20 Saturday
April 2024
2024 April 20
1445 Chawwâl 11

അറബികള്‍ മാത്രമാണോ മലബാറിന്‍റെ സംസ്കാരത്തെ രൂപപ്പെടുത്തിയത്? – ഡോ. മഹ്മൂദ് കൂരിയ /മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

ഇന്ത്യന്‍ മഹാസമുദ്രത്തെ കേന്ദ്രമാക്കി ചരിത്രത്തെ സമീപിക്കുന്ന പഠനപദ്ധതികളാണ് മഹ്മൂദ് കൂരിയ ചെയ്തു കൊണ്ടിരിക്കുന്നത്. മലയാളികളില്‍ ഇങ്ങനെ ഒരു ചരിത്ര സമീപനം ഗൗരവമായി ഏറ്റെടുത്ത അപൂര്‍വം പേരില്‍ ഒരാളാണ് താങ്കള്‍. ഈ നിലയിലുള്ള അന്വേഷണങ്ങള്‍ ചിലത് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സമുദ്രാന്തര സഞ്ചാരങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ മഹാ സമുദ്രം വഴി ഉണ്ടായ സഞ്ചാരങ്ങള്‍ മലബാറില്‍ സവിശേഷ സമുദായ രൂപീകരണത്തിന് കാരണമായിട്ടുണ്ടല്ലോ. മലബാറിലെ സമുദായ രൂപീകരണ ചരിത്രത്തില്‍ നിന്ന് ആരംഭിക്കാം.

മലബാറിന്‍റെയും കേരളത്തിന്‍റെയും ചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യയുടെയും ഏഷ്യയുടെയും ലോകത്തിന്‍റെ മുഴുവന്‍ ചരിത്രത്തില്‍ തന്നെയും സമുദ്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാനവ ചരിത്രത്തിന്‍റെ ജീവബിന്ദുവാണ് സമുദ്രങ്ങള്‍. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍, ഇന്ത്യയിലേക്കുള്ള ആദ്യത്തെ മനുഷ്യപലായനം സമുദ്രവുമായി ബന്ധപ്പെട്ടതാണ്. ആഫ്രിക്കയില്‍ നിന്ന് കുടിയേറി സമുദ്ര തീരങ്ങളില്‍ വന്നവരാണല്ലോ ആദ്യത്തെ ഇന്ത്യക്കാര്‍. 65000-ത്തോളം വര്‍ഷം മുമ്പാണിത്. ആര്‍ക്കിയോളജിസ്റ്റുകളും മറ്റും പറയുന്ന ഇന്ത്യയിലേക്കുള്ള ആദ്യ കുടിയേറ്റമിതാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ആദ്യ മനുഷ്യചരിത്രം തുടങ്ങുന്നത് ഇവിടെ നിന്നാണ്. സമുദ്രവുമായി ബന്ധപ്പെട്ടാണിത്.

കേരളത്തിന്‍റെ കാര്യം പരിശോധിച്ചാലും ഇങ്ങനെ തന്നെയാണ്. ചരിത്രാധീന കാലമായാലും ചരിത്രാതീത കാലമായാലും സമീപകാല ചരിത്രമായാലും സമുദ്രവുമായുള്ള നിരന്തര സമ്പര്‍ക്കമാണ് നമ്മുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിലെല്ലാമുള്ളത്. കേരളത്തിന്‍റ കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രം നോക്കുകയാണെങ്കില്‍ പുറംലോകവുമായി നിരന്തരമായിട്ടുള്ള ഒരു സമ്പര്‍ക്കത്തിന്‍റെ ചരിത്രമാണ് കാണാന്‍ കഴിയുക.
ഇതില്‍ ഏറ്റവും പങ്കുവഹിച്ച ഒരുപാട് സമുദായങ്ങളും ജനവിഭാഗങ്ങളും സ്ഥലങ്ങളും തുറമുഖ നഗരങ്ങളുമുണ്ട്. പക്ഷേ, ഇതിന്‍റെയൊന്നും ചരിത്രമോ ഭാഗഥേയങ്ങളോ വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല. താങ്കള്‍ തന്നെ ഇത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടല്ലോ. മലേഷ്യ, കമ്പോഡിയ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലുമൊക്കെ ഭക്ഷണം വസ്ത്രം, സംസ്കാരം, ഭാഷ, സാമൂഹ്യവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഒരുപാട് സാമ്യതകള്‍ കാണാം. ഇത് സമുദ്രം വഴിയുള്ള സാമൂഹ്യ, സാംസ്കാരിക വിനിമയങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണ്. തനതായ കേരളീയ പാരമ്പര്യം എന്നു നമുക്ക് തോന്നുന്ന പല കാര്യങ്ങളും അങ്ങനെയുള്ളതല്ലെന്നും അത് വലിയൊരു സാംസ്കാരിക വിനിമയ ചരിത്രത്തിന്‍റെ ഭാഗമായുള്ളതാണെന്നും മനസ്സിലാക്കുന്നതു കൊണ്ടാണ് ഞാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ മുന്‍നിര്‍ത്തിയുള്ള വലിയൊരു കാന്‍വാസിനെ പഠിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ മിക്കവാറും എല്ലാ സമുദായങ്ങള്‍ക്കും അവയുടെ ആദ്യകാലം മുതല്‍ സമുദ്രവുമായുള്ള ബന്ധങ്ങളുടെ ചരിത്രമുണ്ട്. ഭൂമിശാസ്ത്രപരമായി കിഴക്കന്‍ ഭാഗത്തെ പശ്ചിമഘട്ട മലനിരകള്‍ വലിയൊരു ബ്ലോക്ക് ആയി നിന്നതുകൊണ്ടു മാത്രമല്ല, സമുദ്രം പല തരത്തിലും വലിയ സാധ്യതകള്‍ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. പല തരത്തിലുള്ള സമ്പര്‍ക്കങ്ങളുടെയെല്ലാം പ്രധാനപ്പെട്ട ഒരു ഹൈവേ തന്നെയായിരുന്നു സമുദ്രം.

