2 Friday
December 2022
2022 December 2
1444 Joumada I 8

ഇന്നത്തെ നേതാക്കള്‍ മറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ഹിന്ദുത്വക്ക് ഫാസിസവുമായി അടുത്ത ബന്ധമുണ്ട്

രാമചന്ദ്ര ഗുഹ


കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ശാരദ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പരീക്ഷയില്‍ ഇങ്ങനെ ഒരു ചോദ്യം ഉള്‍പ്പെടുത്തി: ‘ഫാസിസം/ നാസിസം/ വലതുപക്ഷ ഹിന്ദു (ഹിന്ദുത്വ) എന്നിവ തമ്മില്‍ എന്തെങ്കിലും സമാനതകള്‍ കാണാനാവുന്നുണ്ടോ? നിങ്ങളുടെ വാദങ്ങള്‍ വിശദീകരിക്കുക.’ ആ ചോദ്യം ഉള്‍പെടുത്തുന്നതുതന്നെ നമ്മുടെ രാജ്യത്തിന്റെ മഹത്തായ അസ്തിത്വത്തിനുതന്നെ വിപരീതമാണെന്നും സമൂഹത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി മേല്‍പ്പറഞ്ഞ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു.
ശാരദ യൂണിവേഴ്‌സിറ്റി അധ്യാപകനെ തന്റെ വിദ്യാര്‍ഥികളോട് ചോദിക്കുന്നതില്‍ നിന്ന് വിലക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇറ്റാലിയന്‍ ചരിത്രകാരനായ മര്‍സിയ കാസോലറിയുടെ രചനകളാണ് ഞാന്‍ ആശ്രയിക്കുന്നത്, വിശേഷിച്ചും 2000- ത്തില്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച Hindutva’s Foreign Tieup in the 1930s എന്ന ലേഖനവും ഇരുപത് വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച Shadow of the Swastika: The Relationships Between Indian Radical Nationalism, Italian Fascism and Nazism എന്നപുസ്തകവും.
കാസോലറിയുടെ പുസ്തകങ്ങള്‍ ഇറ്റലി, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെല്ലാമായി വിഭിന്ന ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ പ്രാഥമിക ദത്തമായി സ്വീകരിച്ചു നടത്തിയ വ്യാപകമായ ഗവേഷണങ്ങളുടെ ഫലമാണ്. 1920കളിലും ’30കളിലും മറാത്തി മാധ്യമങ്ങള്‍ ഇറ്റലിയിലെ ഫാസിസത്തിന്റെ വളര്‍ച്ച വളരെ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും സമാനമായ പ്രത്യയശാസ്ത്രം ഇന്ത്യയിലും കൊണ്ടുവന്നാല്‍ പിന്നോക്കം നില്‍ക്കുന്ന കാര്‍ഷിക രാജ്യമായ ഇന്ത്യയെ വളര്‍ന്നുവരുന്ന ഒരു വ്യാവസായിക രാജ്യമാക്കി മാറ്റാനാവുമെന്നും, വഴക്കടിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ അച്ചടക്കവും പട്ടാളച്ചിട്ടയും കൊണ്ടുവരാനാവുമെന്നും കരുതിയിരുന്നതായി അവര്‍ വ്യക്തമാക്കുന്നു.
സൈനികബോധം
ബെനിറ്റോ മുസോളീനിയെക്കുറിച്ചും ഫാസിസത്തെക്കുറിച്ചുമുള്ളലേഖനങ്ങള്‍ കെ ബി ഹെഡ്‌ഗേവാര്‍, എം എസ് ഗോള്‍വാള്‍കര്‍ എന്നീ ആര്‍ എസ് എസിന്റെ സ്ഥാപക നേതാക്കളും വി ഡി സവര്‍ക്കര്‍, ബി എസ് മൂഞ്ചേ എന്നീ ഹിന്ദു മഹാസഭാ നേതാക്കളും വായിച്ചിരിക്കാന്‍ നല്ല സാധ്യതയുണ്ടെന്ന് കസോലറി പ്രസ്താവിക്കുന്നു. അവരുടെയെല്ലാം മാതൃഭാഷ മറാത്തിയായിരുന്നു. കസോലറി ഇങ്ങനെ നിരീക്ഷിക്കുന്നു: ”1920-കളുടെ അവസാനമായപ്പോഴേക്കും ഫാസിസ്റ്റ് ഭരണത്തിനും മുസോളിനിക്കും മഹാരാഷ്ട്രയില്‍ ധാരാളം അനുയായികളുണ്ടായി.ഇറ്റാലിയന്‍ സമൂഹം ക്രമരാഹിത്യത്തില്‍ നിന്ന് ചിട്ടയിലേക്കും അച്ചടക്കത്തിലേക്കും മാറിയതും സമൂഹത്തിന്റെ സൈനികവത്കരണവുമാണ് തീര്‍ച്ചയായും ഹിന്ദു ദേശീയവാദികളെ ആകര്‍ഷിച്ചത്.ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥ ബ്രിട്ടീഷുകാരുടെ സംവിധാനമായി കണക്കാക്കപ്പെട്ട ജനാധിപത്യത്തിന് ബദലായി പരിഗണിക്കപ്പെട്ടു.”
