29 Wednesday
March 2023
2023 March 29
1444 Ramadân 7

ഈ അലങ്കാരങ്ങള്‍ ആര്‍ക്ക് വേണ്ടി?


അറബി മാസം റബീഉല്‍ അവ്വലിലേക്ക് പ്രവേശിച്ചാല്‍ കേരളത്തിലെ പല ഗ്രാമങ്ങളിലും കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്. പള്ളിയിലേക്കുള്ള വഴി, മിനാരങ്ങള്‍, മദ്‌റസയുടെ ചുറ്റുവട്ടം തുടങ്ങിയവ ലൈറ്റുകള്‍ വെച്ചും വിളക്കുകള്‍ തൂക്കിയും മറ്റ് അലങ്കാര സാമഗ്രികളുപയോഗിച്ചും പരമാവധി കൊഴുപ്പിക്കുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്. ഇത് മുമ്പ് കാലത്തുണ്ടായിരുന്നില്ല എന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു. ഈ കാലത്തിന്റെ ലാവണ്യബോധവും സാങ്കേതികവിദ്യയും പ്രതിഫലിപ്പിക്കുന്ന ഈ അലങ്കാരങ്ങളെല്ലാം തന്നെ ചെലവ് കൂടിയതുമാണ്. ഓരോ മഹല്ലിലും ഇത്തരം അലങ്കാരങ്ങള്‍ക്കായി പതിനായിരങ്ങളാണ് ചെലവഴിക്കുന്നത്.
പ്രവാചകന്റെ(സ) ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള അലങ്കാരപ്പണികളാണിത്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നത് തന്നെ മതത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ട ആചാരമാണ് എന്നതിന് വേറെ തെളിവ് ആവശ്യമില്ല. ഇസ്്‌ലാമില്‍ പ്രമാണങ്ങള്‍ കൊണ്ട് സ്ഥാപിതമായ ഒരു ആചാരമായിരുന്നെങ്കില്‍ അതിന് കൃത്യമായ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഇസ്്‌ലാമിക ആഘോഷങ്ങള്‍ രണ്ടെണ്ണമാണ്. ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹായും. ഈ ആഘോഷസമയങ്ങളില്‍ ആരും തന്നെ മസ്ജിദുകള്‍ അലങ്കരിക്കുന്നത് കാണാറില്ല. കാരണം, പെരുന്നാളുകള്‍ എങ്ങനെയാണ് ആഘോഷിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ ഇസ്്‌ലാമിക പ്രമാണങ്ങളിലുണ്ട്. അതിനാല്‍ തന്നെ അതിനപ്പുറം പോകേണ്ട സാഹചര്യമില്ല.
കേരളത്തില്‍ ഓണാഘോഷം ദേശീയോത്സവമായി കൊണ്ടാടപ്പെട്ടത് മുതല്‍ ഓരോ വര്‍ഷവും പുതിയ പുതിയ ആചാരങ്ങളാണ് അതിന്റെ ഭാഗമായി നടമാടുന്നത്. ദേശീയ ഉത്സവമെന്ന നിലയില്‍ ഓണത്തില്‍ ഉള്‍പ്പെടുന്നതും അല്ലാത്തതും ഏതെല്ലാമെന്ന്്് വേര്‍തിരിക്കാന്‍ പ്രത്യേക മാനദണ്ഡമോ പ്രമാണമോ ഇല്ല. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പല ആഘോഷങ്ങളും ഇതുപോലെയാണ്. ഓരോ കാലത്തെയും തോന്നലുകളും ട്രെന്‍ഡുകളും അനുസരിച്ചാണ് അത് മുന്നോട്ടുപോകുന്നത്. അതുപോലെ, പ്രവാചക സ്‌നേഹത്തിന്റെ പേരിലുള്ള ആഘോഷവും ട്രെന്‍ഡിനനുസരിച്ച് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇത് മതത്തില്‍ പ്രാമാണിക തെളിവുള്ളതാണ് എന്ന് വാദിക്കുന്നവര്‍ പ്രവാചക ജന്മദിനാഘോഷത്തിന്റെ നടപടിക്രമങ്ങള്‍ പ്രാമാണികമായി വിശദീകരിക്കാന്‍ തയ്യാറാവണം.