പ്രാചീന മതങ്ങളായിരുന്ന ബുദ്ധിസവും ജൈനിസവും പില്‍ക്കാലത്തു വന്ന ഹിന്ദുമതവും ഇസ്ലാമും ക്രിസ്ത്യാനിറ്റിയും ജൂതായിസവുമെല്ലാം ഇതുപോലുള്ള സമുദ്രാന്തര സമ്പര്‍ക്കങ്ങളുടെ ഭാഗമായിട്ട് വന്നതാണ്. ജാതിപരമായോ മതപരമായോ നോക്കിയാലും ഈഴവരാണെങ്കിലും നായന്മാരാണെങ്കിലും മാപ്പിള സമുദായങ്ങളാണെങ്കിലും അവയുടെയെല്ലാം കുടിയേറ്റത്തിലും സമൂഹ രൂപീകരണത്തിലും സമുദ്രവുമായുള്ള നേരെ ചൊവ്വെയുള്ള ബന്ധങ്ങള്‍ ദൃശ്യമാണ്. ഇവരെല്ലാം പല സ്ഥലങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും പല കാലങ്ങളിലായി വന്നവരാണ്. ഇങ്ങനെ രൂപപ്പെട്ടു വന്നതാണ് ഇന്ന് നമ്മള്‍ കാണുന്ന കേരളത്തിന്‍റെ വൈവിധ്യ സാന്നിധ്യം.

