10 Sunday
December 2023
2023 December 10
1445 Joumada I 27

ഹിജാബ്‌: ഇരയാക്കപ്പെടുന്ന സമുദായം തന്നെ പാപഭാരം പേറണോ?

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


ഇന്ത്യയിലെ മതേതര ജനാധിപത്യം ഹിന്ദുത്വ വംശീയതക്ക് വഴിമാറുകയാണെന്നും ഇന്ത്യയില്‍ ഇസ്ലാംഭീതി വര്‍ധിച്ചുവരുന്നുവെന്നും ഈയിടെ അഭിപ്രായപ്പെട്ടത് നോംചോംസ്‌കിയാണ്. മുസ്ലിം വിദ്യാര്‍ഥിനികളുടെ സാമൂഹ്യ പുരോഗതിയും പൊതു ഇടത്തിലെ ദൃശ്യതയും പ്രശ്‌നവത്കരിച്ചുകൊണ്ടുള്ള ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ നാള്‍വഴികള്‍ ഇവിടെ ശ്രദ്ധേയമാണ്. കര്‍ണാടകയിലെ ഹിജാബ് വിവാദം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളെജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ പതിവുപോലെ ശിരോവസ്ത്രം ധരിച്ചുവരുമ്പോള്‍, ജൂനിയര്‍ വിദ്യാര്‍ഥികളെ വിലക്കുകയും ഇനി മുതല്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് ഉത്തരവ് ഇറക്കുകയും ചെയ്യുകയുണ്ടായി. സ്വാഭാവികമായും ഇത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. പിന്നീട് ഒരു ദിവസം, സംഘപരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ കാവി ഷാള്‍ ധരിച്ചുകൊണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് എരിവ് കൂട്ടിയത്.
വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഇതര മതാചാരങ്ങള്‍ നടക്കുന്ന പ്രസ്തുത കോളെജില്‍ ഉര്‍ദുവോ പ്രാദേശിക ഭാഷയായ ബ്യാരിയോ സംസാരിക്കാന്‍ പാടില്ല എന്നും തുളു അല്ലെങ്കില്‍ കന്നഡ മാത്രമേ കാമ്പസിനകത്ത് എന്നും അധ്യാപകര്‍ ശാസിച്ചിരുന്നുവെന്ന് ഈ വിവാദത്തിന് ശേഷം അവിടുത്തെ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത്, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ആസൂത്രിത പ്രകോപനമാണ് സംഘപരിവാരം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നാള്‍വഴികള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.

കാരണങ്ങള്‍
കര്‍ണാടക ഹൈക്കോടതി ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ല എന്നും അതിനാല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ആവാമെന്നും വിധി പറഞ്ഞപ്പോഴും ഇടക്കാല ഉത്തരവിന്റെ കാലത്തും വിവാദ സമയത്തും ഹിജാബ് പ്രശ്‌നവത്കരിക്കുന്നതിന് പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചവരുണ്ട്. ചിലര്‍ അവരുടേതായ ഭാവനയില്‍ വിരിയിച്ചെടുത്ത കാരണങ്ങളെയാണ് ഉപജീവിച്ചത്. മുസ്ലിം സ്ത്രീകള്‍ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നതാണ് കാരണമെന്ന് ഒരു കൂട്ടര്‍. മതേതരത്വം നിലനിര്‍ത്താന്‍ പൊതുവിടങ്ങളില്‍ നിന്ന് ഹിജാബ് പോലെയുള്ള മതചിഹ്നങ്ങള്‍ മാറ്റിനിര്‍ത്തണമെന്നാണ് പാശ്ചാത്യ മതേതരത്വത്തെ പുല്‍കുന്ന ഉദാരവാദികളുടെ പക്ഷം. ഹിജാബ് മതത്തിലെ അനിവാര്യ ആചാരമാണോ എന്ന് കോടതി പരിശോധിക്കുകയും അപ്പോള്‍ ഇസ്ലാമിക വിരുദ്ധമായ തീര്‍പ്പ് ലഭിക്കുന്ന വിധത്തില്‍, ഹിജാബ് എന്നതിന്റെ വിവക്ഷ മനസ്സിലാകാതെ പോയത് മദ്ഹബ് അധിഷ്ഠിത വ്യാഖ്യാനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് എന്ന് ഒരു പക്ഷം.
