17 Wednesday
April 2024
2024 April 17
1445 Chawwâl 8

ഇന്ത്യന്‍ ഇസ്‌ലാമോഫോബിയയും അന്താരാഷ്ട്ര പ്രതികരണങ്ങളും

ഡോ. ഹിശാമുല്‍ വഹാബ്‌


ഇന്ത്യ എന്ന രാഷ്ട്രം സമകാലിക ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് ന്യൂനപക്ഷ വിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും പ്രതീകമായിട്ടാണ്. വര്‍ധിച്ചുവരുന്ന വിവേചനങ്ങളുടെയും അപരവത്കരണത്തിന്റെയും കുപ്രചാരണങ്ങള്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ ഭരണത്തുടര്‍ച്ചയുടെയും നിലനില്‍പിന്റെയും ഭാഗമായി മാറിയിരിക്കുന്നു. ഭക്ഷണം, വസ്ത്രം, ആരാധന, താമസം, ജീവിതായോധനം എന്നീ മേഖലകളില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ദിനേന അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പോലും ഭരണകൂടം അന്യായമായി കൈകടത്തുമ്പോള്‍ ഒരുവേള നീതിപീഠങ്ങള്‍ പോലും അതില്‍ നിന്നു മുക്തമാവുന്നില്ല. ഈയടുത്ത് മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന വിഷയങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇതെല്ലാം സുതരാം വ്യക്തമായി വായിക്കാവുന്നതാണ്.
ഈ സാഹചര്യത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളുടെ വാക്കുകളെ വിശകലനം ചെയ്യേണ്ടത്. കേവലം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വീക്ഷണകോണിലൂടെ, ഇവരുടെ വാക്കുകളെ വിശാല പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയല്ല കാണേണ്ടത്. ബി ജെ പി ദേശീയ വക്താക്കളിലൊരാളായ നൂപുര്‍ കെ ശര്‍മ ചാനല്‍ ചര്‍ച്ചകളിലെ പാര്‍ട്ടിയുടെ സ്ഥിരം സാന്നിധ്യമാണ്. അപഹാസങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും തന്റെ വിഷയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന അവരുടെ രീതി പലവട്ടം ആക്ഷേപത്തിന് വിധേയമായിട്ടുണ്ട്. കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ക്കായി വാദിച്ച ഡല്‍ഹി യൂനിവേഴ്‌സിറ്റി അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ നൂപുര്‍ ശര്‍മ സംഘ്പരിവാറിന് പ്രിയങ്കരിയാണ്. 2020ല്‍ ഡല്‍ഹി വംശഹത്യയുടെ സാഹചര്യത്തില്‍ അതിനെ ന്യായീകരിച്ചുകൊണ്ട് പുസ്തകം എഴുതിയ ശര്‍മ, ആരോപണവിധേയരായ സംഘ്പരിവാര്‍ നേതാക്കളെ വെള്ളപൂശുകയാണ് ചെയ്തത്. മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങളുടെ നിര്‍മാണവും ഇസ്‌ലാമോഫോബിയയുടെ വ്യാപനവും നടത്തിക്കൊണ്ടിരിക്കുന്ന നാവ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റര്‍ കൂടിയാണ് നൂപുര്‍ ശര്‍മ. പ്രവാചകന്റെ വിവാഹത്തെക്കുറിച്ച് അവഹേളിക്കാന്‍ ഉദ്ദേശിച്ച് ട്വിറ്ററില്‍ എഴുതിയ നവീന്‍ ജിന്‍ഡാല്‍ ബി ജെ പി ഡല്‍ഹി മീഡിയ തലവനാണ്. രണ്ടു പേരെയും പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
