25 Thursday
April 2024
2024 April 25
1445 Chawwâl 16

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ കൂടെ നടന്നുതീര്‍ത്ത വഴികള്‍

ഡോ. ഇ കെ അഹ്മദ്കുട്ടി / ഹാറൂന്‍ കക്കാട്‌


സമൂഹത്തിന്റെ സ്വത്വ നിര്‍മാണത്തില്‍ ചരിത്രത്തിനു മുഖ്യഭാഗധേയമുണ്ട്. ചരിത്രം സ്വമേധയാ ചലനാത്മകമല്ല. ഇരുട്ടിന്റെ ശക്തികള്‍ ചരിത്രത്തെ നശിപ്പിക്കുമെന്നത് അനുഭവസാക്ഷ്യമാണ്. കാലത്തിനു വെളിച്ചമേകാന്‍ ചരിത്രം കൈകടത്തലില്ലാതെ നിലനില്‍ക്കേണ്ടത് അനിവാര്യവുമാണ്. ഓരോ സമൂഹത്തിനും ദിശാബോധം നല്‍കുന്ന സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ തെളിമയാര്‍ന്ന ചരിത്രം എല്ലാ കാലഘട്ടത്തിനും വെളിച്ചമായി നിലനില്‍ക്കേണ്ടതുണ്ട്. കേരളത്തില്‍ നവോത്ഥാന സംരംഭങ്ങളുടെ മുമ്പില്‍ നടന്ന ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ ചരിത്രം എമ്പാടും ഗുണപാഠങ്ങളാണ് ഓരോ തലമുറകള്‍ക്കും സമ്മാനിക്കുന്നത്. നിസ്വാര്‍ഥരായ പണ്ഡിതരുടെയും പരിഷ്‌കര്‍ത്താക്കളുടെയും കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സമൂഹം അനുഭവിച്ച നിരവധി ഗുണഫലങ്ങള്‍. ഈ ഗണത്തില്‍ മുസ്ലിം നവോത്ഥാനത്തിന് ഊടും പാവും നെയ്‌തെടുത്ത മഹാപ്രതിഭയായിരുന്നു ഇല്ലത്തുകണ്ടിയില്‍ കുഞ്ഞഹമ്മദ്കുട്ടി മൗലവി എന്ന ഇ കെ മൗലവി. സംഭവബഹുലമായിരുന്നു ആ ജീവിതയാത്ര. എസ് ടി യു നേതാവും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇ കെ കെ മുഹമ്മദ്, ഇ കെ ബിയ്യാത്തു എന്നീ രണ്ടു മക്കളായിരുന്നു ഇ കെ മൗലവിക്കുണ്ടായിരുന്നത്. മൗലവിയുടെ ഏകമകളുടെ മകനായ ഡോ. ഇ കെ അഹ്മദ്കുട്ടി പൈതൃകമായി ലഭിച്ച ആശയധാരകളുടെയും വൈജ്ഞാനിക ചോദനകളുടെയും മേഖലകളില്‍ ഇപ്പോഴും കര്‍മനിരതനാണ്. വല്യുപ്പയില്‍ നിന്ന് കണ്ടും കേട്ടും പഠിച്ച ഒട്ടേറെ അനുഭവങ്ങള്‍ നവോത്ഥാനത്തിന്റെ വ്യത്യസ്തമായ പാതകളില്‍ അഭിമാനത്തോടെ നടന്നുനീങ്ങാന്‍ പേരമകന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ കര്‍മഭൂമിയും നിരവധി മായാത്ത നവോത്ഥാന ഓര്‍മകളുടെ പറുദീസയുമാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി. ഹരിതാഭയണിഞ്ഞ പി എസ് എം ഒ കോളെജിന്റെയും അനുബന്ധ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെയും വിളിപ്പാടകലെ ‘റോഷ്‌നി’ എന്ന വീട്ടിലിരുന്ന് കേരളത്തിന്റെ നവോത്ഥാന രാജശില്‍പിയായിരുന്ന സ്‌നേഹനിധിയായ വല്യുപ്പ ഇ കെ മൗലവിയെ കുറിച്ചും ത്യാഗനിബദ്ധമായ ചരിത്രത്തിലെ ഓര്‍മകളിലേക്കും സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട നാള്‍വഴികളിലേക്കും തിരിഞ്ഞുനോക്കുകയാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി. ഒരു കാലഘട്ടത്തിന്റെ ദിശാസൂചികയായി മാറിയ ഒത്തിരിയൊത്തിരി അനുഭവങ്ങളിലേക്ക് അദ്ദേഹം മനസ്സ് തുറക്കുന്നു.