യഥാര്‍ഥത്തില്‍ ഹിജാബ് വിവാദം കൊഴുപ്പിച്ചതിന്റെയും അതിനെ നിയമപോരാട്ടത്തിലേക്ക് എത്തിച്ചതിന്റെയും ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന് പരിശോധിച്ചാല്‍ തന്നെ കാരണങ്ങള്‍ വ്യക്തമാകും. ഇവിടുത്തെ സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ മുന്നോട്ട് വെക്കുന്ന ആക്രമണോത്സുക ഹിന്ദുത്വ പദ്ധതികളുടെ തുടര്‍ച്ച മാത്രമാണ് ഹിജാബ് വിഷയവും. അല്ലാതെ, മുഖം മറക്കണമെന്ന് ചിലര്‍ വാദിച്ചത് കൊണ്ടോ അത്തരത്തില്‍ ജീവിക്കുന്നതോ അല്ല പ്രശ്‌നം. അതുപോലെ, പണ്ഡിതോചിതമായും പ്രമാണബദ്ധമായും മുഖം മറയ്ക്കലിനെതിരെ ഉണ്ടായ എതിര്‍പ്പുകളോ അത്തരത്തിലുള്ള ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളോ അല്ല ഈ പ്രശ്‌നത്തിന്റെ കാതല്‍.
യഥാര്‍ഥ കാരണങ്ങളെ അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചുകൊണ്ട് ഇതേ നാണയത്തിന് മറുവശമുണ്ട് എന്ന് തിസീസ് അവതരിപ്പിക്കുമ്പോള്‍ ഫാസിസവും അതിന്റെ പ്രായോജകരുമാണ് സന്തോഷിക്കുന്നത്. ഹിജാബ് വിഷയത്തിലെ ടാര്‍ഗറ്റ് കമ്മ്യൂണിറ്റി തന്നെ അതിന്റെ പാപഭാരം പേറണമെന്ന ലൈനിലാണ് കേരളത്തിലെ ചില മാധ്യമങ്ങളും ലെഫ്റ്റ് ലിബറലുകളും ചിന്തിക്കുന്നത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണങ്ങള്‍, ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമുദായത്തിലെ ഏതെങ്കിലും അവാന്തര വിഭാഗങ്ങളുടെ നിലപാട് കൊണ്ട് ഉണ്ടായതാണോ? ഫാസിസം സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗമാണ്. അതിന് ഇരയാക്കപ്പെടുന്ന സമുദായത്തെയും വിഭാഗങ്ങളെയും ചികിത്സിച്ചിട്ട് കാര്യമില്ല. ഇസ്ലാമിക വിശ്വാസ ആചാരങ്ങളിലെ ആഭ്യന്തര തര്‍ക്കങ്ങളെ കുറിച്ചുള്ള പരിഷ്‌കരണ- പ്രാമാണിക യുക്തി ഉപയോഗിച്ച് ഫാസിസത്തെ നേരിടുന്നത് മിതമായി പറഞ്ഞാല്‍ രാഷ്ട്രീയ അജ്ഞതയാണ്.

മുസ്ലിം ദൃശ്യത
ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതു സമൂഹത്തിലും മുസ്ലിം വിഭാഗം കൈവരിച്ചിരിക്കുന്ന ദൃശ്യതയും സഹജമായ അംഗീകാരവുമാണ് ഹിജാബ് വിവാദത്തിലെ ഹേതു. സി എ എ- എന്‍ ആര്‍ സി സമരത്തിലും ശാഹീന്‍ബാഗിലും ചാനല്‍ചര്‍ച്ചകളിലും കാണുന്ന തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികള്‍ പലരെയും അലോസരപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി മുസ്ലിംകള്‍ ഈ രാജ്യത്ത് തുടര്‍ന്നുവരുന്ന വസ്ത്രധാരണാ രീതി ഒരു സുപ്രഭാതത്തില്‍ പൊതുവിടത്തിനും മതേതരത്വത്തിനും കളങ്കമുണ്ടാക്കുന്നു എന്ന പ്രചാരണം മുസ്ലിം സ്വത്വപ്രകാശനത്തോടുള്ള ഈര്‍ഷ്യയാണ്.