തീര്‍ച്ചയായും ഇത് വളരെ വ്യാപ്തിയുള്ള ഒരു വിഷയമാണ്. മലബാറില്‍ തന്നെയുള്ള എല്ലാ സമുദായങ്ങളുടെയും രൂപീകരണത്തിലും ചരിത്ര വികാസത്തിലും സമുദ്രസഞ്ചാരങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നമ്മള്‍ മലബാറിലെ മാപ്പിള സമൂഹത്തെ പ്രത്യേകമായി ചര്‍ച്ചക്കെടുത്താല്‍, മാപ്പിള സമുദായ രൂപീകരണത്തെ കുറിച്ച് മാത്രമെടുത്താല്‍ കുറച്ച് കൂടി ആഴത്തില്‍ ചര്‍ച്ച ചെയ്യാം എന്ന് തോന്നുന്നു. ഏതാണ്ട് ആറാം നൂറ്റാണ്ടിനു മുന്നെ തന്നെ അറേബ്യയുമായുള്ള വ്യാപാര ബന്ധങ്ങളിലൂടെയാണ് മാപ്പിള സമുദായം സാംസ്കാരികമായി രൂപപ്പെട്ടത് എന്ന നിഗമനമാണ് പ്രബലമായുള്ളത്. 10-15 നൂറ്റാണ്ടുകളോടെ ശക്തമായ അറബികളുമായുള്ള ബന്ധം മലബാര്‍ തീരങ്ങളില്‍ ഒരു പുതിയ സെറ്റില്‍മെന്‍റ് ഉണ്ടാക്കുകയും അത് ക്രമത്തില്‍ ഉള്‍നാടുകളിലേക്ക് പടരുകയും ചെയ്താണ് മലബാറിലെ മാപ്പിള സമുദായ രൂപീകരണമുണ്ടായത് എന്ന് ചരിത്രകാരനായ എം ഗംഗാധരന്‍ നിരീക്ഷിക്കുന്നുണ്ട്.
എം ഗംഗാധരന്‍ പറയുന്നത് 18-ാം നൂറ്റാണ്ടോടെയാണ് മലബാറിന്‍റെ ഉള്‍നാടുകളിലേക്ക് മുസ്ലിം സമുദായം വികസിക്കുന്നത് എന്നാണ്. ഈ നിരീക്ഷണം വാസ്തവമാണെന്ന് തോന്നുന്നില്ല. കാരണം, പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പു തന്നെ മലബാറിന്‍റെ ഉള്‍നാടുകളില്‍ മാപ്പിളമാര്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. പതിമൂന്നാം നൂറ്റാണ്ടോടെ കോഴിക്കോട്ട് നിന്നുള്ള ഏതാനും മുസ്ലിംകള്‍ യമനിലെ റസൂലീ സുല്‍ത്താന്മാര്‍ക്ക് എഴുതുന്ന കത്തില്‍ നിലമ്പൂരിലുള്ള ഖാസിയെക്കുറിച്ചും അവിടെയുള്ള പള്ളിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ പള്ളിയുടെ മാതൃകയില്‍ തങ്ങളെയും പരിഗണിക്കണമെന്നാണ് കോഴിക്കോട്ടെ മുസ്ലിംകള്‍ എഴുതുന്നത്.
പതിനാറാം നൂറ്റാണ്ടോടെ മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുപാട് പള്ളികള്‍ വന്നിട്ടുണ്ട്. ഇതിന്‍റെയൊക്കെ രേഖാമൂലമുള്ള തെളിവുകളുണ്ട്. അതിനു മുമ്പ് തന്നെ തീരപ്രദേശങ്ങളിലേക്ക് കച്ചവടത്തിന് ഉപകരിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഉള്‍നാടുകളില്‍ നിന്നു കൊണ്ടുവന്നിരുന്നത് പുഴ മാര്‍ഗമായിരുന്നു. കടല്‍ തീരപ്രദേശങ്ങളില്‍ ഒരുപാട് സെറ്റില്‍മെന്‍റ് രൂപീകൃതമായതു പോലെ ഉള്‍നാടുകളിലും പ്രത്യേകിച്ച് പുഴയുടെ തീരങ്ങളിലെല്ലാം ഒരുപാട് സെറ്റില്‍മെന്‍റുകള്‍ രൂപപ്പെട്ടുവന്നിരുന്നു.
നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെയും കടലുണ്ടി പുഴയുടെയും തീരങ്ങളില്‍ മുസ്ലിംകളും ഇതര സമുദായങ്ങളും രൂപപ്പെട്ടിരുന്നു. കടല്‍തീരത്ത് ഉണ്ടായിരുന്ന കച്ചവടക്കാര്‍ക്ക് ഇടനിലക്കാരായി ഒരുപാട് മാപ്പിള മുസ്ലിംകളുണ്ടായിരുന്നു. ഉള്‍നാടുകളില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും വലിയ കച്ചവടക്കാരിലേക്ക് ഇവര്‍ പുഴ വഴി എത്തിക്കാന്‍ ശ്രമിച്ചിരുന്നു.
കേരള ചരിത്ര രചനയില്‍ പുഴയും കടലും തമ്മിലുള്ള ഇത്തരം സംഭാഷണം കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. കടലിനെ മുന്‍നിര്‍ത്തി പലരും ചരിത്രമെഴുതിയിട്ടുണ്ട്. എന്നതുപോലെ കരയെ അടിസ്ഥാനമാക്കിയും ചരിത്രമെഴുതിയിട്ടുണ്ട്. കരയെ അടിസ്ഥാനമാക്കി എഴുതുന്നവര്‍ കാര്‍ഷിക വ്യവസ്ഥയും സമ്പ്രദായങ്ങളുമാണ് നോക്കിയത്. കടലിനെ അടിസ്ഥാനമാക്കി എഴുതിയര്‍ വിവിധ സമുദായങ്ങളുടെ രൂപീകരണം, പ്രത്യേകിച്ച് മാപ്പിള സമുദായം, പോര്‍ച്ചുഗീസ്, ഡച്ച്, റോമന്‍ തുടങ്ങി വിദേശത്തു നിന്നുള്ള കച്ചവട സമുദായങ്ങളെക്കുറിച്ചൊക്കെയാണ് എഴുതിയിട്ടുള്ളത്. ഇത് രണ്ടും തമ്മിലുള്ള സംഭാഷണം സാധ്യമാവുന്നത് കടലും പുഴയും തമ്മിലുള്ള ഒരു വിനിമയം നോക്കുമ്പോഴാണ്. കടല്‍ വഴി ഉരുത്തിരിയുന്ന പല സംഭവ വികാസങ്ങളും പുഴകള്‍ വഴി മലബാറിന്‍റെ ഉള്ളിലേക്ക് എത്തിയിട്ടുണ്ട്.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രധാന വരുമാന മാര്‍ഗമാകുന്നത് അത് കടല്‍ വഴി കയറ്റി അയക്കുമ്പോഴാണ്. കടല്‍ വഴിയുള്ള കച്ചവടത്തിനുള്ള സാധനങ്ങള്‍ വരുന്നത് കൃഷിയില്‍ നിന്നാണ്. പല തരത്തിലുള്ള പലവ്യഞ്ജനങ്ങള്‍, അരി, നെല്ല്, മറ്റു കാര്‍ഷികഉല്‍പന്നങ്ങള്‍ എല്ലാം കടല്‍വഴി കയറ്റി അയച്ചിരുന്നു. കടലും നദിയും പരസ്പരം സംസാരിച്ചിരുന്നതുപോലെ കൃഷിയും കച്ചവടവും പരസ്പരം സംസാരിച്ചിരുന്നു. ഇത് തമ്മിലുള്ള സ്വാധീനം മനസ്സിലാക്കുമ്പോഴാണ് കേരളത്തിന്‍റെ സാമൂഹിക- സാംസ്കാരിക രൂപീകരണത്തെ നമുക്ക് കുറേക്കൂടി മനസ്സിലാക്കാന്‍ പറ്റുക.

