16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഇസ്‌റാഈല്‍ രാഷ്ട്രം മിത്തുകള്‍, വസ്തുതകള്‍

എം എസ് ഷൈജു


ആധുനിക ലോകത്തെ ഇന്ന് അശാന്തമാക്കിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ ഭരിതമായ അനേകം ഭൂപ്രദേശങ്ങളില്‍ ഒന്ന് മാത്രമാണ് ഫലസ്തീന്‍. ഫലസ്തീനില്‍ നടക്കുന്ന മനുഷ്യക്കുരുതികളെക്കാള്‍ രൂക്ഷവും ഗുരുതരവുമായ അനേകം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ലോകത്ത് പലയിടത്തുമായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ അവക്കൊന്നുമില്ലാത്ത ചരിത്രപരവും നൈതികവും വൈകാരികവുമായ അനേകം കാരണങ്ങള്‍ ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുണ്ട്. രാജ്യാന്തര തലത്തില്‍ നടന്ന അതി നിഗൂഢമായ ഒരു രാഷ്ട്രീയ ചതിയുടെയും ലോകശക്തികള്‍ ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചനയുടെയും, മാപ്പര്‍ഹിക്കാത്ത അനീതിയുടെയും ചരിത്രമാണ് ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ മൂലകാരണം. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു ജനതയില്‍ ഒട്ടും കുറഞ്ഞ് പോകാതെ നിലനില്‍ക്കുന്ന, തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട നീതിയെക്കുറിച്ചുള്ള ബോധവും അതുയര്‍ത്തുന്ന പോരാട്ട വീര്യവുമാണ് ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്നത്തെ ഇത്ര മാത്രം കലുഷിതവും പ്രസക്തവുമാക്കി വര്‍ത്തമാന കാലത്ത് നിലനിര്‍ത്തുന്നത്.
ലോകത്തെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും ഓരോ ഇരകളുണ്ടാകും. ആ ഇരകള്‍ക്ക് മാത്രം അനുഭവവേദ്യമാകുന്ന ഒരു ജീവിതവുമുണ്ടാകും. കറുപ്പിന്റെയും വെളുപ്പിന്റെയും കള്ളികള്‍ തിരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിധം സങ്കീര്‍ണമായി ചിതറപ്പെട്ട് നില്‍ക്കുന്നവരാണ് ഫലസ്തീന്‍ പ്രശ്‌നങ്ങളിലെ ഇരകള്‍. കക്ഷിത്വത്തിന്റെയും, മതാധിഷ്ഠിത ബോധങ്ങളുടെയും സൂചിക്കുഴലിലൂടെ നോക്കിക്കാണാതെ ആ ഇരകള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ ജീവിതങ്ങള്‍ക്ക് രാഷ്ട്രീയമായ പിന്തുണ കൊടുക്കാനും തയാറാകുമ്പോള്‍ മാത്രമേ മനുഷ്യകുലം ആര്‍ജിച്ച സാമൂഹിക ബോധങ്ങള്‍ക്ക് പ്രസക്തിയുണ്ടാകൂ. സംഘര്‍ഷ ഭൂമിക്ക് പുറത്ത് താമസിക്കുന്ന മനുഷ്യരെ സംബന്ധിച്ചേടത്തോളം ഇടക്ക് വല്ലപ്പോഴും ഉയര്‍ന്ന് വരുന്ന വാര്‍ത്തകളിലൂടെ മാത്രമാണ് അവര്‍ ഇരകളെ കാണുന്നത്. ഇടയ്ക്കിടെ ഉയര്‍ന്ന് വരുന്ന തിരമാലകള്‍ പോലെ ആവേശത്തിന്റെ ഓളങ്ങളും തീര്‍ത്ത് അതങ്ങ് മടങ്ങിപ്പോകും. പക്ഷെ സംഘര്‍ഷ ഭൂമിയിലെ മനുഷ്യരെ സംബന്ധിച്ചേടത്തോളം അതിജീവനത്തിന്റെ തിരകളിലൂടെ പൊങ്ങിയും താഴ്ന്നുമുള്ള പോരാട്ടവും സഞ്ചാരവും അവരുടെ നിരന്തരമായ ജീവിതം തന്നെയാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ ദൂരം ഓടിത്തീര്‍ത്ത് കൊണ്ടിരിക്കുന്നവരാണവര്‍. ആകാശത്ത് നിന്ന് പാഞ്ഞെത്തുന്ന ഓരോ തീഗോളത്തിലും അവര്‍ മരണത്തെ കാണുന്നുണ്ട്. തീയും തീയുണ്ടകളും അവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ജീവനും ജീവിതവും അനിശ്ചിതത്വങ്ങളുടെ തുരുത്തുകളില്‍ നിക്ഷേപിച്ച് ആത്മാഭിമാനത്തിനും അതി ജീവനത്തിനുമായി പോരടിക്കുന്ന ഒരു ജനതയെ നീതിയുക്തമായി നോക്കിക്കാണാന്‍ അസാമാന്യമായ ചരിത്ര ബോധവും വിശകലന ബുദ്ധിയും തീര്‍ച്ചയായും വേണ്ടതുണ്ട്.
ഫലസ്തീന്‍ എന്ന ഭൂപ്രദേശത്ത് ഇന്നത്തെ ഇസ്‌റാഈല്‍ രാഷ്ട്രം രൂപപ്പെടുന്നതിനും ദശകങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച, അതിന്റെ ആശയ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള താത്പര്യങ്ങളും അതുവരെ അവിടെ ജീവിച്ച് പോന്ന തദ്ദേശീയരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായാണ് അവിടെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. മതമോ വംശമോ ഒന്നുമായിരുന്നില്ല സംഘര്‍ഷങ്ങളുടെ മര്‍മം. പിന്നീട് വംശീയവും മതപരവുമായ ഛായകള്‍ പ്രക്ഷോഭങ്ങളിലേക്ക് വന്ന് ചേരുകയായിരുന്നു. ആ ഛായകളിലൂടെ ഇരകള്‍ ഇന്നെത്തി നില്‍ക്കുന്ന ഇടവും അവിടെ നിന്നും ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ദൂരവും കൂടി പരിശോധനാ വിഷയമാക്കേണ്ടതുണ്ട്.
ഒട്ടകത്തിന് ഇടം കൊടുത്ത അറബിയുടെ വര്‍ത്തമാന പ്രതിബിംബമായാണ് ഫലസ്തീന്‍ ജനത ഇന്ന് ലോകത്തിന് മുന്നില്‍ ദേശരഹിതരായി നില്‍ക്കുന്നത്. തങ്ങളും തങ്ങളുടെ പൂര്‍വികരും ജീവിച്ച ദേശമെവിടെ എന്നതാണ് അവരുയര്‍ത്തുന്ന ചോദ്യം. അവര്‍ ഇന്ന് മൂന്ന് വിഭാഗം ജനതയായി മാറിക്കഴിഞ്ഞു. ഒന്ന്, അവര്‍ താമസിച്ചിരുന്ന വീടും ഭൂമിയും ഇസ്രായേല്‍ പിടിച്ചെടുത്തത് വഴി കുടിയിറക്കപ്പെട്ടവര്‍. അവരുടെ ഭൂമിയില്‍ അവര്‍ നിര്‍മിച്ച വീട് സ്വന്തം കുടിയേറ്റക്കാര്‍ക്കായി ഇസ്രായേല്‍ പൊളിച്ച് കളഞ്ഞിരിക്കുന്നു. അവിടെ പട്ടാള ബന്തവസില്‍ ഇസ്രായേലി പൗരന്മാര്‍ക്കായി ഹൗസിംഗ് കോപ്ലക്‌സുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഏതോ ആഗോള സന്നദ്ധ സംഘടന പരിപാലിച്ച് കൊണ്ടിരിക്കുന്ന ഒരഭയാര്‍ഥി ക്യാമ്പിലാണ് കുടിയിറക്കപ്പെട്ടവര്‍ കഴിച്ച് കൂട്ടുന്നത്. അന്യായത്തിന്റെയും ആട്ടിപ്പായിക്കലിന്റെയും രോഷം നിറഞ്ഞ ചരിത്രവും കേട്ട് കൊണ്ടാണ് ഓരോ പിഞ്ച് കുഞ്ഞും അവിടെ പിറന്ന് വീഴുന്നത്.

