29 Friday
March 2024
2024 March 29
1445 Ramadân 19

ഹലീമാ ബീവി എന്ന ആദ്യ മുസ്‌ലിം പത്രാധിപ

ചരിത്രപ്രാധാന്യമുള്ള വിവിധ രചനകളുടെ
പശ്ചാത്തലം വിവരിക്കുന്നു


കേരള മുസ്‌ലിം ചരിത്രത്തിന്റെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്ന പ്രതിഭയാണ് അബ്ദുറഹ്മാന്‍ മങ്ങാട്. അദ്ദേഹത്തിന്റെ എഴുത്തുജീവിതം, വൈജ്ഞാനിക സേവനം, ചരിത്രാന്വേഷണം തുടങ്ങിയ മേഖലകളില്‍ ശബാബ് വാരികയുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

? താങ്കളുടെ ഓരോ രചനകളും ചരിത്രപ്രസക്തമാണ്. അവയില്‍ പ്രധാനപ്പെട്ട ചില കൃതികള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താം. ശൈഖ് മാഹിന്‍ ഹമദാനി തങ്ങളെ കുറിച്ച് ജീവചരിത്ര ഗ്രന്ഥമെഴുതാനുള്ള സാഹചര്യം എന്തായിരുന്നു?
സാമൂഹിക പരിഷ്‌കരണങ്ങളുടെ പര്യായമായി ജീവിച്ച മഹാനായിരുന്നു ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍. കേരളത്തില്‍ മക്തി തങ്ങളോടും വക്കം മൗലവിയോടും കിടപിടിക്കാവുന്ന, ഒരുപക്ഷേ അവരേക്കാള്‍ കൂടുതല്‍ നവോത്ഥാന പരിശ്രമങ്ങള്‍ നടത്തിയ മഹാനാണ് ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതം ആഴത്തില്‍ അപഗ്രഥിക്കുന്ന ഒരു പുസ്തകം മലയാളത്തില്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു ബോധ്യത്തില്‍ നിന്നാണ് ‘ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍’ എന്ന പുസ്തകം എഴുതിയത്. ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിദ, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ എന്നിവരെയെല്ലാം പരാമര്‍ശിച്ച് താന്‍ മനസ്സിലാക്കിയ നവോത്ഥാന സങ്കല്‍പങ്ങള്‍ വിശദീകരിക്കുന്ന ശൈഖ് ഹമദാനി തങ്ങളുടെ ‘അല്‍ ഇല്‍ഫത്തുല്‍ ഇസ്ലാമിയ്യ’ എന്ന ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഈ കൃതി ഞാന്‍ എഴുതിയത്.
മധ്യകേരളത്തിലെ നവോത്ഥാന സംരംഭങ്ങളുടെ ദീര്‍ഘദര്‍ശിയായ ധിഷണാശാലിയായിരുന്ന അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം തിരുവിതാംകൂറും കൊച്ചിയുമായിരുന്നു. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു ഈ പ്രതിഭാധനന്‍. മുസ്‌ലിം സമുദായത്തിന്റെ സമഗ്രമായ നവോത്ഥാനത്തെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സംഘാടനപാടവം മുസ്‌ലിം സമുദായത്തിന്റെ പുനരേകീകരണത്തിലും സൗഹാര്‍ദത്തിലും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. വ്യക്തികളും കുടുംബങ്ങളും സംഘടനകളും പരസ്പരമുള്ള ഗൗരവതരമായ പിണക്കങ്ങളും ചേരിപ്പോരുകളും രമ്യമായി പരിഹരിക്കുന്നതില്‍ മാതൃകാപരമായി ഇടപെടാന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം ഹമദാനി തങ്ങളുടെ ചരിത്രത്തോടുകൂടി മാത്രമേ സമ്പൂര്‍ണമാവൂ. സമൂഹത്തിനു വേണ്ടി എല്ലാ അര്‍ഥത്തിലും ജീവിതം സമര്‍പ്പിച്ച ഹമദാനി തങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ കൃതി. അദ്ദേഹം എഴുതിയ ‘അല്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാമിയ്യ’ എന്ന കൃതി അറബിമലയാളത്തിലും മലയാളത്തിലും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ പ്രജാമണ്ഡലത്തില്‍ ഹമദാനി തങ്ങള്‍ ചെയ്ത പ്രഭാഷണങ്ങള്‍, വര്‍ഷങ്ങളോളം ഹമദാനി തങ്ങളെ അനുഗമിച്ചിരുന്ന കെ എം സീതി സാഹിബിന്റെ അനുഭവക്കുറിപ്പ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

? 1921ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള മുസ്‌ലിം ഐക്യസംഘം 1935 വരെയാണ് നിലനിന്നത്. കേരള മുസ്‌ലിംകളെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ച, സംസ്ഥാനതലത്തില്‍ രൂപീകൃതമായ ആദ്യ സംഘടനയായ ഐക്യസംഘത്തിന്റെ രേഖകള്‍ ഉള്‍ക്കൊള്ളിച്ച് താങ്കള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച്?
