തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്
യൂസുഫ് കൊടിഞ്ഞി
കാലാകാലങ്ങളായി സാമൂഹിക ശാസ്ത്രജ്ഞരും ചിന്തകരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യമാണ് ‘ആരാണ് മനുഷ്യന്‍’ എന്നും ‘ഇതര ജീവികളില്‍ നിന്ന് എന്താണ് മനുഷ്യനെ ഭിന്നമാക്കുന്നത്’ എന്നും. പരിണാമവാദിയായ റിച്ചാര്‍ഡ് ലീക്കിയുടെ അഭിപ്രായത്തില്‍ ”നൂറ്റാണ്ടുകളായി തത്വചിന്തകര്‍ മനുഷ്യത്വത്തിന്റെ, മാനവികതയുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടാണിരിക്കുന്നത് എങ്കിലും മനുഷ്യത്വ ഗുണം സംബന്ധിച്ച് സര്‍വസമ്മതമായ ഒരു നിര്‍വചനമില്ല എന്നത് അതിശയകരമാണ്.” മനുഷ്യന്‍ ആരാണെന്നതിനെ സംബന്ധിച്ച് ചിന്താക്കുഴപ്പത്തിലാണ്, ശാസ്ത്രീയമായി ശരിയായ ഉത്തരം നല്‍കാന്‍ സാധ്യമായിട്ടില്ല.
ചില ആധുനിക ഭൗതിക ശാസ്ത്ര പഠനങ്ങളില്‍ വിശദീകരിക്കുന്നത്, ജനിതക ശാസ്ത്രമനുസരിച്ച് ജൈവ കോശങ്ങളാല്‍ രൂപപ്പെടുന്ന ക്രോമസോമുകളിലെ ജീനുകളിലെ ജനിതക കോഡുകള്‍ക്കനുസരിച്ചും അതുമായി ബന്ധപ്പെട്ട ശാരീരിക ഘടനയും ഹോര്‍മോണുകളുമാണ് മനുഷ്യപ്രകൃതിയും വികാര-വിചാരങ്ങളും രൂപപ്പെടുന്നത്. ഈ വാദത്തെ സത്യപ്പെടുത്താന്‍ വേണ്ട അനേകം ഉദാഹരണങ്ങള്‍ ഏതൊരാള്‍ക്കും കണ്ടെത്താവുന്നതാണ്.
ഫ്രെഡറിക് ഏംഗല്‍സ്, കാള്‍ മാര്‍ക്‌സ് തുടങ്ങിയവരാല്‍ രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ മനുഷ്യനെ കുറിച്ച് പറയുന്നത്, സാമൂഹികാവസ്ഥയുടെയും സാമൂഹിക-സാമ്പത്തിക ഘടനയുടെയും അതുവഴി രൂപപ്പെട്ട സാംസ്‌കാരിക സാഹചര്യങ്ങളുടെയും സൃഷ്ടിയാണ് മനുഷ്യന്‍ എന്നാണ്. മനുഷ്യനെ രൂപപ്പെടുത്തുന്ന ഘടകങ്ങളില്‍ ഇപ്പറഞ്ഞവയും നമ്മുടെ ബോധ്യങ്ങളില്‍ കണ്ടെത്താവുന്നതാണ്.
