15 Monday
April 2024
2024 April 15
1445 Chawwâl 6

ഗൈ്വബിയായ വിഷയത്തില്‍ പ്രവാചകന്റെ വിശദീകരണത്തെ മറികടക്കരുത്‌

സി പി ഉമര്‍ സുല്ലമി / മുഹ്‌സിന്‍ തൃപ്പനച്ചി


മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന വിവിധ വിഷയങ്ങളില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ നിലപാട് സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി വ്യക്തമാക്കുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം

? ഇസ്‌ലാം മതകാര്യങ്ങളില്‍ ചിന്തയെ നിരാകരിക്കുന്നുണ്ടോ.
ഒരു യാത്രയില്‍ സഹാബികള്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. കുളി നിര്‍ബന്ധമാവുകയും ചെയ്തു. എന്ത് ചെയ്യണമെന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഖുര്‍ആന്‍ പറഞ്ഞതനുസരിച്ച് തയമ്മും മതി എന്ന് അഭിപ്രായമുള്ളവര്‍ അതനുസരിച്ച് നമസ്‌കരിച്ചു. ഉമര്‍(റ) അടക്കമുള്ളവര്‍ ഇതിനെതിരായ അഭിപ്രായക്കാരായിരുന്നു. ഈ വിഷയം പ്രവാചക സന്നിധിയില്‍ എത്തി. അവര്‍ കാര്യങ്ങള്‍ പറഞ്ഞു. കുളിക്ക് പകരമായതുകൊണ്ട് അവര്‍ മണ്ണ് ദേഹമാസകലമാവുന്ന വിധത്തിലായിരുന്നു തയമ്മും ചെയ്തത്. നബി(സ) ചിരിച്ചുകൊണ്ട് പറഞ്ഞു: അത് വേണ്ടിയിരുന്നില്ല. വുദുവിനു പകരമുള്ള തയമ്മുമിന്റെ രൂപം കാണിച്ചുകൊണ്ട്, ഇത് മതിയായിരുന്നു എന്നു പറഞ്ഞു.
ഇവിടെ, നബി(സ) അവരുടെ നമസ്‌കാരം മടക്കാനോ തിരുത്താനോ പറഞ്ഞില്ല. ഖുര്‍ആനില്‍ നിന്ന് എങ്ങനെ ശരിയാണെന്ന് മനസ്സിലാക്കിയോ അതനുസരിച്ച് പ്രവര്‍ത്തിച്ചു. അതാണ് നബി(സ)യുടെ സുന്നത്ത്. ഒരു വിഷയത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്ന അറിവ് അനുസരി ച്ചുകൊണ്ട് അയാള്‍ക്ക് പ്രവര്‍ ത്തിക്കാവുന്നതാണ്. നബിയില്‍ നിന്ന് നേരിട്ട് കേട്ടാല്‍ പിന്നെ സ്വന്തം ചിന്തക്ക് സ്ഥാനമില്ല. അപ്പോള്‍ ഒരു ഹദീസ് കിട്ടി, അത് നബിയില്‍ നിന്ന് നേരിട്ട് അറിഞ്ഞതാണെന്ന് ബോധ്യപ്പെട്ടാല്‍ അവിടെ മറ്റൊരു ചിന്തയ്ക്ക് സ്ഥാനമില്ല.

? അങ്ങനെയെങ്കില്‍ ഹദീസ് വിഷയത്തില്‍ സംശയമുന്നയിക്കുന്ന പ്രശ്‌നം എന്താണ്.
