29 Friday
March 2024
2024 March 29
1445 Ramadân 19

മലബാറിന്‍റെ രാജ്യാന്തര ബന്ധങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ – ഡോ. മഹ്മൂദ് കൂരിയ /മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

മലബാറില്‍ എത്തിച്ചേര്‍ന്ന പ്രധാനപ്പെട്ട ഒരു വിഭാഗം യമനില്‍ നിന്നായിരുന്നല്ലോ. യമനുമായി ഏത് നൂറ്റാണ്ടുകളിലാണ് നമുക്ക് ബന്ധമുണ്ടായിരുന്നത്? പ്രവാചക പരമ്പരയില്‍ നിന്നുള്ളവര്‍ യമനില്‍ നിന്ന് വരാനിടയാക്കിയ സാഹചര്യങ്ങള്‍ എന്തായിരുന്നു?

ഇസ്ലാമിന്‍റെ ആഗമനത്തിന് മുമ്പ് തന്നെ മലബാറുമായി യമന് ബന്ധമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള കച്ചവടങ്ങളും വിനിമയങ്ങളുമൊക്കെ യമനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇസ്ലാമിന്‍റെ ചരിത്രത്തിന് അറബികളുടെ മാത്രം സംഭാവനകളേയുള്ളൂ എന്ന കാഴ്ചപ്പാടിനെ നേരത്തെ നാം ചോദ്യംചെയ്തതാണ്. പക്ഷേ, അറേബ്യയില്‍ നിന്നുള്ള ബന്ധങ്ങള്‍ നോക്കുമ്പോള്‍ യമനില്‍ നിന്നുള്ള ആളുകള്‍ക്കും കേരളവുമായി വലിയ ബന്ധമുണ്ട്. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിനു മുമ്പേ അതുണ്ടായിരുന്നു. അതിനു ശേഷവും അത് തുടര്‍ന്നിട്ടുണ്ടായിരിക്കും. ചേരമാന്‍ പെരുമാളിന്‍റെ മക്കാ യാത്രയുമായി ബന്ധപ്പെട്ട് 13,14 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന കഥയില്‍ യമനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട്. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തിനു ശേഷമാണിത്.
അടുത്ത കാലത്ത് യമനുമായി ചേര്‍ന്ന് കാണുന്നത് പ്രവാചക പരമ്പരയില്‍ നിന്നുള്ളവരുടെ ആഗമനവുമായി ബന്ധപ്പെട്ടാണ്. ഇത്തരത്തില്‍ കേരളത്തിലേക്ക് വലിയൊരു കുടിയേറ്റം നടക്കുന്നത് 18-ാം നൂറ്റാണ്ടോടെയാണ്. ഇതിനു മുമ്പ് യമനില്‍ നിന്ന് പ്രവാചക പരമ്പരയില്‍ പെട്ട ആളുകള്‍ കേരളത്തിലേക്ക് വന്നതിന് പറയത്തക്ക തെളിവുകളില്ല. അതിനു മുമ്പ് പ്രവാചക പരമ്പരയില്‍ പെട്ടവരെന്ന് അവകാശപ്പെടുന്നവര്‍ വന്നത് ബുഖാറയില്‍ നിന്നാണ്. ബുഖാരി തങ്ങന്മാരുടെ ചരിത്രം അതാണ്. 16-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് അവര്‍ വന്നത്. യമനില്‍ നിന്ന് പ്രവാചകപരമ്പരയില്‍ പെട്ട ആളുകള്‍ വരുന്നത് കാര്യമായും 18,19 നൂറ്റാണ്ടുകളിലാണ്.

സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവില്‍, ശാഫിഈ മദ്ഹബ് ആണ് മുസ്ലിംകള്‍ പിന്തുടരുന്നതായി കാണുന്നത്. വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി മലബാറിലും ആ തുടര്‍ച്ച കാണാം. ഇത് എങ്ങനെ സംഭവിക്കുന്നതാണ്?

സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണ്‍ മുതല്‍ സൗത്ത് അറേബ്യന്‍ തീരങ്ങളിലും സൗത്ത് ഏഷ്യന്‍ തീരങ്ങളിലും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ തീരങ്ങളിലുമൊക്കെ ശാഫിഈ മദ്ഹബ് തന്നെയാണ് കൂടുതലുള്ളത്. ഇവരെക്കുറിച്ചുള്ള പഠനമായിരുന്നു ഞാന്‍ പി എച്ച് ഡി ഗവേഷണത്തിന് തെരഞ്ഞെടുത്തത്. ഇതിന്‍റെ കാരണങ്ങള്‍ ചുരുക്കി വിവരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഇതിന് ആന്തരികമായും ബാഹ്യമായും കാരണങ്ങളുണ്ട്.

സമുദ്രാന്തര കച്ചവടങ്ങളെ കുറേക്കൂടി ഉള്‍ക്കൊണ്ടത് ശാഫിഈ മദ്ഹബാണ് എന്നാണ് ആന്തരികമായ ഒരുപാട് കാരണങ്ങളില്‍ ഒന്ന്. സിറിയ, ഈജിപ്ത്, യമന്‍ ഇറാഖ് പില്‍ക്കാലത്ത് മലേഷ്യ, ഇന്തോനേഷ്യ, മലബാര്‍ തുടങ്ങി ശാഫിഈ മദ്ഹബ് പിന്തുടര്‍ന്ന സമുദായങ്ങളായിരുന്നു ഇതിന്‍റെ പ്രചാരകര്‍. അല്ലെങ്കില്‍ അവരായിരുന്നു ഇവിടങ്ങളില്‍ ഇസ്ലാം പ്രചരിപ്പിച്ചത്. ഇതാണ് ബാഹ്യമായ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്.

ഇരുപതാം നൂറ്റാണ്ടില്‍ മലബാറിന്‍റെ ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച രണ്ട് ഘടകങ്ങളാണ് ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ലോക രാഷ്ട്രീയ സാഹചര്യങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ സര്‍വാധിപത്യം, തുര്‍ക്കി ഖിലാഫത്തിന്‍റെ പതനം, ബ്രിട്ടീഷ് അധീന ദേശങ്ങളിലെ തൊഴില്‍ വിപണി സാധ്യതകള്‍, 1921-ലെ മലബാര്‍ സമരം തുടങ്ങിയവ. ഈ ഘട്ടത്തില്‍ ‘കടല്‍ കടക്കാനുള്ള’ അവസരങ്ങള്‍ വിപുലമായി ഉണ്ടായി. അത് മലബാറില്‍ ഉണ്ടാക്കിയ പ്രധാന ചലങ്ങള്‍ എന്തൊക്കെയാണ്?

