22 Wednesday
September 2021
2021 September 22
1443 Safar 14

ആസൂത്രിത കുടിയേറ്റങ്ങളുടെ ചരിത്രം

എം എസ് ഷൈജു


യൂറോപ്യര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അവരുടെ ഭൂതകാലത്തെ ഇരുണ്ട നാളുകള്‍ എന്നാണ് അവര്‍ തന്നെ വിളിച്ചത്. ഇന്നത്തെ അഫ്ഗാന്‍ ഗോത്ര ജനതയുടെ മറ്റൊരു പതിപ്പായിരുന്നു അവര്‍. മതത്തിന് വേണ്ടി കൊല്ലാനും ചാവാനും തയാറായി നടന്ന ഒരപരിഷ്‌കൃത ഗോത്രമായിരുന്നു യൂറോപ്പിലെ നോര്‍മാണ്ടികള്‍. ഇന്നത്തെ ഫ്രാന്‍സിലായിരുന്നു അവര്‍ മുഖ്യമായും പാര്‍ത്തിരുന്നത്. യൂറോപ്പിന്റെ മിക്കവാറും ഭാഗങ്ങളിലും അവരുടെ ഗോത്രസാന്നിധ്യമുണ്ടായിരുന്നു.
ക്രിസ്തു മതത്തിന്റെ ചാവേറുകളായിരുന്നു നോര്‍മാണ്ടികള്‍. ആദ്യകാലത്ത് യൂറോപ്പില്‍ നിന്ന് വളര്‍ന്ന് വന്ന അനേകം ശാസ്ത്രാന്വേഷികളെയും നവീന ചിന്താഗതിക്കാരെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ക്രിസ്തുമത നേതൃത്വം മതതാത്പര്യമുയര്‍ത്തി വധിച്ച് കളഞ്ഞിരുന്നു. കത്തോലിക്കാ മത നേതൃത്വത്തിന്റെ മതവീക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തേക്ക് സഞ്ചരിക്കാന്‍ ഒരാള്‍ക്കും അനുവാദം കൊടുത്തിരുന്നില്ല. യാതൊരു വിധ സാമൂഹിക മുന്നേറ്റങ്ങളും സാധ്യമാകാതെ ലോകത്തിന്റെ പൊതുവായ വളര്‍ച്ചയില്‍ നിന്ന് അനേകം കാതം പുറകില്‍ നിലയുറപ്പിച്ച യൂറോപ്യരുടെ അപരിഷ്‌കൃത ചരിത്രത്തെയാണ് ഇരുണ്ട കാലം എന്ന സംജ്ഞയില്‍ തളച്ച് നിര്‍ത്തിയിരിക്കുന്നത്.
യൂറോപ്പിലെയും ക്രിസ്തുമതത്തിന്റെയും ആധിപത്യം അക്കാലത്ത് ഫ്രാന്‍സിനായിരുന്നു. എന്നാല്‍ വ്യവസായ വിപ്ലവം ലോക ഗതിയെ മാറ്റി മറിച്ചത് പോലെ യൂറോപ്പിന്റെ ആഭ്യന്തര ഘടനയും മാറ്റിമറിച്ചു. 1750 മുതല്‍ 1850 വരെയുള്ള കാലം യൂറോപ്പിലാകെ വലിയൊരു വ്യാവസായിക മുന്നേറ്റത്തിനാണ് നാന്ദി കുറിക്കപ്പെട്ടത്. ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ വന്‍ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും വ്യവസായ ഉല്‍പാദനത്തിലും ഗതാഗതത്തിലും അത് വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കി.