കേരള മുസ്‌ലിം ചരിത്രത്തില്‍ അദ്വിതീയ സ്ഥാനം നേടിയ പ്രസ്ഥാനമാണ് മുസ്‌ലിം ഐക്യസംഘം. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എറിയാട്ടെ കുടുംബവഴക്കുകള്‍ തീര്‍ക്കാന്‍ വേണ്ടി തുടങ്ങിയ നിഷ്പക്ഷ സംഘം പിന്നീട് കേരള മുസ്‌ലിംകളുടെ ബൗദ്ധികാടിത്തറയ്ക്ക് നിമിത്തമായ പരിവര്‍ത്തന സംഘമായി മാറുകയായിരുന്നു. 1921ലെ മലബാര്‍ സമരത്തിന്റെ യാതനകളില്‍ പതറിയ മുസ്‌ലിം സമുദായത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഐക്യസംഘത്തിനു കഴിഞ്ഞു.
ഐക്യസംഘം പ്രസിദ്ധീകരിച്ച ‘അല്‍ ഇര്‍ഷാദ്’, ‘അല്‍ ഇസ്‌ലാഹ്’, ‘മുസ്‌ലിം ഐക്യം’ എന്നീ ആനുകാലികങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ചിന്തകരെയും പ്രതിഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ വമ്പിച്ച വിപ്ലവങ്ങള്‍ സൃഷ്ടിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ കേരള മുസ്‌ലിം ചരിത്ര പഠനത്തിന്റെ പൂര്‍ണതയ്ക്ക് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സംഘത്തിന്റെ ആധികാരിക രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിച്ചത്. 1922ല്‍ നിഷ്പക്ഷ സംഘം രൂപീകരണ യോഗത്തില്‍ ശൈഖ് ഹമദാനി തങ്ങള്‍ നടത്തിയ അധ്യക്ഷ പ്രസംഗം, കേരള മുസ്‌ലിം ഐക്യസംഘം നിയമാവലികള്‍, ഐക്യസംഘത്തിന്റെ വിവിധ വാര്‍ഷിക സമ്മേളനങ്ങള്‍, ആലുവ സമ്മേളനത്തില്‍ മൗലാനാ അബ്ദുല്‍ജബ്ബാര്‍ ഹസ്‌റത്ത് നിര്‍വഹിച്ച അധ്യക്ഷഭാഷണം, സംഘം പ്രസിദ്ധീകരിച്ച വിവിധ ലഘുലേഖകള്‍, മണപ്പുറം മുസ്‌ലിം മഹിളാ സമാജം, ആര്യസമാജത്തിലെ വര്‍ണവൈപരീത്യം, ഐക്യസംഘം 11-ാം വാര്‍ഷിക യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടങ്ങിയവയാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്.