അറബികള്‍ എന്ന് പറയുമ്പോള്‍ പൊതുവില്‍ അറേബ്യന്‍ ഗള്‍ഫ് ആണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരിക. എന്നാല്‍ മൊറോക്കോ, തുനീഷ്യ പോലുള്ള അറബ് സംസാരിക്കുന്ന ജനസമൂഹങ്ങള്‍ക്ക് മലബാര്‍ തീരങ്ങളുമായുള്ള ബന്ധം ശക്തമായിരുന്നു. സോളമന്‍ രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന് മലബാറുമായി ബന്ധമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ചരിത്രപരമായി തെളിവുകള്‍ ഉണ്ടോ എന്നറിയില്ല. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള അറബികളാണ്, എപ്പോഴൊക്കെയാണ് മലബാര്‍ തീരങ്ങളില്‍ എത്തി ചേര്‍ന്നത്? വാണിജ്യത്തിനു പുറമെ മറ്റെന്തെങ്കിലും കാരണങ്ങള്‍ ആ ആഗമനങ്ങള്‍ക്ക് ഉണ്ടായിരുന്നോ?

നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള അറബികളും കേരളത്തില്‍ നിരന്തരമായി വന്നിരുന്നു. വാസ്കോഡഗാമ കേരളത്തില്‍ കപ്പലിറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത് ഒരു തുനീഷ്യക്കാരനാണ്. അദ്ദേഹമാണ് ഗാമയുടെ പരിഭാഷകനായി സാമൂതിരിയുടെ അടുത്ത് വന്നത്. മലയാളവും അറബിയും സംസാരിച്ചിരുന്ന ഇയാളാണ് ഇവരുടെ ഇടയില്‍ മധ്യവര്‍ത്തിയായി നിന്നത്. 1498-ലുള്ള സംഭവമാണിത്. അതിനു മുമ്പും ശേഷവുമൊക്കെ ഒരുപാട് തുനീഷ്യക്കാരും മൊറോക്കക്കാരും കേരളത്തിലെത്തിയത് കാണാന്‍ പറ്റും.

12-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ കച്ചവടം നടത്തിയിരുന്ന അബ്രഹാം ബിന്‍ യിജു എന്ന ജൂതപ്രമാണി തുനീഷ്യക്കാരനായിരുന്നു. മംഗലാപുരത്തും മാടായിലും കണ്ണൂരിലുമൊക്കെ ഇയാള്‍ കച്ചവടം നടത്തിയിരുന്നു. അദ്ദേഹം കേരളത്തില്‍ നിന്നെഴുതിയ നിരവധി കത്തുകള്‍ ഈജിപ്തിലെ ഗനീസകളില്‍ സൂക്ഷിച്ചത് ഇന്ന് നമുക്ക് ലഭ്യമാണ്. (ദെവത്തിന്‍റെ നാമമെഴുതിയ കടലാസുകള്‍ കത്തിക്കാന്‍ പാടില്ലെന്നതിനാല്‍ എല്ലാം കൂടി ഒരു സ്റ്റോര്‍റൂമില്‍ സൂക്ഷിക്കുന്ന രീതിയുണ്ടായിരുന്നു. ഈ സ്റ്റോര്‍ റൂമുകള്‍ക്ക് പറയുന്ന പേരാണ് ഗനീസ). ഇതിലെല്ലാം അദ്ദേഹം ഇവിടെ നടത്തിയ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ ഇടപാടുകളുടെ തെളിവുകള്‍ കാണാന്‍ പറ്റും.
അബ്രഹാം ബിന്‍ യിജു എഴുതിയ കത്തുകളെല്ലാം ഹീബ്രു സ്ക്രിപ്റ്റിലാണ്. എന്നാല്‍ ഭാഷ അറബിയും. കേരളത്തിലെ അറബിമലയാളം പോലെ അറബി ഹീബ്രു സ്ക്രിപ്റ്റില്‍ എഴുതുന്ന ജൂദായോ അറബികിലാണ് കത്തുകള്‍. ഇതുപോലെ ഹീബ്രു ഭാഷ ഉപയോഗിക്കുന്ന നിരവധി പേര്‍ പശ്ചിമേഷ്യന്‍ ഭാഗങ്ങളില്‍ നിന്നു വന്നത് കാണാന്‍ കഴിയും.
അബ്രഹാം ബിന്‍ യിജു വരുന്നതിന്‍റെ മൂന്നു നൂറ്റാണ്ടു മുമ്പ് (9ാം നൂറ്റാണ്ടില്‍) തരിസാപള്ളി കോപ്പര്‍പ്ലെയ്റ്റില്‍ ആളുകള്‍ ഹീബ്രുവില്‍ പേരെഴുതി ഒപ്പിട്ടത് കാണാന്‍ പറ്റും. അതിനു മുമ്പും ശേഷവുമൊക്കെ ഇങ്ങനെ കാണാം. ഹീബ്രുവും അറബിയും മാത്രമല്ല, സിറിയാക്, പഹ്ലവി തുടങ്ങിയ ഭാഷകളും കേരള ചരിത്രവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയും. ഈ ആളുകളില്‍ വലിയൊരു ശതമാനവും കച്ചവട ആവശ്യവുമായി തന്നെയാണ് വന്നിരുന്നത്. അതല്ലാതെ സാമ്രാജ്യങ്ങളും രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ആവശ്യങ്ങള്‍ക്കും മതപ്രബോധനത്തിനും അടിമകളായും കപ്പല്‍ തൊഴിലാളികളായും നാട്ടുരാജാക്കന്മാരുടെ പട്ടാളത്തില്‍ ചേരുന്നതിനുമൊക്കെയായി ഒരുപാട് പേര്‍ വന്നു. കച്ചവടം മാത്രമല്ല, ഒരുപാട് ഘടകങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചാരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ചൈനീസ് സഞ്ചാരികള്‍ മലബാറില്‍ വന്നിരുന്നു എന്ന് നമുക്കറിയാം. ചൈനയില്‍ നിന്ന് വ്യാപാരേതര ആവശ്യങ്ങള്‍ക്ക് വേണ്ടി മലബാറിലേക്ക് സംഘമായിട്ടുള്ള യാത്രകള്‍ ഉണ്ടായി എന്നതിനു എന്തെങ്കിലും രേഖയുണ്ടോ? മലബാറിന്‍റെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തില്‍ പ്രാചീന ചൈനക്കുള്ള പങ്ക് എത്രമാത്രമുണ്ട്?
ഹിബ്രു ഭാഷയിലുള്ള കത്തിടപാടിനെ കുറിച്ച് പറഞ്ഞല്ലോ. കൊച്ചിയില്‍ ഒരു സിനഗോഗ് ഇപ്പോഴുമുണ്ട്. ഇസ്റാഈല്‍ രൂപീകരണം വരെ ഒരു ജൂതസമൂഹവും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ പൊന്നാനിക്ക് വടക്കോട്ട് ജൂത സാന്നിധ്യമുണ്ടായിരുന്നോ? മലബാറിന്‍റെ സംസ്കാര നിര്‍മിതിയില്‍ ഹിബ്രു-ജൂത സംസ്കാര സ്വാധീനം ഏതെങ്കിലും അളവില്‍ ഉണ്ടായതായി ശ്രദ്ധിച്ചിട്ടുണ്ടോ?