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മലബാറില്‍ ഉണ്ടായ രണ്ടു പ്രധാന വഴിത്തിരിവുകളുടെ അതേ സമയത്ത് തന്നെ ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍, പ്രത്യേകിച്ച് സഞ്ചാരമാധ്യമങ്ങളില്‍ ഉണ്ടാകുന്നുണ്ട്. സമുദ്രസഞ്ചാരം മുന്‍കാലത്തെ അപേക്ഷിച്ച് ഏറെ പരിമിതപ്പെടുന്ന കാഴ്ചയാണുണ്ടായത്. വിമാനത്തിന്‍റെയും തീവണ്ടിയുടെയും ഉയര്‍ച്ച ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. ബ്രിട്ടീഷ് സാമ്യാജ്യത്തില്‍ നിന്ന് ബര്‍മയിലേക്കും അറേബ്യ വരെയുള്ള സ്ഥലങ്ങളിലേക്കും ട്രെയിന്‍ വഴി പോകാവുന്ന അവസരം വന്നു. അറേബ്യക്കകത്തും ചെങ്കടല്‍ തീരത്തും ഓട്ടോമന്‍ സാമ്രാജ്യത്തിലുമൊക്കെ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ അങ്ങോളമിങ്ങോളവും ബര്‍മയിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുമൊക്കെ ട്രെയിന്‍ ഗതാഗതം സാധ്യമായി. വിമാനയാത്ര ചെലവേറിയതാണെങ്കിലും ദീര്‍ഘദൂര യാത്രക്ക് വിമാനത്തെയും ഉപയോഗപ്പെടുത്തി. എസ് കെ പൊറ്റക്കാട് 1940-കളിലും 50-കളിലുമൊക്കെ ചെയ്ത യാത്രകള്‍ വിമാനം വഴിയാണ്.
ഈ രണ്ടു മാര്‍ഗങ്ങള്‍ മുഖേനയുള്ള സഞ്ചാരങ്ങള്‍ക്ക് പ്രാമുഖ്യം വന്നതോടെ കടല്‍ വഴിയുള്ള സഞ്ചാരങ്ങള്‍ കുറഞ്ഞു. എങ്കില്‍ തന്നെയും മലബാറില്‍ നിന്നുള്ള നല്ലൊരു ശതമാനം ആളുകള്‍ കപ്പല്‍ വഴിയുള്ള യാത്ര തുടര്‍ന്നു. 1960-കളിലും 70-കളിലും ഹജ്ജിനും തൊഴിലിനുമൊക്കെയായി ലോഞ്ചില്‍ യാത്ര ചെയ്ത് അറേബ്യയിലേക്ക് പോകുന്നത് കാണാന്‍ കഴിയും. ഇത് കപ്പല്‍ വഴിയുള്ള സഞ്ചാരത്തിന്‍റെ അവസാന ഘട്ടത്തിലാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അവസാന കാലഘട്ടങ്ങളില്‍, അവര്‍ക്കെതിരെ കലാപങ്ങളും പോരാട്ടങ്ങളും നടത്തിയ ഒരുപാട് പേരെ കടല്‍വഴി ദീര്‍ഘദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തിയിരുന്നു. ഒന്നാംലോക മഹായുദ്ധത്തിനു ശേഷവും നാടുകടത്തല്‍ സജീവമായിരുന്നു. ഓസ്ട്രേലിയന്‍ ഉപഭൂഖണ്ഡത്തിലേക്കു വരെ ബ്രിട്ടീഷ് സാമ്രാജ്യങ്ങളിലെ, മലബാറില്‍ നിന്നുള്ളവരെപോലും നാടുകടത്തിയിരുന്നു. അന്തമാന്‍ പോലുള്ള സ്ഥലങ്ങളിലേക്കും നിരവധി പേരെ നാടുകടത്തി. എന്നാല്‍ 20-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ കടല്‍ വഴിയുള്ള നിര്‍ബന്ധിത നാടുകടത്തല്‍ കുറയുന്നുണ്ട്.

ഹജ്ജ് കര്‍മം ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിം സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ആരാധന ആണല്ലോ. രാജ്യാന്തര യാത്രകളെയും സാംസ്കാരിക വിനിമയങ്ങളെയും കുറിച്ച് അന്വേഷിക്കുന്നവര്‍ ഹജ്ജിനെ ഒരു മീഡിയേഷന്‍ ഏജന്‍സി എന്ന നിലയില്‍ കാണുന്നുണ്ട്. ആ നിലയില്‍ ചില പുസ്തകങ്ങളും വന്നിട്ടുണ്ടല്ലോ. മലബാറിനെ സംബന്ധിച്ച് അത് എത്ര മാത്രം ശരിയാണ്?

