25 Thursday
April 2024
2024 April 25
1445 Chawwâl 16

പോലീസിന്റെ ഇണ്ടാസ്‌

സുഫ്‌യാന്‍

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സമീപ പ്രദേശങ്ങളിലെ പള്ളികളിലേക്ക് ഒരു നോട്ടീസ് ലഭിച്ചു. ഖുത്ബയിലോ ശേഷമോ പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന രീതിയിലാവാന്‍ പാടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ നടപടി സ്വീകരിക്കും എന്നുമാണ് പോലീസിന്റെ ഇണ്ടാസ്. ഒറ്റനോട്ടത്തില്‍, അത് മുന്‍കരുതല്‍ എടുക്കാനുള്ള പോലീസിന്റെ ആത്മാര്‍ഥമായ ശ്രമമല്ലേ എന്ന് ചിന്തിക്കുന്ന ‘നിഷ്‌കളങ്കര്‍’ ഉണ്ടായേക്കാം. ആ നോട്ടീസിലെ വാചകങ്ങള്‍ കീറിമുറിച്ച് പരിശോധിച്ചാല്‍ അടിമുടി പ്രശ്‌നമാണ്. അതിനപ്പുറം, ആ നോട്ടീസ് രേഖ നല്‍കുന്ന മറ്റ് ചില സൂചനകളുണ്ട്. അതായത്, ടെക്സ്റ്റ് എന്നത് എഴുതപ്പെട്ടത് മാത്രമല്ല, അതിനപ്പുറമുള്ളതുകൂടി ഉള്‍ക്കൊള്ളുന്നതാണ് എന്ന ദെറീദയുടെ സിദ്ധാന്തം ഇവിടെ പ്രസക്തമാവുന്നു.

Hors Texte
1967-ല്‍ പ്രസിദ്ധീകൃതമായ ഗ്രാമറ്റോളജി എന്ന പുസ്തകത്തില്‍ ദെറീദ പറയുന്ന പ്രശസ്തമായ ഒരു വാചകമാണ് ‘il n’y a pas de hors texte’. ഫ്രഞ്ച് ഭാഷയിലെ ഈ ഉദ്ധരണി പലപ്പോഴും വിവര്‍ത്തനം ചെയ്യാറുള്ളത് There is nothing outside the text എന്നാണ്. ഇത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ തെറ്റായി നല്‍കുന്ന വിവര്‍ത്തനമാണ്. ഇതിന്റെ ശരിയായ അര്‍ഥം ഇങ്ങനെയല്ല. ഹോസ് ടെക്സ്റ്റ് (Hors Texte) എന്നു പറഞ്ഞാല്‍ ഫ്രഞ്ച് ഭാഷയിലെ അച്ചടിരംഗത്തെ ഒരു സാങ്കേതിക പദം കൂടിയാണ്. ഒരു പുസ്തകത്തിലെ നമ്പറിടാത്ത പേജുകള്‍, അനുബന്ധങ്ങള്‍ തുടങ്ങിയവക്കാണ് ഈ പദം ഉപയോഗിക്കുന്നത്. ഒഴിച്ചിട്ടിരിക്കുന്ന പേജുകളും സാധാരണ പേജ് നമ്പറുകളില്‍ നിന്ന് വ്യത്യസ്തമായി റോമന്‍ ക്രമനമ്പര്‍ ഉപയോഗിച്ചിട്ടുള്ള പേജുകളും നമ്പറിടാത്ത പേജുകളും അനുബന്ധങ്ങളും ചിത്രങ്ങളുടെ പേജുകളും ചാര്‍ട്ടുകളും എല്ലാം കൂടി ഉള്‍പ്പെടുന്നതാണ് ആ പുസ്തകം. അതായത് ഹോസ് ടെക്സ്റ്റ് കൂടി ഉള്‍പ്പെട്ടതാണ് ഒരു പുസ്തകം എന്നര്‍ഥം. ഇത് മുന്നില്‍ വെച്ച് ദെറീദയുടെ വാക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിന്റെ ആശയതലം നമുക്ക് ബോധ്യമാകും. വാക്കുകളല്ലാതെ മറ്റൊന്നും നിലവിലില്ല എന്നല്ല ദെറീദയുടെ വാദം. അദ്ദേഹം അര്‍ഥമാക്കിയത്, കണ്‍മുന്നില്‍ കാണുന്ന ടെക്സ്റ്റ് മാത്രമല്ല, അതിനു പിന്നിലെ പശ്ചാത്തലവും സന്ദര്‍ഭവും ഘടനയും എല്ലാം കൂടിച്ചേര്‍ന്നതാണ് ഒരു ടെക്സ്റ്റ്. അതായത് ഒരു ഉദ്ധരണി അല്ലെങ്കില്‍ വാചകങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയം ആ വാക്കുകളിലൂടെ പ്രകടമാവുന്നത് മാത്രമല്ല, മറിച്ച്, അതിനു പുറമെയുള്ള കാര്യങ്ങള്‍ കൂടി ഉള്‍വഹിക്കുന്നുണ്ട്.
കണ്ണൂര്‍ പോലീസിന്റെ ഇണ്ടാസിനെ, നേര്‍ക്കുനേരെ എടുക്കുമ്പോഴുള്ള പ്രശ്‌നത്തേക്കാളും അധികമാണ് അതിന്റെ ഹോസ് ടെക്സ്റ്റ് ഉയര്‍ത്തുന്ന വാദങ്ങള്‍. കേരളത്തിലെ വെള്ളിയാഴ്ച ഖുത്ബകള്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നതാണെന്നും, ആരാധനാലയങ്ങള്‍ സാമൂഹിക സുരക്ഷക്ക് ഭീഷണിയാണെന്നും, പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെല്ലാം സാമുദായിക സൗഹാര്‍ദത്തിന് വിഘാതം സൃഷ്ടിക്കുന്നതാണെന്നും വാദിച്ചതിനു ശേഷമാണ് യഥാര്‍ഥത്തില്‍ ആ നോട്ടീസിലെ വാചകങ്ങള്‍ എഴുതേണ്ടത്. എഴുതിയതു മാത്രമേ നമ്മള്‍ കാണുന്നുള്ളൂ എങ്കിലും, അതില്‍ പ്രിന്റ് ചെയ്യാതെ വിട്ടുപോയ ദുരാരോപണങ്ങളെക്കുറിച്ച് പൊതുസമൂഹവും മുസ്ലിം സമുദായവും ബോധമുള്ളവരാണ് എന്ന തിരിച്ചറിവ് കൂടി ഈ സംഭവത്തിലൂടെ ഭരണകൂടത്തിന് ഉണ്ടാവേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x