25 Thursday
April 2024
2024 April 25
1445 Chawwâl 16

കുടുംബത്തിന്റെ കരുതലാണ് ജീവിതത്തിന്റെ കരുത്ത്‌

ശംസുദ്ദീന്‍ പാലക്കോട്‌


ദിവ്യബോധനത്തിന്റെ തുടക്കത്തില്‍, കാര്യമെന്തെന്നറിയാതെ അസ്വസ്ഥനായി നബി തിരുമേനി(സ) ഹിറാ ഗുഹയില്‍ നിന്ന് ഓടി വന്നത് പ്രിയതമ ഖദീജ(റ)യുടെ ചാരത്തേക്കായിരുന്നു. ഭര്‍ത്താവിന്റെ അടുത്തിരുന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുമ്പോള്‍ ഭാര്യ പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകന് ആശ്വാസത്തിന്റെ കുളിര്‍മഴയായി അനുഭവപ്പെടുകയും ചെയ്തു. ”താങ്കള്‍ സന്തോഷവാനായിരിക്കുക. സത്യമായും അല്ലാഹു താങ്കളെ ഒരിക്കലും നിന്ദ്യനാക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു, ഭാരം വഹിക്കുന്നു, പ്രയാസപ്പെടുന്നവരെ സഹായിക്കുന്നു.”
ഭര്‍ത്താവിനെ സന്ദര്‍ഭത്തിന്നനുസരിച്ചുയര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും എന്താണ് അദ്ദേഹത്തില്‍ സംഭവിച്ചതെന്നറിയാതെ ഖദീജ(റ)യുടെ ഉള്ളകം പിടക്കുന്നുണ്ടായിരുന്നു. അത് പക്ഷെ പുറത്ത് കാണിക്കേണ്ട സമയമല്ലല്ലോ അത്. പ്രിയതമനെ ആശ്വസിപ്പിക്കുക എന്ന ദൗത്യത്തിനാണ് മഹതി ആ സമയത്ത് പ്രാമുഖ്യം കൊടുത്തത്. പിന്നീട് അവര്‍ ഭര്‍ത്താവിനെയും കൂട്ടി തന്റെ ബന്ധുവും വേദപണ്ഡിതനുമായ വറഖത്തുബ്‌നു നൗഫലിനെ സമീപിച്ചു. അദ്ദേഹം തൗറാത്ത്, ഇന്‍ജില്‍ എന്നീ വേദസൂചനകളുടെ അടിസ്ഥാനത്തില്‍ മുഹമ്മദിന്റെ അടുത്ത് ഹിറാ ഗുഹയില്‍ വന്നത് മൂസാ, ഈസാ പ്രവാചകന്മാരുടെ അടുത്ത് വന്ന നാമൂസ് (ജിബ്‌രീല്‍) എന്ന മലക്കാണെന്നും മുഹമ്മദ് പ്രവാചകനായെന്നും സ്ഥിരീകരിച്ചു. അതോടുകൂടിയാണ് ഖദീജ(റ) ശരിയായ ആശ്വാസം വീണ്ടെടുത്തത്. അതിന് ശേഷം പത്തു വര്‍ഷം അഥവാ നബി(സ)യുടെ അമ്പതാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെയും ആ ദാമ്പത്യം ആശ്വസിച്ചും ആശ്വസിപ്പിച്ചും ഒരു മാതൃകാ കുടുംബമായി നിലനിന്നു.
പ്രവാചക ജീവിതത്തിലെ ഈ ചരിത്രാംശം ഇവിടെ സൂചിപ്പിച്ചത് കുടുംബം എന്ന ‘സ്ഥാപനം’ വ്യക്തിയുടെയും സമൂഹത്തിന്റെയും സമാധാനത്തിനും സംതൃപ്തിക്കും സുഗമമായ ജീവിത പ്രയാണത്തിനും എത്ര വലിയ പങ്കുവഹിക്കുന്നു എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. വ്യക്തിയുടെ ജീവിതത്തില്‍ കുടുംബം തണലും കരുത്തുമാണെന്നര്‍ഥം.