രണ്ടാമത്തെ വിഭാഗം, തങ്ങളുടെ ഇടങ്ങളിലേക്ക് കൂടി ഇസ്രായേല്‍ അവരുടെ കുടിയേറ്റ പദ്ധതികള്‍ ഇതുവരെ വ്യാപിപ്പിച്ചിട്ടില്ലാത്തത് കൊണ്ട് മാത്രം സ്വന്തം വീടുകളില്‍ കഴിയുന്നവര്‍. പൂര്‍ണമായും ഇസ്രായേലി സൈനികരുടെ നിയന്ത്രണത്തിലും ചിലപ്പോഴൊക്കെ അവരുടെ അവഹേളനങ്ങള്‍ക്കും ഇരയായി ജീവിക്കുന്നവര്‍. ഏത് നിമിഷവും ഒരു കുടിയിറക്ക് ഭീഷണി അവര്‍ക്ക് മുന്നിലുണ്ട് എന്ന് അവര്‍ തിരിച്ചറിയുന്നു. അഭയാര്‍ഥി കാമ്പുകളിലെ ദുരിത ജീവിതത്തെക്കാള്‍ ഭേദം ഈ തുറന്ന ജയിലാണ് എന്ന ബോധ്യത്തില്‍ അവര്‍ അവിടെ കഴിച്ച് കൂട്ടുന്നു.
മൂന്നാമത്തെ വിഭാഗം പ്രശ്‌ന കലുഷിതമായ ഫലസ്തീന്‍ മണ്ണില്‍ നിന്ന് പലായനം ചെയ്ത് സിറിയ, ജോര്‍ദാന്‍, ലെബനന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാംപുകളിലും അവര്‍ നല്‍കുന്ന താത്കാലിക വിസകളിലും കഴിയുന്നവരാണ്. താരതമ്യേന സുരക്ഷിതമായ ഇടങ്ങളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണിവര്‍. പക്ഷെ മറ്റൊരു കാഴ്ചയില്‍, മടങ്ങിച്ചെല്ലാന്‍ ഒരു രാജ്യമോ സംസ്‌കാരമോ ഇല്ലാതെ സ്വത്വം നഷ്ടപ്പെട്ട് പോയ ഹതഭാഗ്യരാണിവര്‍. ഈ മൂന്ന് വിഭാഗം ജനങ്ങളല്ലാതെ ഒരാളും ഇന്ന് ഫലസ്തീനികളായി നില നില്‍ക്കുന്നില്ല.
