1 Saturday
October 2022
2022 October 1
1444 Rabie Al-Awwal 5

ഹിലാല്‍ പ്രഖ്യാപനം പ്രതിസന്ധികള്‍ക്ക് പരിഹാരമില്ലേ ?

പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി


മാസപ്പിറവി പ്രഖ്യാപനത്തിലെ അനൈക്യം അവസാനിപ്പിക്കേണ്ടതാണെന്ന് എല്ലാവരും പറയുന്നു. പക്ഷെ, അതിനുള്ള ശരിയായ മാര്‍ഗം നാം സ്വീകരിക്കാറില്ല. നോമ്പും പെരുന്നാളും ഹജ്ജും അറഫയും വരുമ്പോഴാണ് ഈ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്. പിന്നീട് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗം സജീവമാകും. ഇതെല്ലാം അവസാനിപ്പിക്കാനുള്ള മാര്‍ഗം ഇസ്‌ലാം നമ്മുടെ മുന്നില്‍ തുറന്നു വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പരിഗണിക്കേണ്ടത് നബി(സ)യുടെ ഒരു വചനമാണ്. അവിടുന്ന് പറഞ്ഞു:

”ദീന്‍ ഗുണകാംക്ഷയോടെയുള്ള ഉപദേശമാണ്. ഞങ്ങള്‍ ചോദിച്ചു: ആര്‍ക്കാണ് ഞങ്ങള്‍ ഉപദേശം നല്‍കേണ്ടത്? അല്ലാഹുവിന്നും അവന്റെ കിതാബിനും അവന്റെ റസൂലിനും മുസ്‌ലിം നേതൃത്വത്തിന്നും സാമാന്യജനങ്ങള്‍ക്കും.” (മുസ്‌ലിം)
ഇവിടെ അല്ലാഹുവിനും അവന്റെ കിതാബിനും അവന്റെ റസൂലിനും ഉപദേശം നല്‍കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്, അല്ലാഹുവിനോടും കിതാബിനോടും പ്രവാചകനോടും കൂറ് കാണിക്കുക എന്നതാണ്. കിതാബിനെയും സുന്നത്തിനെയും മുഖവിലക്കെടുത്ത് അതില്‍ പറഞ്ഞതനുസരിച്ച് വിശ്വാസങ്ങളെയും കര്‍മങ്ങളെയും ക്രമീകരിക്കുക. അതുപോലെ നേതൃത്വത്തിന്നും അനുയായികള്‍ക്കും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുക. അല്ലാഹു പറയുന്നു:

”ചന്ദ്രന് നാം ചില സ്ഥാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.” (36:39)
28 മന്‍സിലുകളാണ് ഓരോ മാസവും ചന്ദ്രന് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതിനുശേഷം ഒന്നോ രണ്ടോ ദിവസം ചന്ദ്രന്‍ ഒളിഞ്ഞിരിക്കും. ഇതിന്ന് ആസ്‌ട്രോണമിക് ന്യൂമൂണ്‍, കറുത്ത വാവ്, അമാവാസി എന്നെല്ലാം പറയുന്നു. ഇതിനുശേഷം സൂര്യന്‍ അസ്തമിച്ച് ക്രസന്റ് ന്യൂമൂണ്‍ അഥവാ മാസപ്പിറവി സംഭവിക്കുന്നു. ഈ പിറവിയുടെ അടിസ്ഥാനത്തിലാണ് നാം നോമ്പും പെരുന്നാളും ഹജ്ജും അറഫയുമെല്ലാം ആചരിക്കുന്നത്. ഈ പിറവി ഉറപ്പു വരുത്താന്‍ ഇതിന് മുമ്പുള്ള മാസങ്ങള്‍ കൃത്യമായി വിലയിരുത്തണമെന്ന് നബി(സ) പറഞ്ഞു.

