19 Friday
April 2024
2024 April 19
1445 Chawwâl 10

കഫീല്‍ഖാന്‍ ജീവിച്ചിരിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം

ഒരാള്‍ എങ്ങനെ ഭരണകൂട ഭീകരതയുടെ ഇരയാക്കപ്പെടുന്നുവെന്നതിന് ഡോ. കഫീല്‍ഖാനോളം നല്ലൊരു ഉദാഹരണം സമീപകാല ഇന്ത്യയില്‍ വേറെ ചൂണ്ടിക്കാണിക്കാനുണ്ടാവില്ല. അധികാര കേന്ദ്രത്താല്‍ നിരന്തരം പിന്തുടര്‍ന്ന് വേട്ടയാടപ്പെട്ടതിന്റെ നേര്‍ചിത്രമാണ് ഡോ. ഖാന്റെ ജീവിതം. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍ എസ് എ) റദ്ദാക്കിയും ജാമ്യം അനുവദിച്ചും അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആ മനുഷ്യനോടു കാണിച്ച തുല്യതയില്ലാത്ത അനീതി തെളിഞ്ഞുകിടക്കുന്നുണ്ട്. ഒടുവില്‍ സ്വന്തം മണ്ണുപോലും വിട്ടെറിഞ്ഞ് മറ്റൊരു സംസ്ഥാനത്ത് അഭയം തേടേണ്ടി വന്നിരിക്കുന്നു അദ്ദേഹത്തിന്.
ഗൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ 2017-ല്‍ നടന്ന കൂട്ട ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. ഖാന്‍ ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. സപ്തംബര്‍ വരെ, ആ വര്‍ഷം മാത്രം 1317 കുട്ടികളാണ് ഇവിടെ മരിച്ചത്. ആഗസ്തില്‍ മാത്രം 325 കുട്ടികള്‍ മരിച്ചു. വലിയ തുക കുടിശ്ശികയായതിനെതുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിവെച്ചതോടെ സ്ഥിതി വഷളായി. കുടിശ്ശിക നല്‍കി ഓക്‌സിജന്‍ വിതരണം പുനസ്ഥാപിക്കാനോ ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ 10,11 തിയതികളില്‍ ഡസനിലധികം കുട്ടികള്‍ വെന്റിലേറ്ററിലും ഐ സി യുവിലും ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മാരും ജീവനക്കാരും പകച്ചുനിന്ന നിമിഷത്തില്‍ തന്റെ കൈയിലുള്ള കാശ് മുടക്കിയും ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിയും കിട്ടാവുന്ന ഏജന്‍സികളില്‍ നിന്നും സ്വകാര്യ ആസ്പത്രികളില്‍നിന്നും വരെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കഴിയാവുന്നത്ര ജീവനുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു ഈ ഡോക്ടര്‍ ചെയ്ത ‘പാപം.’ അടുത്ത ദിവസം പുറത്തിറങ്ങിയ രാജ്യത്തെ ഏതാണ്ടെല്ലാ പത്രങ്ങളിലും കുരുന്നു ജീവനുകളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാന്‍ ഓടിനടന്ന ആ ശിശുരോഗ വിദഗ്ധനെക്കുറിച്ചുള്ള വാര്‍ത്തകളുണ്ടായിരുന്നു. രാജ്യം മുഴുവന്‍ ആ മനുഷ്യന്റെ ദയാവായ്പിനെ പ്രശംസ കൊണ്ട് മൂടി.
എന്നാല്‍ അധികാരത്തില്‍ ശൈശവ ദശയിലായിരുന്ന ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനു മാത്രം അത് ദഹിച്ചില്ല. സര്‍ക്കാര്‍ തോറ്റിടത്ത് ഒരു ഡോക്ടര്‍, അതും ഒരു മുസ്്‌ലിം രക്ഷകനായതോടെ വര്‍ഗീയവിദ്വേഷം തലക്കുകയറി. ആദ്യം ആ ഡോക്ടറെ ചുമതലയില്‍ നിന്ന് നീക്കി. പിന്നീട് സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്തു. പിന്നാലെ കൈക്കൂലി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങി അര ഡസനോളം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യു പി സര്‍ക്കാറിന്റെ ഈ നെറികേടിനു മുന്നില്‍ കീഴടങ്ങാന്‍ ഒരുക്കമല്ലാതിരുന്ന ഡോ. കഫീല്‍ഖാന്‍ രാജ്യം മുഴുവന്‍ സാര്‍ഥവാഹകനെപ്പോലെ ഓടി നടന്നു. ഇതോടെ സപ്തംബര്‍ രണ്ടിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. ഒമ്പതു മാസം നീണ്ട ജയില്‍ വാസത്തിനു ശേഷം, ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്നുപോലും അടിസ്ഥാനമില്ലാത്തതാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ 25-ന് ഡോ. ഖാന്‍ ജയില്‍ മോചിതനായി. ഇവിടംകൊണ്ടും തീര്‍ന്നില്ല. 2018 ജൂണില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു നേരെ ആക്രമണമുണ്ടായി. 2020 ഫെബ്രുവരി 24-ന് അമ്മാവനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു.
ഇതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ കണ്ണിയായ ഡോ. ഖാന്‍ അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റിയില്‍ ഇതേക്കുറിച്ച് നടത്തിയ പ്രസംഗം യോഗി സര്‍ക്കാര്‍ വീണ്ടും ആയുധമാക്കി. വിദ്വേഷ പ്രസംഗമെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും ജയിലില്‍ അടച്ചു. കോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങാതിരിക്കാന്‍ ജാമ്യമില്ലാതെ പൗരനെ തടവില്‍ വെക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ദേശീയ സുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തി. കേസിന്നാധാരമായ പ്രസംഗത്തില്‍ ദേശ വിരുദ്ധതയല്ല, മറിച്ച് ദേശീയബോധമാണെന്നാണ് എന്‍ എസ് എ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. രൂക്ഷ വിമര്‍ശനം നേരിട്ടതോടെ യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെ രായ്ക്കു രായ്മാനം വിട്ടയച്ചു. മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ താന്‍ ഇല്ലാതാക്കപ്പെടാതിരുന്നതില്‍ അത്ഭുതമുണ്ടെന്നായിരുന്നു ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഡോ. ഖാന്റെ പ്രതികരണം. തെല്ലും അതിശയോക്തി കാണേണ്ടതില്ല ആ വാക്കുകളില്‍. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം യു പിയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പ്രിയങ്കാ ഗാന്ധിയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് രാജസ്ഥാനിലേക്ക് താമസം മാറുന്നതെന്നാണ് കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഉന്മൂലന സിദ്ധാന്തത്തിലും കൂട്ടക്കൊലകളിലും രാഷ്ട്രീയ അതിജീവനത്തിന് വഴി കാണുന്നവരുടെ കഴുകന്‍ കണ്ണുകളില്‍ നിന്ന് ഒളിക്കുക എളുപ്പമല്ല എന്നതുകൊണ്ടു തന്നെ, പുതിയ തട്ടകത്തിലും ഡോ. ഖാന്‍ എത്രത്തോളം സുരക്ഷിതനെന്ന ചോദ്യം ബാക്കിനില്‍ക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x