? പ്രമുഖ നവോത്ഥാന നായകനായിരുന്ന ഇ കെ മൗലവി കേരള മുസ്‌ലിം ഐക്യസംഘത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തെക്കുറിച്ച്?
ദൗത്യനിര്‍വഹണത്തിന് അച്ചടക്കത്തോടെയും ചിട്ടയോടെയും കഠിനാധ്വാനം ചെയ്ത നവോത്ഥാന നായകനായിരുന്നു ഇ കെ മൗലവി. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പുതുയുഗപ്പിറവിയായിരുന്ന കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ‘അല്‍ ഇത്തിഹാദി’ലും ‘അല്‍ മുര്‍ഷിദി’ലും ഐക്യസംഘത്തിന്റെ ഔദ്യോഗിക ചരിത്രം എഴുതിയത് അദ്ദേഹമാണ്. വിനയവും ലാളിത്യവും ജീവിതവിശുദ്ധിയും ഗാംഭീര്യമാര്‍ന്ന ശുദ്ധമലയാളത്തിലുള്ള സംസാരവുമെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.
1954 ഫെബ്രുവരിയില്‍ ‘അല്‍ ഇത്തിഹാദ്’ അറബിമലയാളം മാസികയിലും ‘അല്‍ മുര്‍ഷിദ്’ മലയാളം മാസികയിലും ഇ കെ മൗലവി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘കേരള മുസ്‌ലിം ഐക്യസംഘം’ എന്ന കൃതി. കേരളത്തില്‍ നവോത്ഥാനത്തിനു ശക്തി പകര്‍ന്ന ഐക്യസംഘത്തിന്റെ തുടക്കവും വളര്‍ച്ചയും ഈ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ് എഴുതിയ ഈ ലേഖനങ്ങളുടെ സമാഹാരം സാധാരണക്കാര്‍ക്കും ചരിത്ര ഗവേഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്.

? കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പത്രാധിപയും ആദ്യത്തെ മുസ്‌ലിം മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന ഹലീമാ ബീവിയുടെ നവോത്ഥാന ശ്രമങ്ങളെ അര്‍ഹമായ നിലയില്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ ആശ്വാസം പകരുന്ന കൃതിയാണ് താങ്കള്‍ എഴുതിയ ‘ഹലീമാ ബീവി: തെരഞ്ഞെടുത്ത രചനകള്‍.’ ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ച്?
അക്ഷരജ്ഞാനം മുസ്‌ലിം സ്ത്രീകള്‍ക്ക് അന്യമായിരുന്ന കാലത്ത് പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന ധീരവനിതയാണ് ഹലീമാ ബീവി. എഴുതുക മാത്രമല്ല, പത്രാധിപസ്ഥാനത്തേക്കു വരെ അവര്‍ ഉയര്‍ന്നു. അവിശ്വസനീയമായ നിലയിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ഹലീമാ ബീവിയുടെ മകള്‍ അന്‍സാര്‍ ബീഗവും ഞാനും മലപ്പുറം ജില്ലയിലെ തിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകരായി എട്ടു വര്‍ഷത്തോളം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ശ്രദ്ധേയമായ അവരുടെ പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ അറിയാന്‍ ഇതുവഴി സാധിച്ചു.
