3 Saturday
June 2023
2023 June 3
1444 Dhoul-Qida 14

ഗ്യാന്‍വാപി തര്‍ക്കമന്ദിരമല്ല


ഉത്തര്‍പ്രദേശിലെ ബനാറസില്‍ സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള ഹരജിയെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗ്യാന്‍വാപി മസ്ജിദിന് 1991ലെ ആരാധനാലയ നിയമം ബാധകമാകില്ല എന്നാണ് ജില്ലാ കോടതിയുടെ ഒടുവിലത്തെ നിരീക്ഷണം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗ്യാന്‍വാപി മസ്ജിദ് കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് പള്ളിയില്‍ ശിവലിംഗം കണ്ടെത്തി എന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് പൂജ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കണ്ടെത്തിയത് ശിവലിംഗമല്ല, പള്ളിയിലെ വുദുഖാനയിലെ ജലധാരയാണ് എന്ന് മസ്ജിദ് ഭാരവാഹികള്‍ വിശദീകരിച്ചിട്ടുണ്ട്.
പള്ളി നിലനില്‍ക്കുന്നതിന് തൊട്ടടുത്താണ് കാശി വിശ്വനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ കാലങ്ങളായി രണ്ട് ആരാധനാലയങ്ങളും അതത് വിശ്വാസപ്രകാരം മുന്നോട്ടുപോവുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ബാബരി വിധി നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താകാം, 2021 ആഗസ്റ്റ് മാസത്തി ല്‍, ഗ്യാന്‍വാപി പള്ളിയില്‍ ആരാധന നടത്താനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് പേര്‍ വാരാണസി ജില്ലാ കോടതിയെ സമീപിച്ചതോടെയാണ് ഗ്യാന്‍വാപി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത്. അതിനു മുമ്പ് 2019 മുതല്‍ പള്ളിയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, 1991ലെ ആരാധനാലയനിയമം അനുസരിച്ച് അത്തരം വാദങ്ങള്‍ക്കൊന്നും നിലനില്‍പുണ്ടായിരുന്നില്ല.
1991ലെ ആരാധനാലയ നിയമം അനുസരിച്ച്, 1947 ആഗസ്ത് 15ന് ഒരു ആരാധനാലയം ഏത് രൂപത്തിലാണോ ഉണ്ടായിരുന്നത് തല്‍സ്ഥിതി തുടരണമെന്നും അക്കാര്യത്തില്‍ കോടതിയോ സര്‍ക്കാറോ ഇടപെടാന്‍ പാടില്ലെന്നുമാണ് നിയമം അനുശാസിക്കുന്നത്. അന്ന് നിലവിലുണ്ടായിരുന്ന ഒരു മസ്ജിദ്, ക്ഷേത്രം, പള്ളി അല്ലെങ്കില്‍ ഏതെങ്കിലും പൊതു ആരാധനാലയം തുടങ്ങിയവ അതിന്റെ ചരിത്രമൊന്നും പരിശോധിക്കാതെ തന്നെ അതേ മതസ്വഭാവം നിലനിര്‍ത്തണം. സ്വതന്ത്രമാകുന്നതിനു മുമ്പ് പല തരത്തിലുള്ള ഭരണസംവിധാനം നൂറ്റാണ്ടുകളോളം നിലനിന്ന രാജ്യമാണിത്. അതിനാല്‍ തന്നെ ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്കോ വര്‍ത്തമാന പരിസരത്തേക്കോ കൊണ്ടുവരാന്‍ പാടില്ലെന്ന വീക്ഷണമാണ് ആ നിയമനിര്‍മാണത്തിനു പിന്നിലുള്ളത്.
ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാറാണ് ഈ നിയമം കൊണ്ടുവന്നത്. മുസ്ലിംലീഗ് അംഗമായിരുന്ന ജി എം ബനാത്ത്‌വാലയാണ് ഇതിന് മുന്‍കൈ എടുത്തത്. ആ നിയമം കൊണ്ടുവരുന്ന സമയത്തു തന്നെ ബാബരി മസ്ജിദ് തര്‍ക്കമന്ദിരമായതുകൊണ്ട് അതിനെ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തി. ആരാധനാലയങ്ങളുടെ സ്വഭാവം കാത്തുസൂക്ഷിക്കുന്നതി നായി ഇന്ത്യയുടെ പാര്‍ലമെന്റ് കണിശമായ നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും, ചരിത്രമോ അതിലെ തെറ്റുകളോ വര്‍ത്തമാനത്തെയും ഭാവിയെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്നും ബാബരി ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.
എന്നാല്‍, 1991ലെ നിയമം ഗ്യാന്‍വാപി മസ്ജിദിന് ബാധകമല്ല എന്ന തരത്തിലാണ് ഇപ്പോള്‍ ജില്ലാ കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്. അതിനെതിരെ അന്‍ജുമാന്‍ ഇന്‍ തിസാമിയ മസ്ജിദ് കമ്മിറ്റി അപ്പീല്‍ പോയിരിക്കുകയാണ്. 1991 ലെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഏതെങ്കിലും ആരാധനാലയത്തെ മാറ്റുന്നതിനെ സാധൂകരിക്കുന്ന ചില വ്യവസ്ഥകള്‍ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. ബാബരി മസ്ജിദ് തര്‍ക്കമന്ദിരമെന്ന നിലയില്‍ കേസ് മുന്നോട്ടുപോയത് അതുകൊണ്ടാണ്.
എന്നാല്‍ ഗ്യാന്‍വാപിയുടെ കാര്യത്തില്‍, പതിനേഴാം നൂറ്റാണ്ടിലോ പതിനെട്ടാം നൂറ്റാണ്ടിലോ സംഭവിച്ചുവെന്ന് പറയപ്പെടുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. കാരണം, പ്രാഥമികമായി അതെല്ലാം 1991ലെ ആരാധനാലയ നിയമത്തെ റദ്ദ് ചെയ്തുകൊണ്ട് മാത്രമേ മുന്നോട്ട് ഗമിക്കുകയുള്ളൂ. ബാബരിയെ തര്‍ക്കമന്ദിരമാക്കിയ പോലെ ഗ്യാന്‍വാപിയെയും തര്‍ക്കമന്ദിരമാക്കുക എന്ന തന്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ബാബരിയാനന്തര രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കിയത് ബി ജെ പിയും സംഘപരിവാരവുമാണ്. സമാനമായി, രാജ്യത്തെ മതവിശ്വാസികള്‍ക്കിടയില്‍ ഛിദ്രതയും ഭിന്നിപ്പുമുണ്ടാക്കാന്‍, രാഷ്ട്രീയമായി ഉപയോഗപ്പെടുത്താവുന്ന പുതിയ മേച്ചില്‍പ്പുറം തേടിയുള്ള തന്ത്രങ്ങളാണ് ഗ്യാന്‍വാപിയില്‍ എത്തിനില്‍ക്കുന്നത്.
മതവികാരം പരമാവധി കത്തി ച്ചുനിര്‍ത്തുവാന്‍ സംഘപരിവാരം താല്‍പര്യപ്പെടുന്നുണ്ട്. നാനാജാതികളായി കഴിയുന്ന ഭൂരിപക്ഷ സമൂഹത്തെ ഒരു സോഷ്യല്‍ ഐഡന്റിറ്റിയിലേക്ക് ഏകീകരിക്കാന്‍ ഗ്യാന്‍വാപി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതോടെ സാധിക്കുമെന്നാണ് സംഘപരിവാരം കരുതുന്നത്. ഗ്യാന്‍വാപി തര്‍ക്കമന്ദിരമല്ല എന്നതുകൊണ്ടുതന്നെ, 1991ലെ ആരാധനാലയം നിയമം ബാധകമാണ് എന്ന നിലയ്ക്ക് കമ്മിറ്റി അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇനി നിയമപോരാട്ടമാണ് മുമ്പിലുള്ളത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x