25 Thursday
April 2024
2024 April 25
1445 Chawwâl 16

ജരാനരകള്‍ ബാധിക്കാത്ത ശബാബ്‌

എ ജമീല ടീച്ചര്‍ എടവണ്ണ


ഇസ്‌ലാഹീ കേരളത്തിലെ ആദ്യത്തെ അക്ഷര വെളിച്ചമാണ് ശബാബ്. പിറവി കൊണ്ടതിനു ശേഷം ഒരുപാട് കാലം പിന്നിട്ടു. ഇപ്പോള്‍ ഒരുപക്ഷേ സുവര്‍ണ ജൂബിലിയിലേക്ക് കാലും നീട്ടിയിരിപ്പാവാം. എന്നിട്ടും ജരാനരകള്‍ ബാധിക്കാതെ പ്രായത്തിന്റെ അവശത ഏറ്റുവാങ്ങാതെ ശബാബ് ഇപ്പോഴും ‘ശബാബി’ല്‍ തന്നെ നിലനില്‍ക്കുന്നു, ഒരു യുവാവിന്റെ ചുറുചുറുക്കോടെ.
തിരിഞ്ഞുനോക്കുമ്പോള്‍
പിന്തിരിഞ്ഞുനോക്കിയാല്‍ ഓര്‍ക്കാനും അയവിറക്കാനും ശബാബിനുമുണ്ട് എമ്പാടും. ബാലാരിഷ്ടതകളിലൂടെ കഴിഞ്ഞുപോയ പഴയകാലം. അന്ന് കെട്ടിലും മട്ടിലുമൊന്നും ശബാബ് ഇന്നത്തെപ്പോലെയുണ്ടായിരുന്നില്ല. വെറും അഞ്ചെട്ട് പേജു കടലാസുകള്‍ കൂട്ടങ്ങള്‍ അടുക്കിവെച്ചതു മാത്രം. എന്നാലും ആ പേജുകളില്‍ അച്ചുനിരത്തിയ അക്ഷരങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടായിരുന്നു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആത്മീയ തട്ടിപ്പുകളിലും പെട്ട് നട്ടം തിരിയുന്ന മുസ്‌ലിം സമൂഹത്തിന്റെ കഥ. അക്ഷരങ്ങളോട് അവര്‍ക്കന്ന് അറപ്പായിരുന്നു. പ്രത്യേകിച്ച് പെണ്‍മക്കള്‍ അക്ഷരം പഠിക്കുന്നതും അറിവ് നേടുന്നതും ഖിയാമത്തിന്റെ അലാമത്തായിരുന്നു. അങ്ങനെ അജ്ഞതയുടെ കരിമ്പടക്കെട്ടിനുള്ളില്‍ സമൂഹം മൂടിപ്പുതച്ചുറങ്ങി. ഫലമോ? റൂഹാനി, കുട്ടിച്ചാത്തന്‍, ഭൂതം, പ്രേതം ഇവയെ പേടിച്ചല്ലാതെ അവര്‍ക്ക് ജീവിക്കാന്‍ വയ്യെന്നായി. ആഭിചാര മന്ത്രതന്ത്രക്കാര്‍ സമൂഹത്തില്‍ അഴിഞ്ഞാടി. എല്ലാം കൊണ്ടും പൊറുതിമുട്ടിയ മുസ്‌ലിം ബഹുജനം. അവര്‍ക്കിടയിലേക്കായിരുന്നു അക്ഷരമെന്ന അഗ്നിയുമായി ശബാബ് കടന്നുവന്നത്. അന്ധവിശ്വാസ, അനാചാര, സാമൂഹിക ദുരാചാരങ്ങളെ ആ അഗ്നി കരിച്ചുകളഞ്ഞു. നിങ്ങള്‍ അക്ഷരം പഠിക്കൂ. അറിവ് നേടൂ. വായിച്ച് വളരൂ എന്ന് ശബാബ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
അതോടൊപ്പം ശബാബും വളര്‍ന്നു. കെട്ടിലും മട്ടിലും ഒരു പുസ്തകത്തിന്റെ രൂപമായി. വായനക്കാര്‍ പെരുകി. ശബാബ് ഇസ്‌ലാഹീ കേരളത്തിന്റെ അക്ഷര ജിഹ്വയായി മാറി.
ഞാനും ശബാബും
1977-ലാണ് ശബാബിലേക്ക് ഞാന്‍ ആദ്യമായി അക്ഷരങ്ങള്‍ കുറിച്ചുവെച്ചത്. 1976 മെയ് 19-നായിരുന്നു എന്റെ പിതാവ് എ അലവി മൗലവിയുടെ മരണം. 1977 മെയില്‍ പിതാവിനെക്കുറിച്ചുള്ള ഒരു സ്മരണ എഴുതിയുണ്ടാക്കി ഞാന്‍ ശബാബിലേക്കയച്ചു. പോരായ്മകള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും ശബാബില്‍ അത് അച്ചുനിരത്തി ലേഖനമായി പുറത്തുവന്നു. അവിടുന്നങ്ങോട്ട് വല്ലപ്പോഴും എന്തെങ്കിലുമൊക്കെ ശബാബിലേക്ക് കുറിച്ചിടുക എന്നത് ഞാനും ശീലമാക്കി. 2014 മുതല്‍ ശബാബിലെ സ്ഥിരം എഴുത്തുകാരിയായി. കനപ്പെട്ടതും ഗഹനമായതുമൊന്നുമല്ലെങ്കിലും എന്നെ വായിക്കാനും ശബാബില്‍ ആളുണ്ടായി. ഇപ്പോള്‍ ശബാബ് വാരിക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.
ശബാബ് പുതിയ കാലഘട്ടത്തില്‍
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ന് ശബാബ് ഒരു പിശുക്കും കാണിക്കാറില്ല. കാലോചിതവും രാഷ്ട്രീയവും ആത്മീയവുമായ കാര്യങ്ങള്‍ ഒന്നിച്ച് ശബാബ് പങ്കുവെക്കുന്നുണ്ട്. വായനക്കാരന്, അവനാവശ്യമായതൊക്കെയും ശബാബില്‍ നിന്ന് കിട്ടുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ശബാബ് ഇന്നും തനതായ ശൈലിയില്‍ തന്നെ പിടിച്ചുനില്‍ക്കുന്നു എന്നത് അതിന്റെ പ്രത്യേകതയാണ്.
പഴയകാല സാരഥികള്‍
ഇല്ലായ്മയിലും വല്ലായ്മയിലുമെല്ലാം ശബാബിനെ കൈപിടിച്ചുയര്‍ത്തിയവരും നെഞ്ചോട് ചേര്‍ത്തുവെച്ചവരുമായ പഴയ സാരഥികളില്‍ പലരും ഇന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു. പക്ഷേ, ശബാബിന് ഇന്നും പ്രത്യേകിച്ച് കോട്ടങ്ങളൊന്നും പറ്റിയിട്ടില്ല. മരിച്ചിട്ടുമില്ല. ഇനിയും മരിക്കാതെ തന്നെ ശബാബ് വാരിക എന്നെന്നും നിലനില്‍ക്കട്ടെ എന്ന് ആത്മാര്‍ഥമായി നമുക്ക് പ്രാര്‍ഥിക്കാം. മുസ്‌ലിം സമൂഹത്തിന് കാലാകാലങ്ങളിലായി ദിശകാണിച്ചുകൊടുത്ത് കൊണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x