. അറബികള്‍ക്കു മുമ്പുള്ള മതങ്ങളും സമൂഹങ്ങളുമെല്ലാം സ്ത്രീകളോട് അനീതിയാണ് കാണിച്ചത്. യൂറോപ്യന്‍ നിയമങ്ങളേക്കാള്‍ മെച്ചപ്പെട്ട വിധത്തില്‍ ഖുര്‍ആന്‍ സ്ത്രീക്ക് അനന്തരാവകാശം ഉള്‍പ്പെടെ മെച്ചപ്പെട്ട അവകാശങ്ങള്‍ വകവെച്ചുകൊടുത്തിട്ടുണ്ട്.26
ഇസ്‌ലാം സ്ത്രീക്ക് പുരുഷനെപ്പോലെത്തന്നെ സ്വതന്ത്രമായ വ്യക്തിത്വവും അസ്തിത്വവുമാണ് നല്‍കിയത് എന്ന വസ്തുത നിഷ്പക്ഷമായി പഠനം നടത്തിയവര്‍ അംഗീകരിച്ച കാര്യമാണ്. ആണും പെണ്ണും വ്യത്യാസങ്ങളും വൈവിധ്യങ്ങളും ഉണ്ടെങ്കിലും പരസ്പരം ഇണകളായാണ് വര്‍ത്തിക്കേണ്ടത്. ‘സൗജ്” എന്ന പദത്തിലൂടെ ഖുര്‍ആന്‍ ഈ ആശയമാണ് വ്യക്തമാക്കുന്നത്.27 എല്ലാ സൃഷ്ടികളിലും ഈ ഇണജീവിതത്തെ സ്രഷ്ടാവ് ക്രമീകരിച്ചിട്ടുണ്ട്.28 മനുഷ്യ സമൂഹത്തിലെ അര്‍ധപാതികളാണെന്ന നിലയില്‍ പുരുഷനെയും സ്ത്രീയെയും തുല്യമായി പരിഗണിക്കുന്നു. തുല്യതയെന്നാല്‍ എല്ലാ നിലയ്ക്കുമുള്ള സമത്വമാവണമെന്നില്ല. മറിച്ച്, നീതിപൂര്‍വകമായ അവസരസമത്വമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ‘പുരുഷനാവട്ടെ സ്ത്രീയാവട്ടെ’ എന്ന പ്രയോഗത്തില്‍ രണ്ട് അസ്തിത്വങ്ങളെയും പ്രത്യക്ഷമായിത്തന്നെ പരാമര്‍ശിക്കുന്ന നിരവധി പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാം.29
പൊതുവായ പല നിര്‍ദേശങ്ങളിലും പുല്ലിംഗരൂപത്തിലുള്ള അഭിസംബോധനയുമുണ്ട്. എന്നാല്‍ പ്രസ്തുത പ്രയോഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഒഴിവാണെന്ന് കൃത്യമായി നിര്‍ദേശിക്കാത്തിടത്തോളം രണ്ടു വിഭാഗങ്ങള്‍ക്കും തുല്യമായി ബാധകമായിരിക്കുമെന്നാണ് ഖുര്‍ആന്‍ വിജ്ഞാനശാസ്ത്രം (ഇല്‍മുല്‍ ഖുര്‍ആന്‍) പഠിപ്പിക്കുന്നത്.30
സ്ത്രീക്ക് ഇസ്‌ലാം വകവെച്ചുകൊടുത്തിട്ടുള്ള പുരുഷനു സമാനമായ സ്വതന്ത്ര വ്യക്തിത്വം ഇതര മതദര്‍ശനങ്ങളിലോ പ്രത്യയശാസ്ത്ര പരാമര്‍ശങ്ങളിലോ സുവ്യക്തമായി കാണാനാവില്ല. വിവാഹപ്രായമായാല്‍ ചന്തയില്‍ കൊണ്ടുപോയി വില്‍പനയ്ക്ക് വെക്കുന്ന പുരാതന ബാബിലോണിയന്‍ സംസ്‌കാരം, പുരുഷന്റെ സ്വതന്ത്ര ലൈംഗികചേഷ്ടകള്‍ക്ക് ഏതൊരു സ്ത്രീയും വഴങ്ങണമെന്ന നിയമം പഠിപ്പിച്ച ഗ്രീക്ക് സംസ്‌കാരം, സ്ത്രീയെ അടിമയായി പരിഗണിച്ചിരുന്ന പേര്‍ഷ്യന്‍-റോമന്‍ രീതികള്‍, പാപം ചെയ്തവളും പാപം ചെയ്യാന്‍ പ്രേരിപ്പിച്ചവളുമാണ് സ്ത്രീയെന്നും31 അത്യാവശ്യ ഘട്ടങ്ങളില്‍ സ്ത്രീയെ വില്‍പന നടത്താന്‍ പുരുഷന് അനുവാദം ഉണ്ടെന്നും32 സ്ത്രീകളെ അടിമകളായി പരിഗണിക്കാമെന്നും33 തുടങ്ങിയ വിവേചന ചിന്ത വളര്‍ത്തുന്ന യഹൂദ വീക്ഷണങ്ങളും വിവാഹരംഗത്ത് പുരുഷനാണ് പരമാധികാരമെന്നു