28 Thursday
March 2024
2024 March 28
1445 Ramadân 18

പൊള്ളുന്ന വേനല്‍; ഉയരുന്ന ചൂട്‌

വേനല്‍ മുറുകും മുമ്പേ സംസ്ഥാനത്ത് ചൂട് അസഹനീയമാം വിധം ഉയര്‍ന്നിരിക്കുന്നു. നഗര, ഗ്രാമങ്ങള്‍ വ്യത്യാസമില്ലാതെ അത്യുഷ്ണത്തിന്റെ പിടിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിക്കു മുകളിലാണ് താപനില രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിലും ചൂട് ഇതിനോട് അടുത്തു തന്നെയുണ്ട്. സാധാരണ ജൂണ്‍ ആദ്യത്തോടെ മാത്രമേ കേരളത്തില്‍ വര്‍ഷകാലമെത്തൂ. അതുവരെ വേനലിന് ദൈര്‍ഘ്യമുണ്ട്.
ഏപ്രില്‍ തുടങ്ങിയിട്ടേയുള്ളൂ. രണ്ടുമാസം കൂടി അതിരൂക്ഷമായ വേനലിനെ നമ്മള്‍ അതിജീവിക്കേണ്ടിയിരിക്കുന്നു. വേനല്‍ മഴ മാത്രമാണ് ഏക പ്രതീക്ഷ. എന്നാല്‍ ഇത്തവണ വേനല്‍ മഴ വൈകുമെന്നും കുറയുമെന്നുമെല്ലാം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആശങ്കയോടെയാണ് മലയാളികള്‍ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത്. വലിയ കരുതലും ജാഗ്രതയുമെല്ലാം അനിവാര്യമായ ഘട്ടത്തിലേക്കാണ് നാം നീങ്ങുന്നതെന്നര്‍ഥം.
മഴയും വെയിലും മഞ്ഞും കൃത്യമായ ഇടവേളകളില്‍ മാറി മാറി വരുന്ന സമ്മിശ്ര കാലാവസ്ഥയെന്ന സുന്ദരമായ വ്യവസ്ഥയില്‍ നിന്ന് കേരളം മാറിത്തുടങ്ങുകയാണോ. വേനല്‍ വരുമ്പോള്‍ അതിന്റെ കെടുതികള്‍, വര്‍ഷം വരുമ്പോള്‍ മഴക്കെടുതിയും പ്രളയക്കെടുതിയും. മഞ്ഞു കാലത്താകട്ടെ, ഡിസംബറിലെ തണുപ്പ് കണികാണാന്‍ പോലും കിട്ടുന്നുമില്ല. ഈ നിലയിലേക്ക് കേരളത്തിന്റെ കാലാവസ്ഥ മാറി വരികയാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയ ദുരന്തത്തിന്റെ ഭീതിയില്‍ നിന്ന് മലയാളിയുടെ മനസ്സ് ഇനിയും മോചിതമായിട്ടില്ല. അതിനു മുമ്പേയാണ് അത്യുഷ്ണം നമുക്കുനേരെ പല്ലിളിച്ചു കാട്ടുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാവിലെ 11നും ഉച്ചതിരിഞ്ഞ് മൂന്നിനും ഇടയില്‍ പുറം ജോലികള്‍ വിലക്കി തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത്യുഷ്ണത്തിന്റെ നേരിട്ടുള്ള ആഘാതത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാനുള്ള ചെറിയൊരു ഉപാധി മാത്രമാണിത്. വേനല്‍ കാത്തുവെക്കുന്ന ദുരന്തങ്ങള്‍ ഇതുകൊണ്ടു തീരില്ല. അതിനെ മറികടക്കുകയും എളുപ്പമല്ല. ചൂട് ഉയരുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകും. സര്‍ക്കാര്‍ ജലവിതരണ സംവിധാനങ്ങള്‍ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ടാങ്കറുകളിലും മറ്റും വല്ലപ്പോഴും എത്തുന്ന കുടിനീര് മാത്രമാകും ഇതോടെ ആശ്രയം.
കുടിവെള്ള ദൗര്‍ലഭ്യം മനുഷ്യനേക്കാള്‍ ബാധിക്കുക ഇതര ജീവജാലങ്ങളെയാണ്. കുളങ്ങളും കിണറുകളും അടക്കമുള്ള ജലസ്രോതസ്സുകള്‍ വറ്റി വരളുന്നതോടെ പക്ഷിമൃഗാദികള്‍ ചത്തുവീഴും. അനിയന്ത്രിതമായ കാട്ടുതീ ആണ് കാത്തിരിക്കുന്ന മറ്റൊരു ദുരന്തം. വന്യമൃഗങ്ങള്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്കിറങ്ങുന്നതാണ് ഇതിന്റെ അനന്തരഫലം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഇത് രൂക്ഷമാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വര്‍ധനവ് ഞെട്ടിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് വയനാട് പോലുള്ള ജില്ലകളില്‍. വെള്ളവും ഭക്ഷണവുമില്ലാതെ ചത്തൊടുങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണവും വേനല്‍ മുറുകുന്നതോടെ കൂടും. മേല്‍പറഞ്ഞ ഓരോന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന കാര്യങ്ങളാണ്. എല്ലാം ഒന്നിന് ഒന്നോട് ബന്ധിതം.
അവശേഷിക്കുന്ന കാടും മേടും കൂടി ഇല്ലാതാക്കി റിസോര്‍ട്ടുകളും കൂറ്റന്‍ കോണ്‍ക്രീറ്റ് സൗധങ്ങളും തീര്‍ക്കുന്ന മലയാളിക്കു നേരെ പ്രകൃതി കൊഞ്ഞനം കുത്തുകയല്ലേ അക്ഷരാര്‍ഥത്തില്‍ ഈ ദുരന്തങ്ങളിലൂടെ. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല. മരം മുറിക്കുന്നതും കുന്നിടിക്കുന്നതും ജലാശയങ്ങള്‍ നികത്തുന്നതും നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. രണ്ടു വലിയ പ്രളയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റം കൊണ്ടുവന്നു എന്ന് ആത്മപരിശോധന നടത്തിയാല്‍ ബോധ്യമാകും മലയാളിയുടെ മനസ്സിലിരിപ്പിന്റെ പൊള്ളത്തരം. ജീവിതം അവശേഷിക്കുമെന്ന് ഉറപ്പില്ലാത്ത നാളെക്കുവേണ്ടി സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കിലാണ് നാം. അതിന് പ്രകൃതിയെ നാം കൊല്ലുന്നു. നമുക്ക് ചുറ്റുമുള്ളതിനെ നാം കൊല്ലുന്നു. സര്‍വനാശത്തിലേക്കാണ് നടന്നടുക്കുന്നതെന്ന് ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടുതന്നെ. ‘മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു’ എന്ന ഖുര്‍ആനിക അധ്യാപനം പോലും നാം മറന്നുപോകുന്നു. പാഴായിപ്പോകുന്ന ഒരിറ്റു തെളിനീര്‍ സംരക്ഷിക്കാന്‍ പോലും സമയമില്ലാത്തത്ര തിരക്കിലാണ് നാം. ഈ ഓട്ടപ്പാച്ചിലിനിടയില്‍ നഷ്ടപ്പെടുത്തുന്നത് നമ്മുടെ ജീവിതം മാത്രമല്ല, വരും തലമുറക്ക് ജീവിക്കാനുള്ള അവകാശം കൂടിയാണെന്ന് ഓര്‍ക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x