ഹദീസുകള്‍ നമ്മള്‍ നബിയില്‍ നിന്ന് നേരിട്ടു കേള്‍ക്കുന്നില്ല. ഖുര്‍ആനിനെ സംബന്ധിച്ച് ആ പ്രശ്‌നമില്ല. അത് അല്ലാഹുവിന്റെ വചനങ്ങളാണ്. ഹദീസിന്റെ കാര്യത്തില്‍ നബിയില്‍ നിന്ന് കേള്‍ക്കുന്ന ആശയങ്ങള്‍ അതേ വാചകങ്ങളിലും പദങ്ങളിലുമായിക്കൊള്ളണമെന്നില്ല നാം കേള്‍ക്കുന്നത്. നാം കേള്‍ക്കുന്ന വാചകം പ്രവാചകന്‍ പറഞ്ഞതു തന്നെയാണോ എന്നിടത്താണ് ചിന്തയ്ക്ക് പ്രസക്തിയുള്ളത്. ഖുര്‍ആനിന്റെ വിശദീകരണമായി മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ അതില്‍ യാതൊരു തര്‍ക്കവുമില്ല. ഖുര്‍ആനിന്റെ ആശയങ്ങളില്‍ നിന്ന് വ്യത്യാസം കാണുന്നുണ്ടെങ്കില്‍, നബി(സ) എന്തായാലും ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് എതിരായി പറയില്ല. അപ്പോള്‍ ഇതിനിടയില്‍ വന്ന റാവികളുടെ വാചകങ്ങളില്‍ വന്ന വ്യത്യാസമാകാം. അപ്പോള്‍ ഖുര്‍ആനിന്റെ ആശയവുമായി യോജിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ഹദീസ് ഒരു തെറ്റിദ്ധാരണയും ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരിലൂടെയാണ് വന്നതെങ്കില്‍ അത് മാറ്റിവെക്കാം. പരമാവധി ഖുര്‍ആനുമായി യോജിപ്പിക്കാന്‍ ശ്രമിക്കുക.
ഏറ്റവും സഹീഹായ ഹദീസ് ക്രോഡീകരണം ഇമാം ബുഖാരിയുടേതാണ്. അതു കഴിഞ്ഞാല്‍ ഇമാം മുസ്ലിമിന്റേത്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്തതാണെങ്കില്‍ ഏറ്റവും വിശ്വാസയോഗ്യമായതായി കണക്കാക്കുന്നു. ഹദീസിനെ ആദ്യം മനസ്സിലാക്കേണ്ടത് മഖ്ബൂലാണോ മര്‍ദൂദാണോ എന്നതാണ്. മഖ്ബൂല്‍ എന്നാല്‍ ആ ഹദീസ് വെച്ച് നമുക്ക് അമല്‍ ചെയ്യാവുന്നതാണ്. റിപ്പോര്‍ട്ടര്‍മാര്‍ വിശ്വാസയോഗ്യരാണ്, അതിനാല്‍ അത് നബി(സ)യുടെ വാചകമായിരിക്കാനാണ് ഏറ്റവും സാധ്യത. അതുകൊണ്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍ അതേ അവസരത്തില്‍ അത് കര്‍മത്തെയൊന്നും ബാധിക്കാത്ത ഒന്നാണെങ്കിലോ? ഒന്നും വരാനില്ല. വിശ്വാസത്തെ ബാധിക്കുന്നതാണെങ്കിലോ? അത് ഖുര്‍ആനിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്നതുതന്നെയാണ് പരിശോധിക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നത് ‘നിനക്ക് അറിവില്ലാത്ത കാര്യത്തെ നീ അനുകരിക്കരുത്’ എന്നാണ്. അതോടൊപ്പം എങ്ങനെ അറിവുണ്ടാകാം എന്നുകൂടി ഖുര്‍ആന്‍ പറയുന്നു. നിന്റെ കാതും കണ്ണും ബുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നതാണ്. അതായത് ഇവിടെ നമുക്ക് ഇല്‍മ് ഉണ്ടാകുന്നത് നാം നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെയും അതനുസരിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നതിലൂടെയുമാണ്.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞതാണെങ്കില്‍ അതില്‍ ബുദ്ധിക്ക് യോജിക്കാത്തത് ഉണ്ടാവില്ല. ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്പനയാണെങ്കില്‍ അനുസരിച്ചേ പറ്റൂ. മുഹമ്മദ് നബി(സ)യില്‍ നിന്ന് നേരിട്ട് കേട്ടതാണെങ്കിലും അങ്ങനെത്തന്നെയാണ്. എന്നാല്‍ നബി(സ)യില്‍ നിന്ന് നേരിട്ടല്ലാതെ റിപ്പോര്‍ട്ടര്‍മാരിലൂടെ കേട്ടതാണെങ്കില്‍, റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാനുഷികമായ രീതിയില്‍ വാചകങ്ങള്‍ മാറാം. അവര്‍ ആശയമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്, വാചകമല്ല. അപ്പോല്‍ മഖ്ബൂല്‍ കൊണ്ട് പ്രവര്‍ത്തിക്കാം. എന്നാല്‍ വിശ്വാസപരമായതാണെകില്‍, അത് നബി(സ) പറഞ്ഞതാവാന്‍ സാധ്യതയുണ്ടോ എന്ന് ആശയപരമായി ഉറപ്പു വരുത്തണം.
