ദൃഷ്ടാന്തങ്ങളെ അവഗണിക്കുമ്പോള്‍
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട്, അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നില്‍ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരാളുടെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുക (അഅ്‌റാഫ് 175)
അല്ലാഹുവിനെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നിരവധി ദൃഷ്ടാന്തങ്ങള്‍ അവന്‍ മനുഷ്യനു നല്‍കിയിട്ടുണ്ട്. സ്വന്തം ശരീരത്തിലും പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിലുമായി അവ നിറഞ്ഞുനില്‍ക്കുന്നു.
ഭൗതികതലത്തിലുള്ള ശാസ്ത്രബോധം ഒട്ടുമില്ലെങ്കിലും ഈ ദൃഷ്ടാന്തങ്ങള്‍ അടയാളപ്പെടുത്തുന്ന കാര്യം ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് കണ്ടും കേട്ടും അല്ലാഹുവിന്റെ മഹത്വവും ഏകത്വവും അംഗീകരിക്കുകയെന്നത് മനുഷ്യബുദ്ധിയുടെ താല്‍പര്യവുമാണ്. വിശ്വാസമില്ലാത്തവര്‍ക്ക് ദൈവിക ദൃഷ്ടാന്തങ്ങളോ താക്കീതുകളോ ഗുണം ചെയ്യുകയില്ല (10:101) എന്ന ഖുര്‍ആന്‍ വചനം ഇവിടെ ശ്രദ്ധേയമാണ്.
ദൈവവിരോധികളുടെ മനോഭാവമാണ് ഈ ആയത്ത് വെളിപ്പെടുത്തുന്നത്. കണ്ണും കാതും തുറപ്പിക്കുന്ന അനുഭവ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ബോധപൂര്‍വം പിന്‍വാങ്ങുന്നതിനെ ‘ഇന്‍സലഖ’ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. പാമ്പ് തൊലിയഴിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ പദപ്രയോഗം. തന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ദൈവിക ദൃഷ്ടാന്തങ്ങളുടെ ആവരണം പ്രയാസപ്പെട്ട് അഴിച്ചുമാറ്റുന്നവനു മാത്രമേ നിഷേധിയാവാന്‍ കഴിയുകയുള്ളൂ എന്നു വ്യക്തം. തുടര്‍ന്ന് പറയുന്നത് ഇത്തരക്കാരുടെ മനോവൈകല്യമാണ്.
”നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന് നാം ഉയര്‍ച്ച നല്‍കുമായിരുന്നു. എന്നാല്‍ അവന്‍ ഭൂമിയിലേക്ക് തിരിഞ്ഞുനിന്നു, തന്നിഷ്ടങ്ങള്‍ക്കു പിന്നാലെ പോയി. നായയാകുന്നു അവന്റെ ഉപമ. അതിനു നേരെ തിരിഞ്ഞാല്‍ അത് നാവ് തൂക്കിയിടും. വെറുതെ വിട്ടാലും നാവ് തൂക്കിയിട്ടിരിക്കും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിയവരുടെ ഉപമ. അതിനാല്‍ ഇത്തരം കഥകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുക, അവര്‍ ചിന്തിക്കട്ടെ” (7:176).
അത്യുല്‍കൃഷ്ടമായ ശാരീരിക-മാനസിക ഭാവത്തിലാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. ഈമാനും സല്‍പ്രവര്‍ത്തനങ്ങളുമാണ് അവനെ ഉല്‍കൃഷ്ടനാക്കുന്നത്. അതിന്റെ അഭാവം അവനെ കൂടുതല്‍ അധമനാക്കുന്നു. ഈ അധമത്വത്തിന്റെ നേര്‍ക്കാഴ്ചയാണ് ഉപര്യുക്ത വചനം. ആവശ്യമായ പരിശീലനം നല്‍കിയാല്‍ നായ കുറേയൊക്കെ നാം പറയുന്നത് അനുസരിക്കും. എന്നാലും അതിന്റെ പ്രകൃതം മാറ്റുകയില്ല. അത് മാറ്റിയെടുക്കാന്‍ നമുക്കും കഴിയില്ല.
മാന്യന്‍മാര്‍ ഭക്ഷണം കഴിക്കുന്ന തീന്‍മേശയ്ക്കരികില്‍ നായയെ ഇരുത്തുക. അതിനു കൊടുക്കുന്നത് തിന്നുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്കിട്ടാല്‍ അതിനു വേണ്ടി മറ്റു നായകള്‍ കുരച്ച് കടിപിടി കൂടുന്നു. ഈ സമയം നമ്മോടൊപ്പം ഭക്ഷണം കഴിച്ച നായ അടങ്ങിയിരിക്കുകയില്ല. നായക്കൂട്ടത്തിലേക്ക് അതും ഓടുന്നു. മാന്യന്‍മാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിലൂടെ തനിക്ക് ലഭിച്ചിരിക്കുന്ന ബഹുമതി മനസ്സിലാക്കാന്‍ നായക്ക് കഴിയില്ല.
ദൈവനിഷേധത്തിലേക്ക് മനുഷ്യന്‍ എങ്ങനെ എത്തിപ്പെടുന്നു എന്നതിന്റെ ആവിഷ്‌കാരമാണ് ഈ ഉപമ. അതില്‍ പറഞ്ഞ നായയേക്കാള്‍ വികൃതവും ഭയാനകവുമായിരിക്കും മത-ദൈവവിരോധം മനുഷ്യന് സമ്മാനിക്കുന്നത്. മനസ്സിനെയും അതിലെ വിവിധ ചിന്തകളെയും നിയന്ത്രിക്കേണ്ടത് ഈമാനായിരിക്കണം. സംഘര്‍ഷവും അസ്വസ്ഥതയും അകറ്റാന്‍ അത് അനിവാര്യമാണ്. ഈമാനിലൂടെ അല്ലാഹു നല്‍കുന്ന ഈ കൈത്താങ്ങ് നഷ്ടമായാല്‍ മനുഷ്യനു മുമ്പില്‍ അനിശ്ചിതത്വം മാത്രമായിരിക്കും. ഭൗതികമായി എത്ര നേടിയാലും അതു വന്നപോലെ തന്റെ കൈകളില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. ഭൗതികനേട്ടങ്ങള്‍ക്കു പിന്നില്‍ ഓടുന്നവന്റെ ആര്‍ത്തി എല്ലാവിധ ധര്‍മചിന്തകളെയും നശിപ്പിക്കുന്നു.