13 Saturday
April 2024
2024 April 13
1445 Chawwâl 4

സാമ്പത്തിക സംവരണമല്ല, മേല്‍ജാതി സംവരണം

സാമ്പത്തിക സംവരണത്തിന്റെ മറവില്‍ ഒളിച്ചുകടത്തുന്ന മേല്‍തട്ടു സംവരണം ഭരണഘടനാ തത്വങ്ങളും സംവരണം കൊണ്ടുള്ള യഥാര്‍ഥ ലക്ഷ്യവും അട്ടിമറിക്കപ്പെടുന്നതാണ്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള കേരള ഭരണ പരിഷ്‌കാര വകുപ്പിന്റെ വിജ്ഞാപനത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ അര്‍ഹിച്ച ഗൗരവത്തോടെ കാണണം.
സംവരണം എന്നത് സാമ്പത്തിക സഹായ പദ്ധതിയല്ലെന്നും കൃത്യമായ പഠനങ്ങളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട സംവിധാനമാണെന്നുമുള്ള യാഥാര്‍ഥ്യം ബോധപൂര്‍വ്വം മൂടിവെച്ചുകൂടാ. ചരിത്രപരവും വിദ്യാഭ്യാസപരവും മറ്റുമുള്ള കാരണങ്ങളാല്‍ മുഖ്യധാരയില്‍നിന്ന് പുറംതള്ളപ്പെട്ട വിഭാഗങ്ങളെ രാഷ്ട്രനിര്‍മ്മിതിയില്‍ പങ്കാളികളാക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് സംവരണത്തിനുള്ളത്. ഭരണഘടനയുടെ അനുഛേദം 15-ലും 16-ലും എന്താണ് സംവരണം എന്ന് കൃത്യമായി നിര്‍വചിക്കുന്നുണ്ട്. ഇതിന് കടക വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം.
മേല്‍തട്ടു സംവരണം നടപ്പാക്കുക വഴി എസ് സി, എസ് ടി, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ കുറവു വരുന്നില്ലെന്ന സര്‍ക്കാര്‍ വാദം വസ്തുതകളെ മൂടിവെക്കലാണ്. 50 ശതമാനം സംവരണ നിയമനങ്ങളും 50 ശതമാനം ജനറല്‍ നിയമനങ്ങളും എന്നത് പുതിയ തീരുമാനം നടപ്പാക്കപ്പെടുന്നതോടെ 60:40 എന്ന അനുപാതത്തിലേക്ക് മാറും. പൊതുവിഭാഗത്തില്‍ കുറവു വരുന്ന 10 ശതമാനം നിയമനങ്ങള്‍ യഥാര്‍ഥത്തില്‍ എസ് സി, എസ് ടി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ്. അതായത് സംവരണ വിഭാഗങ്ങളുടെ അവസരങ്ങളെ കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമ്പത്തിക സംവരണം എന്ന ന്യായവാദത്തിനും അടിസ്ഥാനമില്ല. സാമ്പത്തിക സംവരണമായിരുന്നെങ്കില്‍ എല്ലാ വിഭാഗത്തിലും പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് ഗുണഭോക്താക്കളായി നിശ്ചയിക്കേണ്ടിയിരുന്നത്.
എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കായാണ് രാജ്യത്ത് ആദ്യം സംവരണം കൊണ്ടുവരുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1987-ലാണ് ന്യൂനപക്ഷങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനര്‍ഥം അവരെല്ലാം തുല്യാവസരം കൈവരിച്ചെന്നല്ല. എത്രയോ പതിറ്റാണ്ടുകള്‍കൊണ്ടു മാത്രമേ യഥാര്‍ഥ ലക്ഷ്യത്തിലെത്താനാവൂ.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, ഉദ്യോഗ പ്രാതിനിധ്യം എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ താഴെയാണ്. അതേസമയം തന്നെ ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അര്‍ഹിക്കുന്നതിനേക്കാള്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളവരാണ് മേല്‍തട്ടു ജാതിക്കാര്‍. സംവരണം വഴി ആ വിഭാഗത്തില്‍നിന്നു തന്നെ കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കടന്നുകൂടുക വഴി ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പുറംതള്ളപ്പെട്ടുപോയ ജനവിഭാഗങ്ങളെ വീണ്ടും ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നത്. സവര്‍ണന് മാത്രം ആധിപത്യമുള്ള രാഷ്ട്ര വ്യവസ്ഥയെന്ന സംഘ്പരിവാര്‍ അജണ്ടയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറും ഇതിലൂടെ ഒളിച്ചുകടത്തുന്നത്.
മേല്‍തട്ടു സംവരണത്തിന്റെ മറവില്‍ മറ്റുചില അട്ടിമറികളും നടക്കുന്നുണ്ട്. പൊതു വിഭാഗത്തില്‍നിന്നാണ് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംവരണ സീറ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുതുവിഭാഗത്തിനു നീക്കിവെച്ചത് 50 ശതമാനമാണ്. ഇതിന്റെ പത്തു ശതമാനം എന്നത് മൊത്തം നിയമനങ്ങളുടെ അഞ്ചു ശതമാനമേ വരാന്‍ പാടുള്ളൂ. എന്നാല്‍ ഇതോടൊപ്പം തന്നെ നല്‍കിയിരിക്കുന്ന നിയമന നിര്‍ദേശങ്ങളില്‍ പറയുന്നത് ഓരോ 20 നിയമനങ്ങളും ഓരോ യൂണിറ്റായി കണക്കാക്കി 1,3,5,7 എന്ന ക്രമത്തില്‍ മെറിറ്റിനും 2,4,6,8 എന്ന ക്രമത്തില്‍ സംവരണത്തിനും നീക്കിവെക്കണമെന്നും ഒമ്പതാമത്തേയും 19-ാമത്തേയും നിയമനങ്ങള്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്നാവണമെന്നുമാണ്. 20 നിയമനങ്ങളുടെ ഒരു യൂണിറ്റില്‍ രണ്ടുപേര്‍ക്ക് എന്നാല്‍ നൂറ് നിയമനങ്ങളില്‍ 10 പേര്‍ക്ക് പ്രാതിനിധ്യം ലഭിക്കും. അതായത് മൊത്തം നിയമനങ്ങളുടെ പത്തു ശതമാനം. (പൊതു വിഭാഗത്തിന്റെ 20 ശതമാനം). 9,29,49,69 എന്ന ക്രമത്തില്‍ മേല്‍തട്ടു സംവരണം പരിഗണിച്ചാല്‍ മാത്രമേ 10 ശതമാനത്തില്‍ നില്‍ക്കൂ. ഇവിടെയും സവര്‍ണ ജാതിക്കാരെ പിന്‍വാതില്‍ വഴി തിരുകിക്കയറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനങ്ങളില്‍ ഉള്‍പ്പെടെ അനുവദിച്ച മേല്‍തട്ടു സംവരണം നിലവിലുള്ള സംവരണ സംവിധാനങ്ങള്‍ വ്യാപകമായി അട്ടിമറിക്കപ്പെടുന്നതിനു കാരണമായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കൊല്ലം ടി കെ എം കോളജിലും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലുമുള്ള അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്ന സാഹചര്യം വരെയുണ്ടായി. സര്‍ക്കാര്‍ നിയമനങ്ങളിലും ഇനി നടക്കാന്‍ പോകുന്നത് ഇത്തരം അട്ടിമറികളാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x