29 Friday
March 2024
2024 March 29
1445 Ramadân 19

‘നീലക്കണ്ണുള്ള യൂറോപ്യര്‍’ യുദ്ധ റിപ്പോര്‍ട്ടിംഗിലെ വംശീയ വേരുകള്‍

ഡോ. എച്ച് എ ഹെല്ലിയര്‍


‘ഇറാഖ് അല്ലെങ്കില്‍ അഫ്ഗാനിസ്താന്‍ പോലെ, പതിറ്റാണ്ടുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു സ്ഥലമല്ല ഇത്’ – കിവിലെ സിബിഎസ് ലേഖകനായ ചാര്‍ലി ഡി അഗത സ്റ്റുഡിയോയില്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ‘നിങ്ങള്‍ക്കറിയാമോ, ഇത് താരതമ്യേന ‘പരിഷ്‌കൃതവും യൂറോപ്യനുമായ’ നഗരമാണ് – എനിക്കും ആ വാക്കുകള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണം – നിങ്ങള്‍ പ്രതീക്ഷിക്കാത്ത അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന നഗരമാണിത്.’
പുടിന്റെ യുക്രൈന്‍ അധിനിവേശം ലോകമെമ്പാടും ഐക്യദാര്‍ഢ്യത്തിന്റെ പ്രചോദനാത്മക തരംഗം സൃഷ്ടിച്ചു, എന്നാല്‍ പലര്‍ക്കും – പ്രത്യേകിച്ച് വെള്ളക്കാരല്ലാത്ത നിരീക്ഷകര്‍ക്ക് – പാശ്ചാത്യ മാധ്യമങ്ങളിലെയും രാഷ്ട്രീയത്തിലെയും വംശീയ പക്ഷപാതങ്ങളെ ട്യൂണ്‍ ചെയ്യുക എന്നത് അസാധ്യമാണ്.
ഡി അഗതയുടെ അഭിപ്രായ പ്രകടനത്തിന് നേരെ പ്രതികരണങ്ങളുണ്ടായപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്താന്‍ തിടുക്കംകൂട്ടി. പക്ഷേ അദ്ദേഹം മാത്രമായിരുന്നില്ല. ഒരു ഫ്രഞ്ച് വാര്‍ത്താ പരിപാടിയിലെ ഒരു കമന്റേറ്റര്‍ പറഞ്ഞു, ‘പുടിന്റെ പിന്തുണയുള്ള സിറിയന്‍ ഭരണകൂടത്തിന്റെ ബോംബുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിറിയക്കാരെക്കുറിച്ചല്ല ഞങ്ങള്‍ സംസാരിക്കുന്നത്; യൂറോപ്യന്മാര്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍, ഞങ്ങളുടേത് പോലെ തോന്നിക്കുന്ന കാറുകളില്‍ പോകുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.’
ബി ബി സിയില്‍, യുക്രൈനിലെ ഒരു മുന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ജനറല്‍ പ്രഖ്യാപിച്ചു, ‘ഇത് എനിക്ക് വളരെ വികാരാധീനമാണ്, കാരണം നീലക്കണ്ണുകളും സുന്ദരമായ മുടിയുമുള്ള യൂറോപ്യന്‍ ആളുകളാണ് എല്ലാ ദിവസവും കൊല്ലപ്പെടുന്നത്.’ ഒരു അല്‍ജസീറ അവതാരകന്‍ പോലും പറഞ്ഞു, ‘ഇവര്‍ വ്യക്തമായും മിഡില്‍ ഈസ്റ്റിലെ പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളല്ല,’ ഒരു ഐടിവി ന്യൂസ് റിപ്പോര്‍ട്ടര്‍ പറഞ്ഞു, ‘ഇപ്പോള്‍ അവര്‍ക്ക് അചിന്തനീയമായത് സംഭവിച്ചു, ഇത് വികസ്വര, മൂന്നാം ലോകമല്ല, യൂറോപ്പാണ്.’