ഇമം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) തന്നെ പറയുന്നുണ്ട്: ”നിങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടാല്‍ ആ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സിനും ബുദ്ധിക്കും യോജിച്ചുവരികയാണെങ്കില്‍ ഞാന്‍ പറഞ്ഞതായിരിക്കും എന്നു മനസ്സിലാക്കുക. അതല്ല എങ്കില്‍ അത് ഞാന്‍ പറഞ്ഞതായിരിക്കില്ല.” ഒരാളുടെ ബുദ്ധിക്ക് എന്നല്ല, ഇമാമുകള്‍ സ്വരീഹുല്‍ അഖ്ല്‍ എന്നാണ് പറഞ്ഞത്, വളരെ വ്യക്തമായ ബുദ്ധിക്ക് എന്നര്‍ഥം. ഉദാഹരണത്തിന് രണ്ടും രണ്ടും നാല് എന്നത് ഉറപ്പാണല്ലോ, അത് മൂന്ന് എന്നു വന്നാല്‍ വിശ്വസിക്കാന്‍ പറ്റില്ല. ഉദാഹരണം പറഞ്ഞാല്‍ ”ഈ ഭൂമിയെല്ലാം കൂടി ഒരു കാളക്കൊമ്പത്താണ് നില്‍ക്കുന്നത്. ആ കാള ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് മാറ്റുമ്പോഴാണ് ഭൂകമ്പമുണ്ടാകുന്നത്” എന്നൊക്കെയുള്ള ഹദീസുകള്‍.
മുഹമ്മദ് നബി(സ)യെ കുറിച്ച് ഉറപ്പില്ലാത്ത ഒരു വിവരം കിട്ടിയാല്‍ നമുക്ക് സ്വീകരിക്കാന്‍ പറ്റില്ല. അപ്പോള്‍ മുതവാതിറല്ലാത്ത ഒരു ഹദീസ് കൊണ്ട് ഇല്‍മ് ഉണ്ടാവില്ല എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ തന്നെ പറയുന്നത്. മിക്കവാറും അത് നബി(സ) പറഞ്ഞതാവും എന്ന നിലയ്ക്ക് നമുക്ക് അമല്‍ ചെയ്യാം. എന്നാല്‍ വിശ്വാസകാര്യത്തില്‍ ആണെങ്കില്‍ യഖീന്‍ വേണം, അഥവാ മുതവാതിര്‍ ആവണം.
? ഹദീസ് നിഷേധം പോലെത്തന്നെ വരുന്ന മറ്റൊരു വിഷയമാണ് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം എന്നത്. ഖുര്‍ആനിനെ വ്യാഖ്യാനിക്കാമോ?
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ് എന്നു പറഞ്ഞല്ലോ. അല്ലാഹുവിന്റെ കലാമിന്റെ പൊരുളെന്താണ് എന്ന് ആദ്യം വിശദീകരിക്കേണ്ടത് അല്ലാഹു തന്നെയാണ്. ഖുര്‍ആന്‍ 23 കൊല്ലം കൊണ്ട് ഇറങ്ങിയതാണ്. ഖുര്‍ആനിലെ പല ഭാഗങ്ങളെയും മറ്റു ഭാഗങ്ങള്‍ കൊണ്ട് വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മൂസാ(അ)യുടെ സംഭവം നിരവധി ആയത്തുകളില്‍ വ്യത്യസ്ത ഭാഗങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന് ഒന്നിന്റെ പൂരകമല്ലാതെ ഒന്ന് ഒന്നിന്റെ വൈരുധ്യമാവുകയില്ല. ഒന്നാമതായി ഖുര്‍ആനിനെ വിശദീകരിക്കേണ്ടത് ഖുര്‍ആന്‍ തന്നെയാണ്.