ലഭ്യമായ അവരുടെ പ്രധാന രചനകളും പ്രഭാഷണങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ‘അല്‍മനാര്‍’ മാസികയില്‍ 1959 സപ്തംബര്‍ 5, ഒക്ടോബര്‍ 5, നവംബര്‍ 5 എന്നീ ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച ‘അനുഭവങ്ങളിലേക്ക് ഒരെത്തിനോട്ടം’, ‘മുസ്‌ലിം സ്ത്രീകള്‍ സംഘടനാരംഗത്ത്’, ‘കൊച്ചി വനിതാ സമ്മേളനം’, മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വനിതാ സമ്മേളനത്തില്‍ നിര്‍വഹിച്ച ഉദ്ഘാടന പ്രസംഗം 1961 മാര്‍ച്ച് 5ന് ‘അല്‍മനാര്‍’ പ്രസിദ്ധീകരിച്ചത്, ഇതേ വര്‍ഷം സെപ്തംബര്‍ 5ന് ‘അല്‍മനാര്‍’ പ്രസിദ്ധീകരിച്ച ‘മുസ്‌ലിം സ്ത്രീകളും സാമൂഹിക സേവനവും’, 1965ല്‍ എം ഇ എസ് സുവനീറില്‍ എഴുതിയ ‘ശിഥില ചിന്തകള്‍’, 1965ല്‍ റൗദത്തുല്‍ ഉലൂം സുവനീറില്‍ എഴുതിയ ‘സ്ത്രീയെക്കുറിച്ചുള്ള ചിന്ത’ തുടങ്ങിയവയാണ് ഇതിലെ ഉള്ളടക്കം. 1995 ജൂലൈ 8ന് ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പില്‍ ഹലീമാ ബീവിയുമായി ബഷീര്‍ രണ്ടത്താണി നടത്തിയ അഭിമുഖവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

? മരണവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹത്തില്‍ വേരോടിയ അനാചാരങ്ങള്‍ നിരവധിയാണ്. അത്തരം തിന്മകളെ പിഴുതെറിയാനുള്ള രചനകള്‍ പൂര്‍വിക പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ‘ഇര്‍ശാദുല്‍ ആമ്മഃ’ എന്ന ചാവടിയന്തിര തര്‍ജമ ഈ ഗണത്തില്‍ പെട്ടതാണ്. താങ്കള്‍ തയ്യാറാക്കിയ ഈ പുസ്തകത്തെക്കുറിച്ച്?
നമുക്ക് വേണ്ടപ്പെട്ട വ്യക്തികള്‍ മരണപ്പെടുമ്പോഴാണ് അവരുടെ പരലോക ഗുണത്തിനു വേണ്ടി ഉപകാരപ്പെടുന്ന എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന ചിന്ത പലരിലും കടന്നുവരുന്നത്. ദുഃഖസാന്ദ്രമായ ഇത്തരം ഘട്ടങ്ങളില്‍ പുരോഹിതന്മാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാഴ്ചകള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. ഇത്തരം സമ്പ്രദായങ്ങള്‍ സമസ്തയുടെ പിളര്‍പ്പിനു ശേഷം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. പഴയ കാലത്തും അനാചാരങ്ങള്‍ ശക്തമായിരുന്നു. അതുകൊണ്ടാണ് കേരളീയ പണ്ഡിതര്‍ ഇതിനെതിരെ പ്രതികരിച്ചത്. അവയില്‍ പ്രധാനപ്പെട്ട കൃതിയാണ് ‘ഇര്‍ശാദുല്‍ ആമ്മഃ.’ പ്രസക്തമായ ഈ ചരിത്രകൃതി കെ കെ സദഖത്തുല്ല മൗലവിയുടെ പിതൃസഹോദരനും പ്രമുഖ മതപണ്ഡിതനുമായിരുന്ന കരിമ്പനക്കല്‍ കുഞ്ഞിപ്പോക്കു മുസ്‌ല്യാര്‍ അറബിമലയാളത്തില്‍ എഴുതിയതാണ്.
ഹിജ്‌റ 1308ല്‍ ഏറനാട് താലൂക്കിലെ തിരൂരങ്ങാടിയില്‍ നിന്നാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഒരു നൂറ്റാണ്ടു മുമ്പ് പുറത്തിറങ്ങിയ ഈ കൃതി അക്കാലത്ത് രൂക്ഷമായ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അറബിമലയാളത്തിലുള്ള ഈ കൃതി മലയാളത്തില്‍ പ്രസിദ്ധീകരിക്കുക വഴി ഒരുപാട് സത്യാന്വേഷകര്‍ക്ക് വെളിച്ചം പകരാന്‍ നിമിത്തമാവും.