ചരിത്രത്തില്‍ ഇടം നേടിയ
മാതൃകാ പ്രവര്‍ത്തനങ്ങള്‍

മുസ്ലിം സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിനുവേണ്ടി എല്ലാ കാലത്തും പ്രവര്‍ത്തിച്ച പ്രബോധന സംരംഭമാണ് ഇസ്ലാഹീ പ്രസ്ഥാനം. ചില പ്രദേശങ്ങളില്‍ നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മതത്തോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ള പണ്ഡിതന്മാരും നേതാക്കളുമായിരുന്നു. മക്തി തങ്ങള്‍, ഇ കെ മൗലവി, വക്കം മൗലവി തുടങ്ങിയവര്‍ ഇങ്ങനെ സമൂഹത്തിന് ദിശാബോധം നല്‍കിയ പ്രതിഭകളായിരുന്നു. ചിലയിടങ്ങളില്‍ പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ചെറുകൂട്ടായ്മകളും സംഘടനകളും നവോത്ഥാന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. തിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇസ്ലാം ധര്‍മ പരിപാലന സംഘം, മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അന്‍സാറുല്‍ ഇസ്ലാം സംഘം തുടങ്ങിയവ ഒരേ ലക്ഷ്യത്തിനും ആദര്‍ശത്തിനും വേണ്ടി നിലയുറപ്പിച്ചു.
കേരള മുസ്ലിം ഐക്യസംഘത്തിന്റെ 4, 5, 12 എന്നീ വാര്‍ഷിക സമ്മേളനങ്ങള്‍ തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട് പ്രദേശങ്ങളിലാണ് നടന്നത്. ജില്ലയിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വാദപ്രതിവാദങ്ങളും ഇസ്ലാഹി പ്രഭാഷണങ്ങളും നടന്നിരുന്നുവെങ്കിലും ഏകീകൃതമായ രൂപം ഉണ്ടായിരുന്നില്ല. കടവത്തൂര്‍ നുസ്‌റത്തുല്‍ ഇസ്ലാം സംഘം, കണ്ണൂര്‍ ജംഇയ്യത്തുല്‍ ഹിമായത്തുസ്സുന്ന, തലശ്ശേരി അന്‍വാറുല്‍ ഇസ്ലാം, കല്ലിക്കണ്ടി ഇര്‍ശാദുല്‍ മുസ്ലിമീന്‍, മാട്ടൂല്‍- മടക്കര പ്രദേശങ്ങളില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍… തുടങ്ങിയ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്നവയാണ്.
അജ്ഞതയുടെ കൂരിരുട്ടില്‍
ചൂഷണവിധേയരായവര്‍

അതിദയനീയമായ ചൂഷണാധിഷ്ഠിത സമൂഹത്തെയായിരുന്നു ആദ്യകാല പ്രബോധകര്‍ക്കും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നത്. മതത്തിന്റെ പേരില്‍ അജ്ഞരായ ജനക്കൂട്ടത്തെ തളച്ചിട്ട് സ്വന്തം കീശ വീര്‍പ്പിക്കുന്ന പൗരോഹിത്യത്തിന്റെ ഭീകര താണ്ഡവങ്ങളായിരുന്നു ആ കാലത്തിന്റെ വേദനാജനകമായ ശാപം.