മക്കയും മലബാറും തമ്മിലുള്ള ബന്ധവും ഹജ്ജ് യാത്രകളും എന്‍റെ ദീര്‍ഘകാല ഗവേഷണ താല്‍പര്യങ്ങളില്‍ പെട്ടതാണ്. പ്രസിദ്ധീകരിച്ചു വന്ന എന്‍റെ ആദ്യത്തെ ആര്‍ടിക്ക്ള്‍ മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രികരെ കുറിച്ചും അവരോട് പോര്‍ച്ചുഗീസുകാര്‍ സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചുമായിരുന്നു. ഹജ്ജിന് പോകുന്നവരെ ആക്രമിക്കുന്നതും അവരുടെ കപ്പലുകള്‍ കൊള്ളയടിക്കുന്നതുമൊക്കെയായിരുന്നു ആദ്യകാലത്തെ പൊന്നാനിയില്‍ നിന്നും കോഴിക്കോട്ടു നിന്നുമൊക്കെയുള്ള പണ്ഡിതന്മാരുടെ പോര്‍ച്ചുഗീസ് വിരുദ്ധ രചനകളിലെ പ്രധാന പ്രമേയം.
മലബാറില്‍ നിന്ന് മക്കത്തേക്ക് ഹജ്ജിനു പോയിരുന്ന സമ്പ്രദായം അന്നുണ്ട്. അത് ശക്തമായി കാണുന്നത് 16-ാം നൂറ്റാണ്ടോടെയാണ്. അതിനു മുമ്പ് തന്നെ ആ ബന്ധം തീര്‍ച്ചയായിട്ടും നിലനിന്നിരിക്കാം. മക്കത്തേക്ക് ഹജ്ജിന് പോകുകയെന്ന് മാത്രമല്ല, മക്കയിലെ സാധുക്കളായ ജനങ്ങള്‍ക്ക് സമ്മാനം (ഹദ്യ) നല്‍കുന്ന രീതിയുമുണ്ടായിരുന്നു. ഇപ്പോഴാണല്ലോ മക്ക ധനാഢ്യത്വത്തിന്‍റെ പളപളപ്പിലേക്ക് വരുന്നത്.
മക്കയിലേക്ക് പോകുന്നവരുടെ കൈയില്‍ സമ്മാനങ്ങള്‍ കൊടുത്തയക്കുന്നതും അവിടത്തെ സാധുക്കള്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണം കൊടുത്തയക്കുന്നതും അന്നത്തെ ഒരു സമ്പ്രദായമായിരുന്നു. ഹാജിമാരും സഹായങ്ങളുമായി മക്കത്തേക്ക് ഒരു വര്‍ഷം പൊന്നാനിയില്‍ നിന്നു മാത്രം നിരവധി കപ്പലുകള്‍ പോയതായി 15,16 നൂറ്റാണ്ടുകളില്‍ കാണാന്‍ പറ്റും.
19-ാം നൂറ്റാണ്ട് ആകുമ്പോഴേക്ക് ഹജ്ജിനു വേണ്ടിയുള്ള യാത്രകളും ഹജ്ജ് വഴിയും ആഗോള മുസ്ലിംകളുമായി മലബാരി മുസ്ലിംകള്‍ ബന്ധപ്പെടുന്നതു കാണാന്‍ പറ്റും. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ശേഷം അദ്ദേഹത്തെ കാണാന്‍ വേണ്ടി നിരവധി ഹാജിമാര്‍ മലബാറില്‍ നിന്ന് എത്തിയിരുന്നത് ബ്രിട്ടീഷുകാര്‍ക്ക് തലവേദനയായിരുന്നു. ഫദ്ല്‍ തങ്ങളെ മാത്രമല്ല, അതുപോലുള്ള നിരവധി പണ്ഡിതന്മാരെയും മറ്റുള്ള മുസ്ലിം നേതാക്കളെയും കാണുകയും അവരുടെ അനുഗ്രഹങ്ങള്‍ വാങ്ങുകയും അവരുടെ കീഴില്‍ പഠിക്കുകയുമൊക്കെ ചെയ്യുന്ന ഒരു വേദിയായിരുന്നു മലബാറിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഹജ്ജ്.