വീണ്ടും വീണ്ടും ജൂതന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ട് വന്ന് പൗരത്വം നല്‍കാന്‍ ഇസ്രായേല്‍ അതിതീവ്രമായി ശ്രമിച്ച് കൊണ്ടിരിക്കുന്നു എന്ന ഒറ്റക്കാരണമാണ് ഇന്നും അവസാനിക്കാത്ത അധിനിവേശത്തിനും കുടിയൊഴിക്കലുകള്‍ക്കും പിന്നിലെ ഒരേയൊരു താത്പര്യം. സ്വന്തം അതിര്‍ത്തികളില്‍ ഒതുങ്ങി നല്‍ക്കാന്‍ ഇസ്രായേല്‍ തയാറായാല്‍ അവസാനിക്കുന്ന പ്രശ്‌നം എന്ന് വേണമെങ്കില്‍ ഒറ്റ വാചകത്തില്‍ ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളെ നിര്‍വചിക്കാം. എല്ലാം കവര്‍ന്നെടുത്ത വേട്ടക്കാരനെതിരെ ഇരകള്‍ നടത്തുന്ന ഏത് തരം പ്രത്യാക്രമണങ്ങളെയും ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വേണം നാം വീക്ഷിക്കാന്‍. ഇരകള്‍ക്കുമുള്ളത് പോലെ ഒരു ന്യായം എപ്പോഴും വേട്ടക്കാരനും ഉയര്‍ത്താനുണ്ടാകും. അത് ലോക സഹജമാണ്. അത് കൊണ്ട് തന്നെ വേട്ടക്കാരന് ഇരക്ക് മേല്‍ ഉന്നയിക്കാനുള്ള വാദങ്ങള്‍ എന്തൊക്കെയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. വിഷയ വിശകലനത്തിന് അത്തരമൊരു പരിശോധന അത്യാവശ്യവുമാണ്.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഒരു രാജ്യാന്തര ഗൂഢാലോചനയുടെ ഫലമായി രൂപപ്പെട്ട രാഷ്ട്രമാണ് ഇന്നത്തെ ഇസ്രായേല്‍. ഇന്നത്തെ ഇസ്രായേല്‍ എന്ന് പ്രത്യേകം പറയാന്‍ കാരണം ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത ഒരു മിത്തും ഇസ്രായേല്‍ എന്ന പേരില്‍ നിലനില്‍ക്കുന്നുണ്ട്. ആ മിത്തിനെയും ചരിത്രത്തെയും വെവ്വേറെ തന്നെ കാണേണ്ടതുണ്ട്. ലോകത്തെ ജൂത, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെല്ലാം ഒന്നു പോലെ വിശുദ്ധനായി കാണുന്ന അബ്രഹാം പ്രവാചകനുമായി ബന്ധപ്പെട്ടാണത് നില നില്‍ക്കുന്നത്. അബ്രഹാം പ്രവാചകന്‍ നടത്തിയ ആദര്‍ശ പര്യവേഷണ യാത്രയില്‍ ഉള്‍പ്പെട്ട ഭൂപ്രദേശങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരാശയമാണത്. അബ്രഹാം പ്രവാചകന്റെ പൗത്രനായ യാക്കോബ് പ്രവാചകന്റെ മറ്റൊരു പേരായ ഇസ്രായേല്‍ എന്ന നാമധേയമാണ് ഈ രാജ്യസങ്കല്പത്തിന്റെ പേരിന്റെ ആധാരം. ഈ ഭൂപ്രദേശത്തിന്റെ പൂര്‍ണമായ പുനഃസൃഷ്ടി മതപരമായ ഒരു സ്വപ്‌നമായി കാണുന്നവരാണ് ലോകത്തെ ജൂതന്മാരില്‍ ഒരു വിഭാഗം.