അബ്രഹാമിക പാരമ്പര്യം അവകാശപ്പെടുന്ന മറ്റു മതസമൂഹങ്ങളില്‍ നിന്നു മുസ്‌ലിംകളെ വ്യത്യസ്തമാക്കുന്നത് മുഹമ്മദ് നബി(സ)യിലൂടെ സാധ്യമായ പ്രവാചകത്വ പരിസമാപ്തിയാണ്. അതിനാല്‍ തന്നെ ആഗോള മുസ്‌ലിം സമുദായത്തെ (ഉമ്മത്ത്) കൂട്ടിയോജിപ്പിക്കുന്ന കണ്ണി മുഹമ്മദ് നബി(സ)യുടെ മാതൃകാ ജീവിതവും അദ്ദേഹത്തിന് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനുമാണ്. ചരിത്രത്തിലുടനീളം വ്യത്യസ്ത ഘട്ടങ്ങളില്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വത്തെ ചോദ്യം ചെയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയും ഖുര്‍ആന്‍ വിരുദ്ധതയും എതിരാളികള്‍ ഉപയോഗിച്ചിട്ടുണ്ട്. ദൈവശാസ്ത്ര വിമര്‍ശനങ്ങളില്‍ തുടങ്ങി കുരിശുയുദ്ധത്തിന്റെയും ഓറിയന്റലിസത്തിന്റെയും രാഷ്ട്രീയ വിരോധങ്ങളില്‍ നമുക്ക് വീക്ഷിക്കാവുന്നതും ഇതേ പദ്ധതിയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍, വൈദിക പാരമ്പര്യത്തില്‍ നിന്നും ഭാരതീയ സംസ്‌കാരത്തില്‍ നിന്നും ഭിന്നമായ ‘വൈദേശിക’ വേരുകളുള്ള ഇസ്‌ലാമും മുസ്‌ലിം സമുദായവും വ്യത്യസ്ത ചോദ്യങ്ങളെ നേരിട്ടുകൊണ്ടാണ് നിലകൊള്ളുന്നത്. അതിനാലാണ്, ഭാരതീയ സംസ്‌കാരത്തിന് അനുകൂലമായ രീതിയില്‍ ഖുര്‍ആനെ പുനഃസംവിധാനിക്കാനും പ്രവാചക നിന്ദയെ അംഗീകരിക്കാനുമുള്ള ഒരു സംഘബോധം വളരെ ശക്തമായി ഇന്ത്യയില്‍ നിലകൊള്ളുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യാ മുനമ്പിലാണെന്ന് ജിനൊസൈഡ് വാച്ച് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സാംസ്‌കാരിക വംശഹത്യ ഇവിടെ അരങ്ങേറുന്നത്.
ഈ അര്‍ഥത്തില്‍, അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളും നിരീക്ഷണങ്ങളും ഭരണകൂടത്തിനു മേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നത് വസ്തുതയാണ്. പ്രവാചകനിന്ദയുടെ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആരംഭിച്ച നടപടികള്‍ മറ്റു രാജ്യങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. നിലവില്‍ തുര്‍ക്കി മുതല്‍ മലേഷ്യ വരെ നീണ്ടുകിടക്കുന്ന ലോകത്തെ 16 രാജ്യങ്ങളാണ് ബി ജെ പി നേതാക്കളുടെ വാക്കുകളെ അപലപിച്ച് തങ്ങളുടെ പ്രതിഷേധം എംബസി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒ ഐ സി) തങ്ങള്‍ അപലപിക്കുന്നതായി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമ്മര്‍ദത്താല്‍ തങ്ങളുടെ നേതാക്കളെ പുറത്താക്കിയ ബി ജെ പി അവരെ വിശേഷിപ്പിച്ചത് ‘ക്ഷുദ്രശക്തികള്‍’ എന്നാണ്. ഇസ്‌ലാമോഫോബിയ തങ്ങളുടെ ഔദ്യോഗിക പാര്‍ട്ടി നയമായി സ്വീകരിച്ച സംഘ്പരിവാര്‍ മുഖം രക്ഷിച്ചെടുക്കാന്‍ വേണ്ടി നേതാക്കളെ തള്ളിപ്പറഞ്ഞത് അവരുടെ മിത്രങ്ങള്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, തങ്ങളുടെ രാജ്യത്തെ തുല്യപൗരന്മാരായ ഇന്ത്യന്‍ മുസ്‌ലിംകള്‍ എത്രതന്നെ പ്രതിഷേധിച്ചാലും ഗൗരവത്തിലെടുക്കാത്ത ഭരണകൂടത്തിന്റെ മനോഭാവമാണ്. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ അക്കമിട്ടു നിരത്തിയ വിവിധ സര്‍ക്കാര്‍ റിപോര്‍ട്ടുകള്‍ ലഭ്യമായിരിക്കെ അവയൊന്നും പരിഗണിക്കാത്ത സംഘപരിവാര്‍, മുസ്‌ലിം വംശഹത്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ എന്‍ ആര്‍ സിയിലൂടെയും മറ്റും നടത്തിക്കൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദ് ധ്വംസനവും രാമക്ഷേത്ര നിര്‍മാണവും പിന്നീട് അവയെത്തുടര്‍ന്ന് അവകാശവാദമുയര്‍ത്തിയ ബനാറസിലെ ഗ്യാന്‍വാപി മസ്ജിദും കുത്തബ് മീനാറിലെയും താജ്മഹലിലെയും പള്ളികളുടെ അടച്ചുപൂട്ടലും ആരാധനാസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളികളായി നമുക്ക് മുന്നിലുണ്ട്.