”റമദാന്‍ മാസം തിട്ടപ്പെടുത്താന്‍ ശഅ്ബാന്‍ മാസം കൃത്യമായി വിലയിരുത്തുക.” (തിര്‍മിദി)
ഇതുപോലെ ഹജ്ജിന്റെയും അറഫയുടെയും കൃത്യത ഉറപ്പുവരുത്താന്‍ ദുല്‍ഖഅദ് മാസം കൃത്യമായി വിലയിരുത്തണം. ഇങ്ങനെ റമദാനിനും ദുല്‍ഹിജ്ജക്കും മുമ്പുള്ള മാസങ്ങള്‍ കൃത്യമായി വിലയിരുത്തിയാല്‍ പിന്നെ അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല.
ഇക്കാര്യം പൂര്‍വിക പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. അല്‍അലാ ഉല്‍ അസ്‌കഫി പറയുന്നു: ”ജനങ്ങളുടെ മേലുള്ള ഒരു സാമൂഹ്യ ബാധ്യതയാണ് റജബ് 29-നും ശഅ്ബാന്‍ 29-നും ശവ്വാല്‍ 29-നും ദുല്‍ഖഅദ് 29-നും പിറവി ഉറപ്പു വരുത്തല്‍.” (മജ്മഉല്‍ അന്‍ഹാര്‍ 1:238). ഇക്കാര്യം കുവൈത്തില്‍ നിന്നിറങ്ങിയ അല്‍മൗസൂഅത്തില്‍ ഫിഖ്ഹിയ്യയിലും (23:22) പ്രസ്താവിച്ചിട്ടുണ്ട്. റമദാനിന്റെയും ദുല്‍ഹിജ്ജയുടെയും ഓരോ മാസം മുമ്പുതന്നെ മാസപ്പിറവി നോക്കണമെന്നര്‍ഥം. ഇവിടെ നമുക്ക് പൊതുവെ വീഴ്ച പറ്റുന്നുണ്ട്. അത് നമ്മള്‍ പരിഹരിച്ചേ മതിയാവൂ.
സഊദി അറേബ്യയില്‍ കഴിഞ്ഞ ദുല്‍ഖഅദ് മാസം ഇങ്ങനെ പരിഗണിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശവ്വാല്‍ 29-ന് (10-6-21 വ്യാഴം) സഊദിയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖഅദ് ഒന്ന് 11-6-21 വെള്ളിയായി നിശ്ചയിച്ചു. തുടര്‍ന്ന് 9-7-21 വെള്ളി ദുല്‍ഖഅദ് 29-ന് മാസപ്പിറവി കണ്ടില്ല. അതിനാല്‍ 30 തികച്ച് 11-7-21 ഞായര്‍ ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിച്ചു. ഇതാണ് ശരിയും സ്വീകാര്യയോഗ്യമായതും. കാരണം ഹജ്ജും അറഫയും നിശ്ചിത സ്ഥലങ്ങളില്‍ വെച്ചു മാത്രം നടക്കുന്ന കര്‍മങ്ങളാണ്. അതിനാല്‍ ലോകമുസ്‌ലിംകള്‍ എല്ലാവരും അത് അംഗീകരിക്കുന്നു.
2021-ലെ ഹജ്ജും അറഫയും സഊദിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ലോകമുസ്‌ലിംകള്‍ എല്ലാവരും സ്വീകരിച്ചു. അറേബ്യന്‍ നാടുകള്‍ മുഴുവനും സ്വീകരിച്ചു. അവിടെ ആരും ഉദയാസ്തമയം കണക്കിലെടുത്ത് ഞങ്ങള്‍ ദുല്‍ഹിജ്ജ മാസം കണ്ടില്ല എന്നു പറഞ്ഞില്ല. കാരണം അവര്‍ക്കറിയാം ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായം.