വ്യാവസായിക വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ബ്രിട്ടന്‍ മാറി. സ്വാഭാവികമായും ബ്രിട്ടനും ഫ്രാന്‍സും തമ്മിലുള്ള ഒരു മത്സര ബുദ്ധിക്കും സ്വരചേര്‍ച്ചയില്ലായ്മക്കും ഇത് വഴിവെച്ചു. ഇംഗ്ലീഷ് ചാനലിന്റെ ഇരു കരകളിലുമായി കിടക്കുന്ന ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുണ്ടായ കിടമത്സരങ്ങള്‍ പോലും ഫലസ്തീന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇനത്തെ നിലയില്‍ വഷളാകുന്നതിന് കാരണമായിട്ടുണ്ട്.
നെപ്പോളിയന്റെ പടയോട്ടക്കാലത്താണ് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ഉരസുന്നത്. അക്കാലത്തെ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യം ഉസ്മാനിയാ ഖിലാഫത്തായിരുന്നു. ഉസ്മാനിയാ സാമ്രാജ്യം അതിന്റെ പുഷ്‌കല കാലത്തിന് ശേഷം ദുര്‍ബലപ്പെട്ട് തുടങ്ങിയ കാലമായിരുന്നു അത്. എ ഡി 1798-ല്‍ നെപ്പോളിയന്റെ സേന മധ്യേഷ്യയിലേക്ക് നീങ്ങി. നെപ്പോളിയന്‍ ഉസ്മാനിയാ സാമ്രാജ്യത്തെ പരാജയപ്പെടുത്തി ജേതാവാകുന്നതിന്റെ ഭീഷണി ബ്രിട്ടന്‍ മനസിലാക്കി.
യഥാര്‍ഥത്തില്‍ ബ്രിട്ടന്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ച ഒരു പദ്ധതിയായിരുന്നു ഫ്രാന്‍സ് തുടങ്ങി വെച്ചത്. പക്ഷെ ആ പദ്ധതി പരാജയപ്പെടണമെന്ന് ബ്രിട്ടന്‍ ആഗ്രഹിച്ചു. അല്ലെങ്കില്‍ നെപ്പോളിയന്‍ അവരെ അതിജയിക്കുമെന്ന് അവര്‍ ആശങ്കിച്ചു. അപ്പോഴേക്കും ഫലസ്തീനും മറ്റ് അനുബന്ധ മേഖലകളും പിടിച്ചെടുക്കാനായി നെപ്പോളിയന്റെ പട ഇരമ്പിയാര്‍ത്ത് അവിടെയെത്തിയിരുന്നു.
ഫ്രാന്‍സിനെതിരെ ഉസ്മാനികളെ സഹായിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് ബ്രിട്ടന്‍ അവിടെ പയറ്റിയത്. ബ്രിട്ടന്റെ വിഖ്യാതമായ കപ്പല്‍പ്പടയെ അവര്‍ ഫലസ്തീനിലേക്കയച്ചു. ഇതിനകം തന്നെ ഫലസ്തീന്റെ പല ഉള്‍പ്രദേശങ്ങളും നെപ്പോളിയന്റെ സേന കൈക്കലാക്കിയിയിരുന്നു. അക്കാ പട്ടണം ഉപരോധിച്ച് കീഴ്‌പ്പെടുത്താനായിരുന്നു നെപ്പോളിയന്‍ ശ്രമിച്ചത്.
ബ്രിട്ടന്റെ ശക്തമായ പിന്തുണയോടെ ഉസ്മാനികള്‍ കനത്ത പ്രതിരോധം തീര്‍ത്തു. നേരത്തെ ഫലസ്തീന്‍ പരിസരങ്ങളില്‍ താമസമുറപ്പിച്ച ജൂതന്മാര്‍ നെപ്പോളിയന് പിന്തുണ നല്‍കി. നെപ്പോളിയന്‍ തങ്ങള്‍ക്കായി തങ്ങളുടെ വിശുദ്ധ സ്ഥലം വീണ്ടെടുത്ത് തരുമെന്ന് അവര്‍ കരുതി. ദീര്‍ഘമായ ഒരിടവേളയ്ക്ക് ശേഷം ഫലസ്തീന്‍ വിഷയത്തില്‍ ജൂതന്മാര്‍ ഇടപെട്ടത് അപ്പോളായിരുന്നു. അവരെ ഫലസ്തീനില്‍ നിന്ന് പുറത്താക്കിയത് ക്രിസ്ത്യാനികളായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ക്ക് അവിടെ പ്രവേശിക്കണമെങ്കില്‍ പോരാടേണ്ടത് മുസ്‌ലിംകളുമായിട്ടായിരുന്നു. അവര്‍ നെപ്പോളിയന്റെ സേനക്ക് പിന്നില്‍ പിന്തുണയുമായി അണി നിരന്നു.
