19 Friday
April 2024
2024 April 19
1445 Chawwâl 10

ഇസ്ലാമോഫോബിയ സഭാനേതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്

ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്‌


? അടുത്ത കാലത്തായി ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചേരിതിരിവ് പ്രത്യക്ഷമായിരിക്കുന്നു. ലവ് ജിഹാദ്, ഹലാല്‍ ഭക്ഷണം തുടങ്ങി പലതും ആരോപിച്ച് ക്രൈസ്തവര്‍ക്കിടയില്‍ ഒരു മുസ്ലിംവിരുദ്ധത വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി കാണുന്നുണ്ട്. സംഘപരിവാര്‍ ഉന്നയിച്ചിരുന്ന അതേ വാദങ്ങള്‍ തന്നെ പലപ്പോഴും സഭാനേതൃത്വവും ഉയര്‍ത്തുന്നതായി കാണുന്നു. എങ്ങനെയാണ് ഇതിനെ താങ്കള്‍ നോക്കിക്കാണുന്നത്?
കേവലം കേരളത്തിന്റെ പശ്ചാത്തലത്തിലോ ഇന്ത്യന്‍ ദേശീയ പശ്ചാത്തലത്തിലോ മാത്രം കാണേണ്ട ഒരു വിഷയമല്ല ഇത്. ഒരു ആഗോള പശ്ചാത്തലവും പരിസരവും ഇതിനുണ്ട്. ഇസ്ലാമോഫോബിയ എന്ന പ്രത്യയശാസ്ത്രം ആഗോളതലത്തില്‍ മൂലധന സാമ്രാജ്യത്വ ശക്തികള്‍ വളരെ ശക്തമായിട്ട് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണ്. കാപിറ്റലിസത്തിന് എപ്പോഴും ഒരു ശത്രുവിനെ ആവശ്യമുണ്ട്. ശീതയുദ്ധ കാലത്ത് അത് കമ്യൂണിസമായിരുന്നു. കമ്യൂണിസമേതാണ്ട് ഇല്ലാതായി എന്ന തോന്നല്‍ ആഗോള മൂലധന ശക്തികള്‍ക്കുണ്ടായതു മുതല്‍ കാപിറ്റലിസം പുഷ്ടിപ്പെടുത്താനായി അവര്‍ക്ക് പുതിയൊരു ശത്രുവിനെ ഉണ്ടാക്കേണ്ടി വന്നു. അങ്ങനെയാണവര്‍ ഇസ്ലാമിലെത്തുന്നത്. ആഴത്തില്‍ അപഗ്രഥിച്ചാല്‍ ഇസ്ലാമും ക്രിസ്ത്യാനിറ്റിയെയും കമ്യൂണിസത്തെയും പോലെ സമത്വത്തിനും സാഹോദര്യത്തിനും തുല്യതക്കും പ്രാധാന്യം കൊടുക്കുന്ന മതമാണ്. അതുകൊണ്ടു തന്നെ അതൊരു കാപിറ്റലിസ്റ്റിക് വിരുദ്ധ ചിന്താഗതി കൂടിയാണ്. അതുകൊണ്ടു തന്നെ ഇസ്ലാമില്‍ ഒരു നല്ല ശത്രുവിനെ കാപിറ്റലിസത്തിന് കാണാന്‍ പറ്റി. ട്രമ്പ് പോലെയുള്ള നേതാക്കള്‍ അതിനു വലിയ പ്രചാരവും കൊടുത്തു. അതിന്റെ ഭാഗമായിട്ടു വേണം കേരളത്തില്‍ ഇപ്പോള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയത്തെ കാണാന്‍.