പ്രമുഖ പണ്ഡിതനായിരുന്ന കെ സി അബ്ദുല്ല മൗലവിയുടെ ശ്രദ്ധേയമായ നിരീക്ഷണം മതവിശ്വാസരംഗത്തെ അക്കാലത്തെ മുസ്ലിംകളുടെ കൃത്യമായ ചിത്രം നല്‍കുന്നതാണ്: ”ഒരു ഗ്രാമത്തില്‍ ചെന്ന് പരിശോധിച്ചാല്‍ നമസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വേണ്ട വിധം ഇല്ലാത്ത എത്രയോ വീടുകള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ മാല – മൗലിദ് – റാത്തീബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടും കാണാന്‍ കഴിഞ്ഞെന്നുവരില്ല. സകാത്ത് കൊടുക്കാത്ത എത്രയോ ധനികരെ കണ്ടേക്കാം. കൃത്യമായി കൊടുക്കുന്ന ആരെയും കണ്ടില്ലെന്നു വരാം. എന്നാല്‍ ബദ്രീങ്ങളുടെ ആണ്ടുപോലുള്ളതിന് പണമോ നേര്‍ച്ച വസ്തുക്കളോ കൊടുക്കാത്ത വല്ലവരെയും കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ആപത്തില്‍ നിന്ന് രക്ഷിക്കുന്നതും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതും ബദ്രീങ്ങളും മുഹ്യിദ്ദീന്‍ ശൈഖും അതുപോലുള്ള മണ്‍മറഞ്ഞ മഹാത്മാക്കളുമാണെന്നാണ് വെപ്പ്. അവര്‍ക്ക് നേര്‍ച്ചയാക്കി വിട്ട ആട്, കോഴി, മൃഗാദികള്‍ അന്നെവിടെയും സുലഭമാണ്. കൊയ്ത്തുകാലം തുടങ്ങിയ സുഭിക്ഷഘട്ടങ്ങളില്‍ നാഗൂറിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും ഖലീഫമാരും വീടുവീടാന്തരം കയറിയിറങ്ങുന്നതും കാണാം. വെള്ളിക്കാല്, വെള്ളിക്കണ്ണ് തുടങ്ങിയ നേര്‍ച്ചവസ്തുക്കളും മറ്റു വിഭവങ്ങളും നേടിയെടുക്കുകയാണവരുടെ മുഖ്യജോലി. അവരെ ആദരിക്കാത്തവരോ അവര്‍ക്ക് വല്ലതും കൊടുക്കാത്തവരോ ആയി വളരെപ്പേരുണ്ടായിരിക്കില്ല. പ്രസവവേദനയിളകിയാല്‍ മുല്ലാക്ക എഴുതിയ പിഞ്ഞാണം തന്നെ വേണം. വല്ല രോഗവും ബാധിച്ചാല്‍ തങ്ങന്മാരോ മുല്ലമാരോ ഹോമവും മന്ത്രവും നടത്തണം. മനോരോഗം മാറ്റാന്‍ ഇസ്മിന്റെ പണിക്കാരനേ കഴിയൂ. കച്ചവടം, വിവാഹം മുതലായവയിലേര്‍പ്പെടുന്നതും നിര്‍ബന്ധ ഹജ്ജ് യാത്രപോലും നിയന്ത്രിക്കുന്നതും ജാറങ്ങളിലെ അന്തേവാസികളോ ജ്യോത്സ്യന്മാരോ ആണ്. ജിന്നുകളുടെ പടയോട്ടമില്ലാത്ത രാത്രികളില്ല. അവര്‍ക്ക് പ്രത്യേക റൂട്ടുകള്‍ തന്നെ സങ്കല്‍പിക്കപ്പെട്ടിരുന്നു. റൂഹാനികളും ഖബറാളികളും – മരിച്ചവരുടെ പ്രേതങ്ങള്‍ – രാത്രികാലങ്ങളില്‍ വീടുവീടാന്തരം അലഞ്ഞുതിരിയുന്നു. കോളറ തൊട്ടു ചെകുത്താനും വസൂരികുരുപ്പ് ചെകുത്താനും അപസ്മാരം കുട്ടിച്ചെകുത്താനും എലി – പൂച്ചാദികളുടെ നിശാ സഞ്ചാരശബ്ദങ്ങള്‍ കൂളിയുടെ വിക്രിയകളും കാറ്റിന്റെ മുഴക്കം റൂഹാനികളുടെ ആരവവും ആയി ധരിക്കപ്പെട്ടിരുന്നു. ഇവക്കെല്ലാമുണ്ട് പ്രത്യേക ഏജന്റുമാരും സേവകന്മാരും. അജ്ഞനായ മനുഷ്യന്‍ അവരെത്തന്നെ ശരണം പ്രാപിക്കുന്നു.
