15 Monday
April 2024
2024 April 15
1445 Chawwâl 6

കുട്ടികളില്‍ പടരുന്ന ലഹരി ഹൈക്കോടതി നിര്‍ദേശം ഗൗരവമര്‍ഹിക്കുന്നത്്‌

എ പി അന്‍ഷിദ്‌


സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറായി ലഹരി ഉപയോഗം മാറിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൊച്ചി പോലുള്ള നഗരങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഇടത്താവളങ്ങളാണിന്ന്. യുവാക്കളേയും കൗമാരക്കാരേയും ലഹരിയുടെ മായിക ലോകത്തേക്ക് ആകര്‍ഷിക്കാനും ഒടുവില്‍ ലഹരിയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലേക്ക് അവരെ അടിമകളാക്കി മാറ്റാനും ഉന്നമിടുന്ന വലിയ മാഫിയ സംഘങ്ങള്‍ നമുക്കു ചുറ്റും വലവിരിച്ചു കാത്തിരിക്കുന്നുവെന്നത് ആലങ്കാരിക പ്രയോഗമല്ല; യാഥാര്‍ഥ്യമാണ്. കാമ്പസുകളില്‍ ലഹരി ഉപഭോഗം തടയുന്നതിന് കാമ്പസ് പൊലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പോന്നതാണ്. കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തത്തിലേക്കുള്ള ചൂണ്ടുവിരലാണിത്. ഹൈക്കോടതി ഇടപെടലിനെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ആ ദുരന്തത്തിലേക്ക് ഒരു തലമുറയെ മുഴുവന്‍ തള്ളിവിട്ടതിന്റെ പാപഭാരത്തില്‍നിന്ന് ഒരു കാലത്തും നമുക്ക് കരപറ്റാനാകില്ല.
വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ മുന്‍ പൊലീസ് മേധാവി എന്‍ രാമചന്ദ്രന്റെ കത്ത് ഉള്‍പ്പെടെ കോടതിക്കു മുന്നിലെത്തിയ നിരവധി റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ലഹരി മുക്ത ചികിത്സക്ക് ബംഗളൂരു നിംഹാന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്വയംഭരണാധികാരമുള്ള കേന്ദ്രം തുടങ്ങണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.
ലഹരി വസ്തുക്കളുമായി പൊലീസിന്റെയും എക്‌സൈസിന്റെയും നാര്‍ക്കോട്ടിക് സെല്ലിന്റെയും പിടിയിലാകുന്ന യുവാക്കളെക്കുറിച്ചുള്ള അനവധി വാര്‍ത്തകളാണ് ഓരോ ദിവസവും പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്നത് ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ്. വിപുലമായ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറു കേസുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ എത്തിക്കുമ്പോള്‍ ഒന്നോ രണ്ടോ മാത്രമാണ് പിടിക്കപ്പെടുന്നത്. കൊച്ചി അടക്കമുള്ള നഗരങ്ങളിലെ നിശാപാര്‍ട്ടികളിലേക്ക് ലഹരി ഒഴുകുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിരന്തരം ഇടംപിടിച്ചിരുന്നു. ഇത്തലം ചില പാര്‍ട്ടികളില്‍ പൊലീസും നാര്‍ക്കോട്ടിക് സെല്ലും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടികൂടുകയും ചെയ്തിരുന്നു. ഇതില്‍ ഒന്ന് ഭരണകക്ഷിയിലെ തന്നെ പ്രമുഖ നേതാവ് നടത്തുന്ന റിസോര്‍ട്ടില്‍ നിന്നായിരുന്നു.
