28 Thursday
March 2024
2024 March 28
1445 Ramadân 18

പത്മശ്രീ കെ വി റാബിയ തിരൂരങ്ങാടിയില്‍ നിന്നും ചിറക് വിടര്‍ത്തുന്ന പ്രതീക്ഷകള്‍

മന്‍സൂറലി ചെമ്മാട്‌


അര നൂറ്റാണ്ട് പിന്നിട്ട ജീവിത യാത്രയില്‍ സങ്കടങ്ങളായിരുന്നു ഏറെയും നുകരാനുണ്ടായിരുന്നതെങ്കിലും റാബിയയുടെ ശ്രദ്ധ മറ്റുള്ളവര്‍ക്ക് സാന്ത്വനം പകരുന്നതിലായിരുന്നു. വേദനയുടെ അടയാളമായ ചക്രക്കസേരയെ സിംഹാസനത്തിന്റെ പ്രതാപത്തിലേക്കുയര്‍ത്തി, കര്‍മ നിരതമായ ജീവിതത്തിന്റെ പ്രതീകമായി മാറിയ റാബിയ ലോകത്തിന് ഒരു മഹാപാഠമാവുകയാണ്. വീല്‍ചെയറിലേക്ക് ജീവിതം ചുരുട്ടിക്കൂട്ടിയ വിധിക്ക് മുന്നില്‍ ഒരിക്കല്‍ പോലും പകച്ചിരുന്നില്ല. ദുരിതങ്ങളും ദുരന്തങ്ങളും പതിയിരുന്ന കനല്‍വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്നോട്ട് എന്നത് മാത്രമായിരുന്നു മനസ്സ് മന്ത്രിച്ചിരുന്നത്. ഏത് പ്രാതികൂല്യങ്ങള്‍ക്കിടയിലും, മൂല്യങ്ങളിലൂന്നിയ ലക്ഷ്യവും വിശുദ്ധ വിശ്വാസത്തിന്റെ കരുത്തുമായി ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോള്‍ ചുറ്റുപാടും സാഹചര്യങ്ങളും സൗഹൃദങ്ങളും അനുകൂലമായി രൂപാന്തരപ്പെട്ടു വരും എന്നതാണ് റാബിയ പങ്കുവെക്കുന്ന അനുഭവ സാക്ഷ്യം. അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും പെരുമഴക്കൊടുവില്‍ രാജ്യത്തിന്റെ പരമോന്നത ബഹുമതിയുടെ കീര്‍ത്തിയിലും കര്‍മനൈരന്തര്യത്തിന്റെ ഇന്നലെകളെ കുറിച്ച് വാചാലമാവുകയാണ് റാബിയ.
അവാര്‍ഡ് ദൈവാനുഗ്രഹം
പരിമിതികളില്‍ പരിഭവിക്കാനോ പ്രാരാബ്ധങ്ങളില്‍ പകച്ചിരിക്കാനോ മനസ്സിന് അവസരം നല്‍കാതെ മുന്നോട്ട് പോയത് സമൂഹത്തിന്റെ പിന്തുണയുടെയും ബന്ധുക്കളുടെ സ്‌നേഹ സാമീപ്യത്തിന്റെയും പിന്‍ബലത്തിലായിരുന്നു. കോവിഡ് കാലം ഒറ്റപ്പെടലിന്റെ നീറ്റലാണ് സമ്മാനിച്ചത്. ബന്ധങ്ങള്‍ക്കിടയില്‍ അദൃശ്യ മറകള്‍ രൂപപ്പെട്ടു. സേവനങ്ങള്‍ക്കുള്ള സാധ്യതകള്‍ നിരവധിയായിരുന്നെങ്കിലും പരിമിതികള്‍ ചോദ്യചിഹ്നങ്ങളായി പല്ലിളിച്ചു. ഉറ്റവരുടെ വിയോഗം മനസ്സിനെ ഉലച്ചു. കോവിഡ് കാലത്ത് മാത്രം കുടുംബത്തിലെ നാലപേരാണ് മരണപ്പെട്ടത്. ആരോഗ്യാവസ്ഥയാവട്ടെ കൂടുതല്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനിടയില്‍ ഒരുണര്‍ത്തു പാട്ടായി പത്മശ്രീ പ്രഖ്യാപനം. വെള്ളിലക്കാട്ടേക്ക് സ്‌നേഹ ജനങ്ങളുടെ പ്രവാഹം. വി ഐ പികള്‍ തൊട്ട് സാധാരണക്കാര്‍ വരെ വീണ്ടും തന്നെ കാണാനെത്തി കൊണ്ടിരിക്കുന്നത് അക്ഷരാര്‍ഥത്തില്‍ വല്ലാത്തൊരനുഭൂതിയാവുകയാണ്. നോവുണര്‍ത്തുന്ന വര്‍ത്തമാനത്തിലെ അവാച്യമായ സ്‌നേഹ സ്പര്‍ശമായാണീ പുരസ്‌കാരത്തെ കാണുന്നത്. ഇത്രയും കാലം എന്നെ തളരാതെ താങ്ങി നിര്‍ത്തിയ പടച്ചവന്റെ അനുഗ്രഹം. എനിക്ക് പുത്തനൂര്‍ജ്ജമേകിക്കൊണ്ടുള്ള അവന്റെ തീരുമാനം.
വൈകല്യം, രോഗം, പരുക്ക്
പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ക്കും അര്‍ബുദം വരിഞ്ഞ് മുറുക്കിയ ശരീരത്തിനും വീഴ്ചയില്‍ ക്രമം തെറ്റിയ നട്ടെല്ലിനും സന്തത സഹചാരിയായി മാറിയ യൂറിന്‍ ബാഗിനുമൊന്നും തന്റെ നിയോഗത്തെ തളച്ചിടാനാവില്ലെന്ന ഇച്ഛാശക്തി തന്നെയാണ് ഉയര്‍ച്ചയിലേക്ക് കരുത്തായത്. ഒമ്പതാം ക്ലാസ് വരെയേ എല്ലാവരെയും പോലെ സ്‌കൂളിലേക്ക് നടന്ന് പോയി പഠിക്കാന്‍ സാധിച്ചുള്ളൂ. പത്താം ക്ലാസിലെത്തിയപ്പോഴേക്കും തളര്‍ന്ന് വീണു. വേദനയുടെയും ദുരിതത്തിന്റെയും നിസ്സഹായതയുടെയും ലോകത്തേക്കുള്ള വഴിത്തിരിവ് അതായിരുന്നു.
റാബിയയുടെ തളര്‍ച്ചയുടെ ചരിത്രം ഒരു നാടിന്റെ വളര്‍ച്ചയുടെ ചരിത്രമാവുന്ന വിസ്മയം അവിടെ തുടങ്ങുകയായിരുന്നു. ആശങ്കയും അനിശ്ചിതാവസ്ഥകളും അവളുടെ ചങ്കുറപ്പിനു മുന്നില്‍ തലകുനിച്ചു. പിന്നീട്, റാബിയയുടെ ചക്രക്കസേരകളുരുണ്ടത് നിരവധി സാധാരണക്കാരുടെ സ്വപ്‌നസാഫല്യത്തിലേക്കായിരുന്നു. അറിവിനെ കരുത്തായും കര്‍മത്തെ ധര്‍മമായും കണ്ട് യശസ്സിന്റെ ഉച്ചിയിലേക്ക്, കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളിയുടെ മനസ്സുമായി റാബിയ തന്റെ വീല്‍ചെയറുരുട്ടി.
അതിനിടെ വീണ്ടും ആശങ്കയുടെ കാര്‍മേഘമായി അടുത്ത പരീക്ഷണം. കാന്‍സറിന്റെ രൂപത്തിലായിരുന്നുവത്. രോഗവും ചികിത്സകളും ഒരു പോലെ ദുരിതമായി മാറിയ ദിനരാത്രങ്ങള്‍. രണ്ട് കൊല്ലം ആയുസ്സ് പ്രവചിച്ച വൈദ്യ ശാസ്ത്രത്തെ അതിജയിച്ച് 22 കൊല്ലത്തിനിപ്പുറം ഇങ്ങനെ ജീവനോടെയിരിക്കുന്നത് പടച്ചവന്റെ കാരുണ്യം കൊണ്ട് മാത്രമെന്ന് റാബിയ ആണയിടുന്നു.