ജിന്നുകളും പിശാചുക്കളും മനുഷ്യനെ ഉപദ്രവിക്കാന്‍ പാമ്പ്, തേള്‍, നായ, നരി മുതലായവയുടെ വേഷംപൂണ്ട് പ്രത്യക്ഷപ്പെടാറുണ്ട് എന്നുകൂടി ധരിക്കപ്പെട്ടാലോ? എത്ര ഭീതിദമായിരുന്നു ആ അന്തരീക്ഷം? ഭീകരത കൂടുംതോറും അജ്ഞനായ മനുഷ്യന്‍ കൂടുതല്‍ ചൂഷണവിധേയനാകും എന്നേതോ സമര്‍ഥന്‍ കണ്ടുപിടിച്ചിരിക്കുന്നു. അതുകൊണ്ടാണ് മാല – മൗലീദ് – റാത്തീബ് – കുത്ത്റാത്തീബ് – ഉറുക്ക് – നൂല്‍ – പിഞ്ഞാണമെഴുത്ത് – ജപം – ഹോമം, ഉഴിഞ്ഞുവാങ്ങല്‍, നേര്‍ച്ചകള്‍, ആണ്ട്, ഖബ്ര്‍ പൂജ, ഇസ്തിഗാസ തുടങ്ങിയ വേലകള്‍ ഇതിനൊക്കെ പ്രതിവിധിയായി ഭവിച്ചത്. എത്ര ജുഗുപ്സാവഹം! കടുത്ത അജ്ഞതയില്‍ നിന്നുടലെടുത്ത നൂറുനൂറു ഭീഷണികള്‍! തനി വിഡ്ഢിത്തങ്ങളായ അത്രതന്നെ പ്രതിവിധികളും!
അജ്ഞതയാകുന്ന ഈ കൂരിരുട്ട് കേരള മുസ്ലിം സമൂഹത്തെ മിക്കവാറും പൂര്‍ണമായിത്തന്നെ ആവരണം ചെയ്തുകഴിഞ്ഞിരുന്നു. എന്നാല്‍ തന്റെ അടിമകളെ ഇത്തരം കൂരിരുട്ടില്‍ ദീര്‍ഘകാലം തളച്ചിടാന്‍ കരുണാവാരിധിയായ അല്ലാഹു അനുവദിക്കുകയില്ല. അവന്റെ അപാരമായ കാരുണ്യത്താല്‍ അങ്ങകലെ ഈജിപ്തിന്റെയും സുഊദിയുടെയും അഫ്ഗാനിസ്താന്റെയും നഭോമണ്ഡലങ്ങളില്‍ ശക്തമായ ചില രജതരേഖകള്‍ ജ്വലിച്ചുയര്‍ന്നു. ശൈഖ് മുഹമ്മദ് അബ്ദു, ശൈഖ് മുഹമ്മദുബ്നു അബ്ദില്‍ വഹാബ്, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയവരാണ് ഉദ്ദേശ്യം. അവയുടെ പ്രകാശകിരണങ്ങള്‍ നമ്മുടെ കേരളാന്തരീക്ഷത്തിലേക്കും ക്രമേണ പ്രസരിച്ചുതുടങ്ങി. അങ്ങനെ പ്രശോഭിച്ച താരങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു മര്‍ഹൂം വക്കം മൗലവി, പിന്നെ കെ എം മൗലവി, ഇ കെ മൗലവി, നരിക്കുന്നന്‍ മുഹമ്മദ് മൗലവി, പി പി ഉണ്ണിമുഹ്യിദ്ദീന്‍ കുട്ടി മൗലവി, തൊടികപ്പുലം മമ്മു മൗലവി, മങ്കട ഉണ്ണീന്‍ മൗലവി, പി കെ മൂസാ മൗലവി, ടി കെ മുഹമ്മദ് മൗലവി, എം സി സി സഹോദരന്മാര്‍, സി എന്‍ അഹ്മദ് മൗലവി, ഇ മൊയ്തു മൗലവി, എം അബ്ദുല്ലക്കുട്ടി മൗലവി, കൂട്ടായി അബ്ദുല്ല മൗലവി മുതലായവരും….