രാവന്തിയോളം എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ കള്ളുഷാപ്പുകളില്‍ കൊടുത്ത് അന്തിക്കള്ളും മോന്തി നാലു കാലില്‍ വന്നു കയറുന്ന രക്ഷിതാക്കളായിരുന്നു ഒരു കാലത്ത് നമ്മുടെ കണ്ണില്‍ ലഹരിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. ഒടുവില്‍ കടത്തിണ്ണയിലും റോഡരികിലും വീണ് രാവന്തി തീരുമ്പോള്‍ കെട്ടിറങ്ങി വീടണയുന്ന ഇത്തരക്കാരെ പരിഹാസത്തോടെയാണ് സമൂഹം കണ്ടിരുന്നത്. നാട്ടിലും കുടുംബത്തിലും കാല്‍ക്കാശിന് വിലയില്ലാത്ത, സ്വയം തകര്‍ന്നുപോയ, ജീവിതത്തിന്റെ കണക്കുപുസ്തകത്തില്‍ കൂട്ടിയാലും കിഴിച്ചാലും നഷ്ടം മാത്രം ബാക്കി നില്‍ക്കുന്ന ജന്മങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ ഇന്ന് കാലം മാറി. കള്ളിലും കഞ്ചാവിലും ഒതുങ്ങാത്ത മലയാളിയുടെ ലഹരിബോധം പുതിയ താവളങ്ങള്‍ തേടി അലയുകയാണ്. ആ അലച്ചിലില്‍ പലരും ചെന്നെത്തുന്നത് പിന്നീടൊരിക്കലും ഒരു തിരികെ നടത്തം സാധ്യമാകാത്ത ചതിയുടെ പാതാളത്താഴ്ചകളിലാണ്. പക്ഷേ തിരിച്ചറിയപ്പെടുമ്പോഴേക്കും ജീവിതവും ജീവനും കൈമോശം വന്നിട്ടുണ്ടാകും ഇത്തരക്കാര്‍ക്ക്. ലഹരിയുടെ ഇത്തരം പുതിയ ഇടത്താവളങ്ങള്‍ തേടിപ്പോകുന്നവരില്‍ വലിയൊരു പങ്കും വിദ്യാര്‍ഥികളോ യുവാക്കളോ ആണ് എന്നതാണ് ഏറെ ആശ്ചര്യജനകം.
ബാറുകളും കള്ളുഷാപ്പുകളും വിട്ടാല്‍ വല്ലപ്പോഴുമുള്ള ഒത്തുചേരലുകളില്‍ മാത്രമായിരുന്നു പണ്ട് മലയാളിയുടെ ലഹരി വിരുന്നുകള്‍. അതും മദ്യസല്‍ക്കാരം മാത്രം. ഇന്ന് ആഘോഷങ്ങള്‍ക്ക് വേണ്ടി ലഹരി സംഘടിപ്പിക്കുന്നതിനു പകരം ലഹരിക്കു വേണ്ടി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലേക്ക് സാമൂഹിക പരിസരം മാറിപ്പോയിരിക്കുന്നു.

സമീപ കാലത്ത് എറണാകുളം കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത്തരം ചില ചിത്രങ്ങളാണ് കാണിച്ചു തരുന്നത്. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ ലഹരി നുണയാന്‍ വേണ്ടി മാത്രം നടത്തുന്ന കൂട്ടം ചേരലുകളാണെന്നാണ് വിവരം. എന്നും പാര്‍ട്ടികളാണ് ഇത്തരം കേന്ദ്രങ്ങളില്‍. മുന്‍കൂട്ടി തിയതിയും സമയവും നിശ്ചയിച്ച് സംഘടിപ്പിക്കുന്ന പാര്‍ട്ടികളിലേക്ക് കൃത്യസമയത്ത് മുഖ്യ അതിഥിയായി ലഹരിയെത്തും. പിന്നെ രാ പുലരുവോളം പതഞ്ഞുപൊങ്ങുന്ന ലഹരിയില്‍ മുങ്ങിനിവരുകയാണ് പലരും. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്തരം പാര്‍ട്ടികളിലേക്ക് ആളുകള്‍ എത്തും. ലഹരി മാത്രമല്ല, ആളുകളെ എത്തിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെയുണ്ട്.