രണ്ടാമതായി, അത് എങ്ങനെ നബി(സ) പ്രവര്‍ത്തിച്ചു കാണിച്ചു എന്നു നോക്കണം. ഉദാഹരണത്തിന് തയമ്മുമിന്റെ കാര്യം നേരത്തെ വിശദീകരിച്ചു. രൂപം പ്രവാചകന്‍(സ) ചെയ്തു കാണിച്ചു. കുളിക്ക് പകരമായി അതുതന്നെ മതിയെന്ന വിശദീകരണവും. ഇത്തരത്തില്‍ നബി(സ) വിശദീകരിച്ചാല്‍ പിന്നെ അവിടെ ഉറച്ചു നില്‍ക്കണം. നബി(സ)യുടെ ഹദീസ് ശരിയായ വിധത്തില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അതാണ് അതിന്റെ വിശദീകരണം. അത് സ്വീകരിക്കണം.
നബി(സ)യില്‍ നിന്ന് അത്തരം ഒരു വിശദീകരണം കാണുന്നില്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ച് അതിനെ മനസ്സിലാക്കണം. സഹാബിമാരും സലഫുസ്സാലിഹുകളും എങ്ങനെയാണ് പ്രമാണങ്ങളെ കൈകാര്യം ചെയ്തത് എന്നു മനസ്സിലാക്കുക. അതാണ് മന്‍ഹജുസ്സലഫ്. അവര്‍ ചെയ്തതിനെ അന്ധമായി പിന്തുടരുകയല്ല. അബൂബക്കര്‍(റ) ചെയ്തതുകൊണ്ടോ ഉമര്‍(റ) ചെയ്തതുകൊണ്ടോ പ്രമാണമാവുകയില്ല. അവര്‍ എങ്ങനെയാണ് ഖുര്‍ആനിനെയും ഹദീസിനെയും കൈകാര്യം ചെയ്തത് എന്നതുപോലെ നാം പ്രമാണങ്ങളെ സമീപിക്കണം.
ഉദാഹരണത്തിന്, ഖുര്‍ആനില്‍ അനന്തര സ്വത്ത് വിശദീകരിച്ചപ്പോള്‍ മകന്‍ മരിച്ചാല്‍ ഉമ്മക്കും ഉപ്പക്കും ആറില്‍ ഒന്ന് വീതം അവകാശമുണ്ട്. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഉമ്മ ജീവിച്ചിരിപ്പില്ല, പക്ഷേ ഉമ്മയുടെ ഉമ്മയുണ്ട്. അവര്‍ ആ അവകാശം ചോദിച്ചു വന്നു. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: ഖുര്‍ആനില്‍ പറഞ്ഞത് ഉമ്മക്കാണ്. ഉമ്മയുടെ സ്ഥാനത്ത് ഉമ്മയുടെ ഉമ്മയെ കണ്ടുകൊണ്ട് അത് നല്‍കിയിട്ടുണ്ട് എന്ന് സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടി. അപ്പോള്‍ അവര്‍ക്ക് ആറിലൊന്ന് നല്‍കാം എന്ന് അദ്ദേഹം വിധിച്ചു. ഇതില്‍ നിന്ന് വ്യത്യസ്തമായി വന്നു അടുത്ത ഖലീഫയുടെ കാലത്ത്. ഉമ്മ ഒന്നേ വരൂ. ഉപ്പയുടെ ഉമ്മയും ഉമ്മയുടെ ഉമ്മയും വന്നു ആ സ്ഥാനത്ത്. അപ്പോള്‍ മാതൃത്വം എന്നതില്‍ രണ്ടവകാശം വരുന്നു എന്നവര്‍ കണക്കാക്കി. ആ ആറിലൊന്നിനെ രണ്ടു പേര്‍ക്കുമായി ഭാഗിച്ചു. ബുദ്ധി അവര്‍ പ്രയോഗിച്ചത് അങ്ങനെയാണ്. അപ്പോള്‍ ഖുര്‍ആന്‍ ഒരു കാര്യം പറയുമ്പോള്‍ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ആ തത്വം നിലനിര്‍ത്തിക്കൊണ്ട് ബുദ്ധിപരമായി ഖുര്‍ആനിനെ വ്യാഖ്യാനിക്കാം.