? കേരള മുസ്‌ലിംകളുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയ്ക്ക് ഒരു കാരണം പ്രവാചകന്റെയും സഹാബികളുടെയും താബിഉകളുടെയും കൃത്യമായ ചരിത്രങ്ങള്‍ പഠിക്കാത്തതുകൊണ്ടാണെന്ന് താങ്കള്‍ നിരീക്ഷിച്ചിരുന്നല്ലോ. ഈ മേഖലയില്‍ താങ്കളുടെ സംഭാവനയായ ‘സച്ചരിതര്‍’ എന്ന കൃതിയെക്കുറിച്ച്?
തീര്‍ച്ചയായും നമ്മുടെ പിന്നാക്കാവസ്ഥയ്ക്ക് ഈ മേഖലയിലെ ജാഗ്രതക്കുറവ് കാരണമായിട്ടുണ്ട്. പ്രവാചകന്റെയും സഹാബികളുടെയും ജീവിതത്തെക്കുറിച്ച് ഒരുപാട് ഗ്രന്ഥങ്ങള്‍ വന്നെങ്കിലും താബിഉകളുടേത് കുറവായിരുന്നു. മുഹമ്മദ് നബിയുടെ സ്‌നേഹവും സഹവാസവും അനുഭവിച്ച സഹാബികളുടെ പിന്‍മുറക്കാരായി ജീവിച്ച രണ്ടാം തലമുറയായ താബിഉകളെ കുറിച്ച് അങ്ങനെയാണ് ഒരു ഗ്രന്ഥത്തിന്റെ ആവശ്യകത മനസ്സിലാക്കിയത്.
പ്രമുഖ പണ്ഡിതന്‍ അബ്ദുറഹ്മാന്‍ റഫ്അത് പാഷയുടെ ‘സുവറുന്‍ മിന്‍ ഹയാതിത്താബിഈന്‍’ എന്ന ഗ്രന്ഥത്തെ ആശ്രയിച്ചാണ് ‘സച്ചരിതര്‍’ എന്ന കൃതി എഴുതിയത്. എല്ലാ തലങ്ങളിലും വിശുദ്ധിയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച മഹാരഥന്മാരായ 20 താബിഉകളുടെ ജീവചരിത്രങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

? കെ സി കോമുക്കുട്ടി മൗലവിയുടെ നേതൃത്വത്തില്‍ 1928-1930 കാലത്ത് പുറത്തിറങ്ങിയ ‘നിസാഉല്‍ ഇസ്‌ലാ’മാണ് കേരളത്തില്‍ നിന്ന് ആദ്യമായും അവസാനമായും പുറത്തിറങ്ങിയ അറബിമലയാളത്തിലുള്ള വനിതാ മാസിക. ഇവയുടെ എല്ലാ ലക്കങ്ങളും സമാഹരിച്ച് മലയാളത്തില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഹൃദ്യമായ ഈ സാക്ഷാത്കാരത്തെക്കുറിച്ച്?
ലോക ഇസ്‌ലാമിക ചലനങ്ങളെക്കുറിച്ച് മലയാളി വായനക്കാരെ ഉദ്ബുദ്ധരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലായി വ്യക്തികളും സംഘടനകളും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയെങ്കിലും അവയില്‍ പലതും പല സന്ദര്‍ഭങ്ങളിലായി നിലച്ചുപോയി. പിന്നീട് അവയുടെ കോപ്പികള്‍ പോലും കിട്ടാക്കനിയായി. ‘ഖിലാഫത്ത് പത്രിക’, ‘സാരസന്‍’, ‘മുഹമ്മദലി’, ‘മാര്‍ഗദര്‍ശകന്‍’, ‘പരോപകാരി’ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്നു ലഭ്യമല്ല. വക്കം മൗലവിയുടെ ‘ദീപിക’യും ‘അല്‍ ഇസ്‌ലാമും’ മാത്രമേ ഇതിന് അപവാദമായുള്ളൂ.
