25 Thursday
April 2024
2024 April 25
1445 Chawwâl 16

സമുദായത്തെ കൊലക്ക് കൊടുക്കുന്ന വികാരജീവികള്‍

കലാപങ്ങള്‍ ബാക്കിവെച്ച നാടുകളിലൂടെ ഒരിക്കലെങ്കിലും നടന്നുപോയിട്ടുള്ളവര്‍ക്കറിയാം, അത് സമ്മാനിക്കുന്ന തീരാ ദുരന്തത്തിന്റെ നോവുകള്‍. കൊല്ലപ്പെടുന്ന മനുഷ്യരോ, അവരുടെ ഉറ്റവരോ മാത്രം അനുഭവിക്കുന്ന വേദനകളില്‍ അത് ഒരിക്കലും ഒതുങ്ങിനില്‍ക്കാറില്ല. കണ്ണില്‍ കണ്ടതെല്ലാം തീയിട്ടും തല്ലിത്തകര്‍ത്തും മണിക്കൂറുകള്‍ കൊണ്ട് അരങ്ങു തകര്‍ത്ത് അണിയറക്കു പിന്നിലേക്ക് മറയുന്ന കലാപം പതിറ്റാണ്ടുകള്‍ കൊണ്ട് ഭേദമാക്കാന്‍ കഴിയാത്ത മുറിവുകളാണ് അവശേഷിപ്പിക്കാറ്. നെരിപ്പോടു കണക്കെ അതങ്ങനെ നീറിപ്പുകഞ്ഞു കൊണ്ടിരിക്കും. ചെറിയൊരു തീപ്പൊരി കൊണ്ട് വലിയ അഗ്നിഗോളങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിദ്വേഷത്തിന്റെ വെടിമരുന്നായി കാലങ്ങളോളം നിലനില്‍ക്കും. ഒരു നാടിന്, അവിടെയുള്ള മനുഷ്യര്‍ക്ക്…, ആയുസ്സ് മുഴുക്കെ സമാധാനം നഷ്ടപ്പെടുത്താന്‍ തലക്കുമുകളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കനലുകള്‍ മതിയാകും. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ബംഗളൂരുവിലെ കെ ജി ഹള്ളി ഡി ജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അരങ്ങേറിയ സംഘര്‍ഷമാണ് ഒരിക്കല്‍കൂടി ഇത് പറയാന്‍ പ്രേരിപ്പിക്കുന്നത്. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തെരുവിലിറങ്ങിയവര്‍, എം എല്‍ എയുടെ വീടാക്രമിച്ചു കൊണ്ടാണ് പ്രതിഷേധങ്ങളെ സംഘര്‍ഷത്തിലേക്ക് വഴിതിരിച്ചുവിട്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കലാപകാരികളെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതോടെ രംഗം തല്‍ക്കാലത്തേക്ക് ശാന്തമായിട്ടുണ്ട്.
എസ് ഡി പി ഐ ആണ് സംഘര്‍ഷത്തിനു പിന്നിലെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. സാമുദായിക സംഘര്‍ഷങ്ങള്‍ എല്ലാ കാലത്തും ബി ജെ പിക്ക്, അവരുടെ രാഷ്ട്രീയ വളര്‍ച്ചക്ക് അനുയോജ്യമായ മണ്ണ് ഒരുക്കിക്കൊടുത്തിട്ടുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. അപ്പോള്‍ പിന്നെ കലാപത്തില്‍ എസ് ഡി പി ഐയുടെ ദൗത്യം എന്തായിരുന്നു. നിലമുഴുത് വര്‍ഗീയതയുടെ വിത്തെറിയാന്‍ ബി ജെ പിക്ക് പാകപ്പെടുത്തിക്കൊടുക്കുന്ന ഉത്തരവാദിത്തം. അതവര്‍ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ മനസ്സില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ഭൂരിപക്ഷത്തിന്റെ വോട്ടുബാങ്ക് ഏകീകരണം വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് ബി ജെ പി എക്കാലത്തും പിന്തുടര്‍ന്ന രാഷ്ട്രീയ തന്ത്രം. ഈ കലാപവും അവരതിന് ഉപയോഗിക്കും. പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ ഭിന്നതകള്‍ പോലും മറന്ന് ബി ജെ പി എന്ന വിഷച്ചെടിയെ വേരോടെ പിഴുതെറിയാന്‍ ഐക്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എത്ര പരിമിതികള്‍ ഉണ്ടെങ്കിലും ഇന്ന് അതിന് നായകത്വം വഹിക്കാന്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു കക്ഷിയില്ല എന്നത് വസ്തുതയുമാണ്. ഇത്തരമൊരു കാലത്ത് ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടു പിടിച്ച് മുസ്്‌ലിം ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വിരുദ്ധ പക്ഷത്ത് കൊണ്ടുപോയിക്കെട്ടാന്‍ ആല പണിയുന്നവരുടെ ലക്ഷ്യം സദുദ്ദേശമായിരിക്കില്ലെന്നുറപ്പാണ്.
