17 Wednesday
April 2024
2024 April 17
1445 Chawwâl 8

ബില്‍ക്കീസ് ബാനു പോരാട്ടത്തിന്റെ പേര്

ടൈം മാഗസിന്റെ, 2020-ാമാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ ഇടംപിടിച്ചിരുന്നു. ഒന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ രണ്ടാമത്തേത് തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരു പേരായിരുന്നു. ശാഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു എന്ന 82-കാരി.
വാര്‍ധക്യം തോറ്റുപോയ പോരാട്ട വീര്യത്തിന്റെ പേരാണ് ബില്‍ക്കീസ് ബാനു എന്നത്. യഥാര്‍ഥത്തില്‍ അവര്‍ ഒരു സമര നായിക ആയിരുന്നോ? അല്ല എന്നാണ് ശരിയായ ഉത്തരം. കാരണം കൃത്യമായ നേതൃത്വമോ നായകത്വമോ ശാഹീന്‍ബാഗ് സമരത്തിന് ഇല്ലായിരുന്നു. അതിജീവനത്തിനുവേണ്ടി ആരും ആരെയും നിര്‍ബന്ധിക്കാതെ, പ്രലോഭിപ്പിക്കാതെ തെരുവിലിറങ്ങിയ ഒരുകൂട്ടം മനുഷ്യരുടെ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെ കഥയാണ് ശാഹീന്‍ബാഗ്. സ്ത്രീകളും കുട്ടികളുമായിരുന്നു ആ സമരത്തിന്റെ ഊര്‍ജ്ജം. അതിശൈത്യത്തില്‍ വിറങ്ങലിച്ചുനിന്ന, മരണത്തിന്റെ ഗന്ധമുള്ള ഡല്‍ഹിയുടെ തെരുവുകളില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി എത്തിയവര്‍ക്കുനേരെ ലാത്തിയും ജലപീരങ്കിയും തോക്കും കൊണ്ട് ഭരണകൂടം അപ്രഖ്യാപിത യുദ്ധം നയിച്ച ദിവസങ്ങളില്‍, പുറമെ ശാന്തമെങ്കിലും അകമേ ആത്മരോഷത്തിന്റെ കനല്‍ക്കട്ടകള്‍ ഒളിപ്പിച്ച ശാഹീന്‍ബാഗ്. അവരുടെ മുദ്രാവാക്യം വിളികള്‍, പാട്ടുകള്‍, സംസാരങ്ങള്‍… ചെറു ചലനങ്ങള്‍ പോലും ഇന്ദ്രപ്രസ്ഥത്തെ വിറപ്പിച്ചെങ്കില്‍, തോറ്റുകൊടുക്കാനും കീഴടങ്ങാനും മനസ്സില്ലാത്ത ഒരു ജനതയുടെ തുല്യതയില്ലാത്ത പോരാട്ടവീര്യത്തിന്റെ സര്‍ഗാത്മക കവിത വിരിയുകയായിരുന്നു അവിടെ.
ഓര്‍മിക്കപ്പെടാവുന്ന ചുരുക്കം ചില മുഖങ്ങള്‍ ആ സമര വേദിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു ബില്‍ക്കീസ് ബാനു. ചുമലില്‍ ചുറ്റിയ ഷാളും ചുണ്ടില്‍ വിടര്‍ന്നുനിന്ന ചെറുപുഞ്ചിരിയും വാക്കുകളില്‍ തീകോരിയിട്ട അവര്‍ ആ സമരത്തിന്റെ മുഖമായി, നായികയായി സ്വയം ഉയര്‍ന്നുവരികയായിരുന്നു. 2020 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ ശാഹീന്‍ബാഗ് സമരവേദിയില്‍ ദേശീയ പതാക ഉയര്‍ത്തിയത് രോഹിത് വെമുലയുടെയും ജുനൈദ് ഖാന്റെയും മാതാക്കളും 82-കാരിയായ ബില്‍ക്കീസ് ബാനുവും ചേര്‍ന്നായിരുന്നു. അങ്ങനെ, ശാഹീന്‍ബാഗിന്റെ ദാദിയായി അവര്‍ മാറുകയായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ, ഓരം ചേര്‍ത്ത് നിര്‍ത്തിയവരുടെ, മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് പുറം തള്ളാന്‍ ശ്രമിച്ചവരുടെ ശബ്ദം എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ് ബില്‍ക്കീസ് ബാനുവിനെ വിശേഷിപ്പിച്ചത്.
ഞങ്ങള്‍ പ്രായം ചെന്നവരാണ്. ജീവിതം അവസാനിക്കാറായവര്‍. അതുകൊണ്ടു തന്നെ ഈ സമരം ഞങ്ങള്‍ക്കു വേണ്ടിയല്ല. ഞങ്ങളുടെ കുട്ടികളും അവരുടെ കുട്ടികളുമടക്കം വരും തലമുറക്കു വേണ്ടിയാണ് – ബില്‍ക്കീസ് ബാനുവിന്റെ ഈ വാക്കുകള്‍ തന്നെയാണ് ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലേക്ക് അവരെ ഉയര്‍ത്തിയത്. ഫെബ്രുവരിയില്‍ ശാഹീന്‍ബാഗ് സമരക്കാര്‍ക്കുനേരെ വെടിവെപ്പുണ്ടായപ്പോഴും ആ വാക്കുകളില്‍ തീ പറന്നു. ഭയം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകാം. ഞങ്ങളില്‍ ചിലര്‍ വീണു പോയിട്ടുണ്ടാകാം. പക്ഷേ വെടിയുണ്ടകളേറ്റുവാങ്ങും വരെയും ഈ യാത്ര ഞങ്ങള്‍ക്ക് തുടര്‍ന്നേ മതിയാകൂ. ഈ പ്രാര്‍ഥനകളും. എക്കാലത്തേക്കും ഞങ്ങളെ ഭയപ്പെടുത്താനാവില്ല.
കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ബലപ്രയോഗത്തിന് കാത്തുനില്‍ക്കാതെ തന്നെ ശാഹീന്‍ബാഗിലെ പോരാളികള്‍ സമരവേദി ഒഴിഞ്ഞു. എന്നാല്‍ കാലം മായ്ച്ചുകളയാത്ത സമരോത്സുകമായ ഓര്‍മ്മകള്‍ ബാക്കിയാകും. അതിനു തെളിവാണ് ബില്‍ക്കീസ് ബാനുവിനെപ്പോലെ ഒരാളെ തേടിയെത്തിയ ലോകത്തെ സ്വാധീനിച്ച വ്യക്തിയെന്ന പട്ടം. ആട്ടിപ്പായിക്കലിന്റെ തത്വശാസ്ത്രവുമായി വന്ന മോദി ഇടംപിടിച്ച അതേ പട്ടികയില്‍ തന്നെയാണ് ചെറുത്തുനില്‍പ്പിന്റെ പോരാട്ടവീര്യം പകര്‍ന്ന ബില്‍ക്കീസ് ബാനുവും ഇടംപിടിച്ചത്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x