ബംഗളൂരുവില്‍ നിന്നാണ് ഇത്തരം പാര്‍ട്ടികളിലേക്ക് വീര്യം കൂടിയ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ ഇവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ക്യാരിയറുകള്‍ മാത്രമാണ്. അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ റാക്കറ്റുകളിലേക്കോ, ലഹരിക്കടത്തിന്റെ ഉറവിടങ്ങളിലേക്കോ ഒരിക്കലും അന്വേഷണം എത്താറില്ല. മാത്രമല്ല, ലഹരിയുടെ വരവ് തടയുന്നതിന് കൃത്യമായ പദ്ധതികള്‍ പോലും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയുന്നില്ല. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളെപ്പോലും വെല്ലുന്ന സമാന്തര സംവിധാനങ്ങളായാണ് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ലഹരിക്കടത്ത് പിടിക്കപ്പെടുക എളുപ്പമല്ല. കേരളത്തിലെത്തുന്ന ലഹരികള്‍ വിതരണം ചെയ്യപ്പെടുന്നത് നല്ലൊരു പങ്കും കാമ്പസുകളിലാണ്.
കാമ്പസുകളില്‍ പൊലീസ് പരിശോധനക്ക് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തില്‍ കാമ്പസിന് അകത്ത് കടത്തിയാല്‍ ലഹരി മാഫിയകളുടെ ദൗത്യം വിജയമായി മാറുന്നു. പിന്നെ പിടിക്കപ്പെടാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. ഇത് മുന്നില്‍ കണ്ടാണ് കാമ്പസുകളിലെ ലഹരി ഉപഭോഗം തടയുന്നതിന് ക്യാമ്പസ് പൊലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ടു വച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്‍ എഴുതിയ ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരി ഒഴുകുന്ന വഴികളും ഏത് എത്തിപ്പെടുന്ന കേന്ദ്രങ്ങളും എന്തുകൊണ്ട് പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തുന്ന ലഹരിവേട്ട പരാജയപ്പെടുന്നുവെന്നുമെല്ലാം തുറന്നു പറയുന്നതാണ് എന്‍ രാമചന്ദ്രന്റെ കത്ത്. കാമ്പസുകളിലെ ലഹരി ഉപഭോഗം തടയുന്നതിന് കാമ്പസുകള്‍ക്കകത്തു തന്നെ സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന നിര്‍ദേശമാണ് ഹൈക്കോടതി മുന്നോട്ടു വച്ചത്. ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചും ഒരിക്കല്‍ ലഹരിയുടെ പിടിയില്‍ അകപ്പെട്ടുപോയ വിദ്യാര്‍ഥികളെ യഥാര്‍ഥ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ കൗണ്‍സലിംഗുകള്‍ ഏര്‍പ്പെടുത്തിയും മാത്രമേ ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിയൂവെന്ന് ഹൈക്കോടതി ഓര്‍മ്മപ്പെടുത്തുന്നു.
പൊലീസോ നാര്‍ക്കോട്ടിക് സെല്ലോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ മാത്രം വിചാരിച്ചാല്‍ തടയാന്‍ കഴിയുന്ന ഒന്നല്ല കേരളത്തെ വലിഞ്ഞു മുറുക്കിയിരിക്കുന്ന ലഹരി മാഫിയകളുടെ ചിലന്തിവലകളെന്നാണ് കോടതി പറഞ്ഞുവെക്കുന്നത്. വരാനിരിക്കുന്ന വലിയ ദുരന്തത്തിനെതിരെ പാലിക്കേണ്ട ജാഗ്രതയും സാമൂഹികമായി നാം ഓരോരുത്തരും ലഹരിക്കെതിരായ പോരാട്ടത്തില്‍ കണ്ണിചേരേണ്ടതിന്റെ അനിവാര്യതയും കൂടിയാണ് ഈ വിധി.