കാന്‍സര്‍ ചികിത്സ തീരും മുന്‍പേയാണ് ജീവിതം മാറ്റിമറിക്കാന്‍ പോന്ന വീഴ്ച. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ് പൂര്‍ണമായും ബെഡിലേക്ക്. നേരത്തെ വൈകല്യത്തിന്റെ ഭാഗമായി നട്ടെല്ലിന് സംഭവിച്ചിട്ടുള്ള പ്രയാസത്തിനു പുറമെ ഈ പരുക്കും കൂടിയായപ്പോള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാവാത്തതാണെന്ന് റാബിയ. ദിനം പ്രതി ശരീരത്തിനകത്ത് പല തരത്തിലുള്ള ക്ഷയങ്ങള്‍ സംഭവിക്കുന്നു. ശ്വാസകോശവും ലിവറും കിഡ്‌നിയും തലച്ചോറുമൊക്കെ പലതരത്തിലുള്ള രോഗങ്ങളുടെ പിടിയിലാണ്. ഏത് സമയത്തും ഓര്‍മയും ശേഷിക്കുന്ന ചലന ശേഷിയും നഷ്ടപ്പെടാമെന്ന അവസ്ഥയിലാണെന്ന് പറയുമ്പോഴും റാബിയക്ക് പതര്‍ച്ചയില്ല.

സാക്ഷരതാ യജ്ഞം
കര്‍മ നൈരന്തര്യത്തിലേക്കുള്ള പടിപ്പുര

അക്ഷര വെളിച്ചവും സ്ത്രീ ശാക്തീകരണ സന്ദേശവും കരുത്താക്കി നാട്ടില്‍ നിരവധി ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച റാബിയ, 90കളിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് പിച്ചവെച്ചത്. അന്ധകാരത്തിന്റെയും അപരിഷ്‌കൃതത്വത്തിന്റെയും കരിമ്പടത്തിനുള്ളില്‍ മുഖം പൂഴ്ത്തിയുറങ്ങിയിരുന്ന കൊച്ചുഗ്രാമത്തില്‍ അക്ഷരത്തിന്റെ അഗ്‌നിവെളിച്ചവും തെളിച്ച് റാബിയ വിപ്ലവം തീര്‍ത്തത് സര്‍ക്കാറിന്റെ സാക്ഷരതാ യജ്ഞം പിറവിയെടുക്കുന്നതിനും മുന്‍പായിരുന്നു. സര്‍ക്കാറിന്റെ സാക്ഷരതാ പദ്ധതികള്‍ ഉത്സവലഹരിയോടെ നാടേറ്റു വാങ്ങിയപ്പോള്‍ അതിന്റെ ഭാഗമാവാനുള്ള ആഗ്രഹത്തിന് തന്റെ വൈകല്യം റാബിയക്ക് വിലങ്ങ് തീര്‍ത്തു. പരിശീലനത്തിനു പോവാനാവില്ലെന്ന കാരണത്താലായിരുന്നു റാബിയക്കന്ന് അവസരം നിഷേധിക്കപ്പെട്ടത്.
പക്ഷെ അടങ്ങാത്ത ആ ആഗ്രഹത്തിനു ചിറക് വെച്ചത് സുബൈര്‍ എന്ന സാക്ഷരതാ ഇന്‍സ്ട്രക്ടറിലൂടെയായിരുന്നു. അദ്ദേഹത്തിന് പരീക്ഷാ സമയത്ത് സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഒരു സഹായിയായി റാബിയ കൂടെകൂടി. റാബിയയുടെ നൈപുണ്യം പഠിതാക്കളുടെ വൈജ്ഞാനിക രംഗത്ത് വിസ്മയമായി പ്രതിഫലിച്ചപ്പോള്‍, അംഗ വൈകല്യത്തെ അതിജീവിക്കുന്ന ഉള്‍ക്കരുത്തുമായുള്ള അവരുടെ അക്ഷരയാത്രക്കതൊരു വഴിത്തിരിവാവുകയായിരുന്നു. പ്രോത്സാഹനങ്ങളുടെയും അംഗീകാരങ്ങളുടെയും തിളക്കത്തില്‍ റാബിയ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.
തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷര വെളിച്ചമേകി. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ബോധവത്കരണ ശാക്തീകരണ പരിപാടികള്‍, ജനകീയ വിദ്യാകേന്ദ്രങ്ങള്‍, വികലാംഗ പരിശീലന കേന്ദ്രങ്ങള്‍, റീഡിങ്ങ് പ്രമോഷന്‍ ക്ലബുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ പ്രദേശത്ത് യാഥാര്‍ഥ്യമായി.
കര്‍മനൈരന്തര്യത്തിന്റെ പ്രതിബിംബമായി കെ വി റാബിയ ലോകത്തിനു മുന്നില്‍ ജ്വലിച്ചു നിന്നു. വൈദ്യുതിയും ടെലിഫോണും കുടിവെള്ളവും ടാറിട്ട റോഡുമെല്ലാം പ്രശസ്തിക്കൊപ്പം വെള്ളിലക്കാട് ഗ്രാമത്തിലെത്തി. വെള്ളിലക്കാട് എന്ന കൊച്ചുഗ്രാമത്തില്‍ റാബിയ തുടങ്ങിവെച്ച പ്രവര്‍ത്തനം കേരളവും ലോകവും മാതൃകയായി നെഞ്ചേറ്റി.
ഡിജിറ്റല്‍ സാക്ഷരത
സാക്ഷരതാ ദൗത്യത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ സാക്ഷരത അത്ര സുഗമമല്ല എന്നാണ് റാബിയ പറയുന്നത്. അക്ഷരം പഠിച്ചാല്‍ സാക്ഷരനാവുമെങ്കിലും സൈബര്‍ ലോകത്ത് സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നത് കൊണ്ടുമാത്രം സാക്ഷരരാവുന്നില്ല. അവിടെ സംസ്‌കാരത്തിനാണ് സാങ്കേതികതയേക്കാള്‍ പ്രസക്തി. ലോകം വിരല്‍ത്തുമ്പിലേക്ക് സാധ്യമാവുമ്പോള്‍ ജാഗ്രതയും മൂല്യബോധവും ഗുണകാംക്ഷയും അന്യവല്‍കരിക്കപ്പെടാതെ നോക്കണം. നാശങ്ങള്‍ക്ക് വഴി തുറക്കും വിധം, സ്‌നേഹവും സഹിഷ്ണുതയും നഷ്ടപ്പെടാനും ചൂഷണങ്ങളും ജീര്‍ണതകളും രൂപപ്പെടാനും കീബോര്‍ഡിലെ ഒരു ക്ലിക്ക് മതിയെന്നത് നവലോകത്തിന്റെ വളര്‍ച്ചയല്ല തകര്‍ച്ചയാണെന്ന ബോധ്യമാണ് ഡിജിറ്റല്‍ സാക്ഷരതയുടെ ആദ്യാക്ഷരം. റാബിയ ഓര്‍മിപ്പിക്കുന്നു.
വായന
വൈകല്യത്തിന്റെ പ്രതിസന്ധികള്‍ക്കും നിസ്സഹായതകള്‍ക്കുമിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ തന്റെ വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചിട്ടുണ്ട്. റാബിയയുടെ ആത്മകഥയായ ‘സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം തലമുറകള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്.