കേരളത്തില്‍ ഇത് ചര്‍ച്ചാവിഷയമാകുന്നത് തെരഞ്ഞെടുപ്പിന്റെ മുഖത്താണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ വോട്ടു കിട്ടാനായിട്ട് രാഷ്ട്രീയ കക്ഷികള്‍ സൃഷ്ടിക്കുന്നത് സാധാരണമാണ്. പക്ഷെ, കേരളത്തില്‍ അതുണ്ടാകുന്നത് അല്പം ഭീതിയോടെയും ആശങ്കയോടെയും കാണേണ്ടതുണ്ട്. മറ്റു പലയിടങ്ങളിലും വര്‍ഗീയതയും മതമൗലികവാദവും വര്‍ഗീയത ഇളക്കിവിട്ട് വോട്ടു പിടിക്കാനുള്ള ശ്രമങ്ങളും നടക്കുമ്പോഴും കേരളം ഇതിനൊരപവാദമായി ഇത്രയും കാലം നിലനിന്നിരുന്നു എന്ന് അഭിമാനത്തോടെ നമുക്ക് പറയാന്‍ സാധിക്കുമായിരുന്നു. അവിടെയാണ് ഇപ്പോളൊരു പോറലുണ്ടാകുന്നുണ്ടോ എന്ന സംശയമുയരുന്നത്. ക്രിസ്ത്യാനികളും മുസ്ലിംകളും ജനസംഖ്യാടിസ്ഥാനത്തില്‍ ന്യ്യുനപക്ഷങ്ങളാണ്. ആ അടിസ്ഥാനത്തില്‍ തന്നെ ഒരുമിച്ചു നില്‌ക്കേണ്ട രണ്ടു സമുദായങ്ങളുമാണ്. ഫാസിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദം ശക്തിപ്പെടുന്ന ഒരു കാലത്ത് ന്യൂനപക്ഷങ്ങളൊക്കെ ഒരുമിച്ച് നിന്ന് അതിനെതിരെ നിലപാടെടുക്കേണ്ട ഒരു സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളില്‍ ഒരു ഭിന്നിപ്പുണ്ടാക്കി ആ ഭിന്നിപ്പ് മുതലെടുത്ത് വോട്ടാക്കി മാറ്റാന്‍ സാധിക്കുമോ എന്നൊരു ശ്രമം നടത്തുന്നത്. അത് നമ്മള്‍ പ്രതീക്ഷിക്കാത്ത ഭാഗത്തു നിന്ന് ഉണ്ടാകുന്നു എന്നതാണ് എന്നെപ്പോലെയുള്ളവരെ വിഷമിപ്പിക്കുന്ന സംഗതി.
മതേതരത്വത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്നവര്‍ പോലും കേവലം താല്ക്കാലിക ലാഭത്തിനു വേണ്ടി ഇത്തരം ഭിന്നതകള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനും ഇത്തരം ഭിന്നതകള്‍ കൃത്രിമമായി ഉണ്ടാക്കി അതില്‍ നിന്ന് മുതലെടുപ്പ് നടത്താനും ശ്രമിക്കുമ്പോള്‍ അതൊരു വലിയ ദുരന്തത്തിലേക്ക് നമ്മുടെ നാടിനെ നയിക്കും എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായ എന്റെ നിരീക്ഷണത്തില്‍ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും തമ്മില്‍ കേരളത്തിലോ ഇന്ത്യയില്‍ പോലുമോ ഒരു വലിയ സംഘട്ടനമോ സംഘര്‍ഷമോ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല, ചില നേതാക്കളുടെ അഭിപ്രായം അമിത പ്രാധാന്യം നല്കി പ്രചരിപ്പിക്കുമ്പോഴുള്ള പ്രശ്‌നങ്ങളല്ലാതെ. ഇസ്ലാമും ക്രിസ്തുമതവും ഹിന്ദുമതവുമെല്ലാം ഒരുമിച്ച് നിന്ന് സാഹോദര്യത്തോടെ മതസഹിഷ്ണുതയും മതമൈത്രിയും പുലരുന്ന ഒരു പശ്ചാത്തലത്തിലാണ് ഇത്തരം വര്‍ഗീയതയുടെ, മതതീവ്രവാദത്തിന്റെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഇല്ലാത്ത വൈരവം കൃത്രിമമായിട്ട് സൃഷ്ടിക്കുവാനുള്ള ശ്രമം നടക്കുന്നത്. അത് ആത്യന്തികമായി കേരള സമൂഹത്തിന് ഗുണം ചെയ്യുകയില്ലെന്നു മാത്രമല്ല ഇത്തരം വാദങ്ങള്‍ക്ക് പ്രചാരം നല്കുന്ന ക്രൈസ്തവ നേതാക്കള്‍ പോലും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന അപകടം തിരിച്ചറിയുന്നുണ്ടോ എന്നെനിക്കറിഞ്ഞുകൂട.
ഒരുപക്ഷേ സ്വാര്‍ഥ താല്പര്യങ്ങള്‍ക്കു വേണ്ടിയും ആഗോള തലത്തില്‍ വളരെ വിജയകരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയക്ക് അടിപ്പെട്ടു പോകുന്ന ഒരു ചിന്താഗതിയുടെ ഭാഗമായിട്ട് ചില ക്രൈസ്തവ നേതാക്കന്മാരെങ്കിലും മാറുന്നുണ്ട്. അത് ഫലത്തില്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണെന്റെ വിശ്വാസം. അതുകൊണ്ടു തന്നെ യഥാര്‍ഥ മതേതര വിശ്വാസികളൊക്കെ ഒരുമിച്ചു നില്‌ക്കേണ്ട ഒരു കാലമാണിത്. ഭിന്നതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം, ആഗോളതലത്തില്‍ വളരെ വിജയകരമായി സ്ഥാപിച്ചെടുക്കുന്ന ആ പ്രത്യയശാസ്ത്രം കേരളത്തിലും വിജയിച്ചാല്‍ പിന്നെ ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നു പോലും ഞാന്‍ ഭയപ്പെടുകയാണ്.

