അധിക ബാച്ചാണ് പരിഹാരം
മലബാറില്‍ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റില്ലാത്ത കാര്യം ഓരോ ജൂണ്‍ മാസമാകുമ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത് എല്ലാ വര്‍ഷത്തെയും പതിവായി മാറിയിട്ടുണ്ട്. ഇങ്ങനെ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ മാത്രം, സീറ്റുകള്‍ വര്‍ധിപ്പിച്ച് താത്കാലിക പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തലാണ് സര്‍ക്കാര്‍ ചെയ്യാറുള്ളത്. ഇനിയും ഈ തന്ത്രം കൊണ്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് മലബാറിലെ ജനങ്ങളെ തെരുവിലിറക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മലബാറിലെ യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് കണ്ടെത്താന്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ കമ്മിറ്റിയെ നിശ്ചയിച്ചു. അതിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാറിന്റെ മുമ്പിലുണ്ട്. കൃത്യമായ പഠന റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് മലബാറിനോടുള്ള കൃത്യമായ വിവേചനമാണ്. ഐക്യകേരളം രൂപപ്പെട്ടത് മുതല്‍ വികസന കാര്യത്തില്‍ തുടരുന്ന പലമട്ടിലുള്ള വിവേചനങ്ങളുടെ നേര്‍ചിത്രമാണ് പ്ലസ് വണ്ണിലെ സീറ്റ് ക്ഷാമം.
കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയില്‍ തന്നെ മലബാറിനോടുള്ള വിവേചനം കൃത്യമാണ്. റിപ്പോര്‍ട്ടിന്റെ മൂന്ന് കണ്ടെത്തലുകളോട് സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നത് അതിന്റെ തെളിവാണ്. തെക്കന്‍ കേരളത്തില്‍ അധിക ബാച്ചുകളുണ്ട്. വടക്കന്‍ കേരളത്തില്‍ 150 ലധികം പുതിയ ബാച്ചുകള്‍ ആവശ്യമാണ്. വയനാട്ടില്‍ ഹ്യൂമാനിറ്റീസ് ബാച്ചുകള്‍ കൂടുതല്‍ അനുവദിക്കണം. ഈ മൂന്ന് നിര്‍ദ്ദേശങ്ങളില്‍ തെക്കന്‍ കേരളത്തിലെ അധിക ബാച്ചുകള്‍ തിടുക്കപ്പെട്ട് നിര്‍ത്തലാക്കാനാവില്ല എന്നും വയനാട്ടില്‍ ഹ്യൂമാനിറ്റീസ് ബാച്ചുകള്‍ കൂടുതല്‍ അനുവദിക്കാമെന്നും കൂടുതല്‍ ആലോചനയോ ചര്‍ച്ചയോ ആവശ്യമില്ലാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉറപ്പ് നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നു. അതേ സമയം, വടക്കന്‍ കേരളത്തിലെ ബാച്ച് വര്‍ധന സംബന്ധിച്ച് ഇനിയും ചര്‍ച്ചയും പഠനവും വേണമെന്ന് പറയുകയും ചെയ്യുന്നു. ഒരേ റിപ്പോര്‍ട്ടിലെ തെക്കന്‍ കേരളത്തെ ബാധിക്കുന്ന വിഷയത്തില്‍ അനുകൂല നിലപാടും വടക്കന്‍ കേരളത്തെ ബാധിക്കുന്ന വിഷയത്തില്‍ പ്രതികൂല നിലപാടും സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഭജനം നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ചെയ്യുന്നത് എന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ?
സര്‍ക്കാര്‍ തന്നെ വികസന നയത്തിലും വിഭവ വിതരണത്തിലും പ്രകടമായ വിവേചനം കാണിക്കുമ്പോള്‍ അത് അനുഭവിക്കുന്ന സമൂഹങ്ങള്‍ ചോദ്യമുയര്‍ത്തുക തന്നെ ചെയ്യും. അമ്പതോളം കുട്ടികളാണ് ഓരോ ബാച്ചിലും നിലവിലുള്ളത്. അതിലേക്ക് 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ക്ലാസില്‍ 65-70 കുട്ടികള്‍ വരെയാകുന്നു. ഇങ്ങനെ ക്ലാസ് മുന്നോട്ട് കൊണ്ട് പോകാന്‍ പ്രയാസമായത് കൊണ്ട് പല സ്‌കൂളുകളും സീറ്റ് വര്‍ധന നടപ്പിലാക്കുന്നില്ല. മാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളില്‍ അഡീഷണല്‍ സീറ്റ് വര്‍ധന അലോട്ട്‌മെന്റിന്റെ അവസാനത്തിലാണ് പരിഗണിച്ചത് എന്നത് കൊണ്ട് പല വിദ്യാര്‍ഥികളും ഇഷ്ടവിഷയം തെരഞ്ഞെടുത്ത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ചേര്‍ന്നുകഴിഞ്ഞിരുന്നു. തെക്കന്‍ കേരളത്തില്‍ ഗവ. സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോള്‍ മലബാറിലെ വിദ്യാര്‍ഥികള്‍ വലിയ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഇഷ്ടവിഷയത്തില്‍ തന്നെ ചേരണമെന്ന് നിര്‍ബന്ധമെന്താ? 70 കുട്ടികള്‍ വരെ ക്ലാസിലുണ്ടായാ ല്‍ പ്രശ്‌നമെന്താ? എന്നൊക്കെ ന്യായീകരണ ചോദ്യമുന്നയിക്കുന്നവര്‍ തന്നെയാണ് പിന്നീട് പൊതുവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം കൈവരിച്ച മേന്മയെക്കുറിച്ച് വാചാലരാകുന്നത് എന്നത് വിരോധാഭാസമാണ്. ബോധനശാസ്ത്രത്തിന്റെ ഏത് മാനദണ്ഡമനുസരിച്ചാണ് ഇത്രയധികം കുട്ടികളെ ഒരു ക്ലാസിലിരുത്തുന്നത് എന്ന് സര്‍ക്കാറിനെ പിന്തുണക്കുന്ന വിദ്യാഭ്യാസ വിചക്ഷണര്‍ വ്യക്താക്കേണ്ടതുണ്ട്.
വടക്കന്‍ കേരളത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കലാണ് പരിഹാരം. അതുപോലെ, ഹയര്‍സെക്കണ്ടറി ഇല്ലാത്ത ഹൈസ്‌കൂളുകളില്‍ പുതുതായി കോഴ്‌സുകള്‍ തുടങ്ങുകയും ചെയ്യുക. ഇതെല്ലാം കാര്‍ത്തികേയന്‍ കമ്മിറ്റി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ മാത്രമേ അറിയൂ. അതിന് സര്‍ക്കാര്‍ തയ്യാറാകണം. പുതിയ ബാച്ചുകള്‍ തുടങ്ങിയാല്‍ മാത്രമേ ആവശ്യമായ അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയുള്ളൂ. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇനിയും അധിക സീറ്റുകള്‍ അനുവദിച്ച് മലബാറിലെ വിദ്യാര്‍ഥികളെ പരീക്ഷിക്കരുത്.