മുസ്ലിം വേഷവും വിശ്വാസവും അപരിഷ്‌കൃതമാണെന്നും മുസ്ലിം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും അതിനാല്‍ അതിനെ രക്ഷിച്ചെടുക്കാനുള്ള ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നുമാണ് ഹിജാബ് വിരുദ്ധര്‍ പറയുന്നത്. ആ വാദം മുഖവിലക്കെടുത്താല്‍ തന്നെ, ആ രക്ഷക ദൗത്യം അനുവദിച്ചുകൊടുക്കേണ്ട ബാധ്യത ഇവിടുത്തെ മുസ്ലിം സ്ത്രീകള്‍ക്കുണ്ടോ? മറ്റ് മതവിശ്വാസികളുടെ കാര്യത്തിലൊന്നുമില്ലാത്ത ശുഷ്‌കാന്തി മുസ്ലിംകളുടെ കാര്യത്തില്‍ മാത്രം സജീവമാകുന്നതിന് പിന്നിലെ യഥാര്‍ഥ കാരണം മുസ്ലിം ദൃശ്യതയോടുള്ള പകയും ഇസ്ലാം ഭീതിയുമാണ്.
കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ടായിരുന്ന ഘട്ടത്തില്‍ കാമ്പസുകള്‍ക്ക് പുറത്ത് ഹിജാബ് അഴിപ്പിച്ചുവെക്കുന്നതിന്റെയും കാമ്പസില്‍ പ്രവേശിക്കാതെ മടങ്ങുന്ന മുസ്ലിം വിദ്യാര്‍ഥിനികളുടെ വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതില്‍ ഒരു ഹിജാബ് ധാരിണിയുടെ കാമ്പസിനകത്തും പുറത്തുമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട്, ഇത്ര സുന്ദരമായ രൂപമാണോ മറച്ച് വെച്ചിരുന്നത് എന്ന് അതിശയപ്പെട്ടുകൊണ്ടുള്ള ചില പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മുസ്ലിം സ്ത്രീയുടെ ഹിജാബ് അഴിപ്പിക്കുന്നതിനെ അശ്ലീലനോട്ടം കൊണ്ട് ആസ്വദിക്കുന്ന ഒരു പുരുഷസമൂഹം ഇവിടെയുണ്ട് എന്ന യാഥാര്‍ഥ്യം ഒരിക്കല്‍ കൂടി ഈ സംഭവം ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പുരുഷ കാമനകളും ആഗോള വിപണിയുടെ കമ്പോള താല്‍പര്യങ്ങളുമാണ് സംഘപരിവാരത്തിന്റെ വിദ്വേഷപ്രചാരണത്തെ ഏറ്റുപിടിക്കുന്നത്.
കോടതിവിധിയും ഇ ആര്‍ പിയും
ഇടക്കാല വിധിയില്‍ തന്നെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നു. ഹരജിക്കാരുടെ വക്കീല്‍ ചൂണ്ടിക്കാട്ടിയത് പോലെ അപ്പവും വെള്ളവും ജീവിക്കാന്‍ ആവശ്യമാണെന്നിരിക്കെ ഏതെങ്കിലും ഒന്ന് മാത്രം എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് പോലെയാണ് മതവിശ്വാസവും വിദ്യാഭ്യാസവും മുന്നില്‍ വെച്ച് കോടതി ആവശ്യപ്പെട്ടത്. ഒടുവില്‍ അന്തിമവിധി വരുമ്പോള്‍ ഹിജാബ് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യ ആചാരങ്ങളില്‍ പെട്ടതല്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഒരു മതത്തിന്റെ അനിവാര്യമായ ആചാരം (Essential Practice of Religion – ERP) കണ്ടെത്തുക എന്നത് കോടതിയുടെ വ്യാവഹാരിക നടപടിയാണ്. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് കോടതി പരിശോധിച്ചത്.
(1). ഭരണഘടനയുടെ അനുച്ഛേദം 25 അനുസരിച്ച്, ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ഇസ്ലാമില്‍ നിര്‍ബന്ധമുള്ള കാര്യമാണോ?
(2). വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാക്കിയത് അനുച്ഛേദം 19 അനുസരിച്ചുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ?