? ഇത്തരം വിഷലിപ്തമായ ഇസ്ലാമിക വിരുദ്ധ പ്രസ്താവനകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ഒറ്റപ്പെട്ട പ്രതികരണങ്ങളൊഴിച്ചാല്‍ ക്രൈസ്തവ സഭകളോ നേതാക്കളോ ഈ വിഷയത്തെ പ്രോഗ്രസീവായി അഡ്രസ് ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. ഇങ്ങനെയൊരു വിഷയമില്ലെന്നോ ഊതിവീര്‍പ്പിക്കപ്പെടുന്ന പോലെ വലിയൊരു പ്രശ്‌നമല്ലെന്നോ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനു പിറകില്‍ വേറെ താല്പര്യങ്ങളുണ്ടെന്നോ ഒക്കെ പറയുന്ന പ്രതികരണങ്ങള്‍ വളരെ ചുരുക്കമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടാക്കുന്ന ചതിക്കുഴിയില്‍ ക്രൈസ്തവ നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ വന്നു വീഴുകയാണ്. അതിന്റെ ഭാഗമായിട്ടു വേണം ഇത്തരം പ്രചരണങ്ങളെ കാണാന്‍. ഇലക്ഷന്‍ സമയത്ത് പ്രത്യേകിച്ചും കൂടുതല്‍ വിജിലന്റാകേണ്ട കാലമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഈ വര്‍ഗീയത നമ്മുടെ മണ്ണില്‍ ആഴത്തില്‍ വേരുറയ്ക്കും.

? ഈ അടുത്ത കാലത്തായി സംഘപരിവാറിന്റെയും ബി ജെ പിയുടെയും നേതൃത്വത്തില്‍ ക്രൈസ്തവ ഗ്രൂപ്പുകളെ ടാര്‍ഗറ്റ് ചെയ്തുള്ള പ്രചരണ പരിപാടികള്‍ നടക്കുന്നതായി കാണുന്നു. യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കങ്ങളില്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രവും ഇടപെടുന്നു, മുസ്ലിം തീവ്രവാദത്തിനിരയായ ക്രൈസ്തവര്‍ക്കു വേണ്ടി ബി ജെ പി പ്രത്യേക പ്രചാരണ പരിപാടികള്‍ തുടങ്ങുകയാണെന്ന് കെ സുരേന്ദ്രന്‍ പ്രസ്താവിക്കുകയുണ്ടായി. ഇത്തരത്തില്‍ ക്രൈസ്തവരെ സ്വാധീനിക്കാനുള്ള കൃത്യമായ പദ്ധതികള്‍ പരസ്യമായി പ്രഖ്യാപിച്ച് ബി ജെ പിയും സംഘപരിവാര്‍ കക്ഷികളും രംഗത്തു വരുന്നുണ്ട്. അതേ സമയത്തു തന്നെ ക്രൈസ്തവ യാക്കോബായ പുരോഹിതന്മാരുടെ പക്ഷത്തു നിന്നു തന്നെ ബി ജെ പി അങ്ങനെ തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല എന്ന പ്രസ്താവന വന്നു. അടുത്ത കാലത്തെ തര്‍ക്ക വിഷയത്തില്‍ ബി ജെ പിക്കൊപ്പം നില്ക്കുകയാണെന്ന നിലപാട് വന്നു. ക്രൈസ്തവരെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള ഈ സംഘപരിവാര്‍ പ്രചാരണങ്ങളെയും അതിനോടുള്ള യാക്കോബായ പോലുള്ള സഭകളുടെ പ്രതികരണങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു.
