21 Monday
October 2024
2024 October 21
1446 Rabie Al-Âkher 17

ഖുര്‍ആനിനോടുള്ള ബാധ്യതകള്‍

ഇബ്‌റാഹീം ശംനാട്‌


നാം ഏര്‍പ്പെടുന്ന തൊഴിലിലും കച്ചവടത്തിലും മറ്റു കാര്യങ്ങളിലും അതിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ് അതില്‍ നിന്നു നമുക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുക എന്നത് ഒരു പൊതുതത്വമാണ്. ആ പൊതുതത്വത്തെ ഖുര്‍ആനുമായി ബന്ധപ്പെടുത്തുമ്പോള്‍, ഖുര്‍ആനിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴാണ് അതില്‍ നിന്നു അനുഗ്രഹങ്ങള്‍ ലഭിക്കുക. ഉമറിബ്‌നു ഖത്താബ്(റ) ഉദ്ധരിക്കുന്നു: ‘റസൂല്‍(സ) പറഞ്ഞു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.’ ഖുര്‍ആനോടുള്ള ബാധ്യത നിര്‍വഹിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉയര്‍ത്തുകയും അവരുടെ അന്തസ്സ് വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ഖുര്‍ആനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാത്തവരെ ഈ ലോകത്തും പരലോകത്തും ഇകഴ്ത്തുകയും നിന്ദിക്കുകയും ചെയ്യുമെന്നാണ് മുകളിലുദ്ധരിച്ച ഹദീസ് വ്യക്തമാക്കുന്നത്.
ഖുര്‍ആനിനോടുള്ള ബാധ്യതകളില്‍ പ്രഥമഗണനീയം, ഖുര്‍ആന്‍ ഒരു ദിവ്യഗ്രന്ഥമാണെന്നും അല്ലാഹു ജിബ്‌രീല്‍ മലക്ക് മുഖാന്തരം മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചു കൊടുത്തതാണെന്നും ഉറച്ച് വിശ്വസിക്കുക എന്നതാണ്. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവരുത്. ‘ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി’ (2:2) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്ന് നാവുകൊണ്ട് അംഗീകരിക്കുകയും ഹൃദയംകൊണ്ട് സത്യപ്പെടുത്തുകയും ചെയ്യലാണ് ഖുര്‍ആനോടുള്ള ഒരു വിശ്വാസിയുടെ പ്രഥമ ബാധ്യത. മുസ്ലിം ഉമ്മത്തിന്റെ ശ്രേഷ്ഠതയും പ്രതാപവും നിലകൊള്ളുന്നത് ഖുര്‍ആന്‍ മുറുകെ പിടിക്കുന്നതിലൂടെയും അതിനോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലൂടെയുമാണ്. കാരണം അത് സത്യവും അസത്യവും വേര്‍തിരിച്ച് കാണിച്ചുതരുന്ന, സന്മാര്‍ഗത്തിലേക്ക് നയിക്കുന്ന, മനസ്സിന് ആശ്വാസം പകരുന്ന, വിജയത്തിലേക്ക് ദിശ കാണിച്ചു തരുന്ന വഴികാട്ടിയാണ്.
പാരായണം ചെയ്യല്‍
ഖുര്‍ആന്‍ ദിനേന പാരായണം ചെയ്യുകയാണ് അതിനോടുള്ള രണ്ടാമത്തെ ബാധ്യത. പ്രഭാതത്തില്‍ ആദ്യം വായിക്കുന്ന ഗ്രന്ഥം ഖുര്‍ആനായിരിക്കണം എന്ന നിഷ്‌കര്‍ഷത നല്ലതാണ്. അബൂ ഉമാമത്തില്‍ ബാഹിലി(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയം അത് ഖിയാമത്തു നാളില്‍ ശിപാര്‍ശകനായി വരും. സഹാബിമാരും പൂര്‍വകാല പണ്ഡിതന്മാരും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു പൂര്‍ത്തിയാക്കാറുണ്ടായിരുന്നു. ഖുര്‍ആനിന്റെ പാരായണത്തിന് വലിയ പ്രതിഫലമുണ്ട്.
എല്ലാ സൂറത്തുകളുടേയും പ്രാരംഭത്തില്‍ ‘ബിസ്മി’ കൊണ്ട് ആരംഭിക്കല്‍ സുന്നത്താണ്. പ്രവാചകന്‍(സ) ഖുര്‍ആനിലെ ഒരു അധ്യായം പാരായണം ചെയ്യുമ്പോള്‍ അത് ‘ബിസ്മി…..’ കൊണ്ടാണ് ആരംഭിച്ചിരുന്നതെന്നും ഒരു അധ്യായത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതെങ്കില്‍, ‘അഊദു…..’ കൊണ്ടാണ് ആരംഭിച്ചിരുന്നതെന്നും ഇബ്‌നുബാസ് വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടുക.’ (16:98)
ഹൃദിസ്ഥമാക്കല്‍
സാധിക്കുന്നവര്‍ പൂര്‍ണമായോ അതിന് കഴിയാത്തവര്‍ ഭാഗികമായോ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കണം. ആയിശ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളതു പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്. ഖര്‍ആന്‍ അല്‍പം പോലും ഹൃദിസ്ഥമാക്കാത്ത മനസ്സിനെ നബി(സ) ആളൊഴിഞ്ഞ വീടിനോടാണ് ഉപമിച്ചത്.
ശ്രദ്ധിച്ചു കേള്‍ക്കല്‍
വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ മൊബൈലിലൂടെയും മറ്റു ഉപകരണങ്ങളിലൂടെയും ചിലര്‍ അശ്രദ്ധമായി ഖുര്‍ആന്‍ പാരായണം കേള്‍ക്കല്‍ പതിവാണ്. ഇത് അല്ലാഹു കര്‍ശനമായി വിലക്കിയ കാര്യമാണ്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇങ്ങനെ: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.’ (7:204)
ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കല്‍
വിശുദ്ധ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുക എന്നതാണ് നമ്മുടെ മറ്റൊരു ബാധ്യത. ‘അവര്‍ ഖുര്‍ആനിനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.’ (4:82)
‘നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിവേകശാലികള്‍ പാഠമുള്‍ക്കൊള്ളാനും.’ (38:29). ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?’ (47:25). അനസിബ്‌നു മാലിക്ക് (റ) പറയുന്നു: ‘ഒരാള്‍ പലപ്പോഴായി ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നു. അയാള്‍ അത് ഗ്രഹിക്കുന്നില്ലെങ്കില്‍ ഖുര്‍ആന്‍ അയാളെ ശപിക്കുന്നു.’
ചിന്തിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥം ഗ്രഹിക്കുക, അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുക, അതിലുള്ള വിധികള്‍ നിര്‍ധാരണം ചെയ്യുക എന്നതാണ്. ആയത്തുകള്‍ ഇറങ്ങിയ ചരിത്ര പശ്ചാത്തലം, അത് നല്‍കുന്ന സന്ദേശം, ആയത്തുകളുടെ പരസ്പര ബന്ധങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുന്നതിലൂടെ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ കഴിയും.
പ്രയോഗവത്കരണം
മുകളില്‍ പറഞ്ഞ ബാധ്യതകളെല്ലാം നിര്‍വഹിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം ഖുര്‍ആനിന്റെ ജീവിക്കുന്ന മാതൃകകളാവുക എന്നതാണ്. മുകളില്‍ വിവരിച്ച ബാധ്യതകള്‍ ഏറെക്കുറെ എല്ലാം മുസ്ലിംകളും നിര്‍വഹിക്കാറുണ്ടെങ്കിലും, ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കുന്നതില്‍ അക്ഷന്തവ്യമായ അപരാധമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഖുര്‍ആനിന്റെ പ്രയോഗവത്കരണമാണ്.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയില്‍ ഖുര്‍ആന്‍ പ്രയോഗവത്കരിക്കുമ്പോഴാണ് അല്ലാഹു ഒരു സമൂഹത്തെ ഉന്നതിയിലേക്കെത്തിക്കുക. അല്ലെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പോലെ അധപ്പതിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആനും സുന്നത്തും പ്രാവര്‍ത്തികമാക്കുക എന്നത് മുസ്ലിംകളുടെ ജീവിതാഭിലാഷമാണ്. അതിന് വേണ്ടി അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ട്: ‘അല്ലാഹുവേ, ഖുര്‍ആനും സുന്നത്തുമനുസരിച്ച് ഞങ്ങളെ ജീവിപ്പിക്കുകയും ഈമാനോടും തൗബയോടും കൂടി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ’.
ഖുര്‍ആനിന്റെ പ്രയോഗവല്‍ക്കരണത്തില്‍ പ്രധാനം അത് പ്രസരിപ്പിക്കുന്ന ഉന്നതമായ സ്വഭാവവും മൂല്യങ്ങളും തങ്ങളുടെ സ്വഭാവത്തിന്റെ മാതൃകയായി സ്വീകരിക്കുക എന്നതാണ്. പ്രവാചകന്റെ സ്വഭാവസവിശേഷതകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍, പ്രിയതമ ആയിശ(റ) പറഞ്ഞു: അവരുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. ഖുര്‍ആനിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു പ്രവാചകന്‍. ആ മാതൃക ഓരോ മുസ്ലിമും പിന്‍പറ്റാന്‍ ബാധ്യസ്ഥനാണ്.
ഖുര്‍ആന്‍ ഒരു വിശുദ്ധ ഗ്രന്ഥമെന്ന നിലയില്‍ അതിനെ വിശുദ്ധിയോടെ സ്പര്‍ശിക്കുന്നത് പുണ്യകരമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: ‘വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.’ (56:79)
പ്രബോധനവും
പ്രചാരണവും

