25 Thursday
April 2024
2024 April 25
1445 Chawwâl 16

യു എ പി എ നിയമം: കണ്ണുതുറപ്പിക്കുന്ന വിധി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു എ പി എ) ചുമത്തി ഒമ്പതു മാസത്തിലധികം ജയിലിലടച്ച കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ശുഹൈബും താഹ ഫൈസലും ഒടുവില്‍ ജയില്‍ മോചിതരായി. വിചാരണക്കോടതി അനുവദിച്ച ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോചനം. യു എ പി എ എന്ന കരിനിയമത്തെ മലയാളിയുടെ ചര്‍ച്ചാ മുറികളിലേക്ക് ഇത്രയേറെ അടുപ്പിച്ചുനിര്‍ത്തിയ മറ്റൊരു കേസും പന്തീരാങ്കാവ് കേസ് പോലെ വേറെയുണ്ടാവില്ല. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാന്‍ ഇടയുള്ള നിയമമാണ് യു എ പി എ എന്ന് നിയമ നിര്‍മാണ വേളയിലും പിന്നീടുണ്ടായ ഭേദഗതി ഘട്ടങ്ങളിലുമെല്ലാം വിമര്‍ശനമുയര്‍ന്നതാണ്. എന്നാല്‍ ഈ എതിര്‍പ്പുകളെ ഭരണകൂടങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു.
സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍നിന്ന് തുടങ്ങിയ കരിനിയമങ്ങളുടെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് യു എ പി എയും. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ വേട്ടയാടലിന് ആയുധമാക്കിയ ‘മിസ’ ഉള്‍പ്പെടെ അനേകം നിയമങ്ങള്‍ ഈ ശ്രേണയിലുണ്ട്. ബാബരി മസ്ജിദ് ധ്വംസനാനന്തരം രാജ്യമൊട്ടുക്കും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം നല്‍കിയ ‘ടാഡ’ വ്യാപക എതിര്‍പ്പുകളെ തുടര്‍ന്ന് റദ്ദാക്കി. എന്നാല്‍ ‘പോട്ട’ എന്ന പേരില്‍ ഇത് പുനരവതരിപ്പിക്കപ്പെട്ടു. ഈ നിയമവും പിന്നീട് റദ്ദാക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് യു എ പി എ കൊണ്ടുവരുന്നത്. സപ്തംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ പശ്ചാത്തലത്തില്‍ ലോകമൊട്ടുക്കും ഉയര്‍ന്നുവന്ന അരക്ഷിത ബോധത്തില്‍ നിന്നായിരുന്നു നിയമത്തിന്റെ പിറവി. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട ‘പോട്ട’യില്‍ നിന്നുള്ള ചില വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് അന്നത്തെ യു പി എ സര്‍ക്കാര്‍ യു എ പി എ ശക്തിപ്പെടുത്തി.
രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണി സൃഷ്ടിക്കുന്നുവെന്ന് തോന്നുന്ന ആരെയും ഏത് സമയത്തും എവിടെവച്ചും അറസ്റ്റു ചെയ്യാം. അവരുടെ സ്വത്തു കണ്ടുകെട്ടാം. കോടതിയില്‍ ഹാജരാക്കേണ്ട. കുറ്റപത്രം സമര്‍പ്പിക്കാതെ എത്രകാലം വേണമെങ്കിലും തടവില്‍ വെക്കാം… ഇങ്ങനെ പോകുന്നു നിയമത്തിലെ വ്യവസ്ഥകള്‍. നിയമത്തിലെ 35-ാം വകുപ്പനുസരിച്ച് സര്‍ക്കാറിന് ഏത് സംഘടനയെ വേണമെങ്കിലും ഭീകരസംഘടനയായി പ്രഖ്യാപിക്കാം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്നതിന് കൃത്യമായ നിര്‍വചനമില്ല എന്നതില്‍ തുടങ്ങുന്നു നിയമത്തിലെ പഴുതുകള്‍. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോലും നിയമം ദുരുപയോഗപ്പെടുത്തിയേക്കാമെന്ന് ചുരുക്കം. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താന്‍ ഭരണകൂടത്തിന് നിയമം ആയുധമാക്കാം. അറിയാതെ ഒരു കള്ളനോട്ട് കൈവശം പെട്ടുപോയാലും യു എ പി എ കേസില്‍ പ്രതിയാകാം.
അലന്‍-താഹ കേസിലേക്കു തന്നെ വരാം. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്നും അവര്‍ക്ക് അനുകൂലമായ ലഘുലേഖ വീടുകളില്‍ നിന്ന് കണ്ടെടുത്തുവെന്നുമാണ് ഇരുവര്‍ക്കുമെതിരെ എന്‍ ഐ എ ചുമത്തിയ കുറ്റം. ഒരു കമ്യൂണിസ്റ്റ് ഭരണകൂടമാണ് അടിയുറച്ച കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ യുവാക്കള്‍ക്കു മുന്നില്‍ ഇവിടെ ഒറ്റുകാരായതെന്ന് മറ്റൊരു ചരിത്രം. ചുമത്തപ്പെട്ട ആരോപണങ്ങളില്‍ ഒന്നിനു പോലും തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒമ്പതു മാസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചത്. കാരാഗൃഹത്തില്‍ തളച്ചിടപ്പെട്ട ഒമ്പതു മാസങ്ങള്‍ ആരാണ് ഇവര്‍ക്ക് തിരികെ നല്‍കുക. അലന്‍- താഹ കേസിനൊപ്പം സമാനമായ അനേകം ജീവിതങ്ങളുണ്ട്. തുല്യനീതിക്ക് അര്‍ഹരായ മനുഷ്യര്‍. അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 150 യു എ പി എ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത്രയധികം ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണോ കേരളം. നിയമം എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നത് ഇതില്‍നിന്ന് വായിച്ചെടുക്കാം. നിയമത്തെ ന്യായീകരിക്കാന്‍ നല്ല യു എ പി എ, ചീത്ത യു എ പി എ എന്ന വേര്‍തിരിവ് ചമയ്ക്കുന്നവരുമുണ്ട്. സി പി എം തന്നെ ഉദാഹരണം. പി ജയരാജനെതിരെ ചുമത്തിയപ്പോള്‍ കരിനിയമമെന്ന് പറഞ്ഞ യു എ പി എ പന്തീരാങ്കാവ് കേസില്‍ അവര്‍ക്ക് വിശുദ്ധ നിയമമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളില്‍ പോലും പൗരന്റെ മൗലികാവകാശങ്ങളെ നിര്‍ദാക്ഷിണ്യം ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് ഈ നിയമം മുന്നോട്ടുവെക്കുന്ന ദുരുപയോഗസാധ്യത. അതു തിരിച്ചറിഞ്ഞ് ഇത്തരം കരിനിയമങ്ങളെ ഇല്ലാതാക്കാനുള്ള എതിര്‍പ്പുകള്‍ ഉയരേണ്ടതുണ്ട്. പന്തീരാങ്കാവ് കേസ് ആ പോരാട്ടത്തിന് ഊര്‍ജം പകരുമെന്ന് പ്രത്യാശിക്കാം.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x