”ഏതെങ്കിലും ഭൂഖണ്ഡത്തില്‍ മാസപ്പിറവി കാഴ്ച സ്ഥിരപ്പെട്ടാല്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ ഉള്ളവര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. ശരിയായ മാര്‍ഗത്തിലൂടെ വാര്‍ത്ത കിട്ടിയാല്‍ പിറവി സ്ഥിരപ്പെടുത്തുന്ന വിഷയത്തില്‍ ദൂരവും അടുപ്പവും വ്യത്യാസമില്ല. മൂന്നു ഇമാമുകളുടെ (അബുഹനീഫ, മാലിക്, അഹ്മദ്ബ്‌നു ഹന്‍ബല്‍) അടുക്കല്‍ ഉദയാസ്തമയ വ്യത്യാസത്തിന് യാതൊരു പരിഗണനയും ഇല്ല. (അല്‍മദാഹിബുല്‍ അര്‍ബഅ 1:335)
ലോകത്ത് ബഹൂഭൂരിപക്ഷം പണ്ഡിതന്മാരുടെയും ജനങ്ങളുടെയും അഭിപ്രായമാണിത്. ഈ നിലപാട് നമുക്കും സ്വീകരിക്കാവുന്നതേയുള്ളൂ. ഇവരെല്ലാം അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിന്ന് നേതൃത്വം കൊടുത്ത പണ്ഡിതരാണല്ലോ. ഇവിടെ ഏതു വിഷയം ചര്‍ച്ചക്കെടുത്താലും ഞങ്ങള്‍ ഭൂരിപക്ഷ പണ്ഡിതന്മാരുടെ കൂടെയാണെന്ന് സാധാരണ പറയുന്നവര്‍, എന്തേ ഇവിടെ മാസപ്പിറവി വിഷയത്തില്‍ ഭൂരിപക്ഷ പണ്ഡിതന്മാരെ അവഗണിച്ചത്. സുഊദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും മുസ്‌ലിംകള്‍ സുഊദിയിലെ പിറവി അടിസ്ഥാനപ്പെടുത്തി ജൂലൈ 11 നാണ് ദുല്‍ഹജ്ജ് – 1 തുടങ്ങിയത്. അവര്‍ക്ക് അറഫ നോമ്പ് തിങ്കളും പെരുന്നാള്‍ ചൊവ്വയുമായിരുന്നു. മേല്‍പറഞ്ഞ പണ്ഡിതാഭിപ്രായം വ്യക്തിമാക്കുന്നതും ഇതു തന്നെയാണ്. ഇരുപതിന്ന് (ചൊവ്വ) അറഫ നോമ്പെടുക്കുന്നത് യഥാര്‍ഥത്തില്‍ പെരുന്നാള്‍ ദിനത്തിലാണ്. അതാവട്ടെ നബി(സ) വിലക്കിയതുമാണ്.
ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് ശാഫിഈക്കുള്ളത്. അദ്ദേഹം ഉദയാസ്തമയ വ്യത്യാസം പരിഗണിക്കണമെന്ന അഭിപ്രായക്കാരനാണ്. മറ്റു മദ്ഹബുകളെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കുറവാണ് ശാഫിഈ മദ്ഹബുകാര്‍. അവരെയും നാം തള്ളിക്കളയേണ്ടതില്ല. വ്യത്യസ്ത വീക്ഷണമുള്ള ഹദീസുകള്‍ക്കിടയില്‍ ആശയ സമന്വയം ഉണ്ടാക്കുവാനാണ് ഹദീസ് നിദാനശസ്ത്ര പണ്ഡിതന്മാര്‍ നിര്‍ദേശിക്കാറുള്ളത്. ഇബ്‌നുഉമര്‍(റ) റിപ്പോര്‍ട്ടു ചെയ്യുന്ന വിവിധ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഏറ്റവും പ്രബലമായ ഹദീസ് നോക്കൂ.