(3). കര്‍ണാടക സര്‍ക്കാറിന്റെ ശിരോവസ്ത്ര നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ?
ഇതില്‍ ഒന്നാമത്തെ ചോദ്യമാണ് പ്രശ്‌നങ്ങളുടെ കാതല്‍. ഹിജാബ് അല്ലെങ്കില്‍ ശിരോവസ്ത്രം ഇസ്ലാം മതവിശ്വാസത്തിന്റെ ERP യില്‍ വരുന്നുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. ഈ സാങ്കേതിക ശബ്ദം നിയമവ്യവഹാരങ്ങളില്‍ ഇടം പിടിച്ചതിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍, ഈ കേസില്‍ അതുപയോഗിച്ചത് സംഗതമാണോ എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.
ഭരണഘടനാ അസംബ്ലിയില്‍ അംബേദ്കര്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഉപയോഗിച്ച Essentially religious (Constituent Assembly Debates, 2nd December 1948) അഥവാ ‘അനിവാര്യമായും മതപരമായ’ എന്ന പദത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് Essential Practice of Religion (ERP) എന്ന വ്യാവഹാരിക സാങ്കേതിക ശബ്ദം കോടതി നടപടികളില്‍ ഇടം പിടിക്കുന്നത്. അംബേദ്കര്‍ ഈ പദം ഉപയോഗിക്കുന്നത് മതരഹിതമായ പാശ്ചാത്യ മതേതരത്വത്തില്‍ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷമായ ഇന്ത്യന്‍ മതേതരത്വം വിശദീകരിക്കുന്നതിന്റെ ഭാഗമായാണ്.
അടിമുടി മതവത്കരിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ മതം തൊട്ടുതീണ്ടാത്ത ഒരു വശവുമില്ലെന്ന് അംബേദ്കര്‍ മനസിലാക്കിയിരുന്നു. അതിനാല്‍ മതവും വ്യക്തിനിയമങ്ങളും ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍, സാമൂഹിക ക്ഷേമ മേഖലകളില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ അവിടെ മതം തടസ്സമാകാതിരിക്കണം. അഥവാ മതപരമായ കാര്യങ്ങളും മതവുമായി ബന്ധപ്പെട്ട മതേതര കാര്യങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കണം. മതസ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന അനുച്ഛേദം 25-ല്‍, പൊതുക്രമം, ആരോഗ്യം, പൊതുധാര്‍മികത എന്നിവയെ ബാധിക്കാത്ത വിധം മതം പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടന നല്‍കുന്നത്. അതായത്, മതപരമായ കാര്യങ്ങള്‍ ആചരിക്കാനുള്ള മൗലികാവകാശം ഭരണഘടന നല്‍കുന്നുണ്ട്. അത് ഏതെങ്കിലും തരത്തില്‍ പൊതുക്രമം, ആരോഗ്യം, പൊതുധാര്‍മികത എന്നിവയെ ബാധിക്കുന്നതാണെങ്കില്‍ മാത്രമേ പ്രസ്തുത ആചാരം അനിവാര്യമായും മതപരമാണോ എന്ന വസ്തുത അന്വേഷിക്കേണ്ടതുള്ളൂ. അതുകൊണ്ടാണ് ഹിജാബിന്റെ വിഷയത്തില്‍ ERP പരിശോധന തന്നെ അനാവശ്യമാണ് എന്ന് വിമര്‍ശനമുയരുന്നത്. കാരണം, ഹിജാബ് ഏതെങ്കിലും തരത്തില്‍ പൊതുക്രമത്തെയോ ആരോഗ്യത്തെയോ പൊതുധാര്‍മികതയെയോ ബാധിക്കുന്നില്ല.
ഭരണഘടനയില്‍ ERP എന്ന പ്രയോഗമോ വിശദീകരണമോ ഇല്ല. ഭരണഘടനയുടെ അടിസ്ഥാന ഘടന (Basic Structure of Constitution) എന്ന ആശയം പോലെ സുപ്രീം കോടതി രൂപപ്പെടുത്തിയ ഒരു ആശയമാണിത്. ഭരണഘടന നിലവില്‍ വന്നതിന് ശേഷം അംബേദ്കര്‍ ഉപയോഗിച്ച അര്‍ഥത്തില്‍ ഈ പ്രയോഗം ചില വിധികളില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, 1954-ലെ ലക്ഷ്മീന്ദ്ര സ്വാമിയാര്‍ കേസില്‍, ഒരു മതത്തിന്റെ അവിഭാജ്യ ഘടകമെന്തെന്ന് പ്രാഥമികമായി കണ്ടെത്തേണ്ടത് ആ മതത്തിന്റെ സിദ്ധാന്തങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് എന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. ഈ കേസുമുതലാണ് അനിവാര്യമായും ‘മതപരമായ’ എന്ന അംബേദ്കറിന്റെ പ്രയോഗം അര്‍ഥം മാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഗൗതം ഭാട്ടിയ നിരീക്ഷിക്കുന്നു. (‘Essential Religious Practices’ and the Rajasthan High Court’s Santhara Judgment: Tracking the History of a Phrase, Gautam Bhatia, 2015).
ഈ കേസിന്റെ വിധിയിലൂടെ കോടതിയെ സംബന്ധിച്ചേടത്തോളം Essential എന്നത് മതപരവും മതേതരവുമായ കാര്യങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഉപാധിയായി മാറി. എന്നാല്‍ ഇവിടെ ഉയരുന്ന ഒരു ചോദ്യമിതാണ്: ഒരു മതത്തില്‍ എസ്സെന്‍ഷ്യല്‍ അല്ലാത്തതെല്ലാം ആ മതവിശ്വാസിക്ക് ആവശ്യമില്ലാത്തതാണെന്ന് വരുമോ? വിവിധ മതങ്ങളിലെ ആധികാരിക സ്രോതസ് പരിശോധിക്കാനും വിധി പറയാനുമുള്ള നിയമപരമായ അതോറിറ്റി കോടതികള്‍ക്കുണ്ടോ? മാത്രമല്ല, ഈ ERP പരിശോധന തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇതര മതങ്ങളില്‍ പുരോഹിത അധികാരികളാവാന്‍ സാഹചര്യം തങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും ചില ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
1957-ലെ രാംപ്രസാദ് വേഴ്‌സസ് യു പി സര്‍ക്കാര്‍ കേസിലാണ് അലഹബാദ് ഹൈക്കോടതി വിധിയില്‍ ERP പ്രയോഗത്തിന് വീണ്ടും അര്‍ഥ വ്യത്യാസം വരുന്നത്. Essential എന്ന വാക്ക് മതപരമായ കാര്യമാണോ എന്നറിയാനുള്ള യോഗ്യതാ ടെസ്റ്റില്‍ നിന്ന്, പ്രസ്തുത മതത്തില്‍ നിര്‍ബന്ധമായ കാര്യമാണോ എന്ന പരിശോധനയിലേക്കാണ് പിന്നീട് കോടതികള്‍ കടന്നത്. സര്‍ക്കാര്‍ ജീവനക്കാരായ ഹിന്ദുമതവിശ്വാസികളുടെ ദ്വിഭാര്യത്വ സമ്പ്രദായവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം, ഖുറേഷി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീംകോടതി തന്നെ പെരുന്നാളിനോടനുബന്ധിച്ച ബലികര്‍മം ഇസ്ലാമില്‍, എസ്സെന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ് അല്ല എന്ന് വിധി പറയുന്ന സാഹചര്യമുണ്ടായി. ഒരു പ്രത്യേക ആചാരം മതത്തില്‍ നിര്‍ബന്ധമാണോ അല്ലയോ എന്നത് ജുഡീഷ്യല്‍ ഇടപെടലിലൂടെ പരിശോധിക്കേണ്ടതാണോ എന്നതാണ് ഇവിടുത്തെ മറ്റൊരു ചോദ്യം. ഏതെങ്കിലും തരത്തില്‍ പൊതുക്രമത്തിനോ മറ്റോ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മാത്രമേ ഒരു കാര്യം അനിവാര്യമാണോ എന്ന് പരിശോധിക്കേണ്ടത് തന്നെയുള്ളൂ. ആ പരിശോധന തന്നെ, അര്‍ഥവ്യത്യാസം സംഭവിച്ച് മതവ്യാഖ്യാനത്തിന്റെ സ്ഥാനത്തേക്ക് കടന്നിരിക്കുന്നു എന്നത് വേറെ കാര്യം.
ഇവിടെ ഹിജാബ് വിഷയത്തില്‍, അത് ഏതെങ്കിലും തരത്തില്‍ പൊതുശല്യമോ ആരോഗ്യ- സദാചാര പ്രശ്‌നമോ ഉണ്ടാക്കുന്നില്ല എന്നതിന്റെ തെളിവാണ് റിപ്പബ്ലിക്ക് ഇന്ത്യയില്‍ ഇത്രയും കാലം അത് ആചരിച്ചു പോരുന്നു എന്നത്. എന്നിരിക്കെ, സംഘപരിവാര്‍ ഉയര്‍ത്തുന്ന വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്നുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ ആ തരത്തില്‍ നേരിടേണ്ടതിന് പകരം ഹിജാബ് നിരോധിക്കുന്ന സ്ഥിതിയുണ്ടായി എന്നത് ഖേദകരമാണ്.
ഇനി കോടതി പരിശോധിച്ച ചോദ്യങ്ങളുടെ മെറിറ്റിലേക്ക് കടന്നാലും, ഹിജാബ് മതപരമായ അവിഭാജ്യ ആചാരമാണെന്ന് കേരള ഹൈക്കോടതി 2016-ലെ അംന ബിന്‍ത് ബഷീര്‍ കേസില്‍ പറഞ്ഞിട്ടുണ്ട്. കേരള കര്‍ണാടക ഹൈക്കോടതികള്‍ പരിശോധിച്ചത് ഒരേ ഖുര്‍ആന്‍ വചനങ്ങള്‍ തന്നെയാണ്. (സൂറതുന്നൂര്‍ 31, അഹ്‌സാബ് 59) എന്നിട്ടും, വ്യത്യസ്ത വിധികളുണ്ടായി എന്നത് നേരത്തെ പറഞ്ഞ പുരോഹിത അധികാരികളാവാന്‍ കോടതികള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തിന്റെ കൂടി പ്രശ്‌നമാണ്.
കര്‍ണാടക ഹൈക്കോടതി വിധിയില്‍ ഖുര്‍ആന്‍ വചനത്തിന്റെ വിശദീകരണത്തിന് അവലംബിക്കുന്നത് അബ്ദുല്ല യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷയാണ്. ഖുര്‍ആനില്‍ നിന്നുള്ള ശിരോവസ്ത്ര സംബന്ധിയായ വചനങ്ങളുടെ വിവര്‍ത്തനം ഉപയോഗിച്ച് തന്നെ ശിരോവസ്ത്രം ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് കണ്ടെത്താവുന്നതേയുള്ളൂ. എന്നാല്‍, സൂറത്തു ബഖറയിലെ 256-ാം ആയത്തില്‍ പറയുന്ന മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല എന്ന വചനവും വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഹിജാബ് മതത്തിലെ നിര്‍ദേശം മാത്രമാണെന്നും നിര്‍ബന്ധമായിരുന്നെങ്കില്‍ ധരിക്കാതിരുന്നാലുള്ള ശിക്ഷയെക്കുറിച്ച് പറയുമായിരുന്നുവെന്നും വിധിന്യായം സൂചിപ്പിക്കുന്നു.