സേവന മുന്നേറ്റങ്ങള്‍
1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനയ്ക്ക് രൂപം നല്‍കി. ചലനത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നിവയിലും റാബിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
പാരസ്പര്യമാണ് കരുത്ത്
വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും പരസ്പരം ആദരിച്ചും സ്‌നേഹിച്ചും കഴിയുന്ന മനോഹാരിത നാടിന്റെ ഇന്നലെകളുടെ മാത്രമല്ല ഇന്നിന്റെയും നാളെയുടെയും സ്വന്തമാവണം. വര്‍ഗീയ ധ്രുവീകരണത്തിന്റെ അപശബ്ദങ്ങള്‍ തെല്ലൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കുന്നത്. പതിനാറു കൊല്ലം പുറത്തിറങ്ങാതെ ജീവിച്ച ഞാന്‍ പുറം ലോകം കണ്ടതും ലോകം ചുറ്റിയതും ജോസ് നാഞ്ഞിലത്തും അനിലയുമുള്‍പ്പെടെയുള്ള നിരവധി പേരോടൊപ്പമാണ്. എനിക്ക് തണലായ വ്യക്തികള്‍ വ്യത്യസ്ത മതക്കാരായിരുന്നു. ഞാന്‍ പഠിപ്പിച്ചും സേവിച്ചും ചേര്‍ത്ത് നിര്‍ത്തിയ എന്റെ പഠിതാക്കള്‍ വ്യത്യസ്ത സംസ്‌കാരക്കാരായിരുന്നു. പ്രത്യയ ശാസ്ത്രങ്ങളിലെ വ്യത്യസ്തതകള്‍ ഞങ്ങളാരും അറിഞ്ഞിരുന്നേയില്ല. കാരണം ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ ആദര്‍ശം സ്‌നേഹവും സഹിഷ്ണുതയുമായിരുന്നു. അത് തന്നെയായിരുന്നു എല്ലാവരുടെയും മതത്തിന്റെ സന്ദേശവും.
ഇന്ന് പലരും അത് മറക്കുന്നു. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മതിലുകള്‍ പണിയുന്നു. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് നാടിന്റെ മാറിടത്തില്‍ വരച്ചിടുന്ന ഈ വികൃതാക്ഷരങ്ങള്‍ ഇവിടുത്തെ നന്മയുടെ വെളിച്ചം എന്നെന്നേക്കുമായി അണക്കുകയാണെന്ന ബോധം പൗരന്മാര്‍ക്കുണ്ടാവണം. മൈത്രിയാണ് നാടിന്റെ കരുത്ത്. മതേതരത്വമാണ് രാജ്യത്തിന്റെ സൗന്ദര്യം.
വേദങ്ങളിലേക്ക് മടങ്ങണം
രാഷ്ട്രീയക്കാരും സ്വാര്‍ഥ മോഹികളും മലിനപ്പെടുത്തിയ സ്വത്വബോധത്തെ വേദസന്ദേശങ്ങളാല്‍ ശുദ്ധീകരിക്കണം. മനുഷ്യത്വവും നന്മയുമാണ് വേദങ്ങളുടെയെല്ലാം സന്ദേശം. വെറുപ്പിന്റെ ശബ്ദങ്ങള്‍ക്ക് മതങ്ങളുടെ പിന്‍ബലമുണ്ടാവില്ല. ഇസ്ലാം സിന്ദാബാദ് എന്ന് പറയുന്ന ആവേശത്തില്‍ ഇന്ന് മുസ്ലിംകള്‍ സിന്ദാബാദെന്ന് പറയാനാവുന്നില്ല. പ്രമാണങ്ങള്‍ വെടിഞ്ഞവര്‍ ഈ സല്‍പേരിനു കളങ്കമുണ്ടാക്കുന്നുണ്ട്.