ദൈവം യാക്കോബിലൂടെ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദത്ത ഭൂമി എന്നത് മാത്രമാണ് യഹൂദ ജനതക്ക് ഇന്നത്തെ ഇസ്രായേല്‍ എന്ന രാഷ്ട്രം അവിടെ രൂപീകരിക്കാനുള്ള ന്യായമായി ലോകത്തിന് മുന്നില്‍ ചൂണ്ടിക്കാണിക്കാനുള്ളത്. എന്നാല്‍ ചരിത്രം രൂപപ്പെടുന്ന ഒരു കാലം മുതല്‍ രേഖപ്പെട്ട് കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ഫലസ്തീന്‍ എന്ന ദേശം. ചരിത്രം രേഖപ്പെടുത്തപ്പെടാത്ത ഒരു കാലത്തെക്കുറിച്ച് നിലനില്‍ക്കുന്ന പുരാവൃത്തങ്ങളെയും മിത്തുകളെയും മാത്രം ആധാരമാക്കിയതാണ് യഹൂദരുടെ വാദഗതികള്‍ എന്ന് അവരെ പിന്തുണക്കുന്നവര്‍ക്ക് പോലുമറിയാം. ഈ വാദഗതികള്‍ക്കും വിശ്വാസങ്ങള്‍ക്കും ആധുനിക കാലത്ത് എന്താണ് പ്രസക്തിയെന്നതാണ് ഇസ്രായേല്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും രാഷ്ട്രീയമായ ഒരു ചോദ്യം. അവര്‍ മറുപടി പറയാതെ വിട്ട് കളയുന്ന ഒരു ചോദ്യവും ഇത് തന്നെയാണ്.
നിയതമായ ഒരതിര്‍ത്തിയോ രാഷ്ട്രത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടോ ഒന്നുമില്ലെങ്കിലും വാഗ്ദത്ത ഭൂമിയില്‍ ഒരിക്കല്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്ന ഒരു സ്വപ്‌നത്തില്‍ വിശ്വസിച്ച് കൊണ്ട് 1850 ല്‍ പരം വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ വന്‍ കരകളില്‍, വിവിധ രാജ്യങ്ങളിലെ പൗരന്മാരായി അനേകം മാതൃഭാഷകളില്‍ ജീവിച്ച് വന്നവരാണ് ഇന്നത്തെ ഇസ്രായേലിലെ ആദ്യ പൗരന്മാരായി കടന്ന് വന്നവര്‍. എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ പിന്മുറക്കാര്‍ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിപ്പോകുമ്പോള്‍ കൈമോശം വരാതിരിക്കാന്‍ ഹീബ്രു എന്ന ലോകത്താരും ഉപയോഗിക്കാത്ത ഒരു ഭാഷയെയും പ്രാചീനമായ ഒരു പാരമ്പര്യത്തെയും അവര്‍ സ്വകാര്യമായി തലമുറകള്‍ കൈമാറി സൂക്ഷിച്ചിരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും ജൂതന്മാരെ മുഴുവന്‍, ഒരു സുപ്രഭാതത്തില്‍ രൂപീകൃതമായ ഒരു രാഷ്ട്രത്തിന്റെ പൗരന്മാരാക്കി അതിന്റെ പിറ്റെ ദിവസം മുതല്‍ തന്നെ മാറ്റാന്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് സാധിച്ചത് തലമുറകള്‍ കൈമാറി അവര്‍ കൊണ്ട് വന്ന ഈയൊരു ആഗ്രഹത്തിന്റെയും സാംസ്‌കാരിക തനിമയുടെയും സാക്ഷാത്കാരം ഒന്ന് കൊണ്ട് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ഇസ്രായേല്‍ എന്ന മിത്തിനെ സംബന്ധിച്ചും ഒരു ധാരണ നമുക്ക് ആവശ്യമുണ്ട്.
