17 Wednesday
April 2024
2024 April 17
1445 Chawwâl 8

യുവ രക്തം വരട്ടെ സാമൂഹിക രാഷ്ട്രീയ നേതൃത്വത്തില്‍

കേരളവും തമിഴ്‌നാടും അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ ഏപ്രില്‍- ജൂണ്‍ കാലയളവിലായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നത് ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വെക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും മുന്നണി സമവാക്യങ്ങളും സാമുദായിക സമവാക്യങ്ങളുമെല്ലാം ചേരുംപടി ചേര്‍ത്തുവെച്ച് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമ്പോള്‍ മേല്‍പറഞ്ഞ പ്രാതിനിധ്യം കടലാസില്‍ ഒതുങ്ങാറാണ് പതിവ്. ഇത്തവണയും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഇത് എത്രത്തോളം പ്രവൃത്തിപഥത്തിലെത്തും എന്നത് കാത്തിരുന്നു തന്നെ കാണണം.
ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക് ആധിപത്യമുള്ളത് എന്നാണര്‍ഥം. അങ്ങനെ തന്നെ ആവുകയും വേണം. എന്നാല്‍ പലപ്പോഴും ഇത് ജനങ്ങള്‍ക്ക് മേലുള്ള ആധിപത്യമായി മാറാറുണ്ട്. അതിന്റെ തെളിവാണ് ചില സീറ്റുകള്‍ ചിലര്‍ തങ്ങളുടെ സ്വകാര്യ കുത്തകയാക്കി വെക്കുന്നത്. വരും തലമുറക്ക് വഴിമാറിക്കൊടുക്കാതെ, അധികാരത്തിന്റെ മത്തുപിടിച്ച ലോകത്ത് കടിച്ചുതൂങ്ങി നില്‍ക്കാനുള്ള ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തെ തന്നെ ദുഷിച്ചതാക്കും. ഒഴുകുന്ന നദിയിലെ വെള്ളവും കെട്ടിനില്‍ക്കുന്ന കുളത്തിലെ വെള്ളവും തമ്മില്‍ അന്തരമുണ്ട്. ഒന്ന് അനുസ്യൂതമായ ഒഴുക്കിനാല്‍ നിരന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതും മറ്റൊന്ന് അനന്തമായി കെട്ടിനില്‍ക്കുന്നതിനാല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കളങ്കപ്പെട്ടതുമായിരിക്കും. ഇതു തന്നെയാണ് രാഷ്ട്രീയത്തിന്റെയും സ്ഥിതി.
അധികാരം ചില കേന്ദ്രങ്ങളില്‍ കെട്ടിനിര്‍ത്തപ്പെടുന്നത് അഴിമതി, സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങിയ തിന്മകളിലേക്ക് എളുപ്പത്തില്‍ എത്തിക്കും. എന്തു ചെയ്താലും ചെയ്തില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ബലത്തില്‍ താന്‍ തന്നെ ജയിക്കും എന്ന മനോഭാവം രൂപപ്പെടുന്നത് ഇത്തരം ദുഷിപ്പുകള്‍ക്ക് ആക്കംകൂട്ടും. അതിനു പകരം അധികാരം കൈകളില്‍ നിന്ന് കൈകളിലേക്ക് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ കുറച്ചുകൂടി സംശുദ്ധവും സുതാര്യവുമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതകള്‍ തെളിഞ്ഞുവരും.
തദ്ദേശ ഭരണ സമിതികളില്‍ 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം രൂപപ്പെടുമ്പോള്‍ പുരുഷാധിപത്യ സങ്കല്‍പ്പത്തിന് പുറത്തുകടക്കാന്‍ മടിച്ച പലരുടേയും നെറ്റി ചുളിഞ്ഞിരുന്നു. മത്സരിക്കാന്‍ ആളെ കിട്ടില്ലെന്നും ഭര്‍ത്താക്കന്മാരുടെ പിന്‍സീറ്റ് ഡ്രൈവിങിന് തദ്ദേശ സ്ഥാപനങ്ങള്‍ വഴിമാറുമെന്നുമെല്ലാം ആക്ഷേപം ഉന്നയിച്ചവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ പൂര്‍ണമായും മാറി. വിദ്യാസമ്പന്നരും പ്രഗത്ഭമതികളുമായ വനിതകള്‍ സംസ്ഥാനത്തെ 33 ശതമാനത്തിലധികം തദ്ദേശ സഭകളുടെ ഭരണം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ട്. തദ്ദേശസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി രംഗത്തെത്തിയവരില്‍ ബഹുഭൂരിഭാഗവും യുവാക്കളായിരുന്നു എന്നത് വലിയ പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ ഈ പ്രവണത തദ്ദേശ സഭകളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമസഭയിലും ലോക്‌സഭയിലും കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കണം.
പരിചയ സമ്പന്നരും തല മുതിര്‍ന്നവരുമായ നേതാക്കള്‍ സ്വയം മാറി നില്‍ക്കാന്‍ തയ്യാറാവാത്തിടത്തോളം യുവ പ്രാതിനിധ്യം മരീചിക തന്നെയാണ്. പ്രായത്തേയോ പരിചയ സമ്പന്നതയേയോ വില കുറച്ചു കാണുന്നതുകൊണ്ടല്ല ഇത്. നിശ്ചിത തോതിലെങ്കിലും യുവതക്ക് അവസരം ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ പരിചയ സമ്പത്തുള്ളവരെ രാഷ്ട്രീയത്തിന് സംഭാവന ചെയ്യാനാവൂ എന്ന തിരിച്ചറിവാണ് വേണ്ടത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ തവണ ജനപ്രതിനിധികള്‍ ആയിരുന്നവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം മുസ്്‌ലിംലീഗ് പാര്‍ട്ടി കൈക്കൊള്ളുകയും ഒരു പരിധിവരെ ഈ തീരുമാനം വിജയകരമായി നടപ്പാക്കുകയും ചെയ്തത് പ്രത്യാശ പകരുന്നതാണ്. എന്നാല്‍ ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളവും നിയമസഭയിലേക്ക് വരുമ്പോള്‍ ആരെ മാറ്റിനിര്‍ത്തും എന്ന ചോദ്യം പ്രസക്തമാണ്. സ്വയം മാറിനില്‍ക്കാന്‍ ആരും കൂട്ടാക്കാത്തതിനാല്‍ ഒരിക്കല്‍ നിയമസഭാംഗമായിരുന്നവരെ ഏതു വിധേനയും ആ പദവിയില്‍ എത്തിക്കല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്. സമാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സി പി എമ്മിന്റേയും പ്രഖ്യാപനം. ഗ്രൂപ്പു സമവാക്യങ്ങളെല്ലാം ചേര്‍ത്തുവച്ച് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ഈ പറഞ്ഞ യുവാക്കളില്‍ എത്ര പേര് ലിസ്റ്റിലുണ്ടാകും എന്ന് ചോദിച്ചാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം എന്നായിരിക്കും ഉത്തരം. പതിവു ചിട്ടവട്ടങ്ങള്‍ക്കപ്പുറത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായി കാണേണ്ട ഒന്നാണ് യുവാക്കളുടെ പ്രാതിനിധ്യം. അതിന് എല്ലാ കോണുകളില്‍നിന്നും പരിശ്രമങ്ങള്‍ അനിവാര്യമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x