”അല്ലാഹു ചന്ദ്രക്കലകളെ ജനങ്ങള്‍ക്ക് കാലനിര്‍ണയത്തിന്നായി നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ ആ ചന്ദ്രക്കല കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക. അതു കണ്ടാല്‍ മുറിക്കുകയും ചെയ്യുക. മേഘാവൃതമായാല്‍ 30 ദിവസം എണ്ണുക.” (ബുഖാരി)
ഇതിന്ന് വിരുദ്ധമായി വന്ന കുറൈബിന്റെ ഹദീസാണ് ഉദായസ്മതയം പരിഗണിക്കണമെന്ന ശാഫിഈ മദ്ഹബുകാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനം. നീണ്ട ഹദീസായതുകൊണ്ട് ഇവിടെ ഉദ്ധരിക്കുന്നില്ല.
ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നത് രണ്ട് ഹദീസുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് തോന്നിയാല്‍ അതില്‍ ഒന്ന് തള്ളിക്കളഞ്ഞു മറ്റേ ഹദീസുകള്‍ കൊണ്ട് അമല്‍ ചെയ്യുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, അല്പം വ്യാഖ്യാനിച്ചു വൈരുധ്യം ഇല്ലായ്മ ചെയ്തു രണ്ടു ഹദീസുകള്‍ കൊണ്ടും അമല്‍ ചെയ്യലാണ് എന്നാണ്. അതിനാല്‍ കുറൈബിന്റെ ഹദീസും ഇബ്‌നുഉമറിന്റെ ഹദീസും ഈ ആശയത്തില്‍ നമുക്ക് വിലയിരുത്താം.
അന്താരാഷ്ട്ര തിയ്യതി രേഖക്ക് (IDL) അപ്പുറത്തും ഇപ്പുറത്തും രണ്ടു തിയ്യതിയാണ്. കിഴക്കു ഭാഗത്തുള്ളവര്‍ വ്യാഴാഴ്ച ളുഹര്‍ നമസ്‌കരിക്കുമ്പോള്‍, പടിഞ്ഞാറു ഭാഗത്തുള്ളവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കരിക്കുന്നു. കിഴക്കുള്ളവര്‍ അവസാന നോമ്പെടുക്കുമ്പോള്‍ പടിഞ്ഞാറുള്ളവര്‍ പെരുന്നാള്‍ ആചരിക്കുന്നു. ഈ വ്യത്യാസം അല്ലാഹു ഭൂമിയുടെ സൃഷ്ടിപ്പില്‍ തന്നെ നല്‍കിയതാണ്. അതു തിരുത്താന്‍ ആര്‍ക്കും കഴിയുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ലോകം രണ്ടു തീയതികളിലൂടെയാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ ഇബ്‌നു ഉമറിന്റെ ഹദീസില്‍ വന്ന വ്യാപകാര്‍ഥത്തെ കണക്കിലെടുത്ത് ശഅ്ബാന്‍ 29-ന് എവിടെയൊക്കെയാണോ മാസപ്പിറവി (crescent ചന്ദ്രക്കല) ഉള്ളത് അവിടെ എവിടെയെങ്കിലും പിറവി കണ്ടാല്‍ അന്ന് crescent ഉള്ള പ്രദേശങ്ങള്‍ക്കെല്ലാം ആ പിറവി ബാധകമാണ്. ഐ ഡി എല്ലിന്റെ മറുഭാഗത്ത് അന്ന് ഒരിക്കലും പിറവി ഉണ്ടാവുകയില്ല. അവിടങ്ങളില്‍ പിറ്റേ ദിവസം നോമ്പും പെരുന്നാളും ആചരിക്കുക. കുറൈബിന്റെയും ഇബ്‌നു ഉമറിന്റെയും നിവേദനങ്ങളെ ഈ രൂപത്തില്‍ വൈരുദ്ധ്യമുക്തമാക്കാന്‍ കഴിയുമോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.