ഹിജാബ് നിരോധനത്തിലൂടെ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനു തടയിടാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പ്രതിഷേധമുയര്‍ത്തിയ ഇന്ത്യന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്താന്‍ കള്ളക്കേസുകളില്‍ യു എ പി എ കുറ്റങ്ങള്‍ ചുമത്തിയ ഭരണകൂടം ഇപ്പോള്‍ മുഖം രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ഇതിനു മുമ്പ് കൊറോണ മഹാമാരിയുടെ വ്യാപനത്തിന്റെ കുറ്റം തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെയും അതുവഴി മുസ്‌ലിംകളുടെയും പേരില്‍ ആരോപിച്ച ഭരണകൂടവും മാധ്യമങ്ങളും അത്തരം കുപ്രചാരണങ്ങളില്‍ നിന്നു പിന്‍വലിഞ്ഞതും അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഭാഗമായിരുന്നു. ‘ഇസ്‌ലാമോഫോബിയ ഇന്‍ ഇന്ത്യ’ എന്ന ഹാഷ്ടാഗ് അന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അടയാളപ്പെടുത്തിയെങ്കില്‍ ഇന്ന് ‘ഇല്ലാ റസൂലില്ലാ യാ മോഡി’, ‘അവര്‍ പ്രോഫറ്റ് അവര്‍ ഓണര്‍’ എന്നീ വാചകങ്ങള്‍ ലോക ശ്രദ്ധ നേടിയിരിക്കുന്നു.
ഇതിന്റെ മറ്റൊരു തലം, ഇത്തരം സംഘ്പരിവാര്‍ കുപ്രചാരണങ്ങളെ മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിയമ നടപടികളാണ്. വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ആള്‍ട്ട് ന്യൂസ് പോര്‍ട്ടലിന്റെ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ പലയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദു പാര്‍ലമെന്റുകള്‍ നടത്തി മുസ്‌ലിം വിദ്വേഷം പരത്തുന്ന മത-രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പോലീസ്-ഭരണകൂട മനോഗതി കേരളത്തിലടക്കം നമുക്ക് സുപരിചിതമാണ്. എന്നാല്‍ അത്തരം വിദ്വേഷ പ്രസംഗങ്ങളെ ലോക മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്ന വ്യക്തികളെയും സംഘടനകളെയും വേട്ടയാടുകയാണ് പോലീസ് ചെയ്യുന്നത്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ അത്യുത്സാഹം കാണിക്കുന്ന ഇത്തരം നിയമ നടപടികള്‍ ഫാഷിസത്തിന്റെ വ്യാപനത്തിന് ഊര്‍ജം നല്‍കുന്നു. വളരെ വൈകി, സൂക്ഷ്മതയോടെയും ബാലന്‍സ് ചെയ്തും നടത്തുന്ന അറസ്റ്റ് നാടകങ്ങള്‍. ഇപ്പോള്‍ ഡല്‍ഹി പോലീസ് നൂപുര്‍ ശര്‍മക്കും നവീന്‍ ജിന്‍ഡാലിനുമൊപ്പം ധാരാളം സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വംശഹത്യാ മുനമ്പിലുള്ള ഏതൊരു സമൂഹവും ഗൗരവമായി കാണേണ്ട പദ്ധതിയാണ് തങ്ങളുടെ പ്രശ്‌നങ്ങളെ അന്താരാഷ്ട്രവത്കരിക്കുകയെന്നത്. ഗള്‍ഫുമായുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ നൂറ്റാണ്ടുകളായുള്ള ബന്ധം ഈയര്‍ഥത്തില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനായി ഗവേഷണാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇംഗ്ലീഷിലും അറബിയിലും തയ്യാറാക്കി അറബ്-മുസ്‌ലിം ജനവിഭാഗങ്ങളുടെ പിന്തുണ ലഭ്യമാക്കേണ്ടതുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം അസോസിയേഷന്‍, ബ്രിട്ടനിലെ സ്‌ട്രൈവ് യു കെ തുടങ്ങിയ സംഘടനകളെ മാതൃകയാക്കി ഗള്‍ഫ് മലയാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വളരെ വലിയ പങ്കു വഹിക്കാന്‍ സാധിക്കും. ഉത്തരേന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായി ഇടപെടുന്ന വിദേശ മലയാളികള്‍ ഈ വിഷയം കൂടി ഗൗരവമായി ഏറ്റെടുക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ, മറ്റു പല പദ്ധതികള്‍ക്കും സമാനമായി അന്താരാഷ്ട്ര സമ്മര്‍ദം കേവലം രാജ്യത്തിന്റെ മുഖം രക്ഷിക്കുന്നതിനപ്പുറം ക്രിയാത്മക മാറ്റങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x