ഹിന്ദുമതം സഹിഷ്ണുതയുടെ സന്ദേശമാണ് പകരുന്നത്. പക്ഷെ ചിലര്‍ അതിനെ ഛിദ്രതക്കുള്ള ആയുധമാക്കുന്നു. സ്‌നേഹമാണ് ക്രൈസ്തവതയുടെ ആണിക്കല്ല്. ഇന്ന് ഒറ്റപ്പെട്ട രീതിയിലെങ്കിലും ക്രിസ്ത്യന്‍ വിലാസത്തില്‍ ചില അശാന്തിയുടെ മണിയൊച്ചകള്‍ കേള്‍ക്കുന്നു. പരസ്പരം ആദരിച്ചും സ്‌നേഹിച്ചും മുന്നോട്ട് പോവാന്‍ പ്രചോദിപ്പിക്കുന്ന മതഗ്രന്ഥങ്ങളെ മറികടക്കാന്‍ ഛിദ്രശക്തികളെ അനുവദിക്കരുത്. ഇതാണ് യുവ തലമുറക്ക് നല്‍കാനുള്ള സന്ദേശം.

അംഗീകാരങ്ങള്‍
നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് യു എന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. റാബിയയുടെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളുടെ മികവില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. 1993-ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിതാ രത്‌നം അവാര്‍ഡ്, യു എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ്, നെഹ്രു യുവകേന്ദ്ര മലപ്പുറം ജില്ലാ അവാര്‍ഡ്, നെഹ്രു യുവകേന്ദ്ര നാഷണല്‍ യൂത്ത് അവാര്‍ഡ്, ബജാജ് ട്രസ്റ്റ് അവാര്‍ഡ്, കരുണാകര മേനോന്‍ സ്മാരക അവാര്‍ഡ്, ജേസീസ് സോണല്‍ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ്, ജേസീസ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയ അവാര്‍ഡ്, യൂത്ത് വളണ്ടിയര്‍ എഗന്‍സ്റ്റ് പോവര്‍ട്ടി അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ റാബിയയെ തേടിയെത്തി. ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെയും അംഗീകാരത്തിന്റെയും ബഹുമതികളുടെയും ആനന്ദ മുഹൂര്‍ത്തങ്ങള്‍ താണ്ടി ഈ ജൈത്രയാത്ര പത്മശ്രീ പുരസ്‌കാരത്തിലെത്തിയിരിക്കുകയാണ്.
കുടുംബം
തിരൂരങ്ങാടി വെള്ളിനക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25ന് ജനിച്ച റാബിയയുടെ ഭര്‍ത്താവ് മോങ്ങം സ്വദേശിയ ബംഗാളത്ത് മുഹമ്മദാണ്.
പുതു തലമുറയോട്
അചഞ്ചലമായ വിശ്വാസത്തിന് അത്ഭുതകരമായ പ്രതിഫലനങ്ങളുണ്ടാവും. യഥാര്‍ഥ ജീവിതം മരണാനന്തരമാണെന്ന ബോധ്യമാണ് ഐഹിക പരീക്ഷണങ്ങളെ അതിജയിക്കാനുള്ള അത്യന്തിക ആയുധം. വിശ്വാസത്തിന്റെ കരുത്തിലേ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകൂ എന്നത് ജീവിച്ച് കാണിച്ച് തരാന്‍ പടച്ചവന്‍ എനിക്കവസരം തന്നിട്ടുണ്ട്. എല്ലാ മതങ്ങളും സ്‌നേഹവും സമത്വവും സേവനവുമൊക്കെയാണ് വിഭാവനം ചെയ്യുന്നത്. മറ്റെല്ലാ പ്രത്യയ ശാസ്ത്രത്തെക്കാളും ഇസ്ലാം മറ്റൊരു ലോകത്തെ ലക്ഷ്യമാക്കുന്നു. ആത്മാവിന്റെ നിത്യ ശാന്തി തന്നെയാണ് മതങ്ങളിലൂടെ വിശ്വാസികള്‍ തേടുന്നത്. ആ സൂക്ഷ്മതയും പ്രതീക്ഷയും ജാഗ്രതയും കലര്‍ന്ന വിവേകത്തിനു മുന്നില്‍ കേവല വികാരങ്ങള്‍ക്ക് സ്ഥാനമുണ്ടാവരുത്. രാജ്യത്തിന്റെ മഹിതമായ പൈതൃകം സംരക്ഷിക്കപ്പെടണം – രോഗശയ്യയില്‍ കിടന്നും റാബിയക്ക് പറയാനുള്ളത് ഇത് തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x