നേരത്തെ പറഞ്ഞ പോലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലാഭത്തിനു വേണ്ടി, അവര്‍ക്ക് വിജയിക്കാനാവശ്യമായ എല്ലാ കോംപ്രമൈസുകളും ചെയ്യും. ആത്മാര്‍ഥമായി ചെയ്യുന്നതൊന്നുമായിരിക്കണമെന്നില്ല, പക്ഷെ, അവര്‍ക്ക് വോട്ടും സീറ്റും കൂടുതല്‍ ലഭിക്കാനായി എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രീണനം ചെയ്യാറുണ്ട്. അല്പമെങ്കിലും അക്കാര്യത്തില്‍ പിറകില്‍ നില്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു. പക്ഷെ അവിടെ പോലും അടുത്ത കാലത്തായി പ്രീണനങ്ങളും വര്‍ഗീയതയുടെ ഘടകങ്ങളുമൊക്കെ അപ്പീല്‍ ചെയ്ത് വോട്ടുനേടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മറ്റ് പ്രസ്ഥാനങ്ങള്‍ക്കും മുന്നണികള്‍ക്കുമൊക്കെ അത് പരിചയമുള്ള ഏര്‍പ്പാടാണ്.. അതുകൊണ്ട് തന്നെ അതിനകത്ത് അത്ഭുതമൊന്നുമില്ല.
ഞാന്‍ ഭാഗമായിരിക്കുന്ന യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുമ്പോള്‍ ഞങ്ങളിപ്പോള്‍ സമരമുഖത്താണ്. നിയമനിര്‍മാണത്തിലൂടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ എന്ന ഒരുറച്ച വിശ്വാസമുള്ളതിനാല്‍ സമരമുഖത്ത് നില്ക്കുന്ന ഒരു സഭയെന്ന നിലയില്‍ ഞങ്ങളോട് അനുഭാവവും സഹതാപവും അല്പം താല്പര്യവുമൊക്കെ കാണിക്കുന്നവരോട് തിരിച്ച് ആ സ്‌നേഹം കാണിക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ നടപടി മാത്രമായിട്ടാണ് ഞാന്‍ കാണുന്നത്. ഇലക്ഷനപ്പുറത്ത് ഈ വിഷയത്തില്‍ ഈ പാര്‍ട്ടികള്‍ക്ക് എന്തുമാത്രം ആത്മാര്‍ഥതയുണ്ടാകുമെന്ന് ഇലക്ഷന്‍ കഴിഞ്ഞാലേ പറയാന്‍ സാധിക്കുകയുള്ളൂ.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അതിജീവനത്തിന്റെ പ്രശ്‌നമാണ്. പള്ളികള്‍ ഒരു കോടതി വിധിയുടെ മറവില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നു. വിശ്വാസികള്‍ക്കതൊരു വലിയ ബാധ്യതയാണ്.. വികാരപരമായിട്ട് അവര്‍ ആരാധിച്ചു വരുന്ന ദേവാലയങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രയാസം, ഒരു പുതിയ ദേവാലയം ഉണ്ടാക്കാനുള്ള സാമ്പത്തിക പ്രയാസങ്ങള്‍, ഉറ്റവരുടെയും ഉടയവരുടെയും ഖബറിങ്കല്‍ പോലും സമാധാനപരമായി പ്രാര്‍ഥിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍. ഇതൊക്കെ വലിയ ഒരു സാമൂഹികപ്രശ്‌നമായി കേരളത്തില്‍ മാറിയിരിക്കുന്നു. അതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനായിട്ട് ഒരു നിയമനിര്‍മാണം നടത്തി ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.
ഇരുകൂട്ടര്‍ക്കും യോജിക്കുന്ന തരത്തില്‍ ഒരു നിയമ നിര്‍മാണം സാധ്യമാണ്. അത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പക്ഷെ അത് സാധിക്കുന്നില്ലായെങ്കില്‍ സഭയെന്ന നിലയില്‍ സഭാവിശ്വാസികള്‍ ഒരു രാഷ്ട്രീയ നിലപാടൊക്കെ എടുത്തെന്നിരിക്കും. വേറെ ആരെങ്കിലും സഹായവുമായി വന്നാല്‍ അവരോട് നന്ദി പ്രകടിപ്പിക്കുക എന്ന സ്വാഭാവിക നിലപാട് സഭാവിശ്വാസികളിലുണ്ടായാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അതു പക്ഷെ, ഇതിനു കളമൊരുക്കിയ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്തിക്കേണ്ടതുണ്ട്.
