ജനാസ നമസ്‌കാരത്തിന് മുമ്പുള്ള സംസാരം
കെ എം ജാബിര്‍
ജനാസ നമസ്‌കാരം ആരംഭിക്കുന്നതിന് മുമ്പ്, ജനാസ മുമ്പില്‍ വെച്ച്, എല്ലാവരും നമസ്‌കാരത്തിന് വരിയായി നിന്നശേഷം മരിച്ച വ്യക്തിയെക്കുറിച്ച് ഒരു പ്രഭാഷകന്‍ കുറെ കാര്യങ്ങള്‍ പറയുകയും ആ വ്യക്തിക്കുവേണ്ടി കുറേ നേരം പ്രാര്‍ഥിക്കുകയും ശേഷം ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്ന പതിവ് പല പള്ളികളിലും വ്യാപകമായി കാണപ്പെടുന്നുണ്ട്.
ജനാസ നമസ്‌കാരത്തിനു മുമ്പായി, ഏതെങ്കിലും ജനാസ മുമ്പില്‍വെച്ചതിനുശേഷം പ്രവാചകന്‍(സ) ആ മരിച്ച വ്യക്തിയെ സംബന്ധിച്ച് പുകഴ്ത്തിപ്പറഞ്ഞുകൊണ്ട് അവിടെ കൂടിയവരെ ഉദ്‌ബോധിപ്പിക്കുകയോ മരിച്ച വ്യക്തിക്കുവേണ്ടി പ്രത്യേക കൂട്ടപ്രാര്‍ഥന നടത്തുകയോ ചെയ്തതായി യാതൊരു രേഖയും കാണാന്‍ കഴിഞ്ഞിട്ടില്ല. ജനാസ നമസ്‌കാരം നിര്‍വഹിക്കുന്നത് തന്നെയാണ് മരിച്ച വ്യക്തിക്കുവേണ്ടിയുള്ള കൂട്ടപ്രാര്‍ഥന.
മൃതദേഹം മറവു ചെയ്യാന്‍ താമസിപ്പിക്കുന്നത് പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഞെരുക്കമുണ്ടാക്കാതെ എളുപ്പമുണ്ടാക്കാനും വെറുപ്പിക്കാതെ സന്തോഷിപ്പിക്കാനും ആശ്വാസം നല്‍കാനും റസൂല്‍(സ) ഉപദേശിച്ചിട്ടുള്ളതും ഹദീസുകളില്‍ വ്യക്തമാണ്. ഇതേ ഉപദേശ പ്രകാരം തന്നെയായിരുന്നു റസൂലിന്റെ(സ) നടപടി ക്രമങ്ങളും.
സ്വഹീഹുല്‍ ബുഖാരിയില്‍, വിജ്ഞാനത്തിന്റെ അധ്യായത്തില്‍ (കിതാബുല്‍ ഇല്‍മ്) ഇമാം, മടുപ്പും വിരസതയും ഇല്ലാതിരിക്കാന്‍ റസൂല്‍(സ) തന്റെ ഉപദേശങ്ങള്‍ക്ക് അനുയോജ്യമായ സമയവും സന്ദര്‍ഭവും പരിഗണിച്ചിരുന്നു എന്ന അധ്യായത്തിലുള്ള ഒരു ശീര്‍ഷകം നല്‍കി രണ്ട് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ ആശയം ഇപ്രകാരമാണ്: ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ഞങ്ങള്‍ക്ക് മടുപ്പും വിരസതയും ഉണ്ടാകുന്നത് വെറുത്തതിനാല്‍ റസൂല്‍(സ) സമയവും സന്ദര്‍ഭവും ആവശ്യവുമൊക്കെ നോക്കിയായിരുന്നു ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ തന്നിരുന്നത്. അനസുബ്‌നു മാലികി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷമറിയിക്കുക, വെറുപ്പിച്ചേക്കരുത്.
റസൂല്‍(സ) ഈ ഉപദേശങ്ങളില്‍ പറഞ്ഞിട്ടുള്ള തത്വപ്രകാരം തന്നെയായിരിക്കും ജനാസ നമസ്‌കാര വേളയില്‍ പ്രത്യേക ഉദ്‌ബോധനവും കൂട്ടപ്രാര്‍ഥനയും വേണ്ടെന്നു വെച്ചത്. അതിനാല്‍ അത്തരം പ്രത്യേക ഉദ്‌ബോധനങ്ങളോ കൂട്ടപ്രാര്‍ഥനയോ ഒഴിവാക്കുന്നതാണ് നബിചര്യ. മയ്യിത്തിനോടുള്ള കടപ്പാടും പുണ്യവുമെന്നൊക്കെയുള്ള രീതിയിലാണ് അത്തരം നടപടികള്‍ അനുഷ്ഠിക്കപ്പെടുന്നതെങ്കില്‍ അത് ബിദ്അത്തിന്റെ പരിധിയില്‍ വരുമെന്നാണ് മനസ്സിലാകുന്നത്