?ഹദീസുകളുടെ കാര്യത്തില്‍ ബുദ്ധിക്ക് കൂടുതല്‍ പ്രാധാന്യമില്ലേ.
പരലോകവുമായി ബന്ധപ്പെട്ടതോ ഗൈബിയായതോ ആയ കാര്യങ്ങളില്‍ നബി(സ) നല്‍കിയ വിശദീകരണത്തില്‍ നില്‍ക്കുക. അഭൗതികമായ ഇത്തരം കാര്യങ്ങളില്‍ നബി പറഞ്ഞത് അതുപോലെ വിശ്വസിക്കേണ്ടതാണ്. ഉദാഹരണത്തിന് സിറാത്ത്, മീസാന്‍ തുടങ്ങിയവ.
എന്നാല്‍ ദുനിയാവുമായി ബന്ധപ്പെട്ട കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്? സഹാബിമാര്‍ ചെയ്ത കാര്യം നമുക്കു നോക്കാം. നബി(സ) നിര്‍ദേശിച്ച ഒരു കാര്യത്തില്‍ സംശയം വന്നാല്‍ അവര്‍ അവിടുത്തോട് ചോദിക്കുമായിരുന്നു, ഇത് നിങ്ങളുടെ സ്വന്തം നിലയ്ക്കുള്ള അഭിപ്രായമാണോ വഹ്‌യിന്റെ അടിസ്ഥാനത്തിലാണോ എന്ന്. അതിന് ഒരു ഉദാഹരണമാണ് ബദ്‌റിലെ സംഭവം. ബദ്ര്‍ യുദ്ധത്തിന് മുസ്‌ലിം സൈന്യം തമ്പടിക്കാന്‍ പ്രവാചകന്‍ ഒരു സ്ഥലം നിശ്ചയിച്ചു. സ്വഹാബികളില്‍ പെട്ട യുദ്ധതന്ത്രജ്ഞര്‍ അദ്ദേഹത്തോട് ചോദിച്ചു: ”പ്രവാചകരേ ഈ സ്ഥലം തെരഞ്ഞെടുത്തത് അല്ലാഹുവില്‍ നിന്നുള്ള കല്പന പ്രകാരമാണോ?” നബി(സ) പറഞ്ഞു: ”അല്ല, എന്റെ സ്വന്തം അഭിപ്രായമാണ്.” സഹാബികള്‍ പറഞ്ഞു: ”എന്നാല്‍ ഇതിനേക്കാള്‍ മികച്ച സ്ഥലം മറ്റേതാണ്.” റസൂല്‍(സ) അത് അംഗീകരിച്ചു. അതുപോലെ നബി(സ) ഒരു മനുഷ്യന്‍ എന്ന നിലയില്‍ പറയുന്ന അഭിപ്രായങ്ങളില്‍ മാറ്റങ്ങള്‍ വരാം.