‘നിസാഉല്‍ ഇസ്‌ലാമി’ന്റെ 12 ലക്കങ്ങള്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചു. ഇസ്‌ലാമിലെ സ്ത്രീസങ്കല്‍പത്തെ സുന്ദരമായി ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. സമുദായത്തിലെ സാംസ്‌കാരികവും സാമൂഹികവുമായ ഉണര്‍വും വിജ്ഞാനവും നല്‍കാന്‍ സ്ത്രീകളെയും കുടുംബങ്ങളെയും ലക്ഷ്യം വെച്ച് എഴുതിയ പ്രൗഢമായ സൃഷ്ടികളാല്‍ സമ്പന്നമാണ് ഇതിന്റെ ഉള്ളടക്കം. കെ സി കോമുക്കുട്ടി മൗലവി, കെ എം മൗലവി, ഇ കെ മൗലവി, എം സി സി അഹ്മദ് മൗലവി, എം സി സി അബ്ദുറഹ്മാന്‍ മൗലവി, എം അബ്ദുല്ലക്കുട്ടി മൗലവി, പി പി ഉണ്ണി മുഹ്‌യിദ്ദീന്‍ മൗലവി, സി എ മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതന്മാരുടെ മികവുറ്റ ലേഖനങ്ങളും ‘നിസാഉല്‍ ഇസ്‌ലാം’ മാസികയെ ധന്യമാക്കി.

? കേരളത്തിന്റെ വിപ്ലവ നായകന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ കെ എം മൗലവിയുടെ ഫത്‌വകളുടെ സമാഹാരത്തെക്കുറിച്ച്?
വാക്കു കൊണ്ടും കര്‍മം കൊണ്ടും സത്യത്തിന്റെയും ന്യായത്തിന്റെയും ശരിയായ ദിശ കാണിച്ച് സാമൂഹിക പരിഷ്‌കരണ ദൗത്യം ഭംഗിയായി നിര്‍വഹിച്ച കേരളീയ നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായിരുന്നു കെ എം മൗലവി. മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാബോധവും പ്രായോഗിക രൂപങ്ങളും പ്രസരിപ്പിച്ച തീര്‍ത്ഥയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
‘അല്‍ മുര്‍ഷിദ്’, ‘അല്‍ ഇസ്‌ലാഹ്’, ‘അല്‍ ഇര്‍ഷാദ്’, ‘അല്‍ ഇത്തിഹാദ്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ കെ എം മൗലവി നല്‍കിയ സംശയനിവാരണങ്ങളുടെയും മതവിധികളുടെയും സമാഹാരമാണ് ‘കെ എം മൗലവിയുടെ ഫത്‌വകള്‍’ എന്ന കൃതി. അദ്ദേഹത്തിന്റെ ഫത്‌വകള്‍ ഇരുപതാം ശതകത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥയും വിശ്വാസ അപചയങ്ങളും വ്യക്തമാക്കുന്നതാണ്. മതപരമായും ചരിത്രപരമായും പ്രസക്തിയുള്ള ഫത്‌വകളാണിത്. 26 വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.

? താങ്കള്‍ എഴുതിയ ‘ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍’ എന്ന കൃതിയോടുള്ള വായനക്കാരുടെ പ്രതികരണം എങ്ങനെ?
മികച്ച പ്രതികരണമാണ് ഈ പുസ്തകത്തിനു ലഭിച്ചത്. ഇതിന്റെ കോപ്പികള്‍ അന്വേഷിച്ച് ഇപ്പോഴും പലരും വിളിക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ അറബിമലയാള പരിഭാഷയുണ്ടാകുന്നത്. 1855ല്‍ മായന്‍കുട്ടി എളയയാണ് ഇത് രചിച്ചത്. എന്നാല്‍ തെളിമലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കാന്‍ പിന്നെയും മുക്കാല്‍ നൂറ്റാണ്ടിലധികം കാലമെടുത്തു. മലയാള നാട്ടില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉടലെടുത്ത ഖുര്‍ആന്‍ പരിഭാഷാ ശ്രമങ്ങളെയും വ്യാഖ്യാനങ്ങളെയും ചരിത്രപരമായി അടയാളപ്പെടുത്താനുള്ള എന്റെ എളിയ ശ്രമമാണ് ‘ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍’ എന്ന കൃതി.