ആധുനിക ലോകത്തിന് ഇസ്രായേല്‍ എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ 1947ല്‍ ഐക്യരാഷ്ട്ര സഭ അവര്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ച് കൊടുത്ത ഒരു പുതിയ രാഷ്ട്രമോ അല്ലെങ്കില്‍ ഇന്ന് അവര്‍ കൈവശം വെച്ച് കൊണ്ടിരിക്കുന്ന അധിനിവിഷ്ട ഫലസ്തീന്‍ കൂടി അടങ്ങുന്ന ഭൂപ്രദേശമോ ആണ്. എന്നാല്‍ ഇന്നത്തെ ഇസ്രായേലിന്റെ അതിര്‍ത്തികളില്‍ മാത്രം വാഗ്ദത്ത ഭൂമിയുടെ അതിര്‍ത്തികളെ പരിമിതപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു തീവ്ര ജൂതപക്ഷം ഇസ്രായേലിലുണ്ട്. അബ്രഹാം പ്രവാചകന്‍ നടത്തിയ ആദര്‍ശ പര്യവേഷണ യാത്രയുടെ പൗരാണിക സഞ്ചാര പാതയെ ഒരു ഭൂപടം പോലെ സൂക്ഷിച്ചിരിക്കുന്ന ഈ കക്ഷികളെയാണ് സയണിസ്റ്റ് കക്ഷികള്‍ എന്ന് വിളിക്കുന്നത്. വാഗ്ദത്ത ഭൂമി അഥവാ ദൈവദത്ത ഭൂമി എന്നര്‍ഥം വരുന്ന ഹീബ്രു പദമാണ് സിയോണ്‍. സിയോണിലേക്ക് വീണ്ടും മടങ്ങാനുള്ള ഒരാശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള പ്രത്യയശാസ്ത്രമാണ് സിയോണിസം അഥവാ സയണിസം. ഹംഗോറിയന്‍ പത്രപ്രവര്‍ത്തകനായിരുന്ന തിയഡോര്‍ ഹെര്‍ട്‌സല്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കിഴക്കന്‍ യൂറോപ്പ് കേന്ദ്രീകരിച്ചാണ് സയണിസം ഒരു പ്രസ്ഥാനമായി രൂപം കൊണ്ടത്. യൂറോപ്പിലെ ജൂതന്മാര്‍ക്ക് സാംസ്‌കാരികമായ ശുദ്ധിയും വംശീയ താത്പര്യങ്ങളും കുറഞ്ഞ് വരുന്നു എന്ന കാരണമായിരുന്നു സംഘടനാ രൂപീകരണത്തിന് ആദ്യം നിദാനമായത്. യൂറോപ്പിലെ ജൂതര്‍ക്ക് സെമിറ്റിക് ഭാഷകളോടുള്ള താത്പര്യമില്ലായ്മയും വിദ്വേഷവുമാണ് ഇതിനു കാരണമായി കരുതുന്നത്. ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളില്‍ ഒന്ന് ‘ജനതയില്ലാത്ത ദേശം, ദേശമില്ലാത്ത ജനതയ്ക്ക്’ എന്നതായിരുന്നു.
എന്നാല്‍ ആധുനിക ഇസ്രായേല്‍ രാഷ്ട്രം എന്ന് നാം പറയുമ്പോള്‍ അത് മറ്റൊന്നാണ്. ലോക യുദ്ധങ്ങളില്‍ ജൂതര്‍ തങ്ങള്‍ക്ക് നല്‍കിയ സാമ്പത്തിക പിന്തുണക്ക് പകരമെന്നോണം ഒരു രാഷ്ട്രീയ ആവശ്യമായി ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് ലോകത്തെല്ലായിടത്തുമുള്ള ജൂതന്മാര്‍ക്ക് ഒത്തൊരുമിച്ച് താമസിക്കാനായി തങ്ങളുടെതല്ലാത്ത, അറബികളുടെ ദേശമായ, ഫലസ്തീനില്‍ നീതിയുക്തമല്ലാതെ നിര്‍മിച്ച് നല്‍കിയ ഒരു ജനാധിപത്യ രാഷ്ട്രമാണത്. മറ്റാരും ചോദിക്കാനില്ലാത്തതിന്റെ ഹുങ്കില്‍ ലോക ചരിത്രത്തില്‍ അവര്‍ നടത്തിയ തുല്യതയില്ലാത്ത അന്യായം! അതാണ് ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രം. ആ ഇസ്രായേല്‍, ഒരു പ്രദേശത്തിന്റെ മാത്രമല്ല, ഒരു ഉപഭൂഖണ്ഡത്തിന്റെ മുഴുവന്‍ സമാധാനത്തിനും ഭീഷണിയാകുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. (തുടരും)

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x