കസോലറിയുടെ പഠനങ്ങളില്‍ ഹിന്ദു വലതുപക്ഷത്തിന്റെപ്രമുഖ വ്യക്തിത്വമായ ഡോ. ബി എസ് മൂഞ്ചേക്ക് വലിയ സ്ഥാനമുണ്ട്. 1931ല്‍ മൂഞ്ചേ ഇറ്റലി സന്ദര്‍ശിച്ചു പല ഫാസിസ്റ്റ് അനുയായികളെയും കണ്ടു. ബനിറ്റോ മുസോളിനിയും അദ്ദേഹത്തിന്റെ ആശയങ്ങളും യുവാക്കളില്‍ സൈനിക പരിശീലനവും മറ്റും നടപ്പിലാക്കുന്നതും മൂഞ്ചേയില്‍ വളരെ മതിപ്പുളവാക്കി.
മൂഞ്ചേയുടെ അപേക്ഷയനുസരിച്ചു മുസോളിനിയുമായി കൂടിക്കാഴ്ചക്കുള്ള അവസരമനുവദിച്ചു. ഫാസിസ്റ്റ് യുവജന സംഘടനകളെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ ആ ഇന്ത്യന്‍ സന്ദര്‍ശകന്‍ ഇങ്ങനെയാണ് പറഞ്ഞത്: ”മഹാത്മാവേ, ഞാന്‍ വളരെയധികം പ്രഭാവിതനാണ്. വളര്‍ന്നു വരുന്ന ഏതൊരു രാജ്യത്തിനും ഇത്തരം സംഘടനകള്‍ ആവശ്യമാണ്. സൈനികമായ പുനരുജ്ജീവനത്തിനായി ഇന്ത്യക്ക് അത്തരം സംഘടനകള്‍ വളരെ ആവശ്യമാണ്.”
ഇറ്റലിയിലെ ഫാസിസ്റ്റ് ഏകാധിപതിയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച്മൂഞ്ചേ ഇങ്ങനെ പറയുന്നു:’യൂറോപ്പിലെ മഹാന്മാരില്‍ ഒരുവനായ സിഞ്ഞോര്‍ മുസോളിനിയുമായുള്ള എന്റെഅവിസ്മരണീയമായ കൂടിക്കാഴ്ച അങ്ങനെ അവസാനിച്ചു. പരന്ന മുഖവും ഇരട്ടത്താടിയും വിരിഞ്ഞ നെഞ്ചുമുള്ള ദീര്‍ഘകായനാണ് അദ്ദേഹം. നിശ്ചയദാര്‍ഢ്യവും ശക്തമായ വ്യക്തിത്വവുമുള്ളയാളാണെന്ന് ആ മുഖം കണ്ടാല്‍ പറയും. ഇറ്റലിക്കാര്‍ അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു.”
മുസോളിനിയുടെ വ്യക്തിത്വം മൂഞ്ചേയെ ഹഠാദാകര്‍ഷിച്ചിരുന്നു. സ്ഥിരമായ യുദ്ധവും, സമാധാനത്തോടും അനുരഞ്ജനത്തോടുമുള്ള പുച്ഛവും ചേര്‍ന്ന മുസോളിനിയുടെ ദര്‍ശനം മൂഞ്ചേക്ക് വളരെ ഇഷ്ടപ്പെട്ടു.ഇറ്റാലിയന്‍ ഏകാധിപതിയുടെ ഇത്തരം അംഗീകാര പ്രസ്താവനകള്‍ അദ്ദേഹം ഉദ്ധരിച്ചു: ”മനുഷ്യന്റെ സകല ഊര്‍ജവും സമരത്തിലേര്‍പ്പെടുകയും അതിന് മുതിരുന്ന ധൈര്യശാലികള്‍ക്ക് മാന്യതയുടെ മുദ്ര ചാര്‍ത്തുകയും ചെയ്യുന്നത് യുദ്ധം ഒന്നു മാത്രമാണ്.” ഇങ്ങനെയും അദ്ദേഹം ഉദ്ധരിച്ചു: ”സ്ഥായിയായ ശാന്തി സാധ്യമാണെന്നോ പ്രയോജനപ്രദമാണെന്നോ ഫാസിസം വിശ്വസിക്കുന്നില്ല. ത്യാഗത്തിന് മുന്നില്‍ ഭീരുത്വം കാണിക്കുന്ന, കഷ്ടപ്പാടിനെ തള്ളിക്കളയുന്ന ശാന്തിവാദത്തെ അത് നിരസിക്കുന്നു.”