ഒരു വീട്ടിനകത്തുപോലും മാതാപിതാക്കളും മക്കളും അവനവനിലേക്കും അവനവന്റെ മൊബൈല്‍ ഫോണിലേക്കും ഒറ്റപ്പെട്ടുപോകുന്ന പുതിയ കാലത്ത് ഇത്തരം റാക്കറ്റുകള്‍ക്ക് നമ്മുടെ മക്കളെ കീഴ്‌പ്പെടുത്തുക ഏറ്റവും എളുപ്പമാണ്. ലഹരിക്ക് അടിമപ്പെടുക എന്നത് ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതല്ല. തീര്‍ത്തും കൗതുകത്തിന് വേണ്ടി ഒരിക്കല്‍ ഉപയോഗിക്കുകയും പിന്നീട് ദിവസങ്ങളോളം ശീലമാക്കുകയും ചെയ്ത ശേഷമാണ് വിട്ടൊഴിയാന്‍ കഴിയാത്ത വിധം അതിന്റെ കണ്ണിയില്‍ അകപ്പെട്ടുപോകുന്നത്. ലഹരി ഉപയോഗം തുടങ്ങുമ്പോള്‍ തന്നെ സ്വാഭാവത്തില്‍ വ്യതിയാനമുണ്ടാകും. ജീവിത രീതിയിലും ദിനചര്യകളിലും ശീലങ്ങളിലും ഇരിപ്പിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം ഈ വ്യതിയാനം പ്രതിഫലിക്കും. അതു കൃത്യമായി തിരിച്ചറിയാനും തിരുത്താനും കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. പരസ്പരം കളിച്ചും ചിരിച്ചും കലഹിച്ചും ഇടപഴികിയുമുള്ള കുടുംബ ജീവിതങ്ങളുണ്ടെങ്കില്‍ മാത്രമേ വ്യക്തിപരമായി ഒരാളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. പുതിയ കാലത്ത് അതില്ലാതെ പോകുന്നു എന്നത് പഴയ തലമുറയുടെ വീണ്‍വാക്കുകളായല്ല കാണേണ്ടത്. മേല്‍ പറഞ്ഞ പോലെ അവനവനും അവനവന്റെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ ലോകവും മാത്രമായി വീട്ടകങ്ങളില്‍ പോലും ഒതുങ്ങുമ്പോള്‍ ഇത്തരം വ്യതിചലനങ്ങള്‍ തിരിച്ചറിയാനോ തിരുത്താനോ കഴിയില്ല.
കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം പറയാനും കേള്‍ക്കാനും തുടങ്ങുന്നിടത്തുനിന്നാണ് ഈ തിരുത്തല്‍ പ്രക്രിയ ആരംഭിക്കേണ്ടത്. അതേ നടപടികള്‍ വിദ്യാലയങ്ങളിലും വേണം. വീടു വിട്ടാല്‍ ഓരോ കുട്ടിയുടേയും രക്ഷിതാവിന്റെ ദൗത്യം ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അധ്യാപകരിലാണ്. പ്രത്യേകിച്ച് കാമ്പസുകള്‍ ലഹരി ലോബിയുടെ വിളനിലങ്ങളായി മാറുന്ന കാലത്ത് അധ്യാപകര്‍ക്ക് വലിയ സാമൂഹിക ദൗത്യം നിര്‍വഹിക്കാനുണ്ട്. ഓരോ കുട്ടിയും ക്ലാസില്‍ വരുന്നതു മുതല്‍ പോകുന്നതു വരെ എന്തെല്ലാം കാര്യങ്ങളില്‍ ഇടപെടുന്നു, ആരുമായെല്ലാം സമ്പര്‍ക്കം പുലര്‍ത്തുന്നു, എന്നതു തൊട്ട് കുട്ടികളുടെ കൂട്ടംചേരലും അതിന്റെ പ്രേരക ഘടകങ്ങളും അടക്കം എല്ലാ കാര്യങ്ങളിലും അധ്യാപകരുടെ ശ്രദ്ധ പതിയണം. വിദ്യാര്‍ഥികളുമായി തുറന്ന ആശയ വിനിമയം നടത്തിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ അറിയാനാകൂ. നിശ്ചിത സമയങ്ങളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുപോകുന്ന കേവലം യാന്ത്രികതയിലേക്ക് അധ്യാപകര്‍ ചുരുങ്ങിപ്പോയാല്‍ പിഴച്ചുപോകുന്ന ഒരു തലമുറയുടെ ശാപത്തില്‍നിന്ന് ഒരിക്കലും ആ അധ്യാപകര്‍ക്ക് കരകയറാനാകില്ല.