കേരളത്തില്‍ ഇസ്ലാഹീ പ്രവര്‍ത്തനവുമായി ഇവര്‍ മുന്നോട്ടുവന്നു. വിവരണാതീതമാണ് ഈ മാര്‍ഗത്തില്‍ അവര്‍ സഹിച്ച ത്യാഗങ്ങള്‍. ധീരവും ത്യാഗപൂര്‍ണവുമായ ഇവരുടെ തളരാത്ത പ്രവര്‍ത്തനം കേരളാന്തരീക്ഷത്തെ ആവരണം ചെയ്തിരുന്ന ആ ഇരുണ്ട തിരശ്ശീലയില്‍ അവിടവിടെ ദ്വാരങ്ങളും വിള്ളലുകളുമുണ്ടാക്കി. അവയിലൂടെ പ്രകാശരശ്മികള്‍ ജനങ്ങളിലേക്ക് പ്രവഹിച്ചു. അങ്ങനെ കുരിരുട്ട് ഒരളവോളം നീങ്ങുകയും ജനങ്ങള്‍ക്ക് കുറേയൊക്കെ വെളിച്ചം ലഭിക്കുകയുമുണ്ടായി” (ഇബാദത്ത് ഒരു സമഗ്രപഠനം, പേജ്: 25 – 27, ഐ പി എച്ച് 1997).

കുടുംബവും വിദ്യാഭ്യാസവും
1943ല്‍ കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ ഇ കെ മൗലവിയുടെ ഏകമകള്‍ ഇല്ലത്തുകണ്ടിയില്‍ ബിയ്യാത്തു സാഹിബയുടെയും സി എച്ച് കുഞ്ഞിമൂസ മാസ്റ്ററുടെയും മകനായാണ് ഡോ. ഇ കെ അഹ്മദ്കുട്ടിയുടെ ജനനം. കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്ലാം മദ്റസ, എരഞ്ഞിന്‍കീഴില്‍ പള്ളിദര്‍സ്, തലശേരി ദാറുസ്സലാം മദ്റസ എന്നിവിടങ്ങളില്‍ നിന്നാണ് മതവിദ്യാഭ്യാസം നേടിയത്. പ്രമുഖ പണ്ഡിതന്മാരായിരുന്ന എടപ്പാറ കുഞ്ഞഹമ്മദ് മൗലവി, എന്‍ കെ അഹ്മദ് മൗലവി, വൈത്തല അഹ്മദ്കുട്ടി മുസ്ലിയാര്‍, ചെറുശോല കെ എം ടി സൈതലവി കോയ തങ്ങള്‍ തുടങ്ങിയവരായിരുന്നു മതപഠനത്തിലെ പ്രധാന ഗുരുനാഥന്മാര്‍.
കടവത്തൂര്‍ വെസ്റ്റ് യു പി സ്‌കൂളില്‍ നിന്ന് 1956ല്‍ ഇ എസ് എല്‍ സിയും തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ നിന്ന് 1959ല്‍ എസ് എസ് എല്‍ സിയും പാസായി. പ്രമുഖ പണ്ഡിതനായിരുന്ന കെ എന്‍ ഇബ്റാഹീം മൗലവി, ഒ മുഹമ്മദ് സാഹിബ് തുടങ്ങിയവരായിരുന്നു സ്‌കൂളിലെ പ്രധാന ഗുരുനാഥന്മാര്‍. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും താല്‍പര്യം വളര്‍ത്തിയത് സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ഒ മുഹമ്മദ് സാഹിബാണ്.
1960ല്‍ ഫാറൂഖ് കോളെജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയും 1963ല്‍ ബി എ അറബിക് സാഹിത്യ പരീക്ഷയും പാസായി. പ്രൊഫ. കെ എ ജലീല്‍, പ്രൊഫ. വി മുഹമ്മദ്, പ്രൊഫ. എം മൊയ്തീന്‍കുട്ടി, പ്രൊഫ. ആലിക്കുഞ്ഞ്, പ്രൊഫ. എ പി ഇബ്റാഹീം കുഞ്ഞ്, പ്രൊഫ. എം എ ഷുക്കൂര്‍, പ്രൊഫ. സി കെ കരീം തുടങ്ങിയവരായിരുന്നു ഫാറൂഖ് കോളജിലെ പ്രധാന ഗുരുനാഥന്മാര്‍.