ദൈവിക ദൃഷ്ടാന്തം
ഒരു കുടുംബത്തിന്റെ അസ്ഥിവാരമുറപ്പിക്കല്‍ എന്ന് വിശേഷിപ്പിക്കാവുന്ന വിവാഹത്തെയും ഇണ ജീവിതത്തെയും സൂചിപ്പിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണകളെ സൃഷ്ടിച്ചു നിങ്ങള്‍ക്ക് സമാധാന ജീവിതത്തിന്ന് വഴിയൊരുക്കി എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമത്രെ. നിങ്ങള്‍ക്കിടയില്‍ – ദമ്പതികള്‍ക്കിടയില്‍ – അവന്‍ പ്രേമാര്‍ദ്ര സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (റൂം 21)
സ്‌നേഹം, സമാധാനം, കാരുണ്യം എന്നീ ചേരുവകളാല്‍ അല്ലാഹു സംവിധാനിച്ച പ്രാപഞ്ചിക സത്യവും അനുഭവ തത്വവുമാകുന്നു വിവാഹവും കുടുംബ ജീവിതവും. ദൈവമുണ്ടാക്കിയ ഈ പ്രപഞ്ച സത്യത്തെ ദൈവനിഷേധികള്‍ പോലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അംഗീകരിക്കുന്നു എന്നതും ശ്രദ്ധേയമത്രെ. കുടുംബം എന്ന സ്ഥാപനം ഒരു ബുര്‍ഷ്വാ സൃഷ്ടി ആണെന്നും അതിനെ പരിഗണിച്ച് പരിപാലിക്കുകയല്ല, അവഗണിച്ച് തകര്‍ക്കുകയാണ് വേണ്ടത് എന്നും വാദിക്കുന്ന ഭൗതികവാദികളില്‍ ഭൂരിപക്ഷവും കുടുംബം എന്ന അസ്തിത്വത്തെ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ചേര്‍ത്തു നിര്‍ത്തുന്നവരാണ്. അഥവാ പറയുന്നവരുടെ ജീവിതത്തില്‍ പോലും പ്രയോഗവത്കരിക്കാന്‍ സാധിക്കാത്ത ഒരു ഉട്ടോപ്യയാണ് കുടുംബം തകര്‍ക്കുക എന്ന പ്രതിലോമ വാദം എന്നര്‍ഥം.
മനുഷ്യരുണ്ടാക്കിയ കെട്ടിടങ്ങളെയും പാലങ്ങളെയും തകര്‍ക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമായിരിക്കാം. പക്ഷെ പ്രപഞ്ചനാഥനായ അല്ലാഹു ഉണ്ടാക്കിയ പ്രപഞ്ച സംവിധാനത്തെയും വിവാഹം, കുടുംബം എന്നീ ആദര്‍ശ സ്ഥാപനത്തെയും തകര്‍ക്കാന്‍ എത്ര വലിയ മത നിരാസ പ്രസ്ഥാനങ്ങള്‍ വിചാരിച്ചാലും സാധ്യമല്ല. കാരണം ഈ മഹാപ്രപഞ്ചം അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തമാണ്. കുടുംബം എന്ന ‘സ്ഥാപനവും’ ദൈവിക ദൃഷ്ടാന്തമാണ്.
സമഗ്രം, സമ്പൂര്‍ണം
കുടുംബ ജീവിതത്തിന്റെ സമഗ്രതല സ്പര്‍ശിയായ നിയമവിശകലനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും കൊണ്ട് സമ്പന്നമാണ് ഇസ്ലാമിക പ്രമാണങ്ങള്‍. ‘മനുഷ്യരേ, നിങ്ങള്‍ വിവാഹിതരായി ഇണ ജീവിതം നയിക്കുക’ എന്ന ഒറ്റവരി നിയമമല്ല കുടുംബ ജീവിത വിഷയത്തില്‍ ഇസ്ലാമിലുള്ളത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എന്ന് പറഞ്ഞ പോലെ ‘പെണ്ണുകാണല്‍’ മുതല്‍ കുഞ്ഞിന് പേരിടുന്ന കാര്യത്തില്‍ വരെ കുടുംബ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഗുണപരമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഇസ്ലാം ഇടപെടുന്നു. മഹ്ര്‍, ഇദ്ദ, മതാഅ്, മുലയൂട്ടല്‍, അനന്തരാവകാശം എന്നിങ്ങനെ കുടുംബ ജീവിതത്തിലെ എല്ലാ നോര്‍മല്‍/ഗുരുതര പ്രശ്‌നങ്ങളിലും ഖുര്‍ആനും നബിചര്യയും കൃത്യമായ മാര്‍ഗദര്‍ശനവുമായി വിശ്വാസികളുടെ കൂടെ ചേര്‍ന്ന് നടക്കുന്നതായി കാണാം. കുടുംബ ജീവിതത്തിന്റെ ആദര്‍ശാത്മകത വര്‍ധിതമായ വിധത്തില്‍ ഇസ്ലാം വിവരിച്ചതിന് ഉദാഹരണങ്ങളായി ചിലത് മാത്രം സൂചിപ്പിക്കാം.