നിസ്സാരമല്ല കേരളത്തിലെ കാമ്പസുകളില്‍ എത്തുന്ന ലഹരിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ കൊല്ലം കൊട്ടാരക്കരയില്‍ ലഹരി വസ്തുക്കളുമായി പിടിയിലായ രണ്ട് യുവാക്കള്‍ നല്‍കിയ മൊഴി ലഹരി വിരുദ്ധ പോരാട്ടങ്ങളില്‍ നിര്‍ണായകമാകേണ്ടതാണ്. വിലകൂടിയ എം ഡി എം എ മയക്കുമരുന്നുമായാണ് ഇവര്‍ പിടിയിലായത്. പാലക്കാട് സ്വദേശിയായ മലയാളിയാണ് ബംഗളൂരുവില്‍നിന്ന് ക്യാരിയര്‍മാര്‍ മുഖേന ഇവ കേരളത്തില്‍ എത്തിക്കുന്നതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. നേരത്തെ ചരക്കു ലോറികളില്‍ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടക്കുന്നതിനാല്‍ ഇത്തരം മാര്‍ഗങ്ങളില്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ടുതന്നെ ലഹരികടത്ത് സംഘങ്ങളും പുതുവഴി തേടുകയാണ്. ബൈക്കില്‍ നേരിട്ട് ബംഗളൂരുവില്‍ എത്തിയാണ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതെന്നാണ് ഇവര്‍ നല്‍കിയ വിവരം. പരിശോധനയും പിടിക്കപ്പെടാനുള്ള സാധ്യതയും ഏറ്റവും കുറവാണ് ഇത്തരത്തില്‍ കടത്തുമ്പോള്‍. മാത്രമല്ല ഒരു ഗ്രാം എം ഡി എം എമ്മിന് ബംഗളൂരുവില്‍ വില 1800 രൂപ മുതല്‍ 2800 രൂപ വരെയാണ്. ഇത് കേരളത്തിലെത്തിച്ച് വില്‍ക്കുന്നത് 4000- 5000 രൂപക്കാണ് ഈ കൊള്ളലാഭം മുന്നില്‍ കണ്ടാണ് ലഹരി മാഫിയകള്‍ ഈ രംഗത്ത് വലിയ തോതില്‍ പിടിമുറുക്കുന്നത്. മാത്രമല്ല വളരെ കുറഞ്ഞ അളവില്‍ കടത്തിയാല്‍ തന്നെ കോടികളുടെ ഇടപാട് നടക്കും. റിസ്‌ക് സാധ്യത വളരെ കുറവാണ്. മാത്രമല്ല, ലഹരിക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പലപ്പോഴും ചുരുക്കം ചില ലഹരിവേട്ടയിലോ ക്യാരിയര്‍മാരിലോ അവസാനിക്കുകയാണ് പതിവ്. പിന്നില്‍ മറഞ്ഞിരിക്കുന്ന വന്‍ റാക്കറ്റുകളിലേക്ക് ഒരിക്കലും അന്വേഷണം എത്താറില്ല. ലഹരിക്കടത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുകയോ അടിവേരറുക്കുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ ക്യാരിയര്‍മാര്‍ പിടിക്കപ്പെട്ടാലും മറ്റു ക്യാരിയര്‍മാര്‍ മുഖേന ഇവ വീണ്ടും ഒഴുകിക്കൊണ്ടിരിക്കും. ലഹരിക്കടത്തിന്റെ ഉറവിടം തേടിപ്പോയ പൊലീസ് സംഘം ആന്ധ്രയിലേയും കര്‍ണാടകയിലേയും ജയിലുകളില്‍ ലഹരിക്കടത്തിന് പിടിക്കപ്പെട്ട് കഴിയുന്ന, നിരവധി മലയാളി യുവാക്കളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കൈമാറുന്നത്. സുഹൃത്തിന്റെ കല്യാണപ്പാര്‍ട്ടിക്ക് എത്തിച്ച ലഹരിമരുന്നുമായി ഈരാറ്റുപേട്ടയില്‍ നാല് യുവാക്കള്‍ പിടിയിലായതും ഇക്കഴിഞ്ഞയാഴ്ചയാണ്.
