ഇല്‍മും ഇസ്ലാമും ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തില്‍ മദ്‌റസകളുടെ പങ്ക്
യോഗീന്ദര്‍ സിക്കന്ദ്
മദ്റസ എന്നത് ദക്ഷിണേഷ്യയില്‍ ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ഥത്തില്‍ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം പഠിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെക്കുന്ന സ്ഥാപനമാണ്. പഠനം എന്നര്‍ഥം വരുന്ന ദര്‍സ് എന്ന അറബി വാക്കിനോട് ബന്ധപ്പെട്ടതാണ് ഇതിന്റെ മൂലരൂപം. അതുകൊണ്ട് സാങ്കേതികമായി പറഞ്ഞാല്‍ മതപരമായത് മാത്രമല്ല, ഏത് തരത്തിലുമുള്ള വിദ്യ പകര്‍ന്നു നല്‍കുന്ന സ്ഥാപനവും സ്‌കൂളോ കോളജോ എന്തുമാവട്ടെ, അതിനെയെല്ലാം മദ്റസ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും ദക്ഷിണേഷ്യയില്‍ പൊതുവെ വിവിധ ഇസ്ലാമിക ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളിനെയാണ് ആ പദം കൊണ്ട് കുറിക്കുന്നത്. അതുകൊണ്ട് ദീനി എന്ന വിശേഷണം ചേര്‍ത്തിട്ടാണ് സാധാരണ ഇസ്ലാമിക, മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്ന മദ്റസകളെ കുറിക്കാറ്. ഇസ്ലാമിക പണ്ഡിത പാരമ്പര്യം കൈമാറുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് മുസ്ലിം നാഗരികതകളില്‍ മദ്റസ ചരിത്രപരമായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്ലാമിക ശാസ്ത്ര പണ്ഡിതരായ ഉലമകള്‍ മദ്റസകളുടെ ഉല്‍പന്നങ്ങളാണ്. പ്രവാചക പൈതൃകം പ്രചരിപ്പിക്കുകയും അനുയായികളിലേക്ക് പകരുകയും ചെയ്യുന്നവരായതിനാല്‍, തങ്ങള്‍ പ്രവാചകന്റെ പിന്തുടര്‍ച്ച നിര്‍വഹിച്ച് മതപ്രബോധനം നടത്തുന്നവരായാണ് ഉലമാക്കള്‍ കണക്കാക്കുന്നത്. മുസ്ലിംകള്‍ താമസിക്കുന്ന ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും മക്തബുകളും മദ്‌റസകളും ഉണ്ട്. ദരിദ്രരായ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ അവര്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍ ഉണ്ടാവണമെന്നില്ല. പള്ളികള്‍ക്കുള്ളില്‍ തന്നെ ക്ലാസുകള്‍ നടക്കുന്നു.
അതേസമയം ദാറുല്‍ഉലൂം ദയൂബന്ദ് അല്ലെങ്കില്‍ നദ്‌വത്തുല്‍ ഉലമ, അശ്‌റഫിയ പോലുള്ളവ വിശാലമായ കാമ്പസുകള്‍ ഉള്‍ക്കൊള്ളുന്ന, ക്ലാസ്മുറികള്‍, ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ഡൈനിംഗ് ഹാളുകള്‍ എന്നിവയ്ക്കായി പ്രത്യേക കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ വലുപ്പമുള്ളതായിരിക്കാം. അവയില്‍ ഗസ്റ്റ് ഹൗസുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, ഡിസ്‌പെന്‍സറികള്‍, മസ്ജിദുകള്‍ എന്നിവ കൂടി ഉണ്ടാകും. പലപ്പോഴും മുഗള്‍ നിര്‍മിതികളുടെ അനുകരണമായി വലിയ താഴികക്കുടങ്ങളും ഭംഗിയുള്ള കമാനങ്ങളും ഉള്ള വലിയ മദ്റസകള്‍, മുസ്ലിംകള്‍ താരതമ്യേന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷമായ ഒരു രാജ്യത്ത് സ്വത്വത്തിന്റെ നിര്‍ണായക അടയാളങ്ങളായും പ്രതീകാത്മകമായി സ്വന്തം ഇടം അവകാശപ്പെടലും കൂടിയായി വര്‍ത്തിക്കുന്നു.
