15 Monday
April 2024
2024 April 15
1445 Chawwâl 6

അകലം പാലിച്ച് ആഘോഷിക്കാം


ഉള്ളറിഞ്ഞുള്ള സന്തോഷത്തിന്റെ ആഘോഷപ്പെരുമഴയാണ് പെരുന്നാളുകള്‍. പുത്തനുടുപ്പുകളുടെ മനംകവരുന്ന വാസനയും കണ്‍കുളിര്‍പ്പിക്കുന്ന നിറങ്ങളും. ഈദ് ഗാഹുകളിലെ സൗഹൃദത്തിന്റെ കൂടിച്ചേരലുകളും പരസ്പരം സ്‌നേഹം വാരിവിതറിയുള്ള വാരിപ്പുണരലുകളും. സന്ദര്‍ശനങ്ങളിലൂടെയുള്ള കുടുംബ ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍. നിറമുള്ള, മണമുള്ള, മനവും മെയ്യുമറിയുന്ന പെരുന്നാള്‍ ചന്തങ്ങളാണ് ഇവയൊക്കെ.
മനുഷ്യനെ മനുഷ്യനോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്ന മതമാണ് ഇസ്‌ലാം. ആരാധനകളിലും അനുഷ്ഠാനങ്ങളിലും ഇസ്‌ലാം സംഘബോധം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. കൂടിച്ചേരാനും കൂട്ടായി ഇരിക്കാനും അത് അവസരങ്ങള്‍ ഒരുക്കുന്നു. ഉള്ളതെല്ലാം സഹോദരന് പകുത്ത്‌കൊടുത്ത് വളര്‍ന്നു വികസിച്ച മതത്തിന്റെ മനോഹാരിത. കറകളഞ്ഞ ഇഷ്ടം വിശ്വാസികള്‍ക്കിടയില്‍ ഇസ്‌ലാം ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്നുണ്ട്. ഒന്നാണ്, ഒരു മെയ്യാണെന്ന ബോധം. ഈദ് ഗാഹുകളിലെ ആലിംഗനങ്ങള്‍ ഒരു മെയ്യായി മാറുന്ന അമൂര്‍ത്ത നിമിഷങ്ങളില്‍ ഒന്നുമാത്രമാണ്.
കൈക്കൊടുത്തും ചേര്‍ത്തുനിര്‍ത്തിയും കണ്ടുമുട്ടലുകളെ മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാക്കിയതിന് മുകളില്‍ വന്ന കറുത്ത കാര്‍മേഘങ്ങളുടെ പെരും പെയ്ത്താണ് കോവിഡ്. ദിവസത്തില്‍ അഞ്ചുനേരവും കാണാവുന്ന കൂട്ടായി ഇരിക്കാവുന്ന പള്ളികള്‍ക്ക് താഴിട്ട്, ഇരുമെയ്യുകളെ ഒന്നാകുന്നതില്‍ നിന്ന് രണ്ട് മീറ്റര്‍ സാമൂഹിക അകലമിട്ട് കോവിഡ് കനത്തു പെയ്യുകയാണ്. ബന്ധങ്ങളില്‍, അടുപ്പങ്ങളില്‍ അകലമാണ് കോവിഡിന് ഇഷ്ടം. ചുറ്റുമതിലുകള്‍ക്കകത്ത്, നാല് ചുവരുകള്‍ക്കുള്ളില്‍ ചിരി പോലും മറച്ച് പിടിച്ച് സാമൂഹ്യജീവിയായ മനുഷ്യന്‍ ഏകനായി മാറുന്ന ദുരന്തം. സുഖദുഖങ്ങളെ വായിച്ചെടുക്കാവുന്ന മുഖഭാവം അന്യന് ഘോചരമല്ലാതെയാകുന്നു. രോഗിയെന്നും രോഗവാഹകനെന്നും വേര്‍തിരിവ് ഉണ്ടാക്കി അടുപ്പങ്ങള്‍ക്ക് മേല്‍ സംശയത്തിന്റെ നിഴല്‍ വിരിച്ചിരിക്കുകയാണ്. കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഇവയൊക്കെയാണ്.
ആരാധനാലയങ്ങള്‍ അടക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് എന്താണെന്ന് പ്രശ്‌നമെന്നതാണ് കാതലായ ചോദ്യം. കാതല്‍ ഇല്ലാതാകുന്ന നടപടിയാണ് അതെന്നാണ് അതിനുള്ള മറുപടി. സാമൂഹ്യജീവിയായ മനുഷ്യനെ സാമൂഹിക അകലത്തില്‍ തളച്ചിടുമ്പോള്‍ വരാനിരിക്കുന്ന സമയം പുതിയ ബന്ധങ്ങളെ നിര്‍ധാരണം ചെയ്തുതരും.
അപകടകാരിയായ വൈറസ് അകലമാണ് നിര്‍ബന്ധിക്കുന്നത്. ഇതിന്നെതിരെ പൊരുതി ജയിക്കേണ്ടതുണ്ട്. അതിന്നുവേണ്ടി നമുക്ക് അകലം പാലിക്കാം. ഈ പോരാട്ടത്തില്‍ മനുഷ്യകുലം അതിജയിക്കുക തന്നെ ചെയ്യും. അതിജീവിച്ചാല്‍ അതോടൊപ്പം അകലങ്ങളെയും മറികടക്കാന്‍ മനുഷ്യന് സാധിക്കണം. ഒന്നായി, ഒരു മെയ്യായി, പരസ്പരം താങ്ങുതണലുമായി സഹവര്‍ത്തിക്കാന്‍ കഴിയണം. സന്തോഷത്തിന്റെ ഈദ് സുദിനത്തില്‍ അതിന് നമുക്ക് സാധിക്കട്ടെയെന്ന് നേര്‍ന്നുകൊണ്ട് എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
ഡോ. കെ ടി അന്‍വര്‍ സാദത്ത്
ജന.സെക്രട്ടറി, ഐ എസ് എം കേരള

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x