അത് കൗമാരത്തിന്റെ അവിവേകം
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൂഞ്ഞാറിലെ സെന്റ് ഫെറോന പള്ളിയില്‍ ഉണ്ടായ സംഭവം വീണ്ടും ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്. അധ്യയന വര്‍ഷം അവസാനിക്കുമ്പോഴുണ്ടാകുന്ന സെന്റോഫ് ആഘോഷങ്ങളുടെ ഭാഗമായി ഏതാനും വിദ്യാര്‍ഥികള്‍ അനുമതിയില്ലാതെ പള്ളി പരിസരത്തേക്ക് ഫോട്ടോ ഷൂട്ടിനായി എത്തുകയും എന്നാല്‍ ആരാധന നടക്കുന്ന സമയമായതു കൊണ്ട് പുറത്തു പോകാന്‍ വൈദികന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ബൈക്കില്‍ പുറത്തേക്ക് പോകുന്നതിനിടയില്‍, വണ്ടി തട്ടി ഒരു പുരോഹിതന്‍ താഴെ വീഴുകയും പരിക്ക് പറ്റുകയും ചെയ്തു.
വിദ്യാര്‍ഥികളുടെ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന അവിവേകങ്ങള്‍ ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. സ്‌കൂളുകളിലെയും കോളെജുകളിലെയും ആഘോഷ ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അപകടമുണ്ടാക്കുക എന്നത് വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. ഇവിടെ വിദ്യാര്‍ഥികളുടെ ഭാഗത്ത് വലിയ പിഴവ് സംഭവിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഈരാറ്റുപേട്ടയിലെ ഈ സംഭവത്തെ വര്‍ഗീയ വിഷം പടര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുകയാണ് ചിലര്‍ ചെയ്തത്. സംഭവത്തെ വധശ്രമമായി ചിത്രീകരിക്കുകയും പത്ത് മൈനര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 27ഓളം പേര്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കുകയും ചെയ്തു. നിലവില്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ പരീക്ഷാ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വന്നതിന്റെ മാനസിക സംഘര്‍ഷത്തിലാണ് വിദ്യാര്‍ഥികളും കുടുംബങ്ങളുമുള്ളത്. പൂഞ്ഞാറിലെ മുന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വര്‍ഗീയ വാദികളെ ഇളക്കിവിട്ടുകൊണ്ട്, ഒരു വൈദികനെ കൊലപ്പെടുത്താനുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഗൂഢശ്രമമായിരുന്നു സംഭവമെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ചെയ്തത്. കാസ പോലുള്ള സംഘടനകള്‍ പ്രചാരണം ഏറ്റെടുത്തു.
എന്നാല്‍ പ്രദേശവാസികള്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുകയും സംഭവത്തിന് വര്‍ഗീയ മുഖം കൈവരുന്നത് തടയുകയും ചെയ്തു. യോഗത്തില്‍ സംസാരിച്ച ഇടതുപക്ഷ മുന്നണിയിലെ കേരളാ കോണ്‍ഗ്രസിന്റെ നേതാവ് തന്നെ ഈ സംഭവത്തില്‍ എല്ലാ മതത്തിലും പെട്ട വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്ന് കണക്ക് എണ്ണി ബോധ്യപ്പെടുത്തുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ മതം തിരയരുത് എന്ന സന്ദേശമാണ് സര്‍വകക്ഷിയോഗം നല്‍കിയത്. വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ ബോധവത്കരണമാണ് വേണ്ടത്. അധ്യാപകര്‍ക്കും സ്ഥാപനമേധാവികള്‍ക്കും ഇത്തരം സംഭവങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കണം. കൗമാര വിദ്യാര്‍ഥികളെ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ ശാസ്ത്രീയമായ രീതികള്‍ നാം അവലംബിക്കണം.
എന്നാല്‍, രണ്ടാഴ്ചക്കു ശേഷം ഈ സംഭവം വീണ്ടും മാധ്യമ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുന്നത് കേരള മുഖ്യമന്ത്രിയുടെ അമ്പരപ്പിക്കുന്ന ഒരു ശബ്ദരേഖയോടെയാണ്. മുസ്‌ലിം നേതാക്കളുമായുള്ള ഒരു ചര്‍ച്ചയിലാണ് വിദ്യാര്‍ഥികളുടെ സമുദായം എടുത്തുപറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ പ്രചാരണത്തെ ശക്തിപ്പെടുത്തിയത്. അത് മതേതര കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ്. കൗമാരക്കാരുടെ അവിവേകത്തിന് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുക മാത്രമല്ല, പോലീസ് വേര്‍ഷന്‍ അനുസരിച്ച് ഒരു മതത്തിന്റെ അനുയായികള്‍ മാത്രമാണ് സംഭവത്തിലെ പ്രതികളെന്ന് പറയുന്നതും പ്രതിചേര്‍ക്കപ്പെട്ടവരുടെ മതം തിരയുന്നതും ഭരണസിരാ കേന്ദ്രങ്ങളിലിരിക്കുന്നവര്‍ക്ക് ഒട്ടും യോജിച്ചതല്ല. അതിലുപരി, മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന്റെ സമുന്നതനായ നേതാവ് ഈ രൂപത്തില്‍ വര്‍ഗീയ ചേരിതിരിവ് പ്രകടമാക്കുന്ന വിധം പ്രതികരിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കേരളത്തിലെ പ്രബല ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാനുള്ള ശ്രമം ഏതാനും വര്‍ഷങ്ങളായി സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നുണ്ട്. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള വിവാദങ്ങളുടെ പശ്ചാത്തലം അതായിരുന്നു. അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ പൂഞ്ഞാര്‍ സംഭവത്തിലും മുതലെടുപ്പിന് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഈ ധ്രുവീകരണ ശ്രമങ്ങള്‍ വര്‍ധിക്കുമെന്നത് സാമാന്യമായി രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുന്നതാണ്. അതിനാല്‍ കേരളത്തിന്റെ സെക്കുലര്‍ ഫാബ്രിക്കിന് ഭംഗം വരുത്തുന്ന ധ്രുവീകരണ ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ പ്രതിരോധിക്കാന്‍ മതേതര കേരളം ഒറ്റക്കെട്ടായി നില്‍ക്കണം. കൗമാര വിദ്യാര്‍ഥികളുടെ അവിവേകത്തെ ആ രൂപത്തില്‍ കാണാനും തദനുസൃതമായ പ്രതിവിധികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം.