22 Sunday
December 2024
2024 December 22
1446 Joumada II 20

ഉന്നത വിദ്യാഭ്യാസരംഗത്തെ മുസ്‌ലിം സാന്നിധ്യം പിന്നാക്കാവസ്ഥയുടെ നേര്‍ക്കാഴ്ചകള്‍

ക്രിസ്റ്റഫ് ജഫ്രലോട്ട്, കലൈയരശന്‍/ വിവ. റാഫിദ് ചെറവന്നൂര്‍


ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ ഓള്‍ ഇന്ത്യാ സര്‍വേയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ദലിതര്‍, ആദിവാസികള്‍, ഒബിസി വിഭാഗങ്ങള്‍ എന്നിവരുടെ എന്റോള്‍മെന്റ് നിരക്ക് 2019-20നെ അപേക്ഷിച്ച് യഥാക്രമം 4.2 ശതമാനം, 11.9 ശതമാനം, 4 ശതമാനം എന്നിങ്ങനെ വര്‍ധിച്ചതായി കാണാം. രണ്ടായിരത്തിനു ശേഷം മണ്ഡല്‍-2 നടപ്പാക്കിയതോടെ ഉന്നതജാതിക്കാരുടെ വിദ്യാഭ്യാസരംഗത്തെ എന്റോള്‍മെന്റ് കുറഞ്ഞുവരികയായിരുന്നു.
എന്നാല്‍ 2020ലെ സര്‍വേയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കായ 13.6 ശതമാനം കൈവരിക്കാന്‍ അവര്‍ക്കായി. മറുവശത്ത്, മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രവേശനം 2019- 20 മുതല്‍ 8 ശതമാനം കുറഞ്ഞതായും ഇതേ സര്‍വേ തന്നെ വ്യക്തമാക്കുന്നു- അതായത് 1,79,147 വിദ്യാര്‍ഥികള്‍. ഇത്ര വലിയ ഒരു പിറകോട്ടുപോക്ക് അടുത്ത കാലത്തൊന്നും മറ്റു ജാതികള്‍ക്കോ പിന്നാക്കവിഭാഗങ്ങള്‍ക്കോ സംഭവിച്ചിട്ടില്ല.
എന്റോള്‍മെന്റ് നിരക്കില്‍ ഏറ്റവും കുറവ് വന്നത് യുപിയിലാണ് (36%). തുടര്‍ന്ന് ജമ്മു കശ്മീര്‍ (26%), മഹാരാഷ്ട്ര (8.5%), തമിഴ്‌നാട് (8.1%), ഗുജറാത്ത് (6.1%), ബിഹാര്‍ (5.7%) എന്നിങ്ങനെയാണ് എന്റോള്‍മെന്റ് കുറഞ്ഞുവരുന്നത്. തമിഴ്‌നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ മാത്രമാണ് എന്റോള്‍മെന്റില്‍ സമ്പൂര്‍ണമായ ഇടിവ് നേരിട്ടത്. കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ ഇടിവിന്റെ ഉയര്‍ന്ന പങ്കുവഹിക്കുമ്പോള്‍, ചെറിയ സംസ്ഥാനങ്ങളും സമാനമായ പ്രവണതകള്‍ കാണിക്കുന്നു. ഉദാഹരണത്തിന്, 2019-20-2020-21 കാലയളവില്‍, ഡല്‍ഹിയില്‍ 20% മുസ്‌ലിം വിദ്യാര്‍ഥികളെ നഷ്ടപ്പെട്ടപ്പോള്‍ ജമ്മു-കശ്മീരില്‍ 36% വിദ്യാര്‍ഥികളെയാണ് നഷ്ടപ്പെട്ടത്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ആകെ ചേര്‍ന്ന വിദ്യാര്‍ഥികളില്‍ 36 ശതമാനത്തോളം ഒബിസിക്കാരും 14.2% ദലിതരും 5.8% ആദിവാസികളും ആണെങ്കില്‍, ഇന്ത്യന്‍ സമൂഹത്തിന്റെ 15%ഓളം വരുന്ന മുസ്‌ലിംകളുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ സാന്നിധ്യം 4.6% മാത്രമാണ്.