മനുഷ്യനെ കുറിച്ച് വിശദീകരിക്കുന്ന മറ്റൊരു ആശയമാണ് ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവെച്ച പരിണാമവാദം. മനുഷ്യന്‍ രൂപപ്പെട്ടതുപോലെ തന്നെ, മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതിയുമെല്ലാം അനേകം കാലങ്ങളായി മനുഷ്യ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതുവഴി രൂപപ്പെട്ടതാണ് മനുഷ്യന്‍. ഇപ്പറഞ്ഞതിലും ചിലത് അംഗീകരിക്കാവുന്നതാണ്. മുകളില്‍ സൂചിപ്പിച്ച വ്യത്യസ്ത അഭിപ്രായങ്ങളില്‍ മനുഷ്യനെ വായിക്കപ്പെടുകയാണെങ്കില്‍ മനുഷ്യന്‍ എന്നത് ജനിതകമായതും സാഹചര്യങ്ങളുടെയും ചുറ്റുപാടുകളുടെയും സൃഷ്ടിയാണ്. അത്തരം വാദങ്ങളില്‍ മനുഷ്യന്റെ ശരിതെറ്റുകള്‍ക്ക് അവനല്ല കാരണക്കാരന്‍ എന്നും വായിക്കപ്പെടേണ്ടതായി വരുന്നു. അവിടെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ‘സ്വതന്ത്ര മനുഷ്യന്‍’ എന്ന ആശയം ചര്‍ച്ച ചെയ്യേണ്ടതായി വരുന്നത്.
മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ല, ദൈവത്തിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പില്‍ അവന്‍ നിസ്സഹായനാണ് എന്ന വാദവും, മനുഷ്യന്‍ പരിപൂര്‍ണ സ്വതന്ത്രനാണ്, എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നു എന്ന വാദവും ഇസ്‌ലാം നിരാകരിക്കുന്നു. മനുഷ്യന് ശാരീരികമായ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യമില്ല, പരിമിതികളുണ്ട്. എന്നാല്‍ മാനസികമായ കാര്യങ്ങളില്‍ ചിന്തിക്കാനും വേണ്ടത് സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്‍ എവിടെ ജനിക്കണം, ഏത് രൂപത്തിലാകണം തുടങ്ങിയവയെല്ലാം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വിധിവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്, സ്വതന്ത്രനല്ലാത്ത മനുഷ്യന്റെ ഭാഗധേയമാണ്. എന്നാല്‍ ജൈവലോകത്തെ എല്ലാ ജീവികളില്‍ നിന്നും മനുഷ്യനെ വേറിട്ടുനിര്‍ത്തുന്ന വിശേഷബുദ്ധിയില്‍ മനുഷ്യന്‍ സ്വതന്ത്രനാണ്. ഏത് സ്വീകരിക്കണമെന്ന തിരഞ്ഞെടുപ്പിന് മനുഷ്യന്‍ സ്വതന്ത്രനാണ്.
ദൈവബോധവും മതവും അതുപോലുള്ള വിശ്വാസാചാരങ്ങളും വ്യക്തികളുടെ തീരുമാനമാണ്. ഒരാള്‍ ഇസ്‌ലാമിക സൊസൈറ്റിയില്‍ ജനിച്ച് ജീവിക്കുന്നതിനാല്‍ മാത്രം വിശ്വാസിയാകണമെന്നില്ല. ഇസ്‌ലാമികമായ ചുറ്റുപാടുകളില്‍ അല്ലാതെ ജനിച്ചു വളര്‍ന്നവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതുപോലെ തന്നെ, വിശ്വാസം എന്നത് മനുഷ്യന്റെ വിശേഷബുദ്ധിയില്‍ കണ്ടെത്തപ്പെടുന്നതാണ്. ആ നിലയില്‍ മനുഷ്യന്റെ പരിമിതികള്‍ നിശ്ചയിക്കപ്പെട്ട, തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത വിധിവിശ്വാസവും എന്നാല്‍ വിശേഷബുദ്ധിയില്‍ തീര്‍ത്തും സ്വാതന്ത്ര്യവുമുള്ള ജീവിയായാണ് മനുഷ്യനെ ഇസ്‌ലാം അവതരിപ്പിക്കുന്നത്. മനുഷ്യനെ കുറിച്ച് പുരോഗമന ചിന്തകളില്‍ ഇതിനേക്കാള്‍ നല്ലൊരൂ വ്യാഖ്യാനം കണ്ടെത്താനാകില്ല.
