28 Thursday
March 2024
2024 March 28
1445 Ramadân 18

രക്തം കൊണ്ടുള്ള കളികള്‍ ആര്‍ക്കുവേണ്ടി

ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോ പ്രസിദ്ധീകരിച്ച പ്രവാചക നിന്ദ അടങ്ങിയ കാര്‍ട്ടൂണിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാര്‍ട്ടൂണ്‍ ക്ലാസ്മുറിയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയ സംഭവമാണ് ഇതില്‍ ഒടുവിലത്തേത്. പാറ്റിയെ കൊലപ്പെടുത്തിയതെന്ന് ആരോപിക്കപ്പെടുന്ന 16-കാരനെ മണിക്കൂറുകള്‍ക്കകം ഫ്രഞ്ച് പൊലീസ് വെടിവെച്ചുകൊല്ലുകയും ചെയ്തു.
ഈയൊരു കാര്‍ട്ടൂണിന്റെ പേരില്‍ മാത്രം ഫ്രാന്‍സില്‍ ഇതുവരെ അപഹരിക്കപ്പെട്ടത് 21 ജീവനുകളാണ്. പ്രവാചകനിന്ദക്കു പിന്നിലെ രാഷ്ട്രീയവും പ്രതികാര രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളുമടക്കം അനേകം ചോദ്യങ്ങള്‍ ഈ സംഭവം ഉയര്‍ത്തുന്നുണ്ട്. വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് 2015-ലാണ് ഷാര്‍ളി എബ്ദോ മാസികയുടെ ആസ്ഥാനത്ത് ആദ്യ ഭീകരാക്രമണം നടന്നത്. രണ്ടുദിവസം നീണ്ടുനിന്ന ബന്ദി നാടകം തീരുമ്പോഴേക്കും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്തെ തന്നെ ഞെട്ടിപ്പിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. അന്നു നടന്ന ഭീകരാക്രമണത്തില്‍ പ്രതികളായ 14 പേരുടെ വിചാരണ തുടങ്ങുന്ന 2020 സപ്തംബറില്‍ ഇതേ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചുകൊണ്ട് ഷാര്‍ളി എബ്ദോ തുടങ്ങിവെച്ച പ്രകോപനം അതേ ഓഫീസീനു മുന്നില്‍ മറ്റ് രണ്ട് മാധ്യമ പ്രവര്‍ത്തരെ വെടിവെച്ചുകൊന്ന സംഭവത്തിലാണ് അവസാനിച്ചത്. എല്ലാറ്റിനുമൊടുവിലായിരുന്നു സാമുവല്‍ പാറ്റി വധം.
എഴുത്തിലോ വരയിലോ വാക്കിലോ പ്രവാചകനിന്ദ കടന്നുകൂടിയാല്‍ അതിനോട് എങ്ങനെ പ്രതികരിക്കരുത് എന്നതിന്റെ ഉദാഹരണമാണ് ഷാര്‍ളി എബ്ദോ എന്ന് നിശ്ചയം പറയാം. ജീവിച്ചിരിക്കെ തന്നെ ആശയപരമായും വ്യക്തിപരമായും അധിക്ഷേപത്തിനും പരിഹാസത്തിനുമെല്ലാം പാത്രമായിട്ടുള്ളയാളാണ് പ്രവാചകന്‍. അന്ന് അതിനോട് പ്രവാചകന്‍ ഏതു വിധത്തില്‍ പ്രതികരിച്ചുവോ, ആ രീതി തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികളും സ്വീകരിക്കേണ്ടത്. ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലണിഞ്ഞ്് പ്രവാചകനെ നടത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ എതിരാളികള്‍. കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്. അവരെയെല്ലാം പുഞ്ചിരികൊണ്ടാണ് പ്രവാചകന്‍ നേരിട്ടത്. എന്നിട്ട് അതേ പ്രവാചകന്റെ പേരില്‍ കൂട്ടക്കൊല നടത്തുന്നതിനെ ഏതു തിരുചര്യകൊണ്ടാണ് ന്യായീകരിക്കാന്‍ കഴിയുക എന്നത് ചിന്തിക്കേണ്ടതാണ്.
പ്രവാചകനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നത് നമ്മുടെ കേരളത്തിലാണ്. അതിവൈകാരികതയോ അവിവേകമോ പ്രവാചകന്റെ പാതയല്ല. അതേസമയം തന്നെ അഭിപ്രായസ്വാതന്ത്ര്യം എന്ത് എന്നതും പരിശോധിക്കപ്പെടണം. ക്രിയാത്മക വിമര്‍ശനത്തിനുള്ള ലൈസന്‍സ് മാത്രമാണ് അഭിപ്രായ സ്വാതന്ത്ര്യം. അധിക്ഷേപത്തിനുള്ള സര്‍വ സ്വാതന്ത്ര്യമല്ല. ബോധപൂര്‍വമായ അധിക്ഷേപങ്ങള്‍ ഏത് വര്‍ണക്കടലാസില്‍ പൊതിഞ്ഞാലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ വരില്ല.
പ്രവാചകന്‍ മുഹമ്മദ് നബി ഉള്‍പ്പെടെ ആരും വിമര്‍ശനത്തിന് അധീതരല്ല. എന്നാല്‍ ആസൂത്രിതമായ അധിക്ഷേപത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലാപ്പുചാര്‍ത്തുന്നതിലാണ് പ്രശ്‌നം. പ്രത്യേകിച്ച് ഫ്രാന്‍സ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങളില്‍ ഈ അധിക്ഷേപങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. ഇസ്്‌ലാം വിരുദ്ധതയുടെ രാഷ്ട്രീയമാണത്. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്്‌ലാമിക ഭീകരതയാണ് കൊലപാതകത്തിനു പിന്നിലെന്ന് ആണയിടുമ്പോള്‍ ഈ രാഷ്ട്രീയം കൂടുതല്‍ വ്യക്തമാവും.
വിദ്യാര്‍ഥികള്‍ അടക്കം 24 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ വേദിയായതും കഴിഞ്ഞ ദിവസമാണ്. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഓടിക്കയറിയ ചാവേറാണ് സ്വയം പൊട്ടിത്തെറിച്ച്് നിരവധി പേരുടെ ജീവന്‍ കവര്‍ന്നത്. കൊല്ലപ്പെടുന്നവരും മുസ്്‌ലിംകളാണ്. കൊല്ലുന്നതും മുസ്്‌ലിംകളുടെ പേരിലാണ്. അപ്പോള്‍ ഏതു മതത്തിന്റെ പേരിലാണ് ഈ ഭീകരവാദത്തെ അടയാളപ്പെടുത്തുക.
ഷാര്‍ളി എബ്ദോ സംഭവത്തില്‍ അക്രമത്തിനു മുതിര്‍ന്നവര്‍ യഥാര്‍ഥത്തില്‍ പ്രവാചക സ്‌നേഹികളല്ല. ആണെങ്കില്‍ ആ വഴി തെരഞ്ഞെടുക്കില്ല. മതമല്ല, മതത്തെ ആയുധമാക്കുന്ന മനുഷ്യരാണ് പ്രശ്‌നമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടായേ തീരൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x