വര്‍ത്തമാനകാല ഇന്ത്യയിലെ മദ്റസകളിലെ ഉലമമാരുടെ ലോകവീക്ഷണവും അവര്‍ തങ്ങളുടെ പങ്ക് എങ്ങനെ വിഭാവനം ചെയ്യുന്നു എന്നും മനസ്സിലാക്കുന്നതിന് കാലക്രമത്തില്‍ വികസിച്ചു വന്ന ഇസ്ലാമിക പാഠപാരമ്പര്യത്തില്‍ അറിവ് എന്ന ആശയത്തെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മദ്റസകളുടെ മുഖ്യ ലക്ഷ്യമായി കാണുന്നത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ്. പൂര്‍വസൂരികളും മാതൃകായോഗ്യരുമായ ആദ്യകാല ഉലമാക്കളുടെ പൊതുവായ ധാര്‍മികത നിലനിര്‍ത്താനോ പുനഃസൃഷ്ടിക്കാനോ മദ്റസകള്‍ ശ്രമിക്കുന്നു. അധ്യാപന രീതികള്‍, അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം എന്ന് തുടങ്ങി, മദ്റസകളില്‍ പഠിപ്പിക്കുന്ന പല ഗ്രന്ഥങ്ങളിലേക്കും വരെ ഇത് വ്യാപിക്കുന്നു.
മദ്‌റസകളുടെ
ചരിത്രപരമായ
പരിണാമം
സമകാലിക ഇന്ത്യയിലെ മദ്റസകള്‍ ഉലമാക്കളുടെ കഴിഞ്ഞ തലമുറകള്‍ സ്ഥാപിച്ച പാരമ്പര്യം പിന്തുടരുന്നതായി കാണുന്നു. അധ്യാപന രീതികള്‍, വാദപ്രതിവാദ ശൈലികള്‍, അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം, മദ്റസ പാഠ്യപദ്ധതിയുടെ കാതല്‍ രൂപപ്പെടുന്ന പ്രധാന ഗ്രന്ഥങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളിലും ഇന്ന് പല മദ്റസകളും ബോധപൂര്‍വം മദ്റസ വിദ്യാഭ്യാസത്തിന്റെ മധ്യകാല മാതൃകകള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. അവ തമ്മില്‍ സമാനതകള്‍ ഒരുപാടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ വ്യത്യാസങ്ങളും ഉണ്ട്. ഇന്നത്തെ ഇന്ത്യയിലെ മദ്റസ സമ്പ്രദായം മനസ്സിലാക്കുന്നതിന് ഡല്‍ഹി സല്‍ത്തനത്ത് സ്ഥാപിതമായത് മുതല്‍ ബ്രിട്ടീഷ് ഭരണകാലം വരെയുള്ള ആയിരം വര്‍ഷത്തിലേറെയായി രാജ്യത്തെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ പരിണാമവും മാറ്റങ്ങളും പരിശോധിച്ചുകൊണ്ടുള്ള ഒരു ചരിത്രപരമായ വിശകലനം ആവശ്യമാണ്.
തുര്‍ക്കി, മുഗള്‍ ഭരണകാലത്ത് ഇസ്ലാമിക പാണ്ഡിത്യത്തിന്റെയും പഠനത്തിന്റെയും പ്രധാന കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നു വന്നു. മറ്റെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഇസ്ലാമിക വിദ്യാഭ്യാസം പല രൂപങ്ങള്‍ കൈകൊണ്ടിരുന്നു. ഔപചാരിക സ്ഥാപനങ്ങളില്‍ എന്നപോലെ തന്നെ അനൗപചാരികമായി ഉലമകളുടെയും സൂഫിവര്യന്മാരുടെയും വ്യവസായികളുടെയും പ്രഭുക്കന്മാരുടേയുമൊക്കെ ഗൃഹങ്ങളിലും അറിവ് പകര്‍ന്നു കൊടുക്കപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായി മദ്റസകള്‍ സ്ഥാപിതമായത് ഇസ്ലാം ആദ്യമായി ഈ പ്രദേശത്തേക്ക് വന്നതിന് തൊട്ടുപിന്നാലെയാണ്.
ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തിലുള്ള അറബ് സൈന്യം സിന്ധ് ആക്രമിച്ചതിനെത്തുടര്‍ന്ന്, ചില അറബ് പണ്ഡിതന്മാര്‍ ഉച്ച്, തട്ട, ദേബല്‍, മന്‍സൂറ എന്നീ പട്ടണങ്ങളില്‍ താമസമാക്കി. അവിടെ അവര്‍ ചെറിയ മദ്റസകള്‍ സ്ഥാപിച്ചതായി പറയപ്പെടുന്നു. സിന്ധിലെയും മുള്‍ട്ടാനിലെയും ആദ്യകാല മദ്റസകളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയൂ. അതിനകം പ്രദേശത്തു ശക്തമായൊരു കേന്ദ്രം സ്ഥാപിക്കുകയും നിരവധിപേരെ സ്വന്തം വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്ന ഇസ്മായിലി ശീഅകളുടെ സ്വാധീനത്തെ ചെറുത്ത് നില്‍ക്കുന്നതില്‍ അവ വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഡല്‍ഹിയില്‍ തുര്‍ക്കി ഭരണം സ്ഥാപിതമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മദ്റസകള്‍ നിര്‍മിക്കപ്പെട്ടു. ലഭ്യമായ രേഖകള്‍ അനുസരിച്ച്, ഇവയില്‍ ആദ്യത്തേത് 1191-ല്‍ അജ്മീറില്‍ പട്ടണം പിടിച്ചടക്കിയ ശേഷം മുഹമ്മദ് ഗോറി സ്ഥാപിച്ചതാണ്.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ (1324-1351) ഭരണകാലത്ത് ഡല്‍ഹിയില്‍ മാത്രം 1000 മദ്റസകള്‍ ഉണ്ടായിരുന്നതായി രേഖയുണ്ട്. അബ്ബാസി ഖിലാഫത്തിന്റെ തകര്‍ച്ചയും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും പ്രമുഖ ഇസ്ലാമിക കേന്ദ്രങ്ങളില്‍ മംഗോളിയക്കാര്‍ നടത്തിയ വിനാശകരമായ ആക്രമണങ്ങളും കാരണം നിരവധി മുസ്ലിംകള്‍ അഭയം തേടി ഇന്ത്യയിലേക്ക് വന്നു. പില്‍ക്കാലത്തു ഇന്ത്യയിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ വികാസത്തിന് വലിയ പങ്ക് വഹിച്ച വ്യക്തികള്‍ ഇവരില്‍പെടുന്നു. ഈ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും ഹനഫി സുന്നികളായിരുന്നു. അവര്‍ ഹനഫി ഫിഖ്ഹിന്റെ പുസ്തകങ്ങള്‍ കൊണ്ടു വരികയും, അവ ഭൂരിപക്ഷം ഇന്ത്യന്‍ മദ്റസകളിലും അടിസ്ഥാന ഗ്രന്ഥങ്ങളായി മാറുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാരും പ്രഭുക്കന്മാരും ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളില്‍ തല്‍പരരായിരുന്നു. അവരില്‍ ചിലര്‍ അവരുടേതായ നിലയില്‍ ശ്രദ്ധേയരായ പണ്ഡിതന്മാരായിരുന്നു.
ഡല്‍ഹിയിലെ സുല്‍ത്താന്മാരും പിന്നീട് ഗുജറാത്ത്, ബംഗാള്‍, ജൗന്‍പൂര്‍, ഗുല്‍ബര്‍ഗ, ബിദര്‍, ബിജാപൂര്‍ തുടങ്ങിയ വിവിധ പ്രാദേശിക രാജ്യങ്ങളിലെ ഭരണാധികാരികളും അവരെ പിന്തുടര്‍ന്ന മുഗളന്മാരും ഉലമാക്കളെ ഉദാരമായി സംരക്ഷിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്റസകള്‍ക്ക് വിപുലമായ സ്വത്തു നല്‍കുകയും ചെയ്തു. അവരില്‍ ചിലര്‍ ഇറാന്‍, മധ്യ പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഉലമാക്കളെ അവരുടെ രാജ്യങ്ങളില്‍ താമസിപ്പിക്കുകയും അവിടെ മദ്റസകളും സൂഫി വസതികളും സ്ഥാപിക്കുകയും ചെയ്തു.
