19 Friday
April 2024
2024 April 19
1445 Chawwâl 10

സാമ്പത്തിക സംവരണ വിധി: അയുക്തിയും വൈരുധ്യവും

സഈദ് പൂനൂര്‍


വലതുപക്ഷത്തിന്റെ ബ്രാഹ്മണിക്കല്‍ രാഷ്ട്രീയ അജണ്ടയിലെ മുഖ്യ ടാര്‍ജറ്റുകളിലൊന്നാണ് ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനും പുരോഗതിക്കും തടയിടല്‍. സൈദ്ധാന്തികമായി യൂട്ടിലിറ്റേറിയനിസം പേറുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഭരണഘടനാപരമായ സര്‍വ പഴുതുകളും അതിനു വേണ്ടി ഉപയോഗപ്പെടുത്തിയില്ലെങ്കിലേ അതിശയോക്തിയുള്ളൂ. അധഃസ്ഥിത വിഭാഗങ്ങളുടെ അതിജീവനം തടയാനും അവര്‍ക്കുള്ള സംവരണം ഇല്ലായ്മ ചെയ്യാനുമുള്ള പ്രത്യയശാസ്ത്രപരമായ ബാധ്യത എന്ന നിലയിലാണ് ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സവര്‍ണ-ഫാസിസ്റ്റ് വര്‍ഗത്തെ അത്യന്തം പ്രകോപിപ്പിച്ചതും പില്‍ക്കാലത്ത് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സവര്‍ണര്‍ക്ക് സംവരണമൊരുക്കാന്‍ നിരന്തരം പല കോണുകളില്‍ നിന്നും ശ്രമങ്ങളുണ്ടായതും അതുകൊണ്ടാണ്. അതിനൊരു തീര്‍പ്പായി സംവരണത്തിന്റെ ആശയ-പ്രായോഗിക പ്രതലങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ റദ്ദാക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ഇപ്പോള്‍ കോടതിയില്‍ നിന്നുള്ള സാധുതയും ലഭിച്ചിരിക്കുകയാണ്.
103ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്നു ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്. ഏറെക്കാലമായി സംവരണത്തെ ആശയപരമായിത്തന്നെ എതിര്‍ക്കുന്ന സവര്‍ണ-മുന്നാക്ക വിഭാഗങ്ങള്‍ സംവരണത്തിലൂടെത്തന്നെ തങ്ങളുടെ സാമൂഹികാധീശത്വം തിരിച്ചുപിടിക്കാന്‍ നടത്തിയ ഏറ്റവും പുതിയ നീക്കമാണിത്.
മുന്നാക്ക സംവരണം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത്, 1991 സപ്തംബറില്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വിദ്യാഭ്യാസത്തിനും പൊതു ഉദ്യോഗങ്ങള്‍ക്കും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നരസിംഹറാവു സര്‍ക്കാരാണ്. നരസിംഹറാവു സര്‍ക്കാരിന്റേത് എക്‌സിക്യൂട്ടീവ് ഉത്തരവാണെങ്കില്‍ നിലവിലെ സര്‍ക്കാരിന്റേത് ഭരണഘടനാ ഭേദഗതിയാണ് എന്നതാണ് വ്യത്യാസം. വി പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിച്ചതിലൂടെ അസ്വസ്ഥരായ സവര്‍ണരെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യവും 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുക എന്നതും നരസിംഹ റാവു സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിനൊപ്പം മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ ഒരു നിയമയുദ്ധത്തിനാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. പ്രസിദ്ധമായ ഇന്ദിരാ സാഹ്നി കേസില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്ക സംവരണത്തിന് സാധൂകരണം ലഭിച്ചെങ്കിലും നരസിംഹ റാവു സര്‍ക്കാരിന്റെ മുന്നാക്ക സംവരണത്തെ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കുകയാണ് ചെയ്തത്.
ചരിത്രപരമായി വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രവേശനം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമോ ശാക്തീകരണമോ നല്‍കുന്നതാണ് സംവരണത്തിന്റെ ലക്ഷ്യമെന്നും, സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും ഹരജിക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. 1993ലെ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീം കോടതി സംവരണം സംബന്ധിച്ച ഭരണഘടനാ തത്വം അസന്ദിഗ്ധമായി വിശദീകരിച്ചിട്ടുമുണ്ട്. ഇന്ദിരാ സാഹ്നി കേസിലെ നിരീക്ഷണങ്ങള്‍ സര്‍വതും മുന്നാക്ക സംവരണത്തെ അസാധുവാക്കിക്കൊണ്ടുള്ളതായിരുന്നു.
സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി അന്നു വിധിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമല്ലെന്നും പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ബാധകമാവുകയുള്ളൂവെന്നും സാമ്പത്തികം അതിനു ബാധകമല്ലെന്നുമാണ് അന്ന് സുപ്രീം കോടതിയും കൃത്യമായി വ്യക്തമാക്കിയത്. ഏതു വിധേനയുള്ള സംവരണവും 50 ശതമാനത്തിലധികം വരുന്നത് ഭരണഘടന ഒരുതരത്തിലും അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആകെ സംവരണം 50 ശതമാനത്തിലധികം ഉണ്ടാകരുതെന്നും സംവരണം എന്ന ആശയത്തിന് അടിസ്ഥാനപരമായി യാതൊരു വിലക്കും ഭരണഘടന നല്‍കുന്നില്ലെങ്കിലും ഭരണഘടനാ തത്വങ്ങള്‍ പ്രകാരം ആനുപാതികമായ സമത്വമല്ല, സന്തുലിതമായ സമത്വമാണ് സംവരണ വിഷയത്തില്‍ വേണ്ടതെന്നും അടിവരയിടുന്നുണ്ട്. എന്നാല്‍ സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ തീരുമാനം ഈ വിധിയെ ബാധിക്കുന്നതല്ലത്രേ!
60 ശതമാനമാക്കി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനുകൂടി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷം സാധുത നല്‍കിയിരിക്കുകയാണ് പുതിയ വിധിയിലൂടെ. ബില്ലിനെ നേരത്തേ പാര്‍ലമെന്റില്‍ പിന്താങ്ങിയ പാര്‍ട്ടികളെല്ലാം തന്നെ വിധിയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. അവരുടെ പരിപ്രേക്ഷ്യത്തില്‍ സംവരണക്കാര്യത്തിലെ അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായിരിക്കുകയാണ്.
അരക്ഷിതരായ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ദുരവസ്ഥ കണ്ണില്‍ ചോരയില്ലാത്തവിധം റദ്ദാക്കിക്കൊണ്ടാണ് മേല്‍ജാതി സംവരണവാദക്കാര്‍ ആഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. അതേസമയം, ജാതിരഹിത സമൂഹത്തിന് സംവരണം ഇല്ലാതാക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം, സ്ത്രീ-പുരുഷ സ്ഥിതിസമത്വം കൊണ്ടുവരുന്നതിന് സ്ത്രീകള്‍ക്കു നല്‍കുന്ന സവിശേഷ പരിഗണനയും സ്ത്രീശാക്തീകരണവും ഇല്ലാതാക്കണം എന്നതിന് സമാനമായ അബദ്ധ നിരീക്ഷണമാണ്. ഡോ. മോഹന്‍ ഗോപാല്‍ നിരീക്ഷിച്ചതുപോലെ സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അക്ഷരാര്‍ഥത്തില്‍ ഒരു ‘ധാര്‍മിക അപകടം’ തന്നെ സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹം മര്‍മപ്രധാനമായി സൂചിപ്പിച്ചത് ഇങ്ങനെയാണ്: ”സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലും മുന്‍വര്‍ഷത്തെ വരുമാനത്തിന്റെ നിര്‍ണയത്തിലും മാത്രം ദാരിദ്ര്യത്തെ വിലയിരുത്തുന്നത് എങ്ങനെയാണ് ഭരണഘടനാപരമായി സാധുവാകുന്നത്? മുഴുവന്‍ പണവും നഷ്ടപ്പെട്ട ഒരു ചൂതാട്ടക്കാരനെ എങ്ങനെയാണ് സംവരണത്തിന് യോഗ്യനാക്കാനാവുക?”
ഭരണഘടനാ വിരുദ്ധത
വിശദമായ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശങ്ങള്‍ക്കും തുല്യാവസരങ്ങള്‍ക്കും എതിരാവാതെ, സാമൂഹിക നീതി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 15(4), 16(4) വകുപ്പുകളില്‍ സംവരണത്തിനുള്ള നിര്‍ദേശം പ്രതിപാദിച്ചിരിക്കുന്നത്. തലമുറകളായി അധികാരതലങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതെപോയ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക നീതിക്കല്ല സാമൂഹിക നീതിക്കാണ് സംവരണം നിശ്ചയിക്കപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
സമൂഹത്തിലെ ദരിദ്രരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാനുള്ള കേവല മാര്‍ഗമല്ല, നൂറ്റാണ്ടുകളായി സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നു മാത്രമാണ് സംവരണം. സംവരണത്തിന്റെ പരമപ്രധാന ലക്ഷ്യം പ്രാതിനിധ്യത്തിലെ നീതിയാണ്, സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കലല്ല.
ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ തുല്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനകോടികള്‍ രാജ്യത്തുണ്ട്. അവരെ ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ അവകാശങ്ങളും അവസരങ്ങളും തുല്യമായി പങ്കിടുന്ന മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും തൊഴിലുകളിലും സംവരണം ഭരണഘടനാ ശില്‍പികള്‍ ഏര്‍പ്പെടുത്തിയത്. ഭരണഘടന ഉറപ്പുവരുത്തിയ സംവരണം ഒരര്‍ഥത്തിലും സാമ്പത്തികമല്ല; തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനുമുള്ള പ്രതിവിധിയുമല്ല. പകരം ശാക്തീകരണവും സാമൂഹിക നീതിയുമാണ് അതിന്റെ ലക്ഷ്യം. അഥവാ ദലിതരും ആദിവാസികളും വിദ്യാഭ്യാസപരമായും സാമൂഹികമായും അധഃസ്ഥിതരുമായ വലിയൊരു ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടക്കാല ഏര്‍പ്പാടാണ് സംവരണം. ജാതീയമായും ഗോത്രപരമായും അടിച്ചമര്‍ത്തപ്പെട്ടും അപമാനവീകരിക്കപ്പെട്ടും ജീവിക്കുന്ന ഇന്ത്യന്‍ ജനസംഖ്യയിലെ സിംഹഭാഗം വരുന്ന മനുഷ്യരെ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന മര്‍ദനത്തിന്റെയും വിവേചനത്തിന്റെയും പടുകുഴികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭരണഘടനാ ശില്‍പികള്‍ സംവരണമെന്ന ആശയം കൊണ്ടുവന്നതുതന്നെ. സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ആ ലക്ഷ്യം നേടാനായില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്.
കാലങ്ങളായി പിന്നാക്കാവസ്ഥയില്‍ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനവിഭാഗങ്ങളും നൂറ്റാണ്ടുകളായി അപ്രമാദിത്വമുള്ള സവര്‍ണരും തുല്യരാണെന്നത് നൈതികതയോട് യോജിക്കാത്തതാണ്. അതുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ സംവരണ തത്വം ഭരണഘടനയില്‍ ചേര്‍ത്തത്. സ്വാഭാവികമായും ജനസംഖ്യാ ആനുപാതികമായി നിലവിലെ സംവരണം അനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മറ്റ് ഉയര്‍ന്ന വിഭാഗങ്ങളുമായി തുല്യതയില്‍ എത്തുമ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനാ ശില്‍പികള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
കോടതിവിധിയിലെ
വെല്ലുവിളി

സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിന്മേലാണ് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സാമ്പത്തിക സംവരണം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെടുകയുമുണ്ടായി. രവീന്ദ്ര ഭട്ടിന്റെ നിരീക്ഷണത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിതും കൈക്കൊണ്ടത്.
മറ്റ് മൂന്നു ജഡ്ജിമാരുടെ നിരീക്ഷണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. 103ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനു വിരുദ്ധമാണെന്നും ഭേദഗതി ഭരണഘടന വിലക്കിയ വിവേചനം നടപ്പാക്കുന്നതാണെന്നുമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടിയത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുവഴി മികച്ച സ്ഥാനം ലഭിക്കുന്നു എന്ന് വിശ്വസിപ്പിക്കുന്നതാണ് ഈ ഭേദഗതിയെന്നും ീെരശമഹ മിറ ലരീിീാശര യമരസംമൃറ രഹമ ൈ(ടഋആഇ) ലെ ദരിദ്രരെ ഒഴിവാക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഗൗരവത്തോടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് ആലോചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഈ വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ കാര്യം സാമ്പത്തിക സംവരണം എന്ന പദമാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതാണ്. പക്ഷേ, സംവരണ ആനുകൂല്യം ലഭിക്കാത്ത മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സംവരണം എങ്ങനെയാണ് സാമ്പത്തിക സംവരണമാകുന്നത്? പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലനില്‍ക്കുന്ന സംവരണവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കല്ലേ നല്‍കുന്നത്? ഈ യുക്തി വെച്ചാണെങ്കില്‍ അതും സാമ്പത്തിക സംവരണമാകേണ്ടതുണ്ട്! സത്യത്തില്‍ ഇത് സാമ്പത്തിക സംവരണമല്ല, മുന്നാക്ക സംവരണം തന്നെയാണ്.
നേരത്തേ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒരാഴ്ചയോളമാണ് കേസില്‍ വാദം കേട്ടത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ച പ്രധാന വാദം. 2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെതിരെ 39 ഹരജികളാണ് കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക ഉന്നമനപദ്ധതിയല്ലെന്നും, പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമുള്ള ഹരജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ഭേദഗതിയുടെ ഭരണഘടനാ സാധുത അടക്കം മൂന്നു വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നാക്ക സംഘടനകള്‍ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു.
ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തിലാണ് ഈ വിധിയെന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണം കൊണ്ടുവന്നത്. 2019 ജനുവരിയിലാണ് ഇതുസംബന്ധിച്ച് ഭരണഘടനയുടെ 103ാം അനുച്ഛേദത്തില്‍ ഭേദഗതി കൊണ്ടുവന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു അത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x