ഈ കാലഘട്ടത്തില്‍ നാം നിര്‍വഹിക്കേണ്ട സുപ്രധാനമായ ഉത്തരവാദിത്തമാണ് ഖുര്‍ആനിന്റെ പ്രബോധനവും പ്രചാരണവും. സകല മനുഷ്യരുടേയും മാര്‍ഗദര്‍ശനത്തിനായി അവസാനം അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ അത് ഒരാവര്‍ത്തി വായിച്ചുനോക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എല്ലാ മനുഷ്യരുടെയും ബാധ്യതയാണ്. നിങ്ങള്‍ എന്നില്‍ നിന്ന് ഒരു സൂക്തമെങ്കിലും എത്തിക്കൂ എന്നാണല്ലോ പ്രവാചകന്റെ കല്‍പന. അത് സ്വന്തം കുടുംബത്തില്‍ നിന്ന് തുടക്കം കുറിച്ചു നമുക്ക് ചുറ്റുമുള്ള സഹജീവികളിലേക്ക് പകരേണ്ടതാണ്. ഇതിനായി പ്രിന്റ്‌കോപ്പികള്‍, വെബ്‌സൈറ്റുകള്‍, പരിഭാഷകള്‍, ഖുര്‍ആന്‍ പഠനവേദികള്‍ തുടങ്ങിയ മാര്‍ഗങ്ങളെല്ലാം അവലംബിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x