വിശുദ്ധ ഖുര്‍ആനും മുസ്‌ലിം കേരളവും, വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങള്‍ മലയാളത്തില്‍, അറബിമലയാള ഖുര്‍ആന്‍ പരിഭാഷകള്‍ തുടങ്ങിയവയാണ് ഇതിലെ ഉള്ളടക്കം. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ലഘു ജീവചരിത്രവും വിവിധ ഖുര്‍ആന്‍ പരിഭാഷകളുടെ മുഖചിത്രങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പരിഭാഷാ ചരിത്രം പ്രത്യേകമായി അന്വേഷിക്കുന്ന ചരിത്രപഠിതാക്കള്‍ക്കും ഭാഷാവിജ്ഞാനീയങ്ങളില്‍ തല്‍പരരായവര്‍ക്കും ഉപകാരപ്രദമാണ് ഈ പുസ്തകം.

? താങ്കളുടെ ശേഖരത്തില്‍ നിരവധി അറബിമലയാള പുസ്തകങ്ങള്‍ ഉണ്ടല്ലോ. അവയില്‍ ചിലത് മലയാളത്തില്‍ പ്രസിദ്ധീകൃതമായി. ഇനിയും പുറത്തിറക്കണമെന്ന് ആഗ്രഹിക്കുന്ന അറബിമലയാള കൃതികള്‍ ഏതെങ്കിലുമുണ്ടോ?
തീര്‍ച്ചയായും. എന്റെ ശേഖരത്തില്‍ നിന്നുള്ള ഒട്ടേറെ കൃതികള്‍ ഇനിയും മലയാളത്തില്‍ പുറത്തിറക്കേണ്ടതുണ്ട്. ‘അര്‍രിസാലത്തുന്‍ ഫില്‍ബങ്ക്’, ‘മജല്ലത്തുല്‍ ഫുഊല്‍’, ‘ളൗഉസ്വബാഹ്’ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ‘ളൗഉസ്വബാഹ്’ നേരത്തെ പ്രസിദ്ധീകൃതമായെങ്കിലും അതില്‍ ഇബാറത്തുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കുറഞ്ഞ ശതമാനമേ ഇബാറത്തുകളോടു കൂടിയ പരിഭാഷകള്‍ ആഗ്രഹിക്കുന്നുള്ളൂ എങ്കിലും അത്തരക്കാരെ തീര്‍ച്ചയായും നാം പരിഗണിക്കേണ്ടതുണ്ട്.