പിന്നീട് ആര്‍ എസ് എസിന്റെ സ്ഥാപകനായ കെ ബി ഹെഡ്‌ഗേവാറിന്റെ ഗുരുതുല്യനായിരുന്നു മൂഞ്ചേ. നാഗ്പൂരില്‍ വിദ്യാര്‍ഥിയായിരിക്കെ ഹെഡ്‌ഗേവാര്‍ മൂഞ്ചേയുടെ വീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് കല്‍ക്കത്തയില്‍ വൈദ്യപഠനത്തിന് അയച്ചതും മൂഞ്ചേ തന്നെ. ഇറ്റാലിയന്‍ സന്ദര്‍ശനത്തിനുശേഷം മൂഞ്ചേയും ഹെഡ്‌ഗേവാറും ആര്‍ എസ് എസ്, ഹിന്ദു മഹാസഭ എന്നിവയെ ഒരുമിച്ചു കൊണ്ടുവരാന്‍ കഠിനമായി പ്രയത്‌നിച്ചു. 1934 ജനുവരിയില്‍ ഫാസിസത്തെ കുറിച്ചും മുസോളിനിയെക്കുറിച്ചും നടന്ന ഒരു സമ്മേളനത്തില്‍ ഹെഡ്‌ഗേവാര്‍ അധ്യക്ഷത വഹിക്കുകയും മൂഞ്ചേ മുഖ്യ പ്രഭാഷകരില്‍ ഒരാളായിരിക്കുകയും ചെയ്തു എന്ന് കസോലറി പറയുന്നു.

ഹിന്ദുമതത്തിന്റെ
ഏകീകരണം

അതേ വര്‍ഷം മാര്‍ച്ചില്‍ മൂഞ്ചേ, ഹെഡ്‌ഗേവാറും മറ്റു സഹപ്രവര്‍ത്തകരുമായി നടത്തിയ ദീര്‍ഘമായൊരു യോഗത്തില്‍ ഇങ്ങനെ പറയുന്നു: ”ഇന്ത്യയിലെമ്പാടും ഹിന്ദുമതത്തെ ഏകീകരിക്കുന്നതിനായി ഹിന്ദു ധര്‍മശാസ്ത്രത്തെ ആധാരമാക്കി ഒരു പദ്ധതി ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. പക്ഷേ കാര്യം എന്താണെന്നുവെച്ചാല്‍ അത് സാധ്യമാകുന്നതിന് നമുക്ക് ഒരു ഹിന്ദു ഏകാധിപതിയായുള്ള ഒരു സ്വരാജ് വേണം, മുന്‍പ് ശിവജി ഉണ്ടായിരുന്നതുപോലെ, അല്ലെങ്കില്‍ ഇന്ന് ഇറ്റലിയിലെ മുസോളിനിയെപ്പോലെ, ജര്‍മനിയിലെ ഹിറ്റ്‌ലറെപ്പോലെ. ഇന്ത്യയില്‍ ഒരു ഏകാധിപതി ഉദയം കൊള്ളുന്നതുവരെ കൈയും കെട്ടി ഇരിക്കണമെന്നല്ല അതിനര്‍ഥം. നമുക്ക് അതിനായി ശാസ്ത്രീയമായ ഒരു പദ്ധതി രൂപീകരിച്ചു പ്രചാരണം നടത്തണം.”