യുദ്ധം പരാജയപ്പെടുകയാണെന്ന് മനസിലാക്കിയ നെപ്പോളിയന്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പക്ഷെ വലിയൊരു വിളംബരവും നടത്തിയാണ് നെപ്പോളിയന്‍ പിന്‍വാങ്ങാന്‍ തയ്യാറായത്. തന്റെ അധീനതയിലുള്ള ഫലസ്തീന്‍ മണ്ണിലേക്ക് കുടിയേറാന്‍ ലോകത്തെല്ലായിടത്തുമുള്ള ജൂതന്മാരെ നെപ്പോളിയന്‍ ക്ഷണിച്ചു. ആഗോള ജൂതസമൂഹത്തിന് ഫലസ്തീന്‍ വിഷയത്തില്‍ വീണ്ടും ഒരുണര്‍വ് നല്‍കുവാന്‍ നെപ്പോളിയന്റെ പ്രഖ്യാപനം വഴി തുറന്നു. പിന്നീട് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം എന്നൊരു ആശയവും അതിനായി സംഘടനകളുമൊക്കെ രൂപപ്പെടാനുണ്ടായ ഒരു ചരിത്ര പശ്ചാത്തലത്തെയും സൃഷ്ടിച്ച് കൊണ്ടാണ് നെപ്പോളിയന്‍ തന്റെ മധ്യേഷ്യന്‍ ആധിപത്യ മോഹം അവസാനിപ്പിച്ചത്. ഈജിപ്ത് പൂര്‍ണമായും നെപ്പോളിയന്‍ കീഴടക്കിയിരുന്നു. പക്ഷെ മേഖലയില്‍ ഈജിപ്ത് മാത്രമായി കയ്യില്‍ വെക്കുന്നത് ബുദ്ധിപരമല്ലെന്ന് മനസിലാക്കിയ നെപ്പോളിയന്‍ ഈജിപ്ത് ഉപേക്ഷിച്ച് ഫ്രാന്‍സിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ചരിത്രത്തിന്റെ ഒരധ്യായത്തെ സൃഷ്ടിച്ച് കൊണ്ട് നെപ്പോളിയന്റെ കിഴക്കന്‍ പടയോട്ടം അവിടെ അസ്തമിച്ചു.
നെപ്പോളിയന് ശേഷം ഫലസ്തീനും ഈജിപ്തും ഉസ്മാനികളുടെ നിയന്ത്രണത്തില്‍ നിന്നില്ല. ഈജിപ്തില്‍ അവര്‍ വാഴിച്ച ഗവര്‍ണര്‍ ഖിദൈവി മുഹമ്മദലി പാഷ ഈ രണ്ട് മേഖലകളെയും ചേര്‍ത്ത് ഒരു സ്വതന്ത്ര രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിച്ചു. ഈ രണ്ട് മേഖലകളിലുമുള്ള ജൂതരെയും ക്രിസ്ത്യാനികളെയും കൂടെ നിര്‍ത്തിക്കൊണ്ടുള്ള ഒരു ഭരണത്തിനാണ് മുഹമ്മദലി ശ്രമിച്ചത്. മെല്ലെ ഉസ്മാനികളെ പൂര്‍ണമായും പരാജയപ്പെടുത്തി ഖിലാഫത്ത് കൈക്കലാക്കാനായിരുന്നു മുഹമ്മദലി പദ്ധതിയിട്ടത്. എന്നാല്‍ അവിടെ ഒരു പുതിയ കക്ഷി ഉദയം ചെയ്ത് വരുന്നതിനോട് ബ്രിട്ടന് താത്പര്യമുണ്ടായിരുന്നില്ല. 1804ല്‍ ബ്രിട്ടന്‍ തങ്ങളുടെ സേനയെ അയച്ച് ഉസ്മാനികള്‍ക്ക് പിന്തുണ നല്‍കി.