ഹലീമാ ബീവിയുടെ രചനകള്‍ പ്രസിദ്ധീകരിച്ചതുപോലെ പരിഗണിക്കേണ്ട മറ്റൊരു സ്ത്രീ എഴുത്തുകാരിയാണ് കൊല്ലം സ്വദേശിനിയായ തങ്കമ്മ മാലിക്. മാലിക് മുഹമ്മദിന്റെ സഹധര്‍മിണിയായ ഇവര്‍ വിസ്മൃതിയിലാണ്ടുപോയ പ്രഗത്ഭയായ എഴുത്തുകാരിയാണ്. ഇവരുടെ മകള്‍ ജമീലാ മാലിക് ചലച്ചിത്ര മേഖലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തങ്കമ്മ മാലിക് എഴുതിയ 35ല്‍ അധികം മികച്ച ചെറുകഥകളുണ്ട്. സര്‍ഗാത്മക സാഹിത്യത്തിന് വലിയ പ്രാധാന്യം അവരുടെ കാലത്ത് ഉണ്ടായിരുന്നു. ഒരു ചെറുകഥയോ കവിതയോ മറ്റു സര്‍ഗരചനകളോ ഇല്ലാതെ അന്ന് പത്രമാസികകള്‍ പുറത്തിറങ്ങിയിരുന്നില്ല. ‘അന്‍സാരി’, ‘ഫാറൂഖ്’, ‘ന്യൂ അന്‍സാരി’ തുടങ്ങിയവയിലെല്ലാം മികച്ച സര്‍ഗസാഹിത്യങ്ങള്‍ പ്രകാശിതമായിരുന്നു. ‘ഇശാഅത്തി’ന്റെ ഓരോ ലക്കങ്ങളിലും മികച്ച കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ രീതിക്ക് മാറ്റം വന്നു. മിക്ക ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും സര്‍ഗരചനകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ വൈജ്ഞാനിക സാഹിത്യത്തില്‍ മാത്രം ഒതുങ്ങി. 1948 വരെ ഇസ്‌ലാമിക സാഹിത്യം തിരുവിതാംകൂര്‍ കേന്ദ്രീകരിച്ചായിരുന്നു സജീവമായത്. പിന്നീട് 1949നു ശേഷമാണ് മലബാര്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക സാഹിത്യ മേഖല ശക്തമായത്. ഇങ്ങനെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ വിലപ്പെട്ട ഒട്ടേറെ രചനകള്‍ മലയാളത്തില്‍ ഇനിയും പ്രകാശിതമാവേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍.

? കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ റിസര്‍ച്ച് ഓഫീസറായി പ്രവര്‍ത്തിച്ചുവരുകയാണല്ലോ ഇപ്പോള്‍. ചെയറിന്റെയും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
ചരിത്രപരമായി പ്രാധാന്യമുള്ള ഒരു കടലാസ് പോലും നഷ്ടപ്പെടുത്തരുതെന്ന നിര്‍ബന്ധബുദ്ധിയോടെ ആകാവുന്നതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സി എച്ച് മുഹമ്മദ് കോയ ചെയര്‍ പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിലും പുറത്തുമുള്ള പരമാവധി പൈതൃകങ്ങള്‍ ഇവിടെ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ഡിജിറ്റലൈസ് ചെയ്യുന്നു. 20,000ല്‍ അധികം പുസ്തകങ്ങള്‍ ഇപ്പോള്‍ ലൈബ്രറിയിലുണ്ട്. കക്ഷിത്വമോ വിഭാഗീയതയോ ഇല്ലാതെ മുസ്‌ലിം പ്രസിദ്ധീകരണങ്ങളെല്ലാം ഇവിടെ സൂക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ഇറങ്ങിയ ആയിരത്തോളം അറബിമലയാള കൃതികള്‍, സമുദായവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സുവനീറുകള്‍, സ്മരണികകള്‍, കേരള മുസ്‌ലിം നവോത്ഥാന നായകര്‍ പുറത്തിറക്കിയ വിവിധ പ്രസിദ്ധീകരണങ്ങള്‍, ഇതുവരെ പുറത്തിറങ്ങിയ മുഴുവന്‍ മദ്‌റസാ പാഠപുസ്തകങ്ങള്‍, നൂറുകണക്കിന് വ്യത്യസ്ത മുസ്‌ലിം സംഘടനകളും കക്ഷികളും പുറത്തിറക്കിയ പതിനായിരത്തിലധികം മലയാള പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. സി എച്ച് ചെയറിലും മാപ്പിള ഹെറിറ്റേജിലും പ്രത്യേകം ലൈബ്രറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സി എച്ച് ചെയര്‍ ലൈബ്രറിയില്‍ കൂടുതലും ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇത് ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഗവേഷകര്‍ ലൈബ്രറി സന്ദര്‍ശിക്കുന്നുണ്ട്. സി എച്ച് ചെയറിന്റെയും മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രെയ്‌സ് എജ്യൂക്കേഷണല്‍ അസോസിയേഷനാണ് ചുക്കാന്‍ പിടിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x