ഈയൊരു വിശ്വാസി സമൂഹത്തെ അങ്ങനെയൊരു നിലപാടിലേക്ക് തള്ളിവിടാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ക്കീ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്ന് അവര്‍ക്കു കൂടി തോന്നേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഞാന്‍ വിചാരിക്കുന്നത് അതിപ്പോഴും ആ ഘട്ടത്തിലെത്തില്ല എന്നാണ്.. മതനിരപേക്ഷതയിലും സാമൂഹിക നീതിയിലും ആരാധനാ സ്വാതന്ത്ര്യത്തിലും ഒക്കെ വിശ്വസിക്കുന്ന ഒരു ജനകീയ ഇടതുപക്ഷ മതേതര സര്‍ക്കാറുള്ള ഈ കാലത്ത് ഈ നാട്ടില്‍ മുന്‍പേ സൂചിപ്പിച്ച അപകടത്തിലേക്ക് പോകാതെ പരിഹരിക്കാനായിട്ടുള്ള ആര്‍ജവം ഇടതു സര്‍ക്കാര്‍ കാണിക്കുമെന്നു തന്നെയാണെന്റെ പ്രതീക്ഷ. അതിനവര്‍ക്ക് സാധിച്ചില്ലായെങ്കില്‍ താങ്കള്‍ സൂചിപ്പിച്ച ഈ അപകടത്തിലേക്ക് അവര്‍ ചെന്നെത്തും എന്ന പേടിയുമെനിക്കുണ്ട്.
കാരണം ഞാനുള്‍ക്കൊള്ളുന്ന യാക്കോബായ സഭയും മറുപക്ഷത്തുള്ള സഭയുമുള്‍പ്പെടെ കേരളത്തിലെ സുറിയാനി സഭകളുടെ ഒരു പൊതു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സങ്കല്പമെന്നത് ഇവിടുത്തെ ഒരു അപ്പര്‍കാസ്റ്റ് ഹിന്ദുത്വ ഫ്രെയിംവര്‍ക്കുമായി പൊരുത്തപ്പെട്ടു പോകുന്ന മൈന്‍ഡ് സെറ്റിലാണ്. അതുകൊണ്ടു തന്നെയാണ് ഒരു സവര്‍ണ ജാതി സഭകളായിട്ട് സുറിയാനി സഭകള്‍ ഇന്നു നിലനില്ക്കുന്നത്. ഒരു ഹിന്ദു ഐഡിയോളജിയുമായി വൈകാരികമായി സമരസപ്പെടുവാന്‍ സുറിയാനി സഭയിലെ ആളുകള്‍ക്ക് വലിയ പ്രയാസമുണ്ടാവില്ല. അതുകൊണ്ടു തന്നെ അവരെ ഇപ്പറയുന്ന ആശയത്തിലേക്ക് ആകര്‍ഷിക്കാന്‍ എളുപ്പമാണ്.. അതുകൊണ്ടു തന്നെയാണ് ആദ്യം ഉന്നയിച്ച ചോദ്യത്തില്‍ ക്രിസ്തീയ സഭാ നേതക്കന്മാര്‍ മിക്കവാറും വീണു കഴിഞ്ഞിട്ടുള്ളത്. കൃത്യമായ ഒരു പൊളിറ്റിക്കല്‍ ഗെയിമായിരുന്നു, ആ ഗെയിമില്‍ പല നേതാക്കളും പെട്ടുകഴിഞ്ഞു. അവര്‍ക്കെളുപ്പമാണ്. ബേസിക് സിറിയന്‍ ക്രിസ്ത്യന്‍ മൈന്റ് സെറ്റ് എന്നത് അപ്പര്‍ കാസ്റ്റ് ഹിന്ദു മൈന്റ് സെറ്റിനോട് വളരെ അടുത്തു കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ ഒരു ഹിന്ദുത്വ ആശയം ഒരു സുറിയാനി ക്രൈസ്തവ മനസിന് അന്യമായ ഒന്നല്ല. അതുകൊണ്ടു തന്നെ, ആ അപകടത്തിലേക്ക് ഇവരെ തള്ളിവിടാതിരിക്കാനായി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമൊക്കെ ബാധ്യതയുണ്ട്. പക്ഷേ, ഇക്കാലത്ത് അവര്‍ ഇതത്ര ഗൗരവമായി എടുക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അതുകൊണ്ടു തന്നെയാണ് അവരു പോലും തെരഞ്ഞെടുപ്പു മുഖത്ത് ഇത്തരം സ്പാര്‍ക്കുകള്‍ ഉണ്ടാക്കി വിടുന്നത്. ഭൗതികവാദത്തിന്റെയും വര്‍ഗീയതയുടെയും പേരുപറഞ്ഞ് തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിനോക്കുന്നത് അതുകൊണ്ടു തന്നെയാണ്. ഒരു വലിയ ആപത്താണ് ഞാന്‍ മുന്നില്‍ കാണുന്നത്.
(അന്നകീര്‍ത്തി ജോര്‍ജ്, ഡൂള്‍ന്യൂസിനു വേണ്ടി നടത്തിയ ഇന്റര്‍വ്യൂവില്‍ നിന്നുള്ള ഭാഗം)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x