2006ല്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസരംഗത്ത് മുസ്‌ലിംകളുടെ അവസ്ഥ രാജ്യത്തെ ഏറ്റവും പിന്നാക്ക സമുദായങ്ങളുമായി താരതമ്യപ്പെടുത്താവുന്നതോ അതിലും മോശമോ ആണെന്ന് വ്യക്തമാക്കി. റിപ്പോര്‍ട്ടിനു ശേഷവും കാര്യമായ പുരോഗതിയൊന്നും മുസ്‌ലിം സമൂഹത്തിനുണ്ടായില്ലെന്നു മാത്രമല്ല, മറ്റു സമുദായങ്ങളെ അപേക്ഷിച്ചു പിറകോട്ട് പോവുകയും ചെയ്തു. തുടക്കത്തില്‍ മുസ്‌ലിംകള്‍ ദലിതര്‍ക്ക് അല്‍പം മുകളിലായിരുന്നു. എന്നാല്‍ 2017-18ല്‍ വിദ്യാഭ്യാസത്തില്‍ ദലിതര്‍ മുസ്‌ലിംകളെ പിന്തള്ളി, 2020-21ല്‍ ആദിവാസി വിഭാഗങ്ങളും മുസ്‌ലിംകളെ മറികടന്നു മുന്നോട്ടുപോയി.
ആദിവാസികളില്‍ 21%ഉം ദലിതുകളില്‍ 26%ഉം ഹിന്ദു ഒബിസികളില്‍ 34%ഉം ഹിന്ദു മേല്‍ജാതിക്കാരില്‍ 45%ഉം ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്തെ മുസ്‌ലിം സാന്നിധ്യം 19% മാത്രമാണ്. പ്രധാന സംസ്ഥാനങ്ങളില്‍ 2020-21 കാലയളവില്‍ തമിഴ്നാട്, തെലങ്കാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒഴികെ ഒരു സംസ്ഥാനത്തും മുസ്ലിംകള്‍ ദലിതുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. രാജസ്ഥാന്‍, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും മുസ്‌ലിംകളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് ആദിവാസികള്‍.
ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ യുപിയില്‍ ജനസംഖ്യയുടെ 20%ത്തോളം വരുന്ന മുസ്‌ലിംകളില്‍ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അഡ്മിഷന്‍ എടുക്കുന്നവര്‍ ആകെ വിദ്യാര്‍ഥികളില്‍ 4.5% മാത്രമാണ്. യുപിയില്‍ മാത്രം 2019-20ല്‍ 58,365 മുസ്‌ലിം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തു നിന്ന് അപ്രത്യക്ഷരായിട്ടുണ്ട് (16% ഇടിവ്). പിന്നാക്കാവസ്ഥയുടെ കഥയാണ് ഉത്തര്‍പ്രദേശിന് പറയാനുള്ളതെങ്കില്‍ കേരളം നല്‍കുന്നത് മികവിന്റെ പ്രതീക്ഷയാണ്. എന്റോള്‍മെന്റില്‍ നല്ല വളര്‍ച്ച മാത്രമല്ല, നിലവില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന മുസ്‌ലിം യുവാക്കളുടെ എണ്ണത്തിലും (43%) കേരളം മുന്നിലാണ്. അനുകൂലമായ സാമൂഹിക സാഹചര്യങ്ങള്‍ക്കും സംവരണ നിയമങ്ങള്‍ക്കും ഈ മികവില്‍ വലിയ പങ്കുണ്ട്.
കേരളത്തിലെ മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 10%ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12%ഉം സംവരണം ഉണ്ട്. ഈഴവര്‍ (14%) കഴിഞ്ഞാല്‍, സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ ക്വാട്ടയുടെ വലിയൊരു പങ്ക് അവകാശപ്പെടുന്ന ഏറ്റവും വലിയ ജനസംഖ്യ മുസ്‌ലിംകളാണ്. ദേശീയ സാഹചര്യത്തില്‍ വിദ്യാഭ്യാസരംഗത്തെ വിവേചനം വളരെ മുമ്പേ തുടങ്ങിയിട്ടുണ്ടെങ്കിലും, സമീപകാലത്ത് അത് ത്വരിതഗതി പ്രാപിച്ചിട്ടുണ്ട്. ഇത് എങ്ങനെ വിശദീകരിക്കാം? ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റിനിര്‍ത്തലിനെ നാം വായിക്കേണ്ടത്.
