28 Thursday
March 2024
2024 March 28
1445 Ramadân 18

ദുര്‍മാര്‍ഗം വിലയ്ക്ക് വാങ്ങുന്നവര്‍

എ അബ്ദുസ്സലാം സുല്ലമി

സൂറത്തുല്‍ ബഖറയിലെ 16-ാം വചനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഖുത്ബ. അല്ലാഹുവും റസൂലും നിര്‍ദേശിച്ച സന്മാര്‍ഗത്തെ അവഗണിച്ച് ദുര്‍മാര്‍ഗം സ്വീകരിച്ചവരെ കുറിച്ചാകുന്നു ഈ ആയത്തിലെ പരാമര്‍ശം.

സന്മാര്‍ഗത്തെ നല്‍കി ദുര്‍മാര്‍ഗത്തെ വിലയ്ക്ക് വാങ്ങുന്നത് നഷ്ടക്കച്ചവടമാണ്. എങ്കിലും ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടവരെ ധാരാളമായി ഇന്നും കാണാം. സത്യം ഒരിക്കലും സ്വീകരിക്കുകയില്ല എന്ന ധിക്കാര ഭാവമായിരിക്കും ഇതിനുപിന്നില്‍. ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയും യഥാര്‍ഥ മതത്തെ വിറ്റു കാശാക്കുന്നവരുണ്ട്.
ദൈനംദിന ജീവിതം സുന്നത്തില്‍ അധിഷ്ഠിതമായിരിക്കണം എന്നത് അനിവാര്യമാണ്. നമ്മുടെ ജീവിതത്തിലെ ഏതാനും സന്ദര്‍ഭങ്ങളെ നമുക്ക് ഇവിടെ വായിക്കാം.
1. മരണപ്പെട്ടവന്റെ വീട്ടിലേക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക. അവനെ തീറ്റിക്കുക. ഇതാണ് സന്മാര്‍ഗം. ഇതിന് പകരമായി ചിലര്‍ മരിച്ച വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചുവരുന്നു. ഇത് ഇസ്‌ലാം വിരോധിച്ച ദുര്‍മാര്‍ഗമാണ്. അവര്‍ സന്മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
2. മരണപ്പെട്ട വ്യക്തിയെ മറമാടി കഴിഞ്ഞാല്‍ തസ്ബീത്ത് ചൊല്ലുക എന്നതാണ് സന്മാര്‍ഗം. ഇതിനു പകരം തല്‍ഖീന്‍ എന്ന ദുര്‍മാര്‍ഗത്തെ പകരമായി സ്വീകരിച്ചു.
3. വിവാഹ സന്ദര്‍ഭത്തില്‍ ദീന്‍ബോധത്തിന് മുന്‍ഗണന നല്‍കാനാണ് ഇസ്്‌ലാം ആവശ്യപ്പെടുന്നത്. സന്മാര്‍ഗം ഇതാണ്. എന്നാല്‍ ഇതിന് പകരം ശരീരസൗന്ദര്യത്തിനും ധനത്തിനും പ്രാധാന്യം കല്പിച്ചു.
4. കഴിവനുസരിച്ച് മഹ്ര്‍ നല്‍കുക എന്നതാണ് സന്മാര്‍ഗം. ഇതിന് പകരം സ്ത്രീധനത്തെ വിലക്കുവാങ്ങി.
5. ഭാര്യയെ വെറുക്കുന്ന സന്ദര്‍ഭമുണ്ടായാലും അവളിലെ നന്മക്ക് മുന്‍ഗണന നല്‍കി കൂടെ ജീവിക്കുക എന്നതാണ് സന്മാര്‍ഗം. എന്നാല്‍ ചിലര്‍ എന്തിനും ഏതിനും ത്വലാഖിനെ പകരമാക്കി. ദുര്‍മാര്‍ഗം പകരമാക്കുകയാണ് ചെയ്യുന്നത്.
6. നമസ്‌കാരം നിര്‍വഹിച്ചാല്‍ ഒറ്റക്ക് പതുക്കെ പ്രാര്‍ഥിക്കുക. ഇതാണ് സന്മാര്‍ഗം. ഇതിനെ വിറ്റ് കൂട്ടു പ്രാര്‍ഥനയാക്കുന്നു. ദുര്‍മാര്‍ഗത്തെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത്.
7. സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതാതിരിക്കുക. ഇതാണ് സന്മാര്‍ഗം. ഇതിനെ വിറ്റ് ദുര്‍മാര്‍ഗമായ ഖുനൂത്തിനെ വിലക്ക് വാങ്ങുകയാണ് പലരും ചെയ്യുന്നത്.
ഇങ്ങനെ നിത്യജീവിതം പരിശോധിച്ചു നോക്കിയാല്‍ സന്മാര്‍ഗത്തെ കൈവിട്ട് ദുര്‍മാര്‍ഗം സ്വീകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കാണാന്‍ സാധിക്കും.

കുറിപ്പുകള്‍
(1) സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x