അപ്പോള്‍ പിറവി ഓരോ നാട്ടിലും കാണേണ്ടതില്ല. ഏതെങ്കിലും ഒരു നാട്ടില്‍ കണ്ടാല്‍ അന്ന് പിറവിയുള്ള എല്ലാ നാട്ടുകാര്‍ക്കും അത് ബാധകമാണ്. അന്ന് പിറവി ഇല്ലാത്ത പ്രദേശങ്ങളില്‍ പിറ്റേ ദിവസം നോമ്പും പെരുന്നാളും ആചരിക്കാം. മക്കയും കേരളവും ഒരേ ദിവസം ഹിലാല്‍ കമ്മിറ്റി സാധ്യതയുള്ള മേഖലകളാണ്. പിറവി നമുക്ക് അവലംബിക്കാന്‍ കഴിഞ്ഞാല്‍ ഹിലാല്‍ പ്രഖ്യാപനത്തിലെ പ്രതിസന്ധികള്‍ക്ക് അതും പരിഹാരമാവും.
10-7-21 ദുല്‍ഖഅദ് 29-ന് മാസം കണ്ടില്ലെന്ന് പറയുന്നവര്‍ സമ്മതിക്കുന്ന കാര്യമാണ്, അന്ന് സൂര്യാസ്തമയത്തിനു ശേഷം കേരളത്തില്‍ പലയിടത്തും സൂര്യന്‍ അസ്തമിച്ച് 24-26 മിനുട്ടുകള്‍ ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടെന്ന സത്യം. ഇതനുസരിച്ച് അന്ന് പിറവി നേരില്‍ കണ്ടില്ലെങ്കിലും ശറഇയ്യായി പിറവി സംഭവിച്ചിട്ടുണ്ടെന്ന് നമുക്കുറപ്പുണ്ട്. അതനുസരിച്ച് പിറ്റേ ദിവസം ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിക്കേണ്ടതാണ്. ഇതൊരു പുതിയ അഭിപ്രായമല്ല. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ദഖീഖുല്‍ ഈദി പറയുന്നു:

”ഞാന്‍ പറയുന്നത്, ജോതിഷക്കാരുടെ അഭിപ്രായമനുസരിച്ച് സൂര്യനും ചന്ദ്രനും അടുത്തുനില്‍ക്കുന്ന (ന്യുമൂണിനെ) ആസ്പമാക്കിയുള്ള കണക്കനുസരിച്ച് നോമ്പ് നോല്‍ക്കല്‍ അനുവദീയമല്ല. അവര്‍ ചിലപ്പോള്‍ കണക്കനുസരിച്ച് ഒന്നോ രണ്ടോ ദിവസം മുമ്പ് മാസം ആരംഭിച്ചിരിക്കും. ഇത് പരിഗണിക്കുന്നത് അല്ലാഹു അനുവദിക്കാത്ത പുതിയ ശരീഅത്ത് നിയമം ഉണ്ടാക്കലാണ്. ഇനി കണക്കനുസരിച്ചു കാണാന്‍ സാധിക്കും വിധം പിറവി ഉണ്ടായിട്ടുണ്ട്. പക്ഷെ കാര്‍മേഘം പോലുള്ള തടസ്സങ്ങള്‍ നിമിത്തം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, ശറഇയ്യായ നിലക്ക് പിറവി ഉണ്ടായതുകൊണ്ട് അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.” (ഇഹ്കാമുല്‍ അഹ്കാം ശറഹു ഉംദത്തുന്‍ അഹ്കാം 2:8)
ഈ നയം നമ്മള്‍ സ്വീകരിച്ചാല്‍ ഈ വിഷയത്തിലുള്ള ഭിന്നത പൂര്‍ണമായും അവസാനിപ്പിക്കാം. അപ്പോള്‍ മാസം 29-ന് മാസപ്പിറവി കാണാന്‍ ശ്രമിക്കണം. അന്ന് മേഘാവൃതമായതു കൊണ്ടോ മറ്റോ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ, അന്ന് പിറവി ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ ശൈഖ് ഈദി പറഞ്ഞതുപോലെ ശറഇയ്യായി അന്ന് പിറവി ഉണ്ടായിട്ടുണ്ട്. അതിനാല്‍ പിറ്റേ ദിവസം മാസം ഒന്നായി കണക്കാക്കണം.