വിവാഹം എന്ന തുടക്കം
ഒരു പുതിയ കുടുംബത്തിന് അസ്ഥിവാരമിടുന്ന പ്രക്രിയയാണ് വിവാഹം. രണ്ട് വ്യത്യസ്ത കുടുംബത്തിന്റെ ഭാഗമായ രണ്ട് പേര്‍ നിയമാനുസൃതം പുതിയൊരു കുടുംബം എന്ന യാഥാര്‍ഥ്യത്തിലേക്ക് സ്വയം വളരാന്‍ എടുക്കുന്ന തീരുമാനമാണ് വിവാഹം. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും രംഗവേദിയാവണം വിവാഹം എന്നതാണ് ഇസ്ലാമിക സങ്കല്‍പം. അതിനാല്‍ വിവാഹത്തെ പെണ്ണുകാണല്‍, വിവാഹ ഉടമ്പടി, വിവാഹ സല്‍ക്കാരം എന്നീ മൂന്ന് മതാചാരങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയെ ചെന്ന് കണ്ട് പരസ്പരമുള്ള ഇഷ്ടവും ഇഷ്ടക്കേടും ആദര്‍ശ നിലപാടുകളും അറിയാനും പറയാനുമുള്ള ഒരു സന്ദര്‍ഭമാണ് പെണ്ണുകാണല്‍ എന്നറിയപ്പെടുന്ന വിവാഹാന്വേഷണം. സുന്ദരവും കാര്യ ഗൗരവപരവുമായ ഈ ചടങ്ങിനെ ഇന്ന് പലരും ആഭാസകരവും പെണ്‍ പ്രദര്‍ശനവും പൊങ്ങച്ച പ്രകടനവും വിലപേശല്‍ വേദിയുമായി മലീമസമാക്കിയതിന് മതം ഉത്തരവാദിയല്ല. ഇന്ന് കാണുന്ന ഇത്തരം ആഭാസക്കാഴ്ചകളല്ല ഇസ്ലാമിക വിവാഹത്തിലെ പെണ്ണുകാണല്‍.
ഇരുവരും പരസ്പരം കണ്ട് തൃപ്തിപ്പെട്ട് വിവാഹമുറപ്പിച്ചാല്‍ പിന്നീടുള്ളത് നികാഹ് എന്നറിയപ്പെടുന്ന വിവാഹ ഉടമ്പടിയാണ്. പ്രതിശ്രുത വരന്‍, പ്രതിശ്രുത വധുവിന്റെ രക്ഷിതാവ്, രണ്ട് സാക്ഷികള്‍, മഹ്ര്‍ എന്നിവയാണ് വിവാഹം സാധുവാകാന്‍ വേണ്ട അനിവാര്യ ഘടകങ്ങള്‍. അതിന് ശേഷം വിവാഹ സല്‍ക്കാരമാണ്. പുതിയ ഒരു കുടുംബ ജീവിതത്തിന് തുടക്കം കുറിച്ച സന്തോഷത്തിന് ദമ്പതികള്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും നല്‍കുന്ന ഭക്ഷണമാണിത്. ഇത് പക്ഷെ ലളിതമാകുന്നതാണഭികാമ്യമെന്നും പുരുഷനാണ് ഇതിന്റെ സാമ്പത്തിക ചിലവ് വഹിക്കേണ്ടതെന്നുമുള്ള മതനിര്‍ദേശം ശ്രദ്ധേയമാണ്.