എന്നാല്‍, മതം മുന്നോട്ടുവെക്കുന്ന വിധിവിശ്വാസത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മനുഷ്യന്‍ അസ്വതന്ത്രനാണ് എന്ന് വാദിക്കുന്നവരുണ്ട്. നേരത്തെ സൂചിപ്പിച്ച, ഭൗതികവാദങ്ങളില്‍ വിശദീകരിക്കുന്ന മനുഷ്യന്‍ മാത്രമാണ് വിധിവിശ്വാസത്തില്‍ ഉള്ളത്. ആ വിധിവിശ്വാസത്തെ നിഷേധിക്കാന്‍ ബുദ്ധിയുള്ള ആര്‍ക്കാണ് സാധിക്കുക? ഒരാള്‍ എവിടെ ജനിക്കണം, ഏത് സമൂഹത്തില്‍, ഏത് കുടുംബത്തില്‍, ഏത് രൂപത്തില്‍ ആയിരിക്കണം, എങ്ങനെ, എവിടെ വെച്ച് മരിക്കണം എന്നതില്‍ ഏത് മനുഷ്യനാണ് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളത്? മനുഷ്യന് ഒരു സെലക്ഷന് സാധ്യമല്ലാത്തവയാണവ, അതിനെ പോസിറ്റീവായി സമീപിച്ചുകൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതിലാണ് വിധിവിശ്വാസത്തിന്റെ പ്രസക്തി. നല്ലതും ചീത്തയും മനുഷ്യന്റെ ബോധ്യങ്ങളില്‍ വിശദീകരിക്കുകയും അതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് അവന് സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നതാണ് മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സത്യസന്ദേശം അവനിലേക്ക് എത്തിയാല്‍ പിന്നെ അതില്‍ സത്യത്തെ സ്വീകരിക്കുക എന്നത് അവന്റെ ബാധ്യതയാണ്.
ഈ ലോകത്തുള്ള എല്ലാം സൃഷ്ടിക്കുകയും ആ സൃഷ്ടിപ്പിലേക്ക് മനുഷ്യബുദ്ധിയെ കൊണ്ടെത്തിക്കുകയും അതിലൂടെ ഏകനായൊരൂ സ്രഷ്ടാവിനെ കണ്ടെത്താവുന്നതൊക്കെ ഒരുക്കുകയും ചെയ്തുകൊണ്ടാണ് സ്രഷ്ടാവിനെ അംഗീകരിക്കാനും മനുഷ്യര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും പറയുന്നത്. അല്ലാഹുവിന്റെ സൃഷ്ടിപ്പ് രണ്ടു വിധത്തിലാണുള്ളത്. അല്ലാഹു ഉദ്ദേശിച്ച കാലത്തോളം ആകാശങ്ങളെ പോലെ സ്ഥിരമായ ഒരു അസ്തിത്വം നല്‍കിക്കൊണ്ട് സൃഷ്ടിക്കുക. മറ്റൊന്ന്, മൂലവസ്തുക്കളില്‍ നിന്ന് അവന്‍ നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മാത്രം സൃഷ്ടിക്കുക. അതില്‍ നിന്നു ജന്യങ്ങളായ അംശങ്ങള്‍ ഉണ്ടായിത്തീരാനുള്ള ശക്തി അതില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക, ബീജത്തില്‍ നിന്ന് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതുപോലെ.
”നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്നു നോക്കൂ” (ഖുര്‍ആന്‍ 29:20). ഈ ലോകത്തെ എല്ലാം സൃഷ്ടിക്കുകയും സജ്ജീകരിക്കുകയും അതിലേക്ക് മനുഷ്യചിന്തയെ കൊണ്ടുപോവുകയും അവയിലൂടെ ഒരു സ്രഷ്ടാവിനെ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍ 91:7-8). മനുഷ്യന്റെ സൃഷ്ടിപ്പില്‍ ഈ അടിസ്ഥാന സ്വഭാവം ഉള്‍കൊള്ളുന്നുണ്ട്. എല്ലാ മനുഷ്യരും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണല്ലോ. സാഹചര്യങ്ങള്‍ മനുഷ്യനെ വ്യതിചലിപ്പിക്കുന്നു എങ്കിലും സത്യം കണ്ടെത്താവുന്ന നിലയില്‍ സൂക്ഷ്മതയോടെയുള്ള ചിന്താസ്വാതന്ത്ര്യവും വിശേഷബുദ്ധിയും അവസരങ്ങളും അവനു മുന്നില്‍ തുറന്നിട്ടിരിക്കുന്നു.
മനുഷ്യന്റെ ചിന്താപരിധിയില്‍ ഒതുങ്ങാത്ത ഈ അതിവിശാലമായ ലോകവും, അതില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടാന്‍ കാരണം എജര്‍ജിയും ഡാര്‍ക്ക് എനര്‍ജിയും മാസും ഡാര്‍ക്ക് മാസും വളരെ കൃത്യമായി നിജപ്പെടുത്തിക്കൊണ്ട് അതിസൂക്ഷ്മമായും കാര്യക്ഷമമായും ഒരുക്കപ്പെട്ടതിനാലാണ് എന്ന് ശാസ്ത്രീയ അറിവുകളാല്‍ നമ്മെ ബോധ്യപ്പെടുത്തുകയും, അനേകം ബിഗ്ബാങുകള്‍ നടക്കുകയും നമ്മുടെ ലോകത്തിന് മീതെ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടാത്ത അനേകം ലോകങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് സ്ട്രിങ് തിയറിയെ വിശദീകരിച്ചുകൊണ്ട് ശാസ്ത്രീയ വിശദീകരണങ്ങള്‍ വായിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദൈവിക വചനങ്ങളുടെ (ഖുര്‍ആന്‍ 37:6) പ്രസക്തി നമുക്ക് ബോധ്യപ്പെടും.
ഇസ്‌ലാമിലെ ഏകദൈവ സങ്കല്പത്തെ കുറിക്കുന്ന സാങ്കേതിക സംജ്ഞയായ തൗഹീദിന്റെ ഒരു ഭാഗമാണ് റുബൂബിയ്യത്ത്. എല്ലാം സൃഷ്ടിക്കുകയും പരിപാലിക്കുകയും അവയ്‌ക്കെല്ലാം മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയവനായ ഒരു സ്രഷ്ടാവ്. തൗഹീദിന്റെ മറ്റൊരു ഭാഗമാണ് അസ്മാഉ സിഫാത്ത്. അതിന്റെ ഒരു ഘടകമാണ് എല്ലാം അറിയുന്നവന്‍ എന്നര്‍ഥത്തില്‍ അല്‍അലീം എന്ന ദൈവിക ഗുണം. രഹസ്യവും പരസ്യവുമായതും ഭൂതവും ഭാവിയുമടക്കം എല്ലാം അറിയുന്നവന്‍ എന്ന ഒരു വിശേഷ ഗുണം ഏകനായ അല്ലാഹുവിനല്ലാതെ ഇല്ല. സൃഷ്ടിചരാചരങ്ങളുടെ ഭാവിയടക്കം എല്ലാ അവസ്ഥകളും അല്ലാഹുവിന്റെ മാത്രം അറിവില്‍ പെട്ടതാകുന്നു (ഖുര്‍ആന്‍ 6:59).