മൂഞ്ചേ ഇറ്റലിയിലെ ഫാസിസവും ആര്‍ എസ് എസിന്റെ ദര്‍ശനവും തമ്മില്‍ വ്യക്തമായ താരതമ്യം നടത്തി ഇങ്ങനെ എഴുതി: ”ഫാസിസത്തിന്റെ ആശയം ജനങ്ങളില്‍ ഐക്യബോധം കൊണ്ടുവരുന്നു. ഇന്ത്യക്ക്, വിശേഷിച്ചും ഹിന്ദു ഇന്ത്യക്ക് അത്തരത്തില്‍ ഹിന്ദുക്കളുടെ സൈനികവത്കരണത്തിനായി ഒരു സംവിധാനം ആവശ്യമാണ്. തികച്ചും സ്വതന്ത്രമായി വിഭാവനം ചെയ്തതാണെങ്കിലും നമ്മുടെ ഡോ. ഹെഡ്‌ഗേവാറിനു കീഴില്‍ നാഗ്പൂരിലുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് അത്തരത്തില്‍ ഒന്നാണ്.”
ഇറ്റലിയിലെ ബലില്ല എന്ന യുവജന സംഘടനയുടെ അംഗത്വ ദാനവുമായി സാമ്യമുണ്ട് ആര്‍ എസ് എസിന്റെ ആളുകളെ ചേര്‍ക്കുന്ന രീതിക്ക് എന്ന് കസോലറി നിരീക്ഷിക്കുന്നു. ”പ്രായം അനുസരിച്ചാണ് ശാഖയില്‍ അംഗങ്ങളെ തരം തിരിക്കുന്നത്. (0-7 to 10; 10 to 14; 14 to 28; 28 and older). ഫാസിസ്റ്റ് യുവജന സംഘടനകളുടെ പ്രായം അനുസരിച്ചുള്ള ബാന്‍ഡുകള്‍ ഇതോട് വളരെയധികം സാമ്യമുള്ളതാണ്. എന്നാല്‍ സംഘടന സ്ഥാപിച്ച ശേഷമാണ് ആര്‍ എസ് എസ് അംഗങ്ങളുടെ ശ്രേണീക്രമം വന്നത്, അതുതന്നെ ഫാസിസത്തില്‍ നിന്ന് വന്നതാവും.”
കസോലറി 1933ലെ ഒരു പോലിസ് ഓഫീസറുടെ ആര്‍ എസ് എസിനെക്കുറിച്ചുള്ള കുറിപ്പ് ഉദ്ധരിക്കുന്നുണ്ട്: ”ഫാസിസ്റ്റുകള്‍ ഇറ്റലിക്കും നാസിസ്റ്റുകള്‍ ജര്‍മനിക്കുമെന്നതു പോലെ ഭാവിയില്‍ ഇന്ത്യക്കു സമാനമായ ധര്‍മം നിര്‍വഹിക്കാനാണ് സംഘ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. സംഘ് അടിസ്ഥാനപരമായി രാജ്യത്തു ഹിന്ദു മേല്‍ക്കോയ്മ ലക്ഷ്യം വെച്ചുള്ള ഒരു മുസ്ലിം വിരുദ്ധ സംഘടനയാണ്.”
കസോലറിയുടെ പഠനങ്ങളില്‍ സവര്‍ക്കറുടെ ലോകവീക്ഷണത്തെക്കുറിച്ചുള്ള കൗതുകകരമായ ചില നിരീക്ഷണങ്ങളുണ്ട്: ”1938നോടടുത്തു സവര്‍ക്കറുടെ അധ്യക്ഷതയിലുള്ള ഹിന്ദു മഹാസഭയുടെ പ്രധാന റഫറന്‍സ് ആയി മാറി. ജര്‍മനിയുടെ വംശീയമായപദ്ധതികള്‍ ഇന്ത്യയിലെ മുസ്ലിം പ്രശ്‌നം പരിഹരിക്കാനുള്ള മാതൃകയായി സ്വീകരിക്കപ്പെട്ടു.”
കസോലറി സവര്‍ക്കറുടേതായി ഇനി പറയുന്ന പരാമര്‍ശങ്ങള്‍ പങ്കുവെക്കുന്നു: ”ജര്‍മനിക്ക് നാസിസത്തെയും ഇറ്റലിക്ക് ഫാസിസത്തെയും ആശ്രയിക്കാന്‍ എല്ലാ അധികാരവുമുണ്ട്. സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത് അത്തരം ആശയങ്ങളും ഭരണസംവിധാനങ്ങളും പ്രയോജനപ്രദമായിരുന്നു അവര്‍ക്ക് ലഭ്യമായ സാഹചര്യത്തില്‍ എന്നാണ്.”
”സമാനമായ ഭൂപ്രകൃതി എന്നതിലേറെ ചിന്തയിലും മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള ഐക്യമാണ് ദേശീയതക്ക് ആധാരം. ഈ കാരണം കൊണ്ടുതന്നെ ജര്‍മന്‍കാരെയും ജൂതരെയും ഒരു ദേശമായി കണക്കാക്കുക സാധ്യമല്ല.”
