29 Friday
March 2024
2024 March 29
1445 Ramadân 19

കുടുംബശ്രീയുടെ ഏക സിവില്‍ കോഡ്‌

ലിബറലിസത്തില്‍ ഊന്നിയ ചിന്തകള്‍ സമൂഹത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ കാലത്ത് സജീവമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളും പാഠപുസ്തക പരിഷ്‌കരണ യുക്തികളും ഏറെ വിവാദമായിരുന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴുമുണ്ട്. അതിനിടയിലാണ് ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി പുതിയ പ്രതിജ്ഞാ പദ്ധതിയുമായി കുടുംബശ്രീ മുന്നോട്ടു വരുന്നത്. കേന്ദ്ര ഗ്രാമീണ മന്ത്രാലയം രൂപം കൊടുത്ത ‘നയീ ചേതന’ എന്ന ജെന്‍ഡര്‍ കാമ്പയിന്‍ കേരളത്തില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയാണ്. അതിനു വേണ്ടി എല്ലാ കുടുംബശ്രീ അംഗങ്ങളും ചൊല്ലേണ്ട പ്രതിജ്ഞയാണ് വിവാദമായത്. അതില്‍ അവസാനത്തെ വരിയില്‍ ആണ്‍- പെണ്‍ ലിംഗവ്യത്യാസമില്ലാതെ സ്വത്ത് വിഭജനം നടത്തുമെന്ന വാചകമാണ് പ്രശ്‌നം. ഇതിലെന്താണ് പ്രശ്‌നമെന്നും മാറിയ കാലത്തിനനുസരിച്ച് ബ്രെഡ് വിന്നറായ സ്ത്രീകളെ പരിഗണിച്ച് അനന്തര സ്വത്ത് വിഭജനത്തിലെ ഖുര്‍ആനിക നിര്‍ദേശം പുനര്‍വായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ രംഗത്തുവരികയുണ്ടായി. ഇതില്‍ മതത്തിന്റെ ഭാഗത്തു നിന്ന് ഉന്നയിക്കേണ്ട ചില കാര്യങ്ങളും ഭരണഘടനാപരമായ ചില കാര്യങ്ങളും ഉണ്ട്. ദൈവകേന്ദ്രീകൃതമായ ചിന്താപദ്ധതികള്‍ എന്ന നിലയില്‍ മതത്തെ വീക്ഷിക്കുന്നവര്‍ക്കും വ്യക്തികേന്ദ്രീകൃതമായ സ്വതന്ത്രചിന്തകള്‍ എന്ന നിലയില്‍ മതത്തെ വീക്ഷിക്കുന്നവര്‍ക്കും ഈ വിഷയത്തില്‍ യോജിക്കാവുന്ന പൊതുമിനിമം പരിപാടിയില്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു അടിസ്ഥാനം ഇന്ത്യന്‍ ഭരണഘടന എന്നതാകും.

Useful Idiot
പൊളിറ്റിക്കല്‍ ജാര്‍ഗണുകളുടെ കൂട്ടത്തില്‍ ഇങ്ങനെയൊരു പ്രയോഗമുണ്ട്. ഒരു രാഷ്ട്രീയ അജണ്ട മുന്നോട്ടു കൊണ്ടുപോകാനായി കൃത്രിമം കാണിച്ചോ ചൂഷണം ചെയ്‌തോ പരുവപ്പെടുത്താവുന്ന വ്യക്തികളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചില അജണ്ടകളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെ വഴിപ്പെട്ടു കൊടുക്കുകയും പ്രസ്തുത പ്രൊപഗണ്ടയെ സഹായിക്കുകയും ചെയ്യുന്നവരെയാണ് യൂസ്ഫുള്‍ ഇഡിയറ്റ് എന്നു വിളിക്കാറുള്ളത്. ശീതയുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റ് പ്രചാരണത്തിനും മാനിപുലേഷനും വിധേയരായ കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിച്ചിരുന്നു. 1987 ല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ വില്യം സഫയര്‍ ഈ പദപ്രയോഗത്തിന്റെ ചരിത്രം സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം എഴുതിയിരുന്നു. ലോകചരിത്രത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ കാരണത്തെ മനസ്സിലാക്കാതെ തന്നെ അതിനെ പിന്തുണക്കുന്ന ആളുകളെ സൂചിപ്പിക്കാനായി ഈ പദപ്രയോഗം നടത്താറുണ്ട്.
ഫാസിസ്റ്റ് അജണ്ടകളെക്കുറിച്ച് കിട്ടാവുന്ന സന്ദര്‍ഭത്തിലെല്ലാം സംസാരിക്കുന്ന, എന്നാല്‍, കേരളത്തില്‍ കുടുംബശ്രീയുടെ ജെന്‍ഡര്‍ കാമ്പയിനുമായി ബന്ധപ്പെട്ട പ്രതിജ്ഞയെ പിന്തുണക്കുകയും ചെയ്യുന്ന ചിലരെ നമുക്ക് കാണാന്‍ സാധിക്കും. യൂസ്ഫുള്‍ ഇഡിയറ്റ് എന്ന പദപ്രയോഗത്തെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ സംഘപരിവാരത്തിന്റെ സാംസ്‌കാരിക യുക്തിയാണ് അക്കൂട്ടര്‍ സംസാരിക്കുന്നത്. രാമക്ഷേത്രത്തിനും പൗരത്വ അജണ്ടകള്‍ക്കും ശേഷം ബി ജെ പി അടുത്ത ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് ഏകസിവില്‍ കോഡിനെയാണ്. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചും അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് വളരെ വിപുലമായി സംസാരിക്കുന്ന ഒരു മതത്തിന്റെ അനുയായികള്‍ എന്ന നിലയില്‍, മുസ്ലിംകളുടെ സാസ്‌കാരിക സ്വത്വം നിലനിര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് ഏകസിവില്‍ കോഡ് റദ്ദ് ചെയ്യുന്നത്. മദ്യനിരോധനം, ഗോവധനിരോധനം പോലെ ഭരണഘടനയുടെ ന്യായവാദാര്‍ഹമല്ലാത്ത ഭാഗത്താണ് ഏക സിവില്‍ കോഡിനെ ഭരണഘടനാശില്‍പികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികസ്വത്വവും മൗലികാവകാശങ്ങളാണ്. ഈ മൗലികാവകാശത്തെ റദ്ദ് ചെയ്യുന്ന ഒരു പ്രതിജ്ഞ വരുമ്പോഴേക്ക് അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവര്‍ ഏകസിവില്‍ കോഡ് എന്ന ഫാസിസ്റ്റ് ഭീഷണിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x