പ്രഖ്യാപിക്കുന്ന, സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷനു നല്ലതെന്നും34 വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് കരണീയമായിട്ടുള്ളതെന്നും പരാമര്‍ശിക്കുന്ന ബൈബിള്‍ വാക്യങ്ങളും കാണാവുന്നതാണ്. സ്വതന്ത്ര സ്ത്രീ വ്യക്തിത്വത്തെ പ്രത്യക്ഷത്തില്‍ തന്നെ ചോദ്യം ചെയ്യുന്ന മനുസ്മൃതിയിലെ വാക്യവും (മനുസ്മൃതി 9.2) സ്വത്തവകാശം ചോദ്യം ചെയ്യുന്നതും വിവാഹമോചനത്തിന് തടസ്സം നില്‍ക്കുന്നതുമായ പരാമര്‍ശങ്ങളും ഹൈന്ദവ വേദഗ്രന്ഥങ്ങളിലും കാണാം.35
മുതലാളിത്ത-സോഷ്യലിസ്റ്റ് ചിന്താധാരകളും സ്ത്രീയുടെ സ്വതന്ത്ര വ്യക്തിത്വത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കുടുംബമെന്ന പവിത്രമായ സ്ഥാപനത്തെ അപഹസിക്കുന്ന ജൂഡിറ്റ് ബട്‌ലറുടെ നിരീക്ഷണങ്ങളും സ്ത്രീ ചൂഷണവസ്തുവായി ഉപയോഗപ്പെടുത്തുന്ന കണ്‍സ്യൂമറിസത്തിന്റെയും ലിബറലിസത്തിന്റെയും അഭിപ്രായങ്ങളും ഭൗതികപ്രസ്ഥാനങ്ങള്‍ വേദവാക്യങ്ങളായിട്ടാണ് പരിഗണിക്കുന്നത്.
സമകാലിക സാഹചര്യങ്ങളും പ്രത്യയശാസ്ത്ര-മതചിന്താ പ്രസ്ഥാനങ്ങളുടെ നിരീക്ഷണങ്ങളും വിലയിരുത്തുമ്പോള്‍, സ്ത്രീയെ പവിത്രപദവിയില്‍ അംഗീകരിക്കുന്ന ആശയവും പ്രായോഗിക ചരിത്രവും ഇസ്‌ലാമിലാണ് കൃത്യതയുള്ളതെന്നത് വസ്തുതാപരമാണ്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച വിശദമായ ചര്‍ച്ചയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, പുരുഷനെപ്പോലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനും പൊതുഇടങ്ങളില്‍ ഇടപെടുന്നതിനും സേവനം, ജോലി, മറ്റു ദൗത്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ലിംഗവിവേചനമില്ലാതെ പ്രവര്‍ത്തിക്കുന്നതിനും ദൈവിക മതം അനുവാദം നല്‍കുന്നുണ്ട് എന്നത് പ്രമാണത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനവിധേയമാക്കുകയാണ്.
നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ദൗത്യം വൈവിധ്യമുള്ള നിര്‍വഹണത്തെയാണ് തേടുന്നത്. സൃഷ്ടിപരമായ വ്യത്യസ്തതകള്‍ ഉള്‍ക്കൊണ്ട് സ്ത്രീക്കും പുരുഷനും വിവേചനമില്ലാതെ ഈ രംഗത്ത് ഇടപെടാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നു. ഒട്ടേറെ രംഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇക്കാലത്തും സ്ത്രീസാന്നിധ്യം കാണാം. ഉത്തമ സമൂഹത്തിന്റെ അടയാളമായി ഖുര്‍ആന്‍ പരാമര്‍ശിച്ച36 സദുപദേശമെന്ന സദ്ഗുണത്തെ പുരുഷന്മാരില്‍ മാത്രം പരിമിതപ്പെടുത്തുന്നതിന് ഇസ്‌ലാമിക ചരിത്രവും അംഗീകാരം നല്‍കുന്നില്ല.