മലബാറും ചൈനയുമായുള്ള ബന്ധങ്ങള്‍ കാര്യമായും രണ്ടു കാരണങ്ങളാലായിരുന്നു. ഒന്നാമത്തേത് കച്ചവടവും മറ്റൊന്ന് നയതന്ത്ര ബന്ധങ്ങളും. 13,14,15 നൂറ്റാണ്ടുകളില്‍ ചൈനയില്‍ നിന്ന് ഒരുപാട് നയതന്ത്രജ്ഞര്‍ കോഴിക്കോട്ടേക്ക് വന്നിട്ടുണ്ട്. 15-ാം നൂറ്റാണ്ടോടെ കൊച്ചിയിലേക്കും അവര്‍ എത്തുന്നുണ്ട്. ഇതിനു മുമ്പു തന്നെ കൊല്ലം ഭാഗത്തു നിന്ന് ചൈനയിലേക്ക് ആളുകള്‍ പോയിട്ടുണ്ട്. കൊല്ലേത്തേക്കു വന്നിട്ടുമുണ്ട്. കൊല്ലം, കോഴിക്കോട്, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് നിരവധി പേരാണ് ചൈനയെ ലക്ഷ്യമാക്കിയത്. ഇന്ത്യയില്‍ തന്നെ ചൈനക്ക് ഏറ്റവും കൂടുതല്‍ നയതന്ത്ര ബന്ധങ്ങള്‍ നിലനിന്നിരുന്നത് കോഴിക്കോടുമായിട്ടായിരുന്നു. 14-ാം നൂറ്റാണ്ടിന്‍റെ പകുതിയോടെ മിങ് ചക്രവര്‍ത്തി ഭരണത്തില്‍ വരുന്നതിനു ശേഷം ഈ നയതന്ത്ര ബന്ധങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരുപാട് സ്രോതസ്സുകള്‍ ചൈനീസ് ഭാഷയിലുണ്ടെന്ന് റോജര്‍ ടാക്കിനെ പോലുള്ള ഗവേഷകര്‍ എഴുതിയിട്ടുണ്ട്.
കച്ചവടവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇത്തരം സ്രോതസ്സുകള്‍ ഉള്ളത്. രാഷ്ട്രീയമായും സാംസ്കാരികമായും മതപരമായും ഉണ്ട്. 1405-ല്‍ ഷാമിദി എന്നു പേരുള്ള ഒരാള്‍ (സാമൂതിരി രാജാവ് ആയിരിക്കാം) മിങ് ചക്രവര്‍ത്തിയെ കാണാന്‍ ചൈനയില്‍ പോയതായി രേഖകളുണ്ട്. മതപരമായിട്ടും ഇങ്ങനെ തന്നെയായിരുന്നു. 15-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ചൈനക്കും മലബാറിനുമിടയില്‍ ഇസ്ലാം പ്രധാനപ്പെട്ട ചര്‍ച്ചാബിന്ദുവായിരുന്നു. ഷെങ് ഹേ, മാ ഹുവാന്‍ തുടങ്ങിയ ആളുകളെല്ലാം മുസ്ലിംകളായിരുന്നു. നയതന്ത്ര ചര്‍ച്ചകളുടെ രണ്ടു ഭാഗത്തും മുസ്ലികളായിരുന്നു ഉണ്ടായിരുന്നത്. കൊല്ലത്തെ പ്രതിനിധീകരിച്ചു ചൈനയില്‍ പോയതു മുസ്ലിം നയതന്ത്രജ്ഞനായിരുന്നു. അങ്ങനെ മതപരമായും രാഷ്ട്രീയമായും ഒരുപാട് വിനിമയങ്ങള്‍ മലബാറും ചൈനയുമായും നടന്നിട്ടുണ്ട്.
1500-കള്‍ക്കു മുമ്പൊക്കെ പൊന്നാനിക്ക് വടക്കോട്ടും ജൂതസാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് 12,13 നൂറ്റാണ്ടുകളില്‍, മംഗലാപുരം, മാടായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജൂതസാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോഴും ഇസ്റാഈലില്‍ മാറാഹി ജൂതന്മാര്‍ (മാടായി ജൂതന്മാര്‍) എന്ന ഒരു വിഭാഗമുണ്ട്. നേരത്തെ സൂചിപ്പിച്ച ഹീബ്രു സ്ക്രിപ്റ്റിലുള്ള കത്തിടപാടുകള്‍ നടന്നത് മംഗലാപുരം, മാടായി, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ്. മാടായിലുള്ള ജൂതക്കുളം പോലുള്ള ചിഹ്നങ്ങള്‍ മറ്റു ഭാഗങ്ങളിലും ഉണ്ടെന്ന് ഈ അടുത്ത കാലത്ത് അബ്ദുല്ല അഞ്ചിലത്ത്, ഫിറ ഗാംലയില്‍ പോലുള്ള ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. മാടായിയുടെ കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ഇനിയും നടക്കേണ്ടതുണ്ട്. എന്നാല്‍ നേരത്തെ പറഞ്ഞ ഗനീസ രേഖകളുടെ അടിസ്ഥാനത്തില്‍ മംഗലാപുരത്തിന്‍റെ കാര്യത്തില്‍ നമുക്ക് കാര്യങ്ങള്‍ വ്യക്തമാണ്.