മധ്യകാല ഇന്ത്യന്‍ മദ്റസകളില്‍ മുസ്ലിം ലോകത്ത് മറ്റെവിടെയുമെന്നതുപോലെ ക്ലാസുകളുടെയോ സിലബസിന്റെയോ ഒരു നിശ്ചിത സമ്പ്രദായം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. പൊതുവേ, ഓരോ മദ്റസയ്ക്കും അതിന്റെ പുസ്തകങ്ങളും വിഷയങ്ങളും തിരഞ്ഞെടുക്കുന്നതില്‍ ഗണ്യമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. വ്യത്യസ്ത മദ്റസകളിലെ അധ്യാപകര്‍ വ്യത്യസ്ത പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നു. അവ തന്നെ കാലക്രമത്തില്‍ മാറുകയും ഈ സമ്പ്രദായത്തിന് ഒരു വഴക്കമുണ്ടാവുകയും ചെയ്തു.
അതിനാല്‍, മധ്യകാല ഇന്ത്യന്‍ മദ്റസകളില്‍ ഉപയോഗിച്ചിരുന്ന ഒരു പൊതു സിലബസിനെക്കുറിച്ച് പറയുന്നതിനുപകരം സ്‌കൂളുകളില്‍ ഉപയോഗിച്ചിരുന്ന വിപുലമായ പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നതാണ് ഉചിതം. ഖുര്‍ആനിക പാഠങ്ങള്‍, വ്യാഖ്യാനങ്ങള്‍, ഹദീസുകള്‍ എന്നിങ്ങനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ മദ്റസകളില്‍ പഠിപ്പിച്ചിരുന്ന വിഷയങ്ങള്‍ക്ക് പുറമെ കാലിഗ്രഫി, കാവ്യം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയും മദ്റസകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രവാചക പാരമ്പര്യത്തിലൂടെ കൈമാറി വന്നതും യുക്തിസഹമായതുമായ ശാസ്ത്രങ്ങള്‍ മദ്റസകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാരണം സമകാലിക ഇസ്ലാമിക സമൂഹങ്ങളിലെപ്പോലെ മതാത്മകവും മതേതരവുമായ ലോകങ്ങള്‍ തമ്മില്‍ കൃത്യമായ വേര്‍തിരിവുണ്ടെന്നും അവ എതിര്‍ ധ്രുവങ്ങളില്‍ ആണെന്നുമുള്ള ആശയം മധ്യകാല ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തികച്ചും അന്യമായിരുന്നു.
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മധ്യേഷ്യന്‍ ഉലമകളില്‍ ബഹുഭൂരിപക്ഷവും ഹനഫികള്‍ ആയിരുന്നതിനാല്‍, മിക്ക മധ്യകാല ഇന്ത്യന്‍ മദ്റസകളും ഹനഫി സ്‌കൂളിലെ ഗ്രന്ഥങ്ങളുടെ അധ്യാപനത്തിന് പ്രത്യേക ഊന്നല്‍ നല്‍കി. പല ഇന്ത്യന്‍ ഉലമകള്‍ക്കും അവരുടെതായി ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ഇവയില്‍ മിക്കതും മറ്റിടങ്ങളില്‍ നിന്ന് നേരത്തെ ഹനഫി ഉലമ തയ്യാറാക്കിയ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളോ അടിക്കുറിപ്പുകളോ ആയിരുന്നു. മുന്‍കാല ഹനഫി ഉലമയുടെ തഖ്ലീദിന്റെ നിര്‍ബന്ധം കാരണം, മുസ്ലിംകള്‍ ഒരു ചെറിയ ന്യൂനപക്ഷമായിരുന്ന ഇന്ത്യയുടെ പ്രത്യേക സന്ദര്‍ഭത്തില്‍ അധിഷ്ഠിതമായ ഒരു കര്‍മശാസ്ത്ര സംവിധാനം വികസിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനം നിലവിലുണ്ട്.
സമകാലീനരായ ഉലമകള്‍ ഇന്ത്യന്‍ സാഹചര്യത്തിന് നിരക്കാത്ത ചില മധ്യകാല ഫിഖ്ഹ് സൂത്രവാക്യങ്ങളില്‍ മുറുകെ പിടിക്കുന്നതായി കാണുന്ന വിമര്‍ശകര്‍ ഇന്നും ഈ പരാതി ഉന്നയിക്കുന്നു.
വിവ. ഡോ.സൗമ്യ പി എന്‍