വസ്ത്രം പോലെ
കുറെ കാലം പ്രണയിച്ചും പ്രേമിച്ചും ഒന്നിച്ച് ജീവിച്ച് പിന്നീട് വിവാഹം എന്ന രീതിയല്ല ഇസ്ലാം അനുവദിച്ചത്. വിവാഹാനാന്തരം പ്രണയിച്ച് ജീവിക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഇതില്‍ ആശങ്കയുടെ ആവശ്യമില്ല. കാരണം വിവാഹാനന്തരം ഇണ ജീവിതത്തില്‍ സ്‌നേഹം, സമാധാനം, കാരുണ്യം എന്നീ ചേരുവകള്‍ ചേര്‍ത്ത് അത് സുദൃഢമാക്കുന്നത് ദൈവിക ദൃഷ്ടാന്തമാണ് എന്ന യാഥാര്‍ഥ്യം തന്നെയാണ് ഭൂരിഭാഗം വിവാഹങ്ങളിലും പുലരുന്നത്. കാരണം അത് അല്ലാഹുവിന്റെ ഒരു വാഗ്ദാനവുമാകുന്നു. ദമ്പതികള്‍ തമ്മിലുള്ള ഇണ ജീവിതത്തിന്റെ മനോഹാരിതയെയും സുദൃഢതയെയും സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച ഉപമയാണ് ഏറെ ശ്രദ്ധേയം. ‘അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രങ്ങളാകുന്നു.’ (അല്‍ബഖറ 187)
അഞ്ച് മനോഹര തത്വങ്ങള്‍ ഈ ഉപമാലങ്കാരത്തില്‍ ഉള്‍ചേരുന്നുണ്ട്. വസ്ത്രം ശരിരത്തിന് ചേര്‍ന്നതും യോജിച്ചതുമായിരിക്കും. ഇതു പോലെ ദമ്പതികള്‍ക്ക് ആദര്‍ശപ്പൊരുത്തമുണ്ടാകണം. ഉദാ: ഒരാള്‍ ഏകദൈവവിശ്വാസിയും മറ്റെയാള്‍ ബഹുദൈവവിശ്വാസിയുമാണെങ്കില്‍ അത് ചേര്‍ച്ചയില്ലാത്ത വസ്ത്രം പോലെയിരിക്കും. വസ്ത്രം ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷയേകണം. ദമ്പതികള്‍ പരസ്പരം ചൂടകറ്റുന്നവരും തണുപ്പകറ്റുന്നവരുമായി ജീവിക്കണം. വസ്ത്രം നഗ്‌നത മറയ്ക്കാന്‍ സഹായകമാകണം. ദമ്പതികള്‍ പരസ്പരം ന്യൂനതകള്‍ പറയുന്നവരാകാതെ ന്യൂനതകള്‍ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്നവരായി അന്തസ്സോടെ ജീവിക്കാന്‍ ശ്രമിക്കണം. വസ്ത്രം അഴകും വ്യക്തിത്വവും നിര്‍ണയിക്കുന്നു. ദമ്പതികള്‍ പരസ്പരം നന്മകള്‍ പ്രകാശിപ്പിച്ച് ഇരുവരുടെയും ജീവിതം ആനന്ദകരമാക്കാന്‍ ശ്രമിക്കണം. വസ്ത്രത്തില്‍ അഴുക്കായാല്‍ വസ്ത്രം മാറ്റുകയല്ല, വൃത്തിയാക്കി വീണ്ടും ധരിക്കുകയാണ് ചെയ്യുക. ഇത് പോലെ ദമ്പതികളില്‍ ഇഷ്ടക്കേട്, പൊരുത്തക്കേട് തുടങ്ങിയ അഴുക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നയപരമായും ഗുണപരമായും ഇടപെട്ട് ആ അഴുക്ക് വൃത്തിയാക്കി ഇണയെ തന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തണം.
കാരുണ്യം എന്ന ആദര്‍ശം
കുടുംബ ജീവിതത്തെ ആദ്യാവസാനം സഫലമാക്കുന്നതില്‍ കാരുണ്യം എന്ന ആദര്‍ശത്തിന് വലിയ പങ്കുണ്ട്. മാതാവ് തന്റെ കുഞ്ഞിന് പൂര്‍ണമായ രണ്ട് വര്‍ഷക്കാലം മുലയൂട്ടുന്ന കാര്യത്തിലും വൃദ്ധരും അവശരുമായ മാതാപിതാക്കളെ കാരുണ്യത്തിന്റെ ചിറക് വിടര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തിലും കാരുണ്യത്തിന്റെ ഒരു കരുതല്‍ കാണാം. ഇണ ജീവിതത്തെപ്പോലും സ്വാര്‍ഥ സുഖത്തിനുള്ള രംഗവേദി മാത്രമായി കാണുന്ന കേവല ഭൗതികവാദികള്‍ക്ക് ഇപ്പറഞ്ഞത് മനസ്സിലാവുകയില്ല.