അറേബ്യന്‍ ഗള്‍ഫിനു പുറത്ത് നിന്നുള്ള അനേകം രാജ്യക്കാര്‍ പ്രാചീന മലബാര്‍ തീരങ്ങളില്‍ വന്നു എന്ന് വ്യക്തമായി. പക്ഷെ, എന്തുകൊണ്ടാണ് അവരുടെ കര്യമായ സ്വാധീനം മലബാറിന്‍റെ സാമൂഹിക, സാംസ്കാരിക രൂപവല്‍കരണത്തില്‍ ഇല്ലാതെ പോയത്?

അവരുടെ സ്വാധീനം മലബാറിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ ഇല്ലാതെ പോയി എന്നതല്ല, എന്തുകൊണ്ട് അവരുടെ സ്വാധീനം ഇന്നത്തെ ചരിത്രരചനയില്‍ ഇല്ലാതെ പോയി എന്നതാണ് കുറെക്കൂടെ ശരിയായ ചോദ്യമെന്നു തോന്നുന്നു. ഇത്തരം വിവിധങ്ങളായ സമൂഹങ്ങളും സമുദായങ്ങളും കേരളത്തിന്‍റെ/ മലബാറിന്‍റെ ചരിത്ര രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, പല ഘട്ടങ്ങളിലായി അവര്‍ തമസ്കരിക്കപ്പെടുകയായിരുന്നു. അറബ് കേന്ദ്രീകൃതമായ ചരിത്രരചനാ രീതി രൂപപ്പെട്ടുവരികയും അത് അറേബ്യയുമായി ബന്ധപ്പെട്ടുള്ള ബോധ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന രീതി വന്നതോടെയാണ് ഇങ്ങനെ സംഭവിച്ചത്. ചരിത്രകാരന്മാര്‍ മാത്രമല്ല, ഇതര ബുദ്ധിജീവികളും എഴുത്തുകാരും പ്രഭാഷകരുമെല്ലാം ഇതില്‍ ഉത്തരവാദികളാണ്. 1960-70 കളിലെ അറേബ്യന്‍ ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിനു ശേഷം ആ നാടുകളുമായി ബന്ധപ്പെട്ടുള്ള സ്വാധീനങ്ങളെ മുന്‍നിര്‍ത്തുന്ന പ്രവണതയുടെ, പ്രത്യേകിച്ച് ഇസ്ലാമിനെ അറേബ്യവത്കരിച്ച് കാണിക്കുന്നതിന്‍റെ ഭാഗമാണിത്.

അറേബ്യയില്‍ നിന്നുള്ള ആളുകള്‍ പ്രത്യേകിച്ച് സഊദി, യമന്‍, ഇന്നത്തെ യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ കേരളത്തില്‍ അടുത്ത കാലത്ത് വന്നവരാണ്. ദീര്‍ഘകാലത്തെ ചരിത്രത്തിനകത്ത് ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വന്ന ഒരുപാട് പേരുണ്ട്. അവരായിരുന്നു ഒരുപാട് കാലം കേരളത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തില്‍ മുന്നിട്ടുനിന്നിരുന്നത്. ആദ്യകാലത്ത് വന്ന ആളുകളെ മറക്കുകയും അടുത്ത കാലത്ത് വന്നവരെ കുറേക്കൂടി ഓര്‍ക്കുകയും ചെയ്യുക എന്ന പ്രവണതയുടെ ഭാഗമായിട്ടായിരിക്കണം അടുത്ത കാലത്തുള്ള അറേബ്യന്‍ ഗള്‍ഫ് ബന്ധങ്ങളെ അവലംബിക്കുന്ന ചരിത്രരചന.
അറേബ്യയുമായി ആദ്യകാല ബന്ധം ഇല്ല എന്നല്ല, ഈ അടുത്ത കാലത്താണ് ആ പ്രദേശവുമായുള്ള ബന്ധം സുദൃഢമാകുന്നത്. മറ്റു പ്രദേശങ്ങളെക്കാള്‍ അറേബ്യന്‍ പ്രദേശങ്ങള്‍ക്ക് ഊന്നല്‍ വരുന്നത്. അതുകൊണ്ട് ഇതിനെക്കാളേറെ ബന്ധമുള്ള സ്ഥലങ്ങളെ വിസ്മരിച്ചു പോയതായിരിക്കാം. അതുകൊണ്ടു തന്നെ മലബാറിന്‍റെ സാമൂഹിക സംസ്കാരിക രൂപവത്കരണത്തില്‍ അവരുടെ സംഭാവനകള്‍ ഇല്ലാതായി എന്നല്ല, അവരുടെ സംഭാവനകളെ നമ്മള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയി എന്നതാണ് വാസ്തവം.