ആദര്‍ശ ജീവിതത്തിന് ഒരാളുടെയും ആശ്രിതത്വവും വിധേയത്വവും തടസ്സമാവരുതെന്നു നിര്‍ബന്ധമാണ്. സത്യപക്ഷത്ത് നിലയുറപ്പിക്കുന്നതിനും സ്ത്രീക്ക് നിരുപാധികമായ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കിയതിന്റെ ഉദാഹരണമാണ് ഫിര്‍ഔനിന്റെ ഭാര്യയുടെയും സുലൈമാന്‍ നബിയുടെ കാലത്തെ ബില്‍കീസ് രാജ്ഞിയുടെയും ചരിത്രം.37
ഔസുബ്‌നു സ്വാമിതിന്റെ ഭാര്യയായ ഖൗല ബിന്‍ത് സഅ്‌ലബ് ളിഹാര്‍ വിഷയത്തില്‍ (നീ എനിക്ക് എന്റെ മാതാവിനെപ്പോലെയാണ് എന്നു പറഞ്ഞ് വിവാഹബന്ധം വിച്ഛേദിക്കുന്ന ജാഹിലിയ്യാ അറബ് സംസ്‌കാരം) മുഹമ്മദ് നബി(സ)യുമായി ആശയത്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.38 അഭിപ്രായ സ്വാതന്ത്ര്യം എവിടെയും അനുവദിക്കുന്നുവെന്നതിന്റെ നിദര്‍ശനമാണ് പ്രസ്തുത സംഭവം. ഒരു ഖുര്‍ആന്‍ അധ്യായത്തിന്റെ നാമവും മുഖ്യ പരാമര്‍ശവും ഇക്കാര്യം കൂടിയാണ്.
ഇബ്‌നു അബ്ബാസി(റ)ന്റെ മാതാവ് ഉമ്മുല്‍ ഫദ്ല്‍ ഭര്‍ത്താവ് മാലികുബ്‌നു നള്‌റിന്റെ തീരുമാനത്തിനു മുമ്പേ ഇസ്‌ലാം സ്വീകരിച്ച മഹതിയാണ്. ഉമ്മു സുലൈം, ഹവ്വ ബിന്‍ത് യസീദ് എന്നിവരും തഥൈവ. അബൂസുഫ്‌യാന്റെ മകള്‍ ഉമ്മു ഹബീബ ഭര്‍ത്താവ് ക്രിസ്ത്യാനിയായി തുടര്‍ന്നെങ്കിലും നേരത്തേ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. മഅ്ഖലുബ്‌നു യസാറിന്റെ സഹോദരിയെ വിവാഹമോചനം ചെയ്ത വ്യക്തി അവരെ തിരിച്ചെടുക്കാന്‍ സന്നദ്ധനായപ്പോള്‍ അവളുടെ ഇഷ്ടം പോലും വകവെക്കാതെ, പ്രതികാരവാഞ്ഛ മൂലം മഅ്ഖല്‍ തടസ്സം നില്‍ക്കുകയുണ്ടായി. എന്നാല്‍ സ്ത്രീയുടെ ഇച്ഛാശക്തിയെ പിന്തുണക്കുകയും പുനര്‍വിവാഹത്തിന് തടസ്സമില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്.39 സ്വഹാബി വനിത ബരീറ(റ) ഭര്‍ത്താവ് മുഗീസുമായുള്ള കുടുംബജീവിതത്തില്‍ അതൃപ്തി പ്രകടമാക്കി. പക്ഷേ, മുഗീസ് ഭാര്യയോട് നല്ല സ്‌നേഹമുണ്ടെന്ന് പ്രവാചകനെ ബോധ്യപ്പെടുത്തി. ഇക്കാര്യം പ്രവാചകന്‍(സ) ബരീറയെ ഉണര്‍ത്തിയെങ്കിലും തുടര്‍ജീവിതം അവള്‍ ഒരിക്കലും താല്‍പര്യപ്പെട്ടിരുന്നില്ല. ”മതകല്‍പനയാണെങ്കില്‍ അനുസരിക്കാം, ശുപാര്‍ശയാണെങ്കില്‍ അങ്ങയുടെ അഭിപ്രായം പരിഗണിക്കാനാവില്ല” എന്നു പ്രഖ്യാപിക്കുകയായിരുന്നു ബരീറ(റ). പ്രവാചകന്‍(സ) ഒരു സ്ത്രീയെന്ന നിലയ്ക്ക് അഭിപ്രായത്തെ എതിര്‍ത്തില്ല, മറിച്ച് നിരാക്ഷേപം അവരെ ഉള്‍ക്കൊള്ളുകയും സ്വാതന്ത്ര്യം അംഗീകരിക്കുകയുമാണ് ചെയ്തത്.40