സംഘര്‍ഷ ഭീതിയില്‍നിന്ന് ഇപ്പോഴും കെ ജെ ഹള്ളിയും പരിസര പ്രദേശങ്ങളും മുക്തമായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കലാപകാരികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. നൂറിലധികം പേരെ ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. പുരുഷന്മാര്‍ ജയിലിലായതോടെ പ്രദേശത്തെ മുസ്്‌ലിം വീടുകളില്‍ പലതിലും നാഥനില്ലാത്ത അവസ്ഥയാണ്. അവശേഷിക്കുന്നവരില്‍ പലരും അറസ്റ്റ് ഭയന്ന് ഒളിവിലാണ്. ആരാണ് ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് അവര്‍ക്കൊരു മോചനം നല്‍കുക. പൊലീസ് വെടിവെപ്പില്‍ മരിച്ച മൂന്നുപേരുടെ കുടുംബങ്ങളുടെ തോരാക്കണ്ണീര്‍ തുടക്കാന്‍ ആരാണ് വരിക. ബോംബെയും ഗുജറാത്തും മുസഫര്‍നഗറും കാന്ധമാലും ഡല്‍ഹിയും ഉള്‍പ്പെടെ കലാപങ്ങളില്‍ ചുട്ടെരിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്. തല്ലിക്കെടുത്തിയ ജീവിതോപാധികള്‍ക്ക് പകരം എന്തു നല്‍കും. കലാപത്തിന് പ്രേരിപ്പിച്ച് കൈയില്‍ ആയുധം നല്‍കി പറഞ്ഞു വിട്ടവര്‍ തിരശീലക്ക് പിന്നിലിരുന്ന് ചിരിക്കുന്നുണ്ടാവും. എന്തിനു വേണ്ടിയായിരുന്നു ഈ സംഘര്‍ഷം. പ്രവാചക സ്‌നേഹം കാണിക്കാനായിരുന്നോ? കേരളത്തില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയവരും പ്രവാചക സ്‌നേഹം തന്നെയല്ലേ മറയാക്കിയത്. ആ താല്‍പര്യങ്ങള്‍ ഇവിടെ വിലപ്പോവുന്നില്ലെന്ന് കണ്ടപ്പോള്‍ മറ്റു ദേശങ്ങളിലേക്ക് പറിച്ചു നടാന്‍ ശ്രമിക്കുകയാണ്. നേരത്തെ മംഗളൂരുവില്‍ ഉണ്ടായതും ഇപ്പോള്‍ ബംഗളുരുവിലുണ്ടായതുമെല്ലാം ഇതിന്റെ ബാക്കി പത്രങ്ങളാണ്. ആ ചതിക്കുഴിയില്‍ വീഴാതെ നോക്കേണ്ടത് മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ ഉത്തരവാദിത്തമാണ്.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തകര്‍ന്നു പോകുന്നതാണോ മുസ്്‌ലിം മനസ്സുകളില്‍ പ്രവാചകന്‍ അടയാളപ്പെടുത്തി കടന്നുപോയ മാതൃകാ ജീവിതമെന്നെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തിലണിയിച്ച് പരിഹസിച്ച് പിന്നാലെ കൂടിയവര്‍ക്കു നേരെ പുഞ്ചിരി സമ്മാനിച്ച പ്രവാചകന്റെ, കല്ലെറിഞ്ഞ് ആട്ടിപ്പായിച്ചവര്‍ക്കു നേരെ നിറചിരി തൂകിയ പ്രവാചകന്റെ…, ഏത് ജീവിതാധ്യാപനങ്ങളിലാണ് ഈ അക്രമങ്ങള്‍ക്ക് പിന്തുണ കണ്ടെത്താനാവുക. സഹിഷ്ണുതയുടെ മതമായ ഇസ്്‌ലാമിനെ പ്രതികാരത്തിന്റെ പ്രതീകമായി ലോകത്തിനു മുന്നില്‍ നിറംകെടുത്തി കാണിക്കുന്നവര്‍ മുസ്‌ലിംകളുടേയോ പ്രവാചകന്റേയോ മിത്രങ്ങളല്ല, ശത്രുക്കള്‍ തന്നെയാണെന്ന് നിസ്സംശയം പറയാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x