ലോകമെങ്ങും വിപുലമായി ആഘോഷിക്കപ്പെടുന്ന മറ്റൊരു ജന്മദിനമുണ്ട്. മുസ്്‌ലിംകള്‍ ഈസാനബിയെന്നും ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവെന്നും വിളിക്കുന്ന ആ ചരിത്രപുരുഷന്റെ ജന്മദിനം ക്രിസ്തുമസ് എന്ന നിലക്ക് ക്രിസ്ത്യാനികള്‍ ആഘോഷിക്കാറുണ്ട്. പ്രസ്തുത ആഘോഷത്തിന്റെ ഭാഗമായി പല അലങ്കാരങ്ങളും നാട്ടില്‍ കാണാറുണ്ട്. ചര്‍ച്ചുകള്‍ അലങ്കരിക്കുകയും പാതയോരങ്ങളില്‍ വിളക്ക്് തെളിയിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്.
പ്രവാചക ജന്മദിനാഘോഷത്തിന്റെ പേരില്‍ ഈ സമുദായവും മറ്റ് സമുദായങ്ങളെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുകയാണോ? അബൂസഈദുല്‍ ഖുദ്‌രി ഉദ്ധരിച്ച സുപരിചിതമായ ഒരു ഹദീസുണ്ട് (ബുഖാരി 3456). മുന്‍ സമുദായങ്ങളെ അപ്പടി അനുകരിക്കുന്ന ഒരു പതിതാവസ്ഥ സമുദായത്തിന് വരാനുണ്ട് എന്ന മുന്നറിയിപ്പാണ് പ്രസ്തുത ഹദീസ്. നൂതനാചാരങ്ങളും പുതിയ വിശ്വാസങ്ങളും ഇച്ഛാനുസരണം മതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുക വഴിയാണ് ഈ അനുകരണം സംഭവിക്കലെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രവാചക ജന്മദിനാഘോഷം മതത്തില്‍ കടന്നുകൂടിയ പുതിയ ആചാരമാണ്. പ്രവാചകന്റെ കല്പനയോ നിര്‍ദേശമോ അക്കാര്യത്തിലില്ല. അതിനാല്‍ തന്നെ അത് ബിദ്അത്താണെന്ന് മനസ്സിലാക്കി വിട്ടുനില്‍ക്കുകയാണ് യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്. ഏത് ബിദ്അത്തിനും കാലക്രമത്തില്‍ സംഭവിക്കാവുന്ന പരിണാമം തന്നെയാണ് നബിദിനാഘോഷത്തിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. നബിദിനം ആഘോഷിക്കുന്നവരില്‍ ചിലര്‍ തന്നെ ഇപ്പോഴത്തെ ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കും എതിരെ രംഗത്തുവന്നിട്ടുണ്ട്. ധൂര്‍ത്തിന്റെ പരിധിയില്‍ മാത്രം വരുന്ന വിഷയമല്ലിത്. പ്രാമാണിക നിര്‍ദേശം ഇല്ല എന്നതുകൊണ്ട് തന്നെ അലങ്കാരപ്പണികളുടെ അടിസ്ഥാനം തന്നെ നിരര്‍ഥകമാണ്. അതിനെ ആ നിലക്ക് തന്നെ നേരിട്ടാല്‍ മാത്രമേ മുസ്്‌ലിം സമുദായത്തില്‍ ഇപ്പോള്‍ കടന്നുകൂടിയിരിക്കുന്ന ഈ അനുകരണഭ്രമത്തെ നേരിടാനാവൂ.
മുന്‍വേദങ്ങള്‍ ലഭിച്ച സമുദായങ്ങള്‍ അവരുടെ പ്രമാണങ്ങളെ വക്രീകരിച്ച് മതത്തില്‍ പുതിയ ആചാരങ്ങളും വിശ്വാസങ്ങളും കൂട്ടിച്ചേര്‍ത്തത് പോലെ ഇസ്്‌ലാം മതത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളാണ് ബിദ്അത്തിലൂടെ നടക്കുന്നത്. പുതിയ ആചാരങ്ങള്‍ ഉണ്ടാകുന്നു എന്നതിനോടൊപ്പം തന്നെ, ഇസ്്‌ലാമിന്റെ പ്രാമാണിക സൗന്ദര്യവും ആധികാരിക ഭാവവും നഷ്ടപ്പെടുന്ന വിധത്തിലാണ് ബിദ്അത്തുകള്‍ വളരുന്നത്. അതിനാല്‍ പ്രവാചകനെ സ്‌നേഹിക്കുന്നവരും ഇസ്്‌ലാം മതത്തിലെ പ്രമാണങ്ങളോട് ആദരവ് പുലര്‍ത്തുന്നവരും ഇത്തരം ഏര്‍പ്പാടുകളില്‍ നിന്ന് വിട്ട്‌നില്‍ക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x