കഞ്ചാവും എം ഡി എം എയും അടക്കമുള്ളവയുമായാണ് സംഘം പിടിയിലായത്. വെളുത്ത അരിപ്പൊടിയുടെ രൂപത്തിലാണ് എം ഡി എം എ എത്തുന്നത്. ടാറ്റൂ രൂപത്തില്‍ വരുന്ന ലഹരിപദാര്‍ഥങ്ങളുമുണ്ട്. നാക്കിനടിയില്‍ വച്ചാല്‍ അലിഞ്ഞില്ലാതാകുന്നതിനൊപ്പം ലഹരിയുടെ ഉന്മാദത്തിലേക്ക് മനസ്സിനെ എത്തിക്കുന്ന ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ നല്‍കുന്നുവെന്ന് പറയപ്പെടുന്ന ആനന്ദം താല്‍ക്കാലികം മാത്രമാണ്. എന്നാല്‍ അതിന് നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്. സ്വന്തം ജീവിതമാണ് ഹോമിക്കപ്പെടുന്നത്. ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം താളം തെറ്റും. പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തും. മണിക്കൂറുകളോളം ലഹരി നിലനില്‍ക്കും.

ഒടുവില്‍ സ്വന്തം ബന്ധവും എല്ലാം നഷ്ടപ്പെടുന്ന, സ്വന്തം ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴേക്കും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം ലഹരിയുടെ നീരാളിപ്പിടിയില്‍ എരിഞ്ഞമര്‍ന്നിട്ടുണ്ടാകും. ആത്യന്തികമായി എല്ലാ വേദനകളും സഹിക്കേണ്ടി വരുന്നതും എല്ലാ നഷ്ടങ്ങളും പാപഭാരങ്ങളും പേറേണ്ടി വരുന്നതും അവനവനാണെന്ന് ഇത്തരം കെണികളിലേക്ക് സ്വയം നടന്നടുക്കും മുമ്പേ തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഏറ്റവും വലിയ വിപത്ത്. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പ്രധാന ഉപഭോക്താക്കളെന്നാണ് ലഹരി വസ്തുക്കളുമായി പിടിയിലായവര്‍ നല്‍കുന്ന വിവരം. തുഛമായ വിലക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയാണ് ആദ്യം ഇരകളാക്കുന്നത്. പിന്നെ ലഹരി മതിയാകാതെ വരുമ്പോള്‍ കൂടിയ ഇനങ്ങള്‍ നല്‍കും. വിലകൂടിയ ഇത്തരം ലഹരി പദാര്‍ഥങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഒടുവില്‍ മോഷണവും കൊള്ളയും തൊട്ട് കൊലപാതകം വരെ ഏത് ക്രൂര കൃത്യങ്ങളിലേക്കും ചെന്നെത്തും. വലിയ സാമൂഹിക ദുരന്തമാണ് ഇത് വിതയ്ക്കുന്നത്. യു എസ് അടക്കം പല പശ്ചാത്യ രാജ്യങ്ങളും ഇന്ന് ഡീ അഡിക്ഷന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ലഹരി ഉപഭോഗത്തിനെതിരെ വേണ്ടത്ര ജാഗ്രത പാലിക്കാതിരുന്നതിനാല്‍ ഇന്ന് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് ലഹരിയില്‍ മുങ്ങിക്കുളിച്ച ഒരു തലമുറ.
അവരെ എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാറിനു കീഴിലെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍. നിലവിലെ രീതി തുടര്‍ന്നാല്‍ നമ്മേയും കാത്തിരിക്കുന്നത് ഇതുപോലുള്ള ദുരന്തങ്ങള്‍ തന്നെയാണ്.
അതുകൊണ്ടുതന്നെ കരുതല്‍ വേണം. ലഹരിയുടെ ഓരോ ചങ്ങലക്കണ്ണികളെക്കുറിച്ചും ആഴത്തിലുള്ള ബോധവല്‍ക്കരണങ്ങളുണ്ടാകണം. അത്തരം കണ്ണികളെ പറിച്ചെറിയാന്‍ നിയമ സംവിധാനങ്ങള്‍ക്ക് കഴിയണം. ഒപ്പം അതിനെതിരെ ജാഗ്രത പാലിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും അടക്കം എല്ലാവരും മുന്നോട്ടു വരണം. അല്ലാത്ത പക്ഷം വലിയ ദുരന്തം തന്നെയായിരിക്കും നമുക്ക് നേരിടേണ്ടി വരിക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x