മലബാറില്‍ നിന്നുണ്ടായ രാജ്യാന്തര യാത്രകളെ പറ്റി പറയുമ്പോള്‍ 14,15 നൂറ്റാണ്ടുകളില്‍ പൊന്നാനിയിലെ മഖ്ദൂമുമാരെ പരാമര്‍ശിക്കാതെ പോകുന്നത് നീതിയാകില്ല. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തന്നെ, മക്കയിലേക്കും ഈജിപ്തിലേക്കും യാത്ര നടത്തുകയും അവിടങ്ങളില്‍ പഠിക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും മലബാറിലെ മതപരവും സാംസ്കാരികവുമായ രൂപവല്‍ക്കരണത്തില്‍ ആ ബന്ധങ്ങള്‍ സ്വാധീനിച്ചിരിക്കാം. അവരിലൂടെ മലബാറിന് പുറത്തുള്ള മുസ്ലിം സമൂഹങ്ങളിലേക്ക് സ്ഥായിയായ ബന്ധങ്ങളും സ്ഥാപിതമായിരിക്കാം.

തീര്‍ച്ചയായും മഖ്ദൂമുമാര്‍ കേരള ഇസ്ലാമിന്‍റെ ആഗോളമുഖമായി വന്ന ഒരു പണ്ഡിത കുടുംബമാണ്. വളരെ ആധികാരികമായ പഠനങ്ങളൊന്നും ഇപ്പോഴും മഖ്ദൂമുമാരെക്കുറിച്ച് ഇല്ല. അവരെക്കുറിച്ച് പഠനങ്ങളില്ല എന്നല്ല. ഒരുപക്ഷേ, കേരള മുസ്ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പഠിക്കപ്പെട്ട ഒരു കുടുംബമായിരിക്കും മഖ്ദൂമുമാരുടേത്. എങ്കില്‍ തന്നെയും അവരുടെ കുടുംബചരിത്രമായി ബന്ധപ്പെട്ടും കുടുംബാംഗങ്ങളിലെ പരസ്പര ബന്ധങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരുപാട് തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അറേബ്യന്‍ നാടുകളില്‍ നിന്നും എഴുതപ്പെട്ട രചനകളില്‍ ഇത്തരം തെറ്റിദ്ധാരണകളും വസ്തുതാപരമായ പിഴവുകളും നിരന്തരം കാണാന്‍ പറ്റും. പ്രാഥമിക സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ആധികാരികമായ പഠനം ഇപ്പോഴും നടന്നിട്ടില്ല. അത് നിര്‍ബന്ധമായും മാറേണ്ടിയിരിക്കുന്നു.
കേരളത്തിനു മാത്രമല്ല, മുസ്ലിംകളുടെ മൊത്തം വൈജ്ഞാനിക പാരമ്പര്യത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. മഖ്ദൂം ഒന്നാമന്‍ ഈജിപ്തില്‍ പഠിക്കുകയും പേരക്കുട്ടി സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ മക്കയില്‍ പഠിക്കുകയുമൊക്കെ ചെയ്തത് പലപ്പോഴായി പറഞ്ഞുവരുന്നതാണ്. അവരുടെ രചനകള്‍ ലഭ്യവുമാണ്. അവരു തന്നെയായിരിക്കും വ്യവസ്ഥാപിതമായ രൂപത്തില്‍ ഇസ്ലാമിക ജ്ഞാന പാരമ്പര്യത്തെ കുറേക്കൂടി മുന്നോട്ടുനയിച്ച ആദ്യത്തെ പ്രധാനപ്പെട്ട മലബാരി കുടുംബം.