പ്രമുഖ സഹാബിമാരുടെ പല വീക്ഷണങ്ങളെയും പ്രാമാണികമായി ചോദ്യം ചെയ്യുകയും തന്റെ അഭിപ്രായവും പ്രവാചകനിലൂടെ നേടിയെടുത്ത അനുഭവജ്ഞാനവും സുവ്യക്തമായി പങ്കുവെക്കുകയും ചെയ്തിട്ടുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ആഇശ(റ)യുടെ ചരിത്രത്തില്‍ കാണാം. ഏതാണ്ട് അറുപതോളം വിഷയങ്ങള്‍ ഇപ്രകാരം വിശകലനവിധേയമാക്കിയിട്ടുണ്ട്.41 ”ജനങ്ങള്‍ എന്നെ നിഷേധിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. അവര്‍ എന്നെ കളവാക്കിയപ്പോള്‍ ഞാന്‍ സത്യസന്ധനാണെന്ന് പ്രഖ്യാപിച്ചു. അവര്‍ എന്നെ ബഹിഷ്‌കരിച്ചപ്പോള്‍ ധനം കൊണ്ട് എനിക്ക് ആശ്വാസവും ശക്തിയും പകര്‍ന്നു.”42
പ്രിയ പത്‌നി ഖദീജ(റ)യെക്കുറിച്ച മുഹമ്മദ് നബി(സ)യുടെ ഈ സാക്ഷ്യപ്പെടുത്തല്‍ പ്രതിസന്ധികളിലും, സാമൂഹിക വിമര്‍ശനങ്ങളും എതിര്‍പ്പും ശക്തമായ സന്ദര്‍ഭത്തിലും സ്വാഭിപ്രായങ്ങളില്‍ സ്ത്രീകള്‍ ഇച്ഛാശക്തിയോടെ നിലകൊണ്ടതിന്റെ അടയാളം കൂടിയായി പരിഗണിക്കാം. ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷിയാണ് സുമയ്യ(റ). സത്യപക്ഷത്ത് നിലയുറപ്പിക്കുകയെന്ന കരുത്തുറ്റ സ്വന്തം നിലപാടിനാല്‍ രക്തസാക്ഷ്യം വരിക്കേണ്ടിവന്ന, മഹത്തായ മാതൃകയായിരുന്നു അവരുടെ ജീവിതം. പുരുഷന്റെ അടിമയോ, അഭിപ്രായ-ആരാധനാ സ്വാതന്ത്ര്യമില്ലാത്തവരായോ നിരുപാധിക വിധേയത്വം പ്രകടിപ്പിക്കേണ്ടവരായോ ഒരു സ്ത്രീയെയും ഇസ്‌ലാം പരിഗണിക്കുന്നില്ല. മാത്രവുമല്ല, പുരുഷനെപ്പോലെ സ്ത്രീക്കും സ്വതന്ത്ര വ്യക്തിത്വം അനുവദിക്കുകയും അത്തരം ആവിഷ്‌കാരങ്ങളില്‍ പ്രോത്സാഹനം നല്‍കി ആദരിക്കുക കൂടി ചെയ്തിട്ടുണ്ട് എന്നും കാണാവുന്നതാണ്.
കുറിപ്പുകള്‍
26. ഇസ്‌ലാം അവരുടെ വീക്ഷണത്തില്‍ (ലേഖനസമാഹാരം)
27. ഖുര്‍ആന്‍ 2:35, 4:1, 7:189, 16:72, 39:6, 53:45, 75:39, 78:3
28. ഖുര്‍ആന്‍ 20:53, 22:5, 43:12, 50:7
29. ഖുര്‍ആന്‍ അത്തൗബ 71
30. ഇബ്‌നു റുഷ്ദ്, ബിദായത്തുല്‍ മുജ്തഹിദ്, 1:172
31. ഉല്‍പത്തി 3:12
32. പുറപ്പാട് 21:7, നെഹമ്യാ 5:5
33. പുറപ്പാട് 20:17, ആവര്‍ത്തനം 5:21
34. കൊരിന്ത്യര്‍ 7:1, 1 കൊരി 7:8
35. സ്ത്രീ മതങ്ങളിലും ദര്‍ശനങ്ങളിലും, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, 1997, പേജ് 17-33
36. 3:104,110,114, 9:71,112
37. സൂറതുത്തഹ്‌രീം 11, അന്നംല് 29-40
38. അല്‍മുജാദല 1-4
39. ഖുര്‍ആന്‍ 2:232
40. ഫത്ഹുല്‍ബാരി 11:334
41. സ്ത്രീ ഇസ്‌ലാമിക സമൂഹത്തില്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഐ പി എച്ച്, 2000, പേജ് 52
42. ഫത്ഹുല്‍ബാരി 7:137

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x