”മാതാക്കള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണമായ രണ്ട് വര്‍ഷക്കാലം മുലയൂട്ടേണ്ടതാണ്, മുലയൂട്ടല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നവര്‍ക്കാണിത്. തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന ആ ഉമ്മമാര്‍ക്ക് (അവര്‍ വിവാഹമോചനം ചെയ്യപ്പെട്ട അവസ്ഥയിലാണെങ്കില്‍ പോലും) അവരുടെ ഭക്ഷണ-വസ്ത്രാദി ചെലവുകള്‍ നിര്‍വഹിക്കാന്‍ ആ കുഞ്ഞുങ്ങളുടെ പിതാവിന് ബാധ്യതയുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും കഴിവില്‍ പെട്ടതല്ലാതെ ആരോടും നിര്‍ബന്ധിക്കപ്പെടുകയില്ല. കുട്ടിയുടെ പേരു പറഞ്ഞ് അതിന്റെ മാതാവാകട്ടെ, പിതാവാകട്ടെ അന്യായമായി വിഷമിപ്പിക്കപ്പെടാനും പാടില്ല. (ഇനി കുട്ടിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതാണെങ്കിലും) അനന്തരാവകാശികള്‍ ഈ ബാധ്യത നിറവേറ്റണം.” (അല്‍ബഖറ 233)
മാതാപിതാക്കളുടെ കാര്യത്തില്‍ മക്കള്‍ കാണിക്കേണ്ട ജാഗ്രതയെയും കാരുണ്യത്തെയും പറ്റി ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ‘നിന്റെ നാഥന്‍ (അല്ലാഹു) വിധിച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണമെന്നും. നിങ്ങളുടെ മാതാപിതാക്കള്‍ക്കിരുവര്‍ക്കും അെല്ലങ്കില്‍ ഒരാള്‍ക്ക് വാര്‍ധക്യം ബാധിച്ചാല്‍ അവര്‍ക്ക് അരോചകമായതൊന്നും നിങ്ങള്‍ അവരോട് പറയരുത്. അവരോട് കയര്‍ത്ത് സംസാരിക്കയുമരുത്. അവരോട് മാന്യമായി സംസാരിക്കണം. അവര്‍ക്ക് നിങ്ങള്‍ കാരുണ്യത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കണം. അവര്‍ക്ക് കാരുണ്യം വര്‍ഷിക്കാന്‍ റബ്ബിനോട് പ്രാര്‍ഥിക്കുകയും വേണം.’ (ഇസ്റാഅ് 23,24)
സ്‌നേഹത്തണല്‍
ദൈവിക മതം പകര്‍ന്നു നല്‍കുന്നതും കുടുംബത്തില്‍ അനുഭവവേദ്യമാകുന്നതുമായ കരുണയുടെ കരുതലും തലോടലും ദൈവവിശ്വാസിക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന സ്‌നേഹത്തണലാണ്. മുകളില്‍ മാതാപിതാക്കള്‍, താഴെ മക്കള്‍, പാര്‍ശ്വഭാഗത്ത് ഇണ – ഇങ്ങനെയുള്ള ഒരു ത്രിമാന സ്‌നേഹത്തണല്‍ ഒരുക്കുന്ന ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും പ്രതീക്ഷയുടെയും പ്രാര്‍ഥനയുടെയും കാരുണ്യക്കൂടാരമാകുന്നു വിശ്വാസിയുടെ കുടുംബം. പാറി നടക്കുന്ന പറവകളൊന്നും വേളി കഴിക്കാറില്ല എന്നതിനാല്‍ നമുക്കും വേളിയും മേരേജ് ആക്ടും വേണ്ട എന്ന് പാടി നടക്കുന്ന നിരീശ്വര, നാസ്തിക, സുഖഭോഗ വാദികള്‍ക്ക് മതവിശ്വാസി കുടുംബത്തില്‍ അനുഭവിക്കുന്ന ആനന്ദവും സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഒരു മരീചിക മാത്രമായിരിക്കും, തീര്‍ച്ച.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x