16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഹലാല്‍ ഒരു സംസ്‌കാരമാണ്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


”അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് ഹലാലും ത്വയ്യിബും ആയവ നിങ്ങള്‍ ഭക്ഷിക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുന്നുവെങ്കില്‍.” (നഹ്ല്‍ 114)
മനുഷ്യന്റെ മനസ്സും ശരീരവും വിശുദ്ധമായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ മൗലിക തത്വം. ഈമാന്‍, ഇസ്ലാം എന്നിവയുള്‍ക്കൊള്ളുന്ന ശരീഅത്ത് രൂപപ്പെടുത്തിയിരിക്കുന്നത് ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പാകത്തിലാണ്.
ശരീരത്തിന്റെ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കുളള ഇന്ധനമാണ് ഭക്ഷണം. മനുഷ്യന്റെ പ്രാഥമികാവശ്യമാണത്. ജീവിതത്തിന്റെ മുഖ്യാധാരമായ വിശ്വാസം അതില്‍ അടയാളപ്പെടുത്തണം. ശരീര പ്രകൃതത്തിന് അനുഗുണമായിരിക്കുകയും വേണം. ഹലാല്‍, ത്വയ്യിബ് എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നതും ഇത് തന്നെയാണ്.
ശവം, രക്തം, പന്നി മാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത്, പ്രതിഷ്ഠകള്‍ക്ക് മുമ്പില്‍ ബലിയര്‍പ്പിച്ചത് (5:3) തുടങ്ങിയവയാണ് ഭക്ഷണ ഇനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക്. ഇതിന് പുറത്ത്, അല്ലാഹു അനുവദിച്ച ഭക്ഷ്യ വസ്തുക്കള്‍ സ്വയം നിഷിദ്ധമാക്കരുതെന്നും ഖുര്‍ആന്‍ പറയുന്നു. (മാഇദ 87)
നല്ല വസ്തുക്കള്‍ അനുവദിച്ചു കൊടുക്കുകയും മോശമായവ വിലക്കുകയും ചെയ്തത് നബി(സ)യുടെ ദൗത്യത്തിന്റെ പ്രധാന ഭാഗവുമായിരുന്നു. (7:157) സദാചാര ബോധത്തില്‍ കഴിയുന്ന ദമ്പതിമാരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നതും ത്വയ്യിബൂന്‍, ത്വയ്യിബാത്ത് (24:26) എന്നാണ്. ചുരുക്കത്തില്‍ ഒരു നേരത്തെ ഭക്ഷണത്തില്‍ ഒതുങ്ങുന്നതല്ല ഇസ്ലാമിലെ ഹലാല്‍ സങ്കല്‍പം. കേവല ബൗദ്ധിക സമീപനത്തിലൂടെ അത് ബോധ്യപ്പെടുകയില്ല. അതൊരു ജീവിത സംസ്‌കാരമാണ്. വിശ്വാസമാണ് അതിന്റെ അടിത്തറ. ദൈവ സമര്‍പ്പണ ബോധമാണ് അതിനെ ശാക്തീകരിക്കേണ്ടത്.
അന്യായവും അവിഹിതവുമായ രൂപത്തില്‍ അന്യന്റെ സമ്പത്ത് കൈക്കലാക്കരുത് (4:29) എന്ന ആഹ്വാനവും ഹലാല്‍ സംസ്‌ക്കാരത്തിന്റെ വ്യാപ്തിയും പ്രാധാന്യവും കുറിക്കുന്നു. സ്വീകരിക്കേണ്ടതും വര്‍ജിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവാണ് ജീവിതത്തില്‍ ദിശാബോധം നിലനിര്‍ത്തുന്നത്. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന ജോലിയും താമസിക്കുന്ന വീടും സമ്പാദ്യങ്ങളും സൗഹൃദങ്ങളുമെല്ലാം ഹലാല്‍ മാത്രമായിരിക്കണം എന്നത് വിശ്വാസികള്‍ക്ക് മൗലികമാണ്. ഇസ്ലാമിലെ ധര്‍മ മൂല്യങ്ങളില്‍ നിന്ന് സമൂഹത്തെ പുറത്തെടുക്കുക എന്ന അജണ്ടയാണ് ഹലാല്‍ വിവാദമുള്‍പ്പെടെ ഇപ്പോള്‍ ഉയര്‍ത്തി വിടുന്ന മതവിരുദ്ധത വ്യക്തമാക്കുന്നത്.
മതം ഏര്‍പ്പെടുത്തിയ വിധി വിലക്കുകളിലെ മാനവിക സാമൂഹിക മാനം മുസ്ലിമേതര ജനവിഭാഗങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതനുസരിച്ച് ധാരാളം പേര്‍ ഇന്ന് ലോകത്ത് ജീവിക്കുന്നുമുണ്ട്. അല്ലാഹുവിന്റെ മതത്തിന് മാത്രമെ അതിജീവനം സാധ്യമാകുകയുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ‘ദിവ്യപ്രകാശം ഊതികെടുത്താന്‍ അവര്‍ വിചാരിക്കുന്നു. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശം പൂര്‍ണ്ണതയിലേക്കെത്തിക്കും, സത്യനിഷേധികള്‍ അത് വെറുക്കുന്നുവെങ്കിലും.”

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x