ബ്രിട്ടീഷ് പണ്ഡിറ്റായ ഡാനിയല്‍ ഹന്നാന്‍ ടെലിഗ്രാഫില്‍ ഈ കോറസില്‍ ചേര്‍ന്നു കൊണ്ടെഴുതിയത് ഇങ്ങനെയാണ്. ‘അവര്‍ നമ്മളെപ്പോലെയാണെന്ന് തോന്നുന്നു. അതാണ് അതിനെ ഞെട്ടിപ്പിക്കുന്നതും. യുദ്ധം എന്നത് ദരിദ്രരും വിദൂര ജനവിഭാഗങ്ങളെയും മാത്രം ബാധിക്കുന്ന ഒന്നല്ല ഇപ്പോള്‍. ഇത് ആര്‍ക്കും സംഭവിക്കാം’.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ വായിക്കുന്നതോ കാണുന്നതോ ആയ ഏതൊരാള്‍ക്കും വ്യക്തമാകുന്ന കാര്യമാണിത്. വിദേശ ഇടപെടല്‍, സംഘര്‍ഷം, ഉപരോധം, കൂട്ട കുടിയേറ്റം എന്നിവ കണ്ടിട്ടുള്ള ഒരു രാജ്യവുമായി ബന്ധമുള്ള ആര്‍ക്കും ഇത് പെട്ടെന്ന് ബോധ്യമാകും; അറബികളോ മറ്റ് വെള്ളക്കാരല്ലാത്തവരോ കഷ്ടപ്പെടുന്നതിനേക്കാള്‍ വെളുത്ത യൂറോപ്യന്മാര്‍ കഷ്ടപ്പെടുമ്പോഴാണ് പലരും അത് മോശമാണ് എന്ന് അഭിപ്രായപ്പെടുക. യമനികള്‍, ഇറാഖികള്‍, നൈജീരിയക്കാര്‍, ലിബിയക്കാര്‍, അഫ്ഗാനികള്‍, ഫലസ്തീനികള്‍, സിറിയക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് പരിചിതമായത് കൊണ്ട് നന്നായി എന്ന മനോഭാവമാണ് പലര്‍ക്കും.
മാധ്യമങ്ങളുടെ കവറേജിനപ്പുറമാണ് വംശീയ അധിക്ഷേപങ്ങള്‍. യുക്രൈനിന് പുറമെയുള്ള, പ്രത്യേകിച്ച് മിഡിലീസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ വംശീയമായാണ് അപഹസിക്കുന്നത്. യുക്രൈനിയന്‍ അഭയാര്‍ഥികള്‍ ‘ഉയര്‍ന്ന നിലവാരമുള്ള കുടിയേറ്റത്തെ’ പ്രതിനിധീകരിക്കുന്നുവെന്നാണ് ഒരു ഫ്രഞ്ച് രാഷ്ട്രീയക്കാരന്‍ പറഞ്ഞത്. ബള്‍ഗേറിയന്‍ പ്രധാനമന്ത്രി പറഞ്ഞത്; ‘ഉക്രേനിയന്‍ അഭയാര്‍ഥികള്‍ ബുദ്ധിയുള്ളവരാണ്, അവര്‍ വിദ്യാസമ്പന്നരാണ്. ഇത് നമുക്ക് പരിചിതമായ അഭയാര്‍ഥി തരംഗമല്ല, സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാത്ത ആളുകള്‍, അവ്യക്തമായ ഭൂതകാലമുള്ള ആളുകള്‍, തീവ്രവാദികള്‍ പോലും ആകാന്‍ സാധ്യതയുള്ള ആളുകള്‍ തുടങ്ങിയവരുടെ അഭയാര്‍ഥി പ്രവാഹമല്ല ഇത്’ എന്നാണ്.
റഷ്യയുടെ ആക്രമണത്തിന്റെ രംഗങ്ങളിലുള്ള കോപത്തിലും ഭീതിയിലും, ഒരു ലളിതമായ വസ്തുത തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല: അവര്‍ ഇത് മുമ്പ് കണ്ടിട്ടുണ്ട് എന്ന വസ്തുത. വാനിറ്റി ഫെയര്‍ പ്രത്യേക ലേഖകന്‍ ഒരു ട്വീറ്റില്‍ ഇത് കൃത്യമായി നിഷേധിച്ചു: ‘സാമൂഹിക മാധ്യമങ്ങളുടെ യുഗത്തില്‍ ഞങ്ങള്‍ കണ്ട ആദ്യത്തെ യുദ്ധമാണ് ഇപ്പോള്‍ (യഥാര്‍ഥത്തില്‍ തത്സമയം കണ്ടത്) നടക്കുന്നത്, ഈ ഹൃദയസ്പര്‍ശിയായ ചിത്രങ്ങളെല്ലാം റഷ്യയെക്കുറിച്ച് തീര്‍ത്തും ഭയങ്കരമായ ഇമേജ് ഉണ്ടാക്കുന്നു’.
ഈ ട്വീറ്റ് വസ്തുതകളെ മറച്ചുവെക്കുകയാണ്. സമീപകാല ദശകങ്ങളിലെ യുദ്ധത്തിന്റെ ഭീകരതകള്‍ സോഷ്യല്‍ മീഡിയയിലും അതിനപ്പുറവും രേഖപ്പെടുത്തിയ പലരുടെയും അനുഭവങ്ങള്‍ നമ്മുടെ മുമ്പിലിരിക്കെ അതൊന്നും മനുഷ്യാവകാശ ധ്വംസനങ്ങളായിരുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാത്രമാണ് മനുഷ്യത്വവിരുദ്ധം എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.