നബി(സ) മദീനയില്‍ വരുമ്പോള്‍ അവിടത്തെ പരമ്പരാഗത കര്‍ഷകര്‍ ഈന്തപ്പനയുടെ വിളവെടുപ്പിനു വേണ്ടി കൃത്രിമ പരാഗണം നടത്തുമായിരുന്നു. നബി(സ) ചോദിച്ചു: ”അതിന്റെ ആവശ്യമെന്താണ്?” ഇതനുസരിച്ച് ചില സഹാബികള്‍ അത് ഒഴിവാക്കി. എന്നാല്‍ അത് തുടര്‍ന്നവര്‍ക്ക് കൂടുതല്‍ വിള ലഭിക്കുകയും ചെയ്തു. ഈ വിഷയം നബി(സ)യോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ദുനിയാവിന്റെ വിഷയത്തില്‍ നിങ്ങളായിരിക്കും ചിലപ്പോള്‍ കൂടുതല്‍ അറിവുള്ളവര്‍.” നബി(സ) പ്രത്യേകം പറഞ്ഞു: ”ഞാന്‍ നിങ്ങളുടെ ദീനിന്റെ വിഷയത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നിങ്ങള്‍ സ്വീകരിക്കണം. അതല്ല, ദുനിയാവിന്റെ കാര്യത്തിലാണ് പറയുന്നതെങ്കില്‍ ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് കണക്കാക്കിയാല്‍ മതി.”
ഇതില്‍ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നബി(സ) ഒരു ഭൗതിക കാര്യം ചെയ്തു. ഉദാഹരണത്തിന് ഒരു ചികിത്സ. നബി(സ)യുടെ തലയില്‍ ഒരു മുറിവ് പറ്റിയപ്പോള്‍ ഈത്തപ്പനയുടെ പായ കത്തിച്ച ചാരം അതില്‍ ഇട്ടു. മകള്‍ ഫാത്തിമ(റ)യും അലി(റ)യും കൂടി അത് തലയില്‍ കെട്ടിവെച്ചു നല്‍കി. എന്നാല്‍ ഇന്ന് അതേ ചികിത്സ തന്നെ എടുക്കണമെന്ന് പറയേണ്ടതില്ല. ഒരു മുറിവ് പറ്റിയാല്‍ നബി(സ) ചെയ്തതാണെന്ന് പറഞ്ഞ് മികച്ച ചികിത്സ മാറ്റിവെച്ച്, ഗുരുതരമായ അപകടമോ മരണമോ സംഭവിച്ചാല്‍ നമ്മള്‍ തന്നെയായിരിക്കും അതിന്റെ ഉത്തരവാദികള്‍. കാരണം നബി(സ) അന്നേ പറഞ്ഞിട്ടുണ്ട്, ദുനിയാവിന്റെ കാര്യത്തില്‍ നിങ്ങളാണ് കൂടുതല്‍ അറിവുള്ളവര്‍ എന്ന്.
ഇത്തരത്തിലാണ് ഇന്ന് പല കാര്യങ്ങളും ചെയ്യാറുള്ളത്. നബി(സ) ചെയ്തത് തെറ്റാവില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ അതിനേക്കാള്‍ മികച്ചത് ഉണ്ടാവാം. അത് നമ്മുടെ ബുദ്ധി കൊണ്ട് ആലോചിച്ച് ചെയ്യേണ്ടതാണ്. ഒരു വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിലോ നബി(സ)യുടെ ചര്യയിലോ മാതൃകയൊന്നും കാണുന്നില്ല എങ്കില്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് കണ്ടെത്താം.

? ഇവിടെ സ്വഹാബികളുടെയോ സലഫുസ്വാലിഹീങ്ങളുടെയോ മാതൃക, അല്ലെങ്കില്‍ മന്‍ഹജുസ്സലഫ് സ്വീകരിച്ചുകൂടേ.