ചരിത്രം വിസ്മരിക്കുകയോ, തമസ്കരിക്കുകയോ ചെയ്ത ആ യാഥാര്‍ഥ്യങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതല്ലേ? മലബാറില്‍ അറബേതര സമൂഹങ്ങളുടെ പ്രദാനങ്ങള്‍ക്ക് ചില മാതൃകകള്‍ ചൂണ്ടി കാണിക്കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും കേരളത്തിലെ ഇത്തരം സാമൂഹ്യ വൈവിധ്യങ്ങള്‍ പഠിക്കേണ്ടതാണ്. ഇതുവരെയുണ്ടായിരുന്ന പഠനങ്ങള്‍ ഏറെക്കുറെ ഒരേ രീതിയിലായിരുന്നു. പ്രത്യേകിച്ച് അറബ് സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രം എന്ന ഫ്രെയിംവര്‍ക്ക് എടുത്ത് നോക്കുമ്പോഴേ ഇങ്ങനെയുള്ള പല ദിശകളില്‍ നിന്നുള്ള സ്വാധീനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. അത്തരം പഠനങ്ങള്‍ ഭാവിയില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. ഉണ്ടാവുകയും ചെയ്യും.
മലബാറിലെ അറബേതര സമൂഹങ്ങളുടെ സംഭാവനകള്‍ക്ക് ഒരുപാട് മാതൃകകളുണ്ട്. ഭാഷാപരമായും സാമൂഹ്യമായും സാംസ്കാരികമായുമൊക്കെയുണ്ട്. ഭാഷയുടെ കാര്യം പരിശോധിക്കാം. മുസ്ലിംകളില്‍ പേര്‍ഷ്യന്‍ ഭാഷ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറബിമലയാളത്തില്‍ നിരവധി പേര്‍ഷ്യന്‍ പദങ്ങളുണ്ട്. ലിപിയുടെ കാര്യത്തില്‍ അറബിയില്‍ നിന്നുള്ളതിനെക്കാള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവുക പേര്‍ഷ്യനായിരിക്കും. സ്ക്രിപ്റ്റില്‍ മാത്രമല്ല, ആദ്യകാല രചനകളും എഴുത്തുകളുമൊക്കെ പേര്‍ഷ്യയില്‍ നിന്നുള്ളതാണ്. അതുപോലെ ചൈനയുമായുള്ള ബന്ധം പറയുമ്പോള്‍ ഒരുപാട് ചീനപ്പള്ളികള്‍ ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രം മുഖേന പരസ്പരം ബന്ധപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പലേടത്തും വലിയ തോതില്‍ സാമൂഹികവും സാംസ്കാരികവുമായ സമാനതകള്‍ കാണാന്‍ കഴിയുന്നു. ഏറ്റവും കൂടുതലായി ഏതൊക്കെ രംഗങ്ങളിലാണ് ഈ രാജ്യങ്ങളിലെ സമൂഹങ്ങള്‍ക്കിടയില്‍ സമാനതകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്നത്?

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ സമൂഹങ്ങളിലെ സമാനതകള്‍ ഒന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതല്ല. ഒരുപാട് കാര്യങ്ങളില്‍ ഉണ്ട്. ഭാഷയിലും ഭക്ഷണത്തിലും വസ്ത്രത്തിലും മതത്തിന്‍റെ കാര്യത്തിലും മതത്തിനകത്തുള്ള വൈവിധ്യത്തിന്‍റെ കാര്യത്തിലുമൊക്കെ സമാനതകളുണ്ട്. ഈസ്റ്റ് ആഫ്രിക്കന്‍ തീരങ്ങളിലും സൗത്ത് ആഫ്രിക്കന്‍ തീരങ്ങളിലും ഇന്ത്യന്‍ തീരങ്ങളിലും അറേബ്യന്‍ തീരങ്ങളിലുമൊക്കെ ഇത്തരത്തിലുള്ള സമാനതകള്‍ കാണാന്‍ കഴിയും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിട രീതി, ആര്‍ട് സ്റ്റൈല്‍ എന്നിവയിലൊക്കെ സമാനതകളുണ്ട്.