യഥാര്‍ഥത്തില്‍, ഇസ്ലാമിക ശരീഅത്ത് നിലകൊള്ളുന്ന നാല് സുപ്രധാന സ്രോതസ്സുകളായ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയെക്കുറിച്ച് വിധിന്യായത്തില്‍ പരാമര്‍ശം ഉണ്ടെങ്കിലും ഖുര്‍ആനിന് പുറമെയുള്ള സ്രോതസുകളിലേക്ക് അത് പ്രവേശിക്കുന്നില്ല. എന്നാല്‍ 2016-ലെ കേരള ഹൈക്കോടതി വിധിയില്‍ ഖിമാര്‍, ജില്‍ബാബ് തുടങ്ങിയ പദങ്ങളുടെ വിവക്ഷക്കും കര്‍മശാസ്ത്രപരമായ വിധികള്‍ക്കും അവലംബിക്കുന്നത് സഊദിയിലെ സലഫി പണ്ഡിതനായ ശൈഖ് മഹ്മൂദ് റിദാ മുറാദിന്റെ മന്‍ഹജുല്‍ ഇസ്ലാമി ഫില്‍ അഖീദ വല്‍ ഫിഖ്ഹ് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ്. ഫര്‍ദ്, മക്‌റൂഹ്, ഹറാം തുടങ്ങിയ സാങ്കേതിക പദങ്ങളും ഫര്‍ദായ ഒരു കാര്യം ലംഘിച്ചാല്‍ ശിക്ഷയുണ്ട് എന്നതും ഈ വിധിപ്രസ്താവത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഖുര്‍ആന്‍ വചനങ്ങളെ അവലംബിക്കുകയും അവയുടെ യഥാര്‍ഥ വിവക്ഷ ഹദീസുകളുടെ സഹായത്തോടെ കണ്ടെത്താന്‍ ശൈഖ് മുറാദിനെ റഫര്‍ ചെയ്യുകയുമാണ് ഈ വിധിന്യായത്തില്‍ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതി വിധി ശിരോവസ്ത്രത്തിന് എതിരാകാന്‍ കാരണം തഖ്‌ലീദിലധിഷ്ഠിതമായ മദ്ഹബീ രീതിശാസ്ത്രം പിന്തുടരാത്തതാണ് എന്ന ചിലരുടെ വാദം ഇവിടെ നിരര്‍ഥകമാവുന്നു.
കേരള ഹൈക്കോടതി വിധി റഫര്‍ ചെയ്തുകൊണ്ട് കര്‍ണാടക ഹൈക്കോടതി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: എന്‍ട്രന്‍സ് പരീക്ഷ ഒരു ദിവസത്തെ കാര്യമാണ് എന്നുള്ളതും ശിരോവസ്ത്രം ധരിച്ചുകൊണ്ട് തന്നെ പരീക്ഷ നടത്തിപ്പിന്റെ സുരക്ഷയെ ബാധിക്കാത്ത വിധത്തില്‍ സൗകര്യപ്രദമായ പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കുന്നുണ്ട് എന്നതുമാണ് ശിരോവസ്ത്രം അനുവദിക്കാന്‍ ഈ വിധിയില്‍ കാരണമായത്. സൗകര്യപ്രദമായ പരിഹാരം എന്ന നിലയില്‍ ശിരോവസ്ത്രം ധരിക്കുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തെ സെക്യൂരിറ്റി പരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, കേരള ഹൈക്കോടതി വിധിന്യായത്തിലുടനീളം ഉദ്ധരിച്ച ഇസ്ലാമിക ശരീഅത്തിന്റെ വിവിധ സ്രോതസുകളും അതില്‍ നിന്ന് കണ്ടെടുക്കുന്ന ശിരോവസ്ത്രം ഇസ്ലാമിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമാണ് എന്ന തീര്‍പ്പും ഇവിടെ ശ്രദ്ധേയമാണ്.
ഒരേ ഖുര്‍ആന്‍ വചനങ്ങള്‍ അവലംബിച്ച് രണ്ട് കോടതികളും വ്യത്യസ്ത തീര്‍പ്പുകളിലെത്തി എന്നത് കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍ സ്വാഭാവികമാണ്. ഇസ്ലാമിന്റെ എന്നല്ല, ഏതൊരു മതത്തിന്റെയും ആധികാരിക പ്രമാണങ്ങള്‍ വ്യവഹാര ഭാഷയില്‍ വ്യാഖ്യാനിച്ചെടുക്കുക എന്നത് ലളിതമായ കാര്യമല്ല. അത്തരം സാഹസങ്ങള്‍ക്ക് കോടതികള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ERP പരിശോധന അതിലൊന്നാണ്. എന്നിരുന്നാലും, നിലവില്‍ ഇന്ത്യയിലെ പരമോന്നത കോടതികള്‍ തുടര്‍ന്നുവരുന്ന ഒരു കീഴ്‌വഴക്കം എന്ന നിലയില്‍, ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട് വരുന്ന കാര്യങ്ങളില്‍ പ്രമാണങ്ങളുടെ അക്ഷര വായനകള്‍ക്കപ്പുറം വിവിധ സ്രോതസുകളില്‍ അതിനുള്ള വിവക്ഷ കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഒരു പക്ഷെ, സുപ്രീംകോടതിയില്‍ അപ്പീല്‍ വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x