ഒന്നാമതായി, മുസ്‌ലിംകള്‍ക്ക് തൊഴിലവസരങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചുരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവര്‍ സാമൂഹിക-മതവിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് നേരിടുന്നു. മുസ്‌ലിം സമുദായത്തിലെ ജോലി നഷ്ടപ്പെട്ട സ്ഥിരം/കോണ്‍ട്രാക്ട് തൊഴിലാളികളുടെ എണ്ണം 2018-19ല്‍ 1.6%ല്‍ നിന്ന് 2019-20ല്‍ 13.2% ആയി ഉയര്‍ന്നു. ഈ ഡാറ്റ ഭാഗികമായി തൊഴില്‍ വിപണിയിലെ ചില വിവേചനങ്ങളുടെ പ്രതിഫലനമാണ്. ഉദാഹരണത്തിന് നിങ്ങള്‍ ബ്രാഹ്മണ പേരുകള്‍, ദലിത് പേരുകള്‍, മുസ്‌ലിം പേരുകള്‍ എന്നിവ ഉപയോഗിച്ച് ഒരേ സിവി അയക്കുന്നു എന്ന് കരുതുക. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടവരില്‍ ഏറ്റവും കുറവ് എണ്ണം മുസ്‌ലിം പേരുള്ള സിവികളായിരിക്കും എന്നാണ്.
രണ്ടാമതായി, അത്തരമൊരു സ്ഥിരമായ വരുമാനമില്ലാത്ത സാഹചര്യത്തില്‍ പഠനത്തിന് മതിയായ പണമില്ലായിരിക്കാം. ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വന്നേക്കാം. അതിനാല്‍, നെയ്ത്ത്, കാര്‍ നന്നാക്കല്‍ തുടങ്ങിയ കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് തിരിയുന്നത് മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ വിദ്യാഭ്യാസത്തില്‍ വലിയ തോതില്‍ കൊഴിഞ്ഞുപോക്കിന് കാരണമാവുന്നുണ്ട്.
മൂന്നാമതായി, മുസ്‌ലിംകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ ജോലി തേടി പുതിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും മുസ്‌ലിംകളെ പിന്തിരിപ്പിക്കുന്നു. അവര്‍ തങ്ങളുടെ ഗല്ലികളിലോ ഗ്രാമങ്ങളിലോ ഒക്കെയായി ചുരുങ്ങിക്കൂടുന്നു. മിക്കവാറും എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും ഈ ട്രെന്‍ഡ് കാണാനാവും.
ഈ പശ്ചാത്തലത്തില്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും മിശ്രാ റിപ്പോര്‍ട്ടും ഒക്കെ ശുപാര്‍ശ ചെയ്യുന്നതുപോലെ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ മുസ്ലിംകള്‍ക്ക് അനുകൂലമായി പുതിയ റിസര്‍വേഷന്‍ പോളിസികള്‍ രൂപപ്പടുത്തേണ്ടതുണ്ട്. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിജയകരമായി ചെയ്തുകാണിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതാകട്ടെ നേര്‍വിപരീതമാണ് താനും. ആകെ ഉള്ള ആനുകൂല്യങ്ങള്‍ കൂടി സര്‍ക്കാരുകള്‍ മുസ്‌ലിംകളില്‍ നിന്ന് എടുത്തുമാറ്റുന്നു. കര്‍ണാടകയില്‍ ഒബിസി ക്വാട്ടയ്ക്കുള്ളില്‍ 4% സബ് ക്വാട്ട മുസ്‌ലിംകള്‍ക്ക് ഉണ്ടായിരുന്നു. ഇത് അടുത്തിടെ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. 2022-23 മുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി മൗലാനാ ആസാദ് ഫെലോഷിപ്പും നിര്‍ത്തി.
നിരന്തരമായ ഈ വിവേചനത്തിന്റെ അര്‍ഥം രണ്ടാം തരം പൗരന്മാരെ ഉണ്ടാക്കുക എന്ന ഉദ്ദേശ്യമാണ് ഭരണകൂടങ്ങള്‍ക്കുള്ളതെന്നാണ്. പക്ഷേ, ചരിത്രത്തില്‍ ഇത്തരം വിവേചന നയങ്ങള്‍ കൊണ്ടുവന്ന രാജ്യങ്ങളെല്ലാം ആത്യന്തികമായി വികസനം കൈവരിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Back to Top