കൊലപാതക ഭരണകൂടത്തെ പിന്തുണച്ച് പുടിന്റെ സൈന്യവും സിറിയയില്‍ ക്രൂരമായി ഇടപെട്ടിരുന്നു. ആ യുദ്ധം കൂട്ടമരണത്തിന്റെയും കഷ്ടപ്പാടുകളുടെയും നാശത്തിന്റെയും കുടിയിറക്കലിന്റെയും ഒരു തലം അഴിച്ചുവിട്ടു. എന്നാല്‍ പാശ്ചാത്യരുടെ പ്രതികരണം വളരെ കുറവായിരുന്നു. അഫ്ഗാനിസ്താനിലെയും ഇറാഖിലെയും യു എസ് അധിനിവേശങ്ങളെക്കുറിച്ചും സൈനിക നടപടികളെക്കുറിച്ചും ഫലസ്തീനികളുടെ മേലുള്ള ഇസ്‌റാഈല്‍ അധിനിവേശത്തെക്കുറിച്ചും ഇത് തന്നെ പറയാനാവും. പാശ്ചാത്യരുടെ അന്തര്‍ദേശീയ ബന്ധങ്ങളിലെ ഇടപെടലില്‍ ഈ ഇരട്ടത്താപ്പ് വളരെ വ്യക്തമാണ്. പലപ്പോഴും, വെള്ളക്കാരല്ലാത്ത ജനവിഭാഗങ്ങളെ മനുഷ്യത്വരഹിതമാക്കുകയും അവരുടെ പ്രാധാന്യം കുറച്ച് കാണുകയും ചെയ്യുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ അഹവേളിക്കുന്നതിലേക്കാണ് അത് നയിക്കുന്നത്. മിക്ക പാശ്ചാത്യരുടെയും മാനസികബോധത്തിലുള്ള ഈ മൗനമാണ് അധിനിവേശങ്ങള്‍ക്ക് പ്രേരണയാകുന്നത്.
ധാര്‍മികവും നൈതികവുമായ പരികല്‍പനകള്‍ക്കപ്പുറം, ഇതിന് ഭൗമരാഷ്ട്രീയവും കൂടിയുണ്ട്. വംശീയതയില്‍ ഊന്നിയ അന്ധവിശ്വാസം കാരണം പാശ്ചാത്യര്‍ക്ക് ഇനിയും പുടിനുമാര്‍ ഉണ്ടാകാനുള്ള ധൈര്യം നല്‍കുന്നു. പരിഷ്‌കൃത ലോകം എന്ന് വിളിക്കപ്പെടുന്ന ലോകം ഒറ്റക്കാകുന്നിടത്തോളം, പാശ്ചാത്യര്‍ക്കെതിരായ പരിശോധനകള്‍ മിക്കവാറും ദുര്‍ബലവും ഫലപ്രദമല്ലാത്തതുമാകുമെന്ന് അവര്‍ മനസ്സിലാക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രങ്ങള്‍ പലപ്പോഴും ഇടപെടുന്നുവെന്നത് ശരിയാണ്. ‘മൂല്യങ്ങള്‍’ സംബന്ധിച്ച എല്ലാ ചര്‍ച്ചകളിലും, തീരുമാനങ്ങള്‍ അറിയിക്കുന്നത് സാധാരണയായി തണുത്ത പ്രായോഗികതയാണ്. എന്നാല്‍ നമ്മുടെ ‘താല്‍പര്യങ്ങള്‍’ വളരെയധികം നമ്മുടെ മൂല്യങ്ങളാല്‍ ബന്ധിതമാണ് എന്നതും സത്യമാണ്. ഒരു നാഗരിക ഗോവണി ഉണ്ടെന്ന് പാശ്ചാത്യ മൂല്യങ്ങള്‍ അനുശാസിക്കുന്നു, അതനുസരിച്ച് ഒരു ജനവിഭാഗം അതിന്റെ ഒരറ്റത്തും മറ്റെല്ലാവരും വളരെ താഴെയുമാണ് എന്ന് കരുതുമ്പോള്‍ പാശ്ചാത്യര്‍ക്ക് ധാര്‍മികമായ ഉന്നതസ്ഥാനം നല്‍കാനാവില്ല.
യുക്രൈനിലെ ധീരരായ ജനങ്ങളുമായുള്ള ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും യഥാര്‍ഥത്തില്‍ പാശ്ചാത്യര്‍ക്ക് ഉണ്ടെങ്കില്‍ അത് പല കാര്യങ്ങളും അവരെ ഓര്‍മിപ്പിക്കും. എന്നാല്‍ അവരുടെ ഐക്യദാര്‍ഢ്യം തൊലിപ്പുറത്തുള്ളതല്ല, അതിനേക്കാള്‍ ആഴത്തില്‍ ഉള്ളതാണെങ്കില്‍ അത് കയ്‌പേറിയ അനുഭവം തന്നെയായിരിക്കും. കാരണം, വംശീയമായ മുന്‍വിധികളും മുന്‍ അധിനിവേശങ്ങളോട് സ്വീകരിച്ച നിലപാടുകളും ചരിത്രപരമായി അവരെ വേട്ടയാടും. ഇതൊഴിവാക്കുന്നതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ കൂടുതല്‍ നന്നായി ചെയ്യേണ്ടതുണ്ട്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x