ഹല്‍ദ്വാനി: ഹിംസാത്മക പ്രൊപഗണ്ടയും ഉന്മൂലന രാഷ്ട്രീയവും
സഈദ് പൂനൂര്
ഐഡിയോളജിയെ ഭയക്കുന്നവര്‍ വയലന്‍സ് കൊണ്ട് വിമത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ആഴവും പരപ്പും അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മെയിന്‍കാംഫില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആക്ടിവിസ്റ്റും ജേണലിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുമ്പ് എഴുതിയ കുറിപ്പിലും സൂചിപ്പിച്ചത് ഇതേ ഹിംസാത്മക ഐഡിയോളജിയെക്കുറിച്ചായിരുന്നു. 1930കളിലാണ് വി ഡി സവര്‍ക്കറുടെ എഴുത്തുകളില്‍ കിഴക്കന്‍ യൂറോപ്പിലെ നാസി മുന്നേറ്റത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പരാമര്‍ശങ്ങള്‍ വികസിച്ചതെന്ന് ചേതന്‍ ഭട്ട് തന്റെ ഒശിറൗ ചമശേീിമഹശാെ: ഛൃശഴശി െകറലീഹീഴശല െമിറ ങീറലൃി ങശവേ െ(2001) എന്ന പഠനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
മുസ്ലിംകള് ഈ രാജ്യത്തൊരു അധികപ്പറ്റാണെന്നു സംഘ്പരിവാര്‍ പറയുന്നത് ജര്‍മന്‍ നാസികളുടെ ജൂത ന്യൂനപക്ഷ വിരുദ്ധതയുടെ പ്രത്യയശാസ്ത്ര തുടര്‍ച്ചയായാണ്. നാസി ജര്‍മനിയില്‍ നിന്ന് ഹെഡ്ഗേവാറും ഡോ. മൂഞ്ചെയും സവര്‍ക്കറുമൊക്കെ ചേര്‍ന്ന് സംലയിപ്പിച്ച് റിക്രൂട്ട് ചെയ്ത് രൂപാന്തരപ്പെടുത്തിയ ഹിംസാത്മക ഫാഷിസ്റ്റ് ഹിന്ദുത്വം ഗ്രൗണ്ടില്‍ രൂഢമൂലമാകുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികത മാത്രമാണ് യുപിയിലും മധ്യപ്രദേശിലും നടന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കുടിയൊഴിപ്പിക്കലും. ഒരൊറ്റ രാത്രി കൊണ്ട് അര ലക്ഷത്തോളം മനുഷ്യരെ വിധ്വംസന പ്രതികാരമെന്നോണം വഴിയാധാരമാക്കാനുള്ള നീക്കമാണ് നടന്നത്. ഇതിനു പിന്നാലെ ഡല്‍ഹിയിലെ ദൗല ഖുവാനിലെ 150 കുടുംബങ്ങളടങ്ങുന്ന ചേരിനിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള ശ്രമവും കഴിഞ്ഞ ദിവസം നടന്നു. ബുള്‍ഡോസര്‍ പൊളിറ്റിക്സ് വിസ്തൃതമായതുപോലെ കൂടുതല്‍ പ്രദേശങ്ങള്‍ ലക്ഷ്യംവെച്ച് ഔദ്യോഗികതയുടെ ലേബലില്‍ ഉന്മൂലനം മുന്‍നിര്‍ത്തി കുടിയൊഴിപ്പിക്കല്‍ വ്യാപകമാക്കുകയാണ് ഭരണകൂട നയം.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയിലെ ബന്‍ഭൂല്‍പുര പ്രദേശത്തെ റെയില്‍വേ ഭൂമിയില്‍ താമസിക്കുന്ന നാലായിരത്തിലധികം കുടുംബങ്ങള്‍ക്ക് റെയില്‍വേയില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. ഡിമൗവേീൃശലെറ ഇീിേെൃൗരശേീി െഎന്ന രേഖാടിസ്ഥാനത്തില് ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷനു സമീപമുള്ള കോളനികളില്‍ താമസിക്കുന്ന 4300-ലധികം കുടുംബങ്ങള്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കാനുള്ള പ്രീപ്ലാന്‍ഡ് നീക്കം തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി ആശാവഹമാണ്. ഹല്‍ദ്വാനിയിലെ ഭൂമിയില്‍ നിന്ന് 50,000 പേരെ ഏഴു ദിവസം കൊണ്ട് പിഴുതെറിയാനാവില്ലെന്ന്, ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എ എസ് ഓഖ എന്നിവര്‍ വ്യക്തമാക്കിയത്. പ്രദേശത്ത് കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പേയുള്ള രേഖകളടക്കം കൈവശമുള്ള, നിരവധി തലമുറകള്‍ ജനിച്ചു വളര്‍ന്ന ഇടമാണ് മുക്കാല്‍ ലക്ഷം മനുഷ്യരുള്ള ഹല്‍ദ്വാനിയിലെ ഗഫൂര്‍ ബസ്തി. താമസക്കാരില്‍ 95 ശതമാനത്തിലേറെ മുസ്ലിംകള്. നിരവധി പേര് തങ്ങളുടെ ഭൂമി 1947നു മുമ്പ് പാട്ടത്തിനെടുത്തതാണെന്ന് അറിയിക്കുന്നു. മറ്റു ചിലര്‍ 1947നു ശേഷം ലേലത്തില്‍ ഭൂമി വാങ്ങിയവരാണ്. കൈവശമുള്ള ഭൂമിക്ക് 1940 മുതല്‍ നികുതി അടച്ചതിന്റെ രസീത് പലരുടെയും കൈവശമുണ്ട്. നഗരസഭയുടെ കെട്ടിട നികുതിയും വീട്ടുനികുതിയും മുടങ്ങാതെ അവര്‍ അടയ്ക്കുന്നുണ്ട്. മുനിസിപ്പല്‍ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും കാലാകാലങ്ങളില്‍ ആ പ്രദേശത്തിന്റെ വികസനത്തിനായി കോടികള്‍ ചെലവിട്ടിട്ടുമുണ്ട്. വൈദ്യുതിയും വെള്ളവും റോഡുകളുമെല്ലാം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമുണ്ട്.
ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഒരു ഡസന്‍ അങ്കണവാടികളും സര്‍ക്കാര്‍ സ്കൂളുകളും അമ്പലങ്ങളും പള്ളികളും മതപാഠശാലകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം അവിടെയുണ്ട്. പക്ഷേ ബിജെപിക്കെതിരെ വോട്ടു ചെയ്യുന്ന മുസ്ലിംകള് എന്ന കാരണം മാത്രമാണ് ഈ അന്യായ കുടിയിറക്കലിന് വഴിയൊരുക്കിയതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള വോട്ടുബാങ്കായ ഹല്‍ദ്വാനി, ബിജെപിക്ക് തലവേദന സൃഷ്ടിച്ച പ്രദേശം തന്നെയാണ്. 95 ശതമാനം മുസ്ലിംകളുള്ള ഗഫൂര്ബസ്തിയില് നിന്ന് 4365 കുടുംബങ്ങളെ പതിറ്റാണ്ടുകളായി അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് പിഴുതെറിയാനുള്ള ശ്രമമാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് തടഞ്ഞത്. ഭൂമി റെയില്‍വേയുടേതാണെന്നും അവിടെയുള്ളവരെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്ന് തെളിയിക്കപ്പെട്ടാല്‍ തന്നെ കുടിയൊഴിപ്പിക്കുന്ന രീതി ഇതല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പൊതുപരിസര നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവരെ പുനരധിവസിപ്പിക്കണം. അല്ലാതെ ഏഴു ദിവസം കൊണ്ട് ഇവരെ തെരുവിലേക്ക് ഇറക്കിവിട്ടല്ല ഇതൊന്നും ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രദേശത്തെ എല്ലാവര്ക്കും പുനരധിവാസം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശമുള്ള നോട്ടീസ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് അയക്കുകയും ചെയ്തു. ഹല്‍ദ്വാനിയില്‍ അവകാശമുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിച്ച് ഇരുകൂട്ടരെയും നിലവിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കൈവശക്കാരന് ഭൂമിയില്‍ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും കുടിയൊഴിപ്പിക്കപ്പെട്ടാല്‍ പുനരധിവാസം വേണമെന്നും അതിനെ മാനുഷിക പ്രശ്നമായാണ് കാണേണ്ടതെന്നുമാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ നിരീക്ഷിച്ചത്. 