എന്താണ് സലഫുകളുടെ മാതൃക സ്വീകരിക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? സ്വഹാബികളോ ഖുലഫാഉര്‍റാശിദുകളോ ചെയ്ത ഒരുകാര്യം പ്രമാണമായി സ്വീകരിക്കുകയല്ല. മറിച്ച്, അവര്‍ എങ്ങനെയാണോ ഒരു വിഷയത്തില്‍ പ്രമാണങ്ങളെ സമീപിച്ചത് ആ രീതിയെ പിന്തുടരുകയാണ് വേണ്ടത്. മന്‍ഹജുസ്സലഫ് എന്നതുകൊണ്ട് അര്‍ഥമാക്കേണ്ടത് ഇതാണ്. അബൂബക്കറോ(റ) ഉമറോ(റ) ഒരു കാര്യം ചെയ്താല്‍ അത് പുതിയ ഒരു പ്രമാണമാക്കാന്‍ പറ്റില്ല. ഖുര്‍ആനിനെയും സുന്നത്തിനെയും അവര്‍ ഏത് രീതിയിലാണ് കൈകാര്യം ചെയ്തത് എന്നാണ് പഠിക്കേണ്ടത്. ഇത്, നേരത്തെ പറഞ്ഞ സ്വത്തവകാശത്തില്‍ ഖുര്‍ആനിനെ അവര്‍ കൈകാര്യം ചെയ്ത രീതി മനസ്സിലാക്കിയാല്‍ മതി. അബൂബക്കറിന്റെ(റ) കാലത്ത് അവര്‍ എടുത്ത തീരുമാനത്തെ അതേപടി പിന്തുടരുകയല്ല സമാനമായ വിഷയത്തില്‍ പിന്നീട് ചെയ്തത്. മറിച്ച് ആ തത്വത്തെ മുന്‍നിര്‍ത്തി അദ്ദേഹം കൈകാര്യം ചെയ്തപോലെ ചെയ്യുകയാണുണ്ടായത്.

? സ്വത്തവകാശം പോലുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി ഇസ്‌ലാമിനെതിരെ വരുന്ന ആക്ഷേപങ്ങളെ എങ്ങനെ കാണുന്നു.
ഇത്തരം വിഷയങ്ങള്‍ വെച്ച് ഇസ്‌ലാമിനെതിരെ പലരും ആക്ഷേപമുന്നയിക്കുന്നത് മതത്തില്‍ ബുദ്ധിക്കും ചിന്തക്കും നല്‍കുന്ന സ്ഥാനത്തെ പരിഗണിക്കാതെയാണ്. അല്ലാഹു നമുക്ക് ബുദ്ധി തന്നത് അതു വെച്ച് ആലോചിക്കാനാണ്. സ്വത്തവകാശത്തില്‍ തന്നെ മറ്റൊരു ഉദാഹരണം നോക്കാം: ഒരാള്‍ മരിച്ചു. അയാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്. ഉമ്മയും ബാപ്പയും ഭാര്യയും ജീവിച്ചിരിപ്പുണ്ട്. ഖുര്‍ആന്‍ പറഞ്ഞ പ്രകാരം ഓഹരി വെക്കുകയാണെങ്കില്‍, രണ്ട് പെണ്‍കുട്ടികള്‍ക്ക് മൂന്നില്‍ രണ്ട് നല്‍കണം. ഉമ്മക്കും ഉപ്പക്കും ആറില്‍ ഒന്നു വീതവും നല്‍കിയാല്‍ പിന്നെ ഭാര്യക്ക് കൊടുക്കാന്‍ ബാക്കിയുണ്ടാവുകയില്ല. ഇവിടെ എന്ത് ചെയ്യണം? ഒന്നുകില്‍ ഈ ഓരോരുത്തരില്‍ നിന്നും പങ്കു സ്വീകരിച്ചുകൊണ്ട് ഭാര്യക്കുള്ള അവകാശം നല്‍കാം. അതാണ് സ്വഹാബത്ത് ബുദ്ധി ഉപയോഗിച്ചത്. ശരിക്ക് ഭാര്യക്ക് നല്‍കേണ്ടത് എട്ടില്‍ ഒന്നാണ്. സ്വത്തിനെ ഒമ്പതായി ഭാഗിച്ച്, അതില്‍ ഒന്ന് ഭാര്യക്ക് നല്‍കി. ഇത് അല്ലാഹുവിന് കണക്കറിയാത്തതുകൊണ്ടല്ല. ഒരു തത്വം അല്ലാഹു നല്‍കി. പിന്നീട് അത് ബുദ്ധി ഉപയോഗിച്ച് ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് അല്ലാഹു നമുക്ക് ബുദ്ധി തന്നത്. (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x