22 Sunday
December 2024
2024 December 22
1446 Joumada II 20

ഖാര്‍ഗെ നയിക്കുന്ന കോണ്‍ഗ്രസ്


രണ്ടു പതിറ്റാണ്ടിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്ക് എത്തിയിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇനി കോണ്‍ഗ്രസിന് നേതൃത്വം നല്‍കുക. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും കാണാന്‍ കഴിയാത്തവിധം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താറുള്ളത്. കോണ്‍ഗ്രസിന്റെ രൂപീകരണകാലം തൊട്ടുള്ള ചരിത്രമാണത്. വിവിധ സംസ്ഥാനങ്ങളില്‍ പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ച് ഒരു പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതി സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 20 വര്‍ഷത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലും, കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര പൗരനായി ഗണിക്കുന്ന ശശി തരൂരും സീനിയര്‍ നേതാവായ ഖാര്‍ഗെയും തമ്മിലാണ് മത്സരം എന്നതും ഈ തെരഞ്ഞെടുപ്പിനെ ഏറെ പ്രസക്തമാക്കിയിരുന്നു.
ഇത്തവണ മത്സരിച്ച രണ്ടു വ്യക്തികളും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ് എന്നത് പുതിയ ചില രാഷ്ട്രീയ സന്ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലെ വാര്‍വെട്ടി എന്ന ഗ്രാമത്തിലെ ഒരു ദലിത് കുടുംബത്തിലാണ് ഖാര്‍ഗെയുടെ ജനനം. കര്‍ണാടക കോണ്‍ഗ്രസ് രാ്രഷ്ടീയത്തിലൂടെ വളരുകയും ഏറെക്കാലം കര്‍ണാടക രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുകയും ചെയ്ത വ്യക്തിത്വമാണ്. ശശി തരൂരാകട്ടെ, ഐക്യരാഷ്ട്ര സഭയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അത് രാജിവെച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. എന്നാല്‍ കോണ്‍ഗ്രസ് പോലെ നാനാജാതി താല്‍പര്യങ്ങളും വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോകാനുള്ള നയചാതുരി ശശി തരൂരിന് എത്രത്തോളമുണ്ടെന്നത് സംശയമാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ വീക്ഷണങ്ങളും വികസന നയങ്ങളും ഏറെ വ്യത്യസ്തവും പ്രസക്തവുമാണ്. അതേ സമയം, ഭിന്നതാല്‍പര്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അത്തരം കാഴ്ചപ്പാടുകള്‍ക്ക് സാധിക്കില്ല എന്നതും യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെയാകണം, കോണ്‍ഗ്രസിന്റെ വോട്ടവകാശമുള്ള മെമ്പര്‍മാരില്‍ ഭൂരിഭാഗവും ഖാര്‍ഗെക്ക് പിന്തുണ നല്‍കിയത്. ഖാര്‍ഗെയുടെ അധ്യക്ഷസ്ഥാനം നിരവധി രാഷ്ട്രീയ പ്രസ്താവനകള്‍ വിളിച്ചറിയിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദലിത് മുഖം കൂടിയാണ് ഖാര്‍ഗെ. ഗാന്ധിയുടെ ഇന്ത്യയെ തിരികെ പിടിക്കാന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയും, ഇന്ത്യയുടെ യഥാര്‍ഥ ആത്മാവ് കുടികൊള്ളുന്ന ആദിവാസി-ദലിത്-പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു അധ്യക്ഷനും കൂടി ചേരുമ്പോള്‍ ഇന്ത്യ എന്ന ചിത്രം പൂര്‍ണമാകുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഭരണരംഗവും രാഷ്ട്രീയ ചിത്രവും ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണ്. സകല മേഖലകളിലും ഉണ്ടാവുന്ന രാഷ്ട്രീയ അതിപ്രസരവും സംഘ്പരിവാര്‍ അജണ്ടകളും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഫെഡറല്‍ അധികാരങ്ങളും സ്വയംഭരണ അവകാശങ്ങളും ഒന്നൊന്നായി ഇല്ലാതാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ‘ഒരു രാജ്യം ഒരു രീതി’ എന്ന നിലയില്‍ കൊണ്ടുവരുന്ന ഒട്ടേറെ മാറ്റങ്ങള്‍ ഇന്ത്യയുടെ ആത്മാവിനെ ചോദ്യം ചെയ്യുന്നതുകൂടിയാണ്.
ഫെഡറല്‍ അധികാരങ്ങളെ ഇല്ലാതാക്കുന്ന പല തീരുമാനങ്ങള്‍ക്കു പിറകിലും പ്രവര്‍ത്തിക്കുന്ന വികാരം സാംസ്‌കാരിക ദേശീയതയാണ്. ഉത്തരേന്ത്യന്‍ ഹിന്ദിഭൂമി ഏതാണ്ട് ഈ ദേശീയതക്ക് അടിമപ്പെട്ടുവെന്നും അത്രയൊന്നും ഹിന്ദിദേശീയതക്ക് അടിമപ്പെടാത്ത ദക്ഷിണേന്ത്യയില്‍ നിന്നാരംഭിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്നും തിരിച്ചറിയുന്ന ഒരു ഘട്ടത്തില്‍ തന്നെയാണ് ഖാര്‍ഗെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാകുന്നത്. കര്‍ണാടകയില്‍ മൂന്നു തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹം. എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി ആ അവസരങ്ങളിലെല്ലാം മാറിനിന്നു. ഏഴു തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയും പത്തു തവണ നിയമസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായി പ്രവര്‍ത്തിച്ച ഖാര്‍ഗെ നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. അതായത്, കൃത്യമായും ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ഭൂമിക പരിചയിച്ച വ്യക്തിയാണ് അദ്ദേഹം. ഹിന്ദിബെല്‍റ്റ് നിയന്ത്രിക്കുന്ന ദേശീയ രാഷ്ട്രീയത്തെ അടുത്തറിയാനും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ദക്ഷിണേന്ത്യയുടെ ദേശീയതാബോധവും അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയ അനുഭവങ്ങളും കോണ്‍ഗ്രസിന് പുതിയ ദിശാബോധവും രാഷ്ട്രീയ വിലാസവും നല്‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Back to Top