മാസപ്പിറവി നിര്‍ണയ സെമിനാര്‍
മാസപ്പിറവി, കാലഗണന, ഗോളശാസ്ത്ര വിജ്ഞാനീയങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കുവൈത്ത് സയന്‍സ് ക്ലബും, കുവൈത്ത് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ സയന്റിഫിക് അഡ്വാന്‍സ്‌മെന്റ് എന്ന സംഘടനയും സംയുക്തമായി 1989 ഫിബ്രവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ നീണ്ടുനിന്ന ത്രിദിന സെമിനാര്‍ കുവൈത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ജോര്‍ദാന്‍, യു എ ഇ, ഒമാന്‍, അല്‍ജീരിയ, സഊദി അറേബ്യ, സുഡാന്‍, ഫലസ്തീന്‍, ഖത്തര്‍, കുവൈത്ത്, ഈജിപ്ത്, മൊറോക്കോ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഇസ്‌ലാമിക നിയമജ്ഞരും, ഗോളശാസ്ത്ര വിദഗ്ധരും, സെമിനാറില്‍ സംബന്ധിച്ചു. ജിദ്ദ ആസ്ഥാനമായുള്ള ഇസ്‌ലാമിക് അറബ് എജ്യക്കേഷന്‍ സയന്‍സ് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, അറബ് സയന്‍സ് ക്ലബ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുകയുണ്ടായി. സെമിനാര്‍ അംഗീകരിച്ച ഏറ്റവും പ്രധാന ശുപാര്‍ശ ഇപ്രകാരമാണ്:
ഒരു നാട്ടില്‍ മാസം കണ്ടതായി അംഗീകരിച്ചാല്‍ മുസ്‌ലിംകള്‍ എല്ലാവരും അതംഗീകരിക്കല്‍ നിര്‍ബന്ധമാണ്. ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ വ്രതം അനുഷ്ഠിക്കുന്നതിനെയും അവസാനിപ്പിക്കുന്നതിനെയും സംബന്ധിച്ച ശറഇന്റെ കല്പനകള്‍ പൊതു സ്വഭാവത്തില്‍ ഉള്ളതാണ്. ഇതാണ് ആ സെമിനാറിലെ പ്രധാന തീരുമാനം.
ഇതേ അഭിപ്രായം തന്നെയാണ് അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിലെ ഭൂരിപക്ഷ പണ്ഡിതന്മാര്‍ക്കുമുള്ളത്. ഏതു വിഷയത്തിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നവര്‍ മാസപ്പിറവി വിഷയത്തില്‍ മാത്രം മുഖം തിരിക്കേണ്ടതുണ്ടോ?
ഇപ്പോള്‍ നടത്തിയ ദിവസ ഭേദഗതി പ്രകാരം ആഗസ്ത് 8 ന് ദുല്‍ഹജ്ജ് 28 മാത്രമേ ആകുന്നുള്ളൂ. പുതിയ പിറവി 4 മിനുട്ട് ഉള്ളതുകൊ ദൃശ്യസാധ്യതയുമുണ്ട്. അങ്ങനെ വരുമ്പോള്‍ 28 ദിവസത്തില്‍ മാസം അവസാനിപ്പിക്കേണ്ടി വരുന്ന പ്രതിസന്ധിയും ഉണ്ടായേക്കും. ഈയിടെ ഈജിപ്തിലെ പണ്ഡിത സഭകളും ബലിപെരുന്നാളിന് മക്ക കേന്ദ്രമായുള്ള ഹിലാല്‍ ദര്‍ശനം അവലംബിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഒട്ടുമിക്ക മുസ്‌ലിം സമൂഹങ്ങളും ഈ വഴിക്ക് ചിന്തിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ഇത്തരത്തിലുള്ള ഒരു നയം നമുക്ക് സ്വീകരിച്ചൂകൂടേ?

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x