അതിസങ്കീര്‍ണമായതും ആഭ്യന്തര കാലുഷ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയതുമായ ഒരു ഘട്ടത്തിലൂടെയാണ് അപ്പോള്‍ അറബ് മേഖല കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. രാഷ്ട്രീയമായ അനേകം പ്രശ്‌നങ്ങള്‍ ഒരു ഭാഗത്തും മതത്തിന്റെ ഭിന്നങ്ങളായ ധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മറ്റൊരു ഭാഗത്തുമായി ഇസ്‌ലാം മതം അനവധി സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടു. അധികാരത്തിനൊപ്പിച്ച് മതവും മതത്തെ മുന്നില്‍ നിര്‍ത്തി അധികാരവും മുന്നോട്ട് പോകുകയായിരുന്നു.
ജൂതരും അറബികളും എന്നൊരു ദ്വന്ദനിര്‍മിതി അക്കാലത്ത് രൂപപ്പെട്ടിരുന്നതേയില്ലായിരുന്നു. ജൂതര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുകയും വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ മുന്നേറ്റങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിരുന്നു. അനേകം ധനാഢ്യരായ ജൂതന്മാരുമായി ബ്രിട്ടീഷ് രാജകുടുംബം ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. ജൂത താത്പര്യം മുന്‍ നിര്‍ത്തി ബ്രിട്ടന്‍ ഫലസ്തീന്‍ മേഖലയില്‍ പല ഇടപെടലുകളും നടത്തി. അവയില്‍ മുഖ്യമായ രണ്ട് പദ്ധതികളായിരുന്നു മോണ്ടിബോറി പദ്ധതിയും ബ്രിട്ടന്റെ കോണ്‍സുലേറ്റ് തുറക്കലും.
ബ്രിട്ടീഷ് സേനയിലെ ഉന്നതനായ ഓഫിസറായിരുന്നു മോണ്ടിബോറി. യൂറോപ്പിലെ ജൂതന്മാര്‍ക്ക് ഫലസ്തീനിലേക്ക് കുടിയേറി താമസിക്കാന്‍ അനുവാദം നല്‍കുന്ന പദ്ധതി അയാള്‍ തയാറാക്കി. പ്രമുഖ ജൂത നേതാക്കളുടെ പിന്തുണയോടെയാണ് മോണ്ടിബോറി പദ്ധതി ആവിഷ്‌കരിച്ചത്. ബ്രിട്ടനും ഫ്രാന്‍സും ഈ പദ്ധതിക്ക് പച്ചക്കൊടി വീശി. കുടിയേറിപ്പാര്‍ക്കുന്ന ജൂതര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ അവര്‍ ഉസ്മാനിയാ ഖലീഫയോട് ആവശ്യമുയര്‍ത്തി. തങ്ങള്‍ക്ക് ഫലസ്തീന്‍ മേഖലയില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള അനുമതി നല്‍കണമെന്നും ബ്രിട്ടന്‍ ഖലീഫയോട് ആവശ്യമുന്നയിച്ചു. സമ്മര്‍ദ്ദത്തിലായ ഖലീഫക്ക് ഇത് അനുവദിച്ച് കൊടുക്കേണ്ടി വന്നു. ബ്രിട്ടന്‍ ഔദ്യോഗികമായി ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടാന്‍ ആരംഭിച്ചത് ഇവിടം മുതലായിരുന്നു.