അമേരിക്കന്‍ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ബ്രയാന്‍ റാന്‍ഡോള്‍ഫ് ഗ്രീന്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും ടൈംലൈനില്‍ സ്‌പേസ് ടൈം വിശദീകരിക്കുമ്പോള്‍ ലോകത്തിന്റെ അവസ്ഥയും തുടക്കമായ ബിഗ്ബാങിനെ പോലെ ബിഗ് ക്രഞ്ച് എന്നൊരു ഒടുക്കവും പ്രസ്താവിക്കുന്നു. ഒരു ടൈമിലും സ്‌പേസിലും നിന്നുകൊണ്ട് ലോകത്തെ കണക്കുകളില്‍ നിരീക്ഷിക്കാന്‍ മനുഷ്യന് പരിമിതമായി സാധ്യമാകുന്നു എങ്കില്‍ സമയത്തിനും കാലത്തിനും അതീതനായ ഒരാള്‍ക്ക് ഈ ലോകത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാം അറിയാനാകുമെന്നത് സാധാരണ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതാണ്. ആ നിലയില്‍ കാലത്തിന് അതീതനായ അല്ലാഹുവിന്റെ അറിവില്‍ പെട്ടതാണ് എല്ലാം. അവനല്ലാത്തതെല്ലാം സ്ഥല-കാലങ്ങളില്‍ പരിമിതമാണ്. അവയുടെ അറിവും സമയത്തിലും സ്‌പേസിലും പരിമിതമാണ്.
ഒരാള്‍ അവിശ്വാസിയായി മരണപ്പെടുന്നു എന്നത് അല്ലാഹുവിന്റെ അറിവില്‍ പെടുന്നതോടൊപ്പം തന്നെ ആ വ്യക്തിയുടെ തിരഞ്ഞെടുപ്പ കൂടിയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗത്തിലാകുമായിരുന്നു എന്നു (ഖുര്‍ആന്‍) പറയുമ്പോള്‍, അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല എന്ന് വിമര്‍ശിക്കുന്നവര്‍ അല്ലാഹു മനുഷ്യനെ ഇച്ഛാസ്വാതന്ത്ര്യം നല്‍കി സൃഷ്ടിച്ചതും അവനെ ഈ ലോകത്തേക്ക് കൊണ്ടുവന്നത് പരീക്ഷണവിധേയനാക്കാനാണെന്ന വസ്തുതയും ചേര്‍ത്തുവായിക്കുന്നില്ല. നന്മയും തിന്മയും അവനു മുന്നില്‍ അവതരിപ്പിക്കുകയും നന്മയുടെ മാര്‍ഗം സ്വീകരിക്കണമെന്നും അതിനനുസരിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും പറയുമ്പോള്‍ അത് സ്വീകരിക്കാനും തിരസ്‌കരിക്കാനും കഴിയുമാറ് മനുഷ്യന്‍ സ്വതന്ത്രനാണ്. അതിന് അനുസൃതമായ പ്രതിഫലം അവന് നാളെ പരലോകത്ത് ലഭ്യമാകുക എന്നതില്‍ നീതിയുടെ എല്ലാ വശങ്ങളുമുണ്ട്.
”വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം അവനു തന്നെയാകുന്നു. വല്ലവനും തിന്‍മ ചെയ്താല്‍ അതിന്റെ ദോഷവും അവനു തന്നെ. നിന്റെ രക്ഷിതാവ് (തന്റെ) അടിമകളോട് അനീതി കാണിക്കുന്നവനേയല്ല” (ഖുര്‍ആന്‍ 41:46).
നന്മയും തിന്മയും വ്യക്തമാക്കിയ ദൈവിക സന്ദേശങ്ങള്‍ മനുഷ്യന് നല്‍കി. അവ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നത് ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണ്. അവനെ സ്വാധീനിക്കാവുന്ന അനേകം ഘടകങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും വിശേഷബുദ്ധി നല്‍കിയ നിലയില്‍ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം അവനില്‍ നിക്ഷിപ്തമാണ്.
”ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും ആ (അന്ത്യ)സമയം വരുക തന്നെ ചെയ്യും” (ഖുര്‍ആന്‍ 15: 85). അന്ന് മനുഷ്യന്റെ കര്‍മങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും അതിനനുസരിച്ചുള്ള പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.