1965ല്‍ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ അറബി സാഹിത്യ പരീക്ഷ വിജയിച്ചു. പ്രൊഫ. അബ്ദുല്‍അലീം, പ്രൊഫ. എസ് മഖ്ബൂല്‍ അഹ്മദ് , പ്രൊഫ. മുഖ്താറുദ്ദീന്‍ അഹ്മദ് , പ്രൊഫ. മുഹമ്മദ് റാഷിദ് നദ്വി, പ്രൊഫ. മഹ്ദി അന്‍സാരി, പ്രൊഫ. ഗുലാം മുസ്തഫ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാര്‍. അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു തന്നെ 1964ല്‍ എല്‍ എല്‍ ബി പ്രീവിയസ് എക്‌സാമും പാസായി. ഒരേ സമയം ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ടു കോഴ്‌സുകള്‍ ഒരുമിച്ച് പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് നിയമപഠനത്തിന് ചേര്‍ന്നത്.
എന്നാല്‍ ഈ സമയത്ത് ഡല്‍ഹിയില്‍ ഡോ. സാക്കിര്‍ ഹുസൈനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം സംഭാഷണമധ്യേ ഇരട്ട കോഴ്‌സിനെ നിരുത്സാഹപ്പെടുത്തി. അതേ തുടര്‍ന്ന് നിയമബിരുദ പഠനം അവസാനിപ്പിക്കുകയായിരുന്നു. 1980ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ പി എച്ച് ഡി ബിരുദം നേടി. ഡോ. സയ്യിദ് ഇഹ്തിശാം അഹ്മദ് നദ്‌വിയായിരുന്നു റിസര്‍ച്ച് ഗൈഡ്.
എം കെ ഹാജിയുടെ മകള്‍ പരേതയായ എം കെ സഫിയ, ടി കെ സുഹ്‌റ തിക്കോടി എന്നിവരാണ് ഡോ. ഇ കെ അഹ്മദ്കുട്ടിയുടെ സഹധര്‍മിണികള്‍. നസീര്‍ അഹ്മദ് (ദന്ത ഡോക്ടര്‍), റഫീഖ് അഹ്മദ് (വില്ലേജ് ഓഫീസര്‍), ശക്കീല്‍ അഹ്മദ് (ബിസിനസ്), അനീസ് അഹ്മദ് (തിരൂരങ്ങാടി പി എസ് എം ഒ കോളജ് അധ്യാപകന്‍), റോഷനാര (മൈക്രോബയോളജിസ്റ്റ് ദമാം, സുഊദി അറേബ്യ) എന്നിവരാണ് മക്കള്‍. ഫാറൂഖ് കോളേജ് ചരിത്രവിഭാഗം തലവനായി വിരമിച്ച പ്രൊഫ. ഇ കെ ഫസലുര്റഹ്മാൻ, ആയിശ ടീച്ചര്‍, മര്‍യം ഉളിയില്‍, നഫീസ പരപ്പനങ്ങാടി, ഹഫ്‌സ പുളിക്കല്‍, നാദിറ ടീച്ചര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നാല് പതിറ്റാണ്ടോളം
ദീര്‍ഘിച്ച അധ്യാപന സപര്യ

അറബി ഭാഷാ – സാഹിത്യ മേഖലയില്‍ 38 വര്‍ഷത്തെ ദീര്‍ഘിച്ച വൈജ്ഞാനിക മുന്നേറ്റത്തിന്റെ കര്‍മവസന്തങ്ങളായിരുന്നു ഡോ. ഇ കെ അഹ്മദ്കുട്ടിയുടെ അധ്യാപന ജീവിതം. 1965ല്‍ മമ്പാട് കോളജില്‍ അറബിക് ലക്ചറര്‍ ആയി അധ്യാപനജീവിതത്തിനു തുടക്കമിട്ടു. 1970 വരെ ഈ സ്ഥാപനത്തില്‍ തുടര്‍ന്നു. പിന്നീട് കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, കാസര്‍കോഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, മലപ്പുറം ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളില്‍ ലക്ചറര്‍ ആയിരുന്നു. 1974 മുതല്‍ 2003 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗത്തില്‍ അധ്യാപകനായി. ലക്ചറര്‍, റീഡര്‍. പ്രൊഫസര്‍ എന്നീ തസ്തികകളിലായിരുന്നു സേവനം അനുഷ്ഠിച്ചത്. 2000ല്‍ അറബി വകുപ്പ് തലവനായി നിയമിതനായി. 2003 ജൂണില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ഗൈഡായും ഡോ. ഇ കെ അഹ്മദ്കുട്ടി സേവനമനുഷ്ഠിച്ചിരുന്നു. 11 ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പി എച്ച് ഡിക്കും നിരവധി വിദ്യാര്‍ഥികള്‍ക്ക് എം ഫില്‍ ബിരുദത്തിനും അദ്ദേഹം റിസര്‍ച്ച് ഗൈഡായിരുന്നു. ഡോ. പി കെ അബ്ദുറസാഖ് സുല്ലമി, ഡോ. വി മുഹമ്മദ്, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ. കെ ടി ഫസ്‌ലുല്ല അന്‍വാരി തുടങ്ങിയവര്‍ അദ്ദേഹത്തിന് കീഴില്‍ പിഎച്ച്ഡി നേടിയവരാണ്.

