19 Friday
April 2024
2024 April 19
1445 Chawwâl 10

നീതിപീഠത്തെ പ്രഹസനമാക്കുന്ന വിധികള്‍

ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെയും ബഹുസ്വര മതേതര പാരമ്പര്യത്തിന്റെയും മസ്തകത്തിലേറ്റ മായാമുറിപ്പാടായിരുന്നു 1992 ഡിസംബര്‍ 6-ന് അയോധ്യയിലുണ്ടായ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെങ്കില്‍, ആ മുറിപ്പാടില്‍ ഇപ്പോഴും ആവര്‍ത്തിച്ചു കുത്തിനോവിക്കുന്നതിന്റെ തെളിവാണ് പള്ളി തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനാ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ്. ഒരു രാജ്യത്ത് മുഴുവന്‍ അസ്വസ്ഥത പടര്‍ത്തുകയും പ്രബല ന്യൂനപക്ഷങ്ങളെ അരക്ഷിത ബോധത്തിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് എത്ര നിസ്സാരമായാണ് നീതിപീഠം പറഞ്ഞുവെക്കുന്നത്.
1990 സപ്തംബര്‍ 25-ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ എല്‍ കെ അദ്വാനിയുടെ രഥയാത്ര 1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ അവസാനിക്കും വരെ ഓരോ അണുവിലും ഗൂഢാലോചനയുണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആര്‍ എസ് എസ്-വി എച്ച് പി നേതാക്കളുടെ പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന നേതാക്കളുടെ പ്രസംഗം, പള്ളി തകര്‍ത്ത ശേഷം പരസ്പരം ആലിംഗനം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങള്‍… പ്രകടമായ തെളിവുകള്‍ തന്നെ അനേകമുണ്ട്. എന്നിട്ടും ഗൂഢാലോചന നടന്നിട്ടില്ലെന്നും പള്ളി തകര്‍ക്കാന്‍ എത്തിയവരെ അദ്വാനിയും ജോഷിയും തടയാന്‍ ശ്രമിച്ചെന്നുമുള്ള വിചിത്ര വാദമാണ് കോടതി പറയുന്നത്. അന്വേഷണ ഏജന്‍സി തെളിവായി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണെന്നും ഫോട്ടോകളുടെ നെഗറ്റീവ് ഹാജരാക്കിയില്ലെന്നും പറഞ്ഞ് ഇവയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയാണ് കോടതി ചെയ്തത്.
കര്‍സേവകര്‍ പള്ളി തകര്‍ക്കുമ്പോള്‍ 200 മീറ്റര്‍ മാത്രം അകലെ എല്ലാം കണ്ടും അറിഞ്ഞും അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നായിരുന്നു ലിബര്‍ഹാന്‍ കമ്മീഷന്റെ കണ്ടെത്തല്‍. പള്ളി തകര്‍ക്കാനെത്തിയവരെ തടയാന്‍ ഒരു ശ്രമവും ഇവര്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ഓരോ പൗരന്റെയും മനസ്സില്‍ പ്രതീക്ഷയുടെ അവസാന വാക്കായി മാറേണ്ട നീതിന്യായ കോടതികള്‍ എങ്ങനെ സ്വന്തം വിശ്വാസ്യത തകര്‍ക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് ഗൂഢാലോചനാ കേസിലെ വിധി.
യാതൊരു ന്യായീകരണവുമില്ലാതിരുന്നിട്ടും തര്‍ക്കസ്ഥലവും അനുബന്ധ ഭൂമിയും രാമക്ഷേത്ര നിര്‍മ്മാണത്തിനു വിട്ടുനല്‍കിയും പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി കണ്ടെത്തി നല്‍കാന്‍ സര്‍ക്കാറിനോടു നിര്‍ദേശിച്ചും പരമോന്നത നീതിപീഠം ഒമ്പതു മാസം മുമ്പ് പുറപ്പെടുവിച്ച വിചിത്ര വിധിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലക്‌നോവിലെ പ്രത്യേക സി ബി ഐ കോടതി വിധി ഒട്ടും അമ്പരപ്പോ ഞെട്ടലോ സൃഷ്ടിക്കുന്നില്ല. തകര്‍ക്കപ്പെട്ട പള്ളി 450 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ടതാണെന്നും ആറു പതിറ്റാണ്ടു മുമ്പ് പള്ളിക്കകത്ത് വിഗ്രഹം ആസൂത്രിതമായി സ്ഥാപിച്ചതാണെന്നും 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെട്ടതാണെന്നും പറയുന്ന അതേ വിധിന്യായത്തിലാണ്, ക്ഷേത്രത്തിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടങ്ങള്‍ ഉദ്ഖനന വേളയില്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ബാബരി ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിനു വിട്ടു നല്‍കിക്കൊണ്ടുള്ള വിചിത്ര തീര്‍പ്പ് കല്‍പിച്ചത്.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനങ്ങളെ സംഘ് പരിവാര്‍ ശക്തികള്‍ എത്രത്തോളം അവരുടെ നിയന്ത്രണത്തിലാക്കിയെന്നതിന് ബാബരിയുമായി ബന്ധപ്പെട്ട ഈ രണ്ട് കോടതി വിധികളോളം മറ്റൊരു തെളിവും ആവശ്യമില്ല. പക്ഷേ പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ ആര്‍ജിച്ചെടുത്ത വിശ്വാസത്തെയാണ് ഇതിനു പകരം കുരുതികൊടുക്കുന്നതെന്ന് മാത്രം. ബഹുസ്വര മതേതര സങ്കല്‍പ്പത്തില്‍നിന്ന് മാറി ദളിതനെയും ന്യൂനപക്ഷങ്ങളെയും അധസ്ഥിതരെയും പാര്‍ശ്വവത്കരിച്ച് മാറ്റി നിര്‍ത്തുക എന്നത് നയതന്ത്രമാക്കി സ്വീകരിച്ച ഭരണകൂടങ്ങള്‍ക്ക് ആഘോഷിക്കാനുള്ളതില്‍ കവിഞ്ഞ് ഒന്നും ഈ കോടതി വിധി ബാക്കിവെക്കുന്നില്ല. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ അന്വേഷണ ഏജന്‍സികള്‍ക്കും പ്രോസിക്യൂഷനും മുന്നിലുണ്ട്. പ്രതീക്ഷകള്‍ നിറം മങ്ങുമ്പോഴും നല്ലൊരു പുലരിക്കു വേണ്ടി അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x