50-60 വര്‍ഷമായി ഹല്‍ദ്വാനിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുപരിസര നിയമപ്രകാരം കുടിയൊഴിപ്പിക്കാനുള്ള നിരവധി ഉത്തരവുകള്‍ നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ്. എന്നാല്‍, കോവിഡ് കാലത്ത് പുറപ്പെടുവിച്ച ഏകപക്ഷീയ ഉത്തരവുകളായിരുന്നു ഇതെല്ലാം. പുതിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടിവരും. കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത്രയധികം ആളുകള്‍ പെരുവഴിയിലാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, രേഖകള്‍ പരിശോധിക്കുകയോ താമസക്കാരുടെ വാദം ഹൈക്കോടതിയിലെത്തിക്കാനുള്ള അവസരമൊരുക്കുകയോ ചെയ്തില്ല. സര്‍വേ ശരിയായ രീതിയില്‍ നടത്തിയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബി ജെ പി ആയതിനാല്‍ സര്‍ക്കാരിന് എല്ലാറ്റിലും മുന്‍വിധിയുണ്ടായിരുന്നു. പ്രദേശത്തെ താമസക്കാരില്‍ ഭൂരിഭാഗവും മുസ്ലിംകളും. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സര്‍ക്കാര്‍ കോടതി ഉത്തരവിന്റെ മറവില്‍ ഒരു കോളനിയെ മൊത്തം തകര്‍ക്കാന്‍ തയ്യാറായില്ലെങ്കിലാണ് അദ്ഭുതം.
ഹല്‍ദ്വാനിയിലെ കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി ബി ജെ പിയെ കൂടുതല്‍ ചൊടിപ്പിക്കാനാണ് സാധ്യത. ഹിന്ദുത്വ അജണ്ടകള്‍ക്ക് ആക്കം കൂട്ടുന്ന ബി ജെ പിയെ സംബന്ധിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള, കോണ്‍ഗ്രസിന് ആധിപത്യമുള്ള ഭൂമിയില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് രാഷ്ട്രീയ മുന്നേറ്റമാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് കോട്ടയില്‍ ഹിന്ദുത്വപ്രീണനം സാധ്യമാക്കുകയെന്ന ബി ജെ പിയുടെ രാഷ്ട്രീയനീക്കമാണ് പാളിയത്.
ഇന്ന് റെയില്‍വേക്ക് അവകാശപ്പെട്ടതെന്നു പറയുന്ന ഹല്‍ദ്വാനിയിലെ ഭൂമി 2017ല്‍ സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നു. പിന്നീട് സര്‍ക്കാര്‍ മാറിയപ്പോള്‍ ഹല്‍ദ്വാനിയിലെ ഭൂമിയുടെ അവകാശം റെയില്‍വേക്ക് വന്നുചേര്‍ന്നു. കോടതിയില്‍ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം 29 ഏക്കര്‍ ഭൂമിയിലാണ് റെയില്‍വേ അവകാശം ഉന്നയിച്ചിരുന്നതെങ്കില്‍ പിന്നീടത് 78 ഏക്കറായി വളര്‍ന്നു. ഈ 78 ഏക്കര്‍ സ്ഥലത്ത് താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ ഒരു ടൗണ്‍ഷിപ്പ് മുഴുവനും കുടിയൊഴിപ്പിക്കാനായി ഉണ്ടാകും. അഞ്ച് സര്‍ക്കാര്‍ സ്കൂളുകള്‍, ആറ് സ്വകാര്യ സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, എട്ടു മുതല്‍ പത്തു വരെ മസ്ജിദുകള്‍, രണ്ട് ക്ഷേത്രങ്ങള്‍, ഒരു സരസ്വതി ശിശു മന്ദിരം, സ്വാതന്ത്ര്യത്തിനു മുമ്പുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം പൊളിക്കാനുള്ള സാധ്യതയാണുള്ളത്.
കൈയേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനായി ചെലവാകുന്ന തുക കൈയേറ്റക്കാരില്‍ നിന്നു പിഴയായി ഈടാക്കുകയും ചെയ്യുമത്രേ! ഹല്‍ദ്വാനിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ അവരുടെ കൈവശമുള്ളപ്പോള്‍ എങ്ങനെയാണ് കുടിയൊഴിപ്പിക്കല്‍ നിയമാനുസൃതമാവുന്നത്?
സ്വന്തം മണ്ണെന്നു കരുതി കഴിയുന്നിടത്തു നിന്ന് ഏഴു ദിവസത്തിനകം എവിടേക്കെങ്കിലും പോകണമെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എല്ലുറഞ്ഞുപോകുന്ന ഉത്തരേന്ത്യന്‍ കൊടുംശൈത്യത്തില്‍ അര ലക്ഷം മനുഷ്യര്‍ എവിടേക്ക് പോകുമെന്ന ചോദ്യം ഹൈക്കോടതിയെ അലട്ടുേന്നയില്ല. അവരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പക്കലുമില്ല!
ബി ജെ പിയുടെ വര്‍ഗീയ ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിവെച്ചത് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും കടകളും ഇടിച്ചുനിരപ്പാക്കുകയും ഇതിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന രാഷ്ട്രീയം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദികള്‍ ന്യൂനപക്ഷങ്ങളാണെന്ന പ്രചാരണത്തിന്റെ അകമ്പടിയിലാണ് ഈ ബുള്‍ഡോസര്‍ പ്രയോഗം. മധ്യപ്രദേശ് അടക്കം ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും പ്രയാഗ്രാജിലും ഇത് ആവര്‍ത്തിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു മുന്നിലുണ്ടായിരുന്ന യുപിയിലെ മുസ്ലിം ആക്ടിവിസ്റ്റ് അഫ്രീന ഫാത്തിമയെ വേട്ടയാടുകയും പ്രയാഗ്രാജിലെ അവരുടെ വീട് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. അന്ന് നോട്ടീസ് പോലും നല്‍കാതെയാണ് നിരവധി തെരുവുകള്‍ കുടിയൊഴിപ്പിക്കുകയും വീടുകള്‍ ഇടിച്ചുനിരത്തുകയും ചെയ്തത്. അതിന് അന്താരാഷ്ട്ര മാധ്യമശ്രദ്ധയടക്കം ലഭിച്ചത് ബിജെപിക്ക് ചെറുതല്ലാത്ത പ്രഹരമായിരുന്നു. ഉദ്ധൃത നയം ഔദ്യോഗികമായി ചെയ്യാനുള്ള സൗകര്യമാണ് ഹരിദ്വാറില്‍ ഭരണകൂടം വിഭാവനം ചെയ്തത്.
ഉന്മൂലന രാഷ്ട്രീയത്തെ സംബന്ധിച്ചും വംശഹത്യയുടെ ഘട്ടങ്ങളെക്കുറിച്ചും ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ പറഞ്ഞത് പ്രകാരം ഹിന്ദുത്വ വലതുപക്ഷ സംഘടന വംശഹത്യയുടെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ലിബറല്‍ സിവില്‍ സമൂഹങ്ങളും ബി ജെ പി ഭരണകൂടത്തിന്റെ മുസ്ലിം ഉന്മൂലന പദ്ധതിയെ കൃത്യമായി അഭിസംബോധന ചെയ്യുന്നതില്‍ ഒരു പരിധിയോളം പരാജയപ്പെട്ടിട്ടുമുണ്ട്.