വൈവിധ്യമാര്‍ന്ന മേഖലകളില്‍
സജീവമായ പങ്കാളിത്തങ്ങള്‍

രണ്ടു ടേമുകളിലായി ആറ് വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍ സില്‍ മെമ്പര്‍, ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി മെമ്പര്‍, കേരള യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് (ഇപ്പോള്‍ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ സ് യൂനിവേഴ്‌സിറ്റി – ഇഫ്‌ളു) അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍, കേരളത്തിലെ സ്‌കൂളുകളിലെ പഠനത്തിനുള്ള സിലബസും ടെക്സ്റ്റ് ബുക്കുകളും പരിഷ്‌കരിക്കാന്‍ ഗവണ്മെന്റ് നിയമിച്ച വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍, അറബിക് ടീച്ചേഴ്‌സ് എക്സാമിനേഷന്റെ സിലബസ് പരിഷ്‌കരിക്കാന്‍ ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍, സ്‌കൂള്‍ അറബി പാഠപുസ്തകങ്ങളുടെ സ്‌ക്രീനിംങ് കമ്മിറ്റി മെമ്പര്‍, സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുസ്ലിം അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ ഇന്‍സ്പെക്ഷന്‍ കമ്മീഷനുകളിലും ടീച്ചിങ് സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റികളിലും എക്‌സ്‌പേര്‍ട്ട് മെമ്പര്‍, കേരളത്തിനു പുറത്തുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലെയും പരീക്ഷാ ബോര്‍ഡുകളിലെയും മെമ്പര്‍, പി എച്ച് ഡി പരീക്ഷകന്‍, യു പി എസ് സി, കെ പി എസ് സി പരീക്ഷകളുടെയും സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റികളുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്, കേരള സ്റ്റേറ്റ് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി ഓണ്‍ അറബിക് കോളജസ് മെമ്പര്‍, വള്ളുവമ്പ്രം ശരീഅഃ കോളജ് പ്രിന്‍സിപ്പല്‍, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ തുടങ്ങിയ പദവികളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഡോ. ഇ കെ അഹ്മദ്കുട്ടി നടത്തിയിട്ടുണ്ട്.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ്, കേരള ജംഇയ്യത്തുല്‍ ഉലമ എക്‌സിക്യൂട്ടീവ് മെമ്പര്‍, കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് – സി ഐ ഇ ആര്‍ ചെയര്‍മാന്‍, തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി വൈസ് പ്രസിഡന്റ്, തിരൂരങ്ങാടി പി എസ് എം ഒ കോളജ് ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍, തിരൂരങ്ങാടി എം കെ എച്ച് ഒ ഹോസ്പിറ്റല്‍ സൂപ്പര്‍വിഷന്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങി വിവിധ പദവികളില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കര്‍മഗോദയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഡോ. ഇ കെ അഹ്മദ്കുട്ടിയുടെ ജീവിതം.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x