മലബാറില്‍ നിന്നുള്ള ട്രാന്‍സ്കോണ്ടിനന്‍റല്‍ റിലേഷന്‍സിനെ പറ്റി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകമാണ് കാനഡയില്‍ ചരിത്രാധ്യാപകനായ വില്‍സന്‍ ജേക്കബിന്‍റെ For God or empire:Sayyid Fadl and the Indian എന്ന ഗ്രന്ഥം. ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയൊക്കെ ഉയര്‍ന്ന പദവികള്‍ വഹിക്കുകയും തുര്‍ക്കിയില്‍ വെച്ച് മരിക്കുകയും ചെയ്ത മമ്പുറം ഫദ്ല്‍ തങ്ങളെ കുറിച്ചാണ് പ്രധാനമായും ഈ പുസ്തകം. ആ പുസ്തകത്തിന്‍റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ എനിക്കും പങ്കാളിയാകാന്‍ സാധിച്ചിട്ടുണ്ട്. മലബാറിന്‍റെ രാജ്യാന്തര ബന്ധങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ ഫദ്ല്‍ തങ്ങളെ പരാമര്‍ശിക്കാതിരുന്നിട്ടില്ല. മലബാറിനെ ലോകവുമായി കൂട്ടിയിണക്കിയ മഹാവ്യക്തിത്വം എന്ന നിലയില്‍ ഫദ്ല്‍ തങ്ങളെ കൂടി ഓര്‍മ്മിച്ച് കൊണ്ട് ഈ സംഭാഷണം നമുക്ക് അവസാനിപ്പിക്കാം.

ഞാന്‍ ഈ പുസ്തകം പൂര്‍ണമായി വായിച്ചിട്ടില്ല. ഓണ്‍ലൈനില്‍ ലഭ്യമായ ആമുഖവും ആദ്യ അധ്യായവും മാത്രമാണ് വായിച്ചിട്ടുള്ളത്. സയ്യിദ് ഫദ്ല്‍ തങ്ങളെക്കുറിച്ച ഇതുവരെ വന്ന പഠനങ്ങളുടെ പ്രധാനമായൊരു ന്യൂനത അദ്ദേഹം എഴുതിയ രചനകളൊന്നും അധികം ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ്. മലയാളത്തിലും ഇംഗ്ലീഷിലും ടര്‍ക്കിഷിലുമൊക്കെ പ്രസിദ്ധീകൃതമായ പ്രബന്ധങ്ങളിലൊന്നിലും അദ്ദേഹത്തിന്‍റെ രചനകള്‍ കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലും ടര്‍ക്കിഷിലുമൊക്കെ വന്ന രചനകള്‍ മാത്രമാണ് അവലംബിക്കപ്പെട്ടിട്ടുള്ളത്.
വളരെ പ്രധാനപ്പെട്ട ചരിത്ര വ്യക്തിത്വമാണ് സയ്യിദ് ഫദ്ല്‍ തങ്ങള്‍. മലബാറില്‍ ജനിക്കുകയും അറേബ്യയില്‍ പഠിക്കുകയും പിന്നീട് മലബാറിലേക്ക് തന്നെ തിരിച്ചുവരികയും ഇവിടത്തെ കലാപങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ നാടുകടത്തുകയും തുടര്‍ന്ന് മക്കത്തും ത്വാഇഫിലും ഒമാനിലെ ളഫാറിലും ഇസ്താംബൂളിലുമൊക്കെയായി പല റോളുകളിലും ജീവിതം നയിക്കുകയും ചെയ്തയാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ യാത്രകളും ജീവിതവും പല നിലക്കും താല്‍പര്യജനകമായിട്ടുള്ളതാണ്. അദ്ദേഹത്തിന്‍റെ പിന്‍തലമുറയിലുള്ളവര്‍ ഇപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് ഓസ്ട്രിയയിലെ വിയന്നയില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ട ഒരാളുടെ അടുത്ത സുഹൃത്തിനെ കണ്ടിരുന്നു. ആ തലമുറയില്‍ പെട്ടവരുടെ പില്‍ക്കാലത്തെ ചരിത്രം പി ടി മുഹമ്മദ് സാദിഖും മറ്റുള്ളവരുമൊക്കെ എഴുതിയിരുന്നു. വില്‍സന്‍ ജേക്കബിന്‍റെ പുസ്തകമാണ് അദ്ദേഹത്തെക്കുറിച്ച് ലേറ്റസ്റ്റ് ആയി വന്നിട്ടുള്ള വര്‍ക്ക്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x