”ജര്‍മനിയില്‍ ജര്‍മന്‍കാരുടേത് ദേശീയ പ്രസ്ഥാനവും ജൂതരുടേത് വര്‍ഗീയ പ്രസ്ഥാനവുമാണ്.”
”ഒരു ദേശം രൂപം കൊള്ളുന്നത് അവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തെക്കൊണ്ടാണ്. ജര്‍മനിയില്‍ ജൂതന്മാര്‍ എന്താണ് ചെയ്തത്? ന്യൂനപക്ഷമായ അവരെ അവിടെനിന്നു തുരത്തിയോടിക്കുകയാണുണ്ടായത്.” സവര്‍ക്കര്‍ ഇന്ന് ഇന്ത്യയില്‍ അധികാരത്തിലുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ഒരു ബിംബമാണ്.
കസോലറിയുടെ പുസ്തകം ഹിന്ദുത്വയുടെ പ്രതിപുരുഷനെക്കൂടി പരാമര്‍ശിക്കുന്നുണ്ട്- ശ്യാമപ്രസാദ് മുഖര്‍ജിയാണത്. ലോകമഹായുദ്ധങ്ങള്‍ക്കിടയിലുള്ള കാലത്ത് ഇറ്റാലിയന്‍ ഭരണകൂടംഫാസിസത്തെ പിന്തുണക്കാന്‍ ഇടയുള്ള ഇന്ത്യന്‍ ബുദ്ധിജീവികളുമായും രാഷ്ട്രീയ നേതാക്കളുമായും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു.
ആ തലമുറയിലെ പ്രഗത്ഭനായ ഇറ്റാലിയന്‍ ഓറിയന്റലിസ്റ്റും ഫാസിസ്റ്റ് അനുകൂലിയുമായ ഗിസപ്പി റ്റുചി അവരുടെ ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോയി. റ്റുചി മൂഞ്ചേയുമായി സ്ഥിരമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. 1930കളില്‍ റ്റുചി അന്നത്തെ കല്‍ക്കത്ത സര്‍വകലാശാല വൈസ് ചാന്‍സലറും പിന്നീട് ബിജെപിയുടെ മുന്‍ഗാമിയായ ജനസംഘിന്റെ സ്ഥാപകനുമായ എസ് പി മുഖര്‍ജിയുമായും ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടു. തന്റെ മാര്‍ഗദര്‍ശിയായ ജിയോവനി ജന്റിലിനു എഴുതവേ റ്റുചി മുഖര്‍ജിയെ കല്‍ക്കത്തയിലെ തങ്ങളുടെ ‘സുപ്രധാന സഹകാരി’ എന്നാണ് വിശേഷിപ്പിച്ചത്.
ഹിന്ദുത്വയും ഫാസിസവും തമ്മില്‍ സമാനതകള്‍ കണ്ടെത്തുന്ന ആദ്യത്തെ ആളല്ല മര്‍സിയ കസോലറി. എന്നാല്‍ അക്കാര്യം മറ്റാരേക്കാളും കൂടുതല്‍ വിശദാംശങ്ങളോടെ കസോലറി നിര്‍വഹിക്കുന്നുണ്ട്. അവരുടെ ഗവേഷണ പഠനങ്ങള്‍ കാണിക്കുന്നത് ശാരദ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ വിദ്യാര്‍ഥികളോട് ന്യായമായതും സുപ്രധാനവുമായ ഒരു ചോദ്യമാണ് ചോദിച്ചത് എന്നാണ്. അതിന് ഉത്തരമെഴുതാന്‍ അവരെ അനുവദിക്കാതിരിക്കുകയും അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത് അധികൃതരുടെ സത്യത്തോടുള്ള ഭയമാണ് കാണിക്കുന്നത്. ഒരുപക്ഷേ അതിലേറെ ഹിന്ദുത്വയുടെ സ്ഥാപകര്‍ യൂറോപ്യന്‍ ഫാസിസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു എന്ന വസ്തുത നാം മറക്കണമെന്ന് ആഗ്രഹിക്കുന്ന തങ്ങളുടെ രാഷ്രീയ മേലാളന്മാരോടുള്ള ഭയമാവാം.
വിവ. ഡോ. സൗമ്യ പി എന്‍
(കടപ്പാട്: ദി ടെലഗ്രാഫ്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x