ആധുനികമായ നേഷന്‍ സ്റ്റേറ്റുകള്‍ രൂപപ്പെടുന്നതിനും എമിഗ്രേഷന്‍ നിയമങ്ങള്‍ ഇത്രത്തോളം കര്‍ശനമാകുന്നതിനും മുമ്പ് തന്നെ ആസൂത്രിതമായ ജൂത കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ മേഖലയിലേക്ക് ആരംഭിച്ച ചരിത്രം ഇവിടം മുതലാണ്. ലോകത്തെ ജൂത സംഘടനകളും ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ വന്‍ പദ്ധതി വഴിയാണ് ഇന്ന് കാണുന്ന സങ്കീര്‍ണതകളിലേക്ക് ഫലസ്തീന്‍ മേഖല എത്തിപ്പെടുന്നത്. വിവിധ ജൂത ഗ്രൂപ്പുകള്‍ നിഗൂഢമായി ആസൂത്രണം ചെയ്ത കുടിയേറ്റ പദ്ധതികളുടെ അപകടം മനസിലാക്കാന്‍ കഴിയാതിരുന്ന അറബികള്‍ ജൂതര്‍ വെച്ച് നീട്ടിയ തുകകള്‍ക്ക് തങ്ങളുടെ വാസ സ്ഥലങ്ങളും കൃഷിയിടങ്ങളും വിറ്റു. ഇങ്ങനെ ലഭിച്ച ഭൂമി പരസ്പരം പങ്കിട്ടെടുത്ത് അതിന് ചുറ്റും അതിര്‍ത്തി തിരിച്ച് തങ്ങളുടെ സെറ്റില്‍മെന്റുകള്‍ക്ക് ജൂത കുടിയേറ്റക്കാര്‍ ആരംഭം കുറിച്ചു.
ഒന്നാം ലോകമഹായുദ്ധത്തോടെ തന്നെ ബ്രിട്ടന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂത സംഘടനകളുമായി ഈ വിഷയത്തില്‍ ആശയ വിനിമയം നടത്തിയിരുന്നു. ആഗോള തലത്തില്‍ പ്രബലരായ പല ജൂത സംഘടനകളും ബ്രിട്ടനുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍, സയണിസ്റ്റ് നേതാവിന് എഴുതിയ ഒരു കത്ത് പിന്നീട് ബാല്‍ഫര്‍ പ്രഖ്യാപനമെന്ന പേരില്‍ കുപ്രസിദ്ധമായി. ജൂതന്മാര്‍ക്കായി ഫലസ്തീന്‍ മണ്ണില്‍ ഒരു രാഷ്ട്രം അനുവദിച്ച് നല്‍കാമെന്ന ഉറപ്പാണ് ഈ കത്ത് പ്രഖ്യാപിക്കുന്നത്.
ഈ പ്രഖ്യാപനം നടക്കുമ്പോള്‍ ഫലസ്തീന്‍ തുര്‍ക്കി ഖിലാഫത്തിന്റെ കീഴിലായിരുന്നു. ഇവിടെ നാളെ ജൂതരാഷ്ട്രം പിറവി കൊള്ളുമെന്ന് ലോകം സ്വപ്‌നത്തില്‍ പോലും അന്ന് കരുതിയിരുന്നില്ല. സ്വന്തം പ്രദേശമല്ലാത്ത ഒരു ഭൂവിഭാഗം പിടിച്ചെടുത്ത് അത് ജൂതന്മാര്‍ക്ക് നല്‍കാമെന്ന വിചിത്രമായ ഉറപ്പാണ് ബ്രിട്ടന്‍ സയണിസ്റ്റുകള്‍ക്ക് നല്‍കുന്നത്!
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x