കോഴിക്കോട് പരിസരങ്ങളില്‍ പാതി ചൈനീസും പാതി മലബാരിയുമായ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ചൈനീസ് അഡ്മിറല്‍ ചെങ് ഹേ കോഴിക്കോട് വന്നപ്പോള്‍ ഇരുപത്തയ്യായിരം പേര്‍ അനുഗമിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇത് ചരിത്രപരമായ വസ്തുതയാണൊ? കൂടുതല്‍ വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ചൈനീസ് അഡ്മിറല്‍ ചെങ് ഹേ ഇന്ത്യന്‍ സമുദ്രത്തിന് അങ്ങോളമിങ്ങോളം നടത്തിയ ഏഴ് യാത്രകള്‍ വളരെ പ്രസിദ്ധമാണ്. നൂറു കണക്കിന് കപ്പലുകളില്‍ 30000-ത്തോളം പേരാണ് ക്രൂവില്‍ ഉണ്ടായിരുന്നത്. ഏഴ് യാത്രകളില്‍ അഞ്ചു തവണയും അദ്ദേഹം കോഴിക്കോട് വന്നിട്ടുണ്ട്. പലപ്പോഴും കോഴിക്കോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ലക്ഷ്യം. അദ്ദേഹത്തെ അനുഗമിച്ച മാ ഹുവാന്‍ അടക്കമുള്ള നാലു സഞ്ചാരികള്‍ ഈ യാത്രകളുടെ വിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. അത് ഇന്ന് ലഭ്യമാണ്.

ചരിത്ര പഠനത്തിന്‍റെ ഭാഗമായി, സാംസ്കാരികമായ ആദാന പ്രദാനങ്ങള്‍ മഹ്മൂദ് കൂരിയ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ മലബാറുമായി ഏറ്റവും സാംസ്കാരിക സാമ്യമുള്ള പല പ്രദേശങ്ങളും ഉണ്ടല്ലോ. ഇന്തോനേഷ്യയില്‍ ജാവ, ബാലി തുടങ്ങിയ ഭാഗങ്ങളില്‍ താങ്കള്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ടല്ലോ.
മലബാര്‍ തീരങ്ങളില്‍ ഇന്നും തുടരുന്ന മാതൃദായ ക്രമത്തെ കുറിച്ച്, മാട്രിയാര്‍കി (ാമേൃശമൃരവ്യ) യെ കുറിച്ച് പ്രചാരത്തിലുള്ള ഒരു പരമ്പരാഗത ആഖ്യാനം, അത് ഇവിടെ നിലനിന്ന നായര്‍ ജാതി വ്യവസ്ഥയില്‍ നിന്നും മറ്റും കടം കൊണ്ടതാണെന്നതാണ്. അത് മുസ്ലിം സമൂഹങ്ങള്‍ക്ക് അന്യമാണെന്ന ഒരു ധാരണയും അടുത്ത കാലം വരെ നിലനിന്നിരുന്നു. നേരത്തെ സൂചിപ്പിച്ച പോലെ, അറേബ്യന്‍ ഗള്‍ഫിനെ കേന്ദ്രമാക്കിയുള്ള, സാമൂഹിക കാഴ്ചപ്പാടിന്‍റെ ഉല്‍പ്പന്നമാകാം ആ ധാരണ. എന്നാല്‍ ഇന്ത്യന്‍ മഹാ സമുദ്ര തീരങ്ങളുമായി വിനിമയമുള്ള നിരവധി സമൂഹങ്ങളില്‍ മാട്രിയാര്‍കി ഇന്നും നിലവിലുണ്ടെന്ന് താങ്കള്‍ പലപ്പോഴായി എഴുതുകയുണ്ടായി. ഈ വിഷയത്തിലുള്ള ഗവേഷണം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു?

മലബാറുമായി ബന്ധമുള്ള ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലെ പ്രദേശങ്ങളിലെയും അവരുടെ സാംസ്കാരിക ആദാന പ്രദാനങ്ങളെ കുറിച്ചുമൊക്കെ പഠനം നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യ മാത്രമല്ല, മലേഷ്യ, സിംഗപ്പൂര്‍, ആഫ്രിക്കന്‍ തീരങ്ങളിലുള്ള ടാന്‍സാനിയ, മൊസാംബിക് തുടങ്ങി ഒരുപാട് പ്രദേശങ്ങളും അതുമായി ബന്ധപ്പെട്ടവയും പഠനവിധേയമാക്കിയിട്ടുണ്ട്.
തീരപ്രദേശങ്ങളിലെ മരുമക്കത്തായ സമ്പ്രദായമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്. അതിനെ മാട്രിയാര്‍കി എന്നു പറയാന്‍ പറ്റുമോയെന്നറിയില്ല. മാട്രിയാര്‍കി എന്നു പറയുന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പല ആന്ത്രോപോളജിസ്റ്റുകള്‍ക്കും സോഷ്യോളജിസ്റ്റുകള്‍ക്കുമുള്ളത്. ഇന്തോനേഷ്യയിലെ ജാവ, സുമാത്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ഞാന്‍ കാര്യമായി പഠനം നടത്തിയത്. ഇവിടെ മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന പ്രധാന വിഭാഗം മിനംഗബാവു സമൂഹമാണ്. ഏഴെട്ടു രാജ്യങ്ങളിലെ മരുമക്കത്തായ ക്രമങ്ങളും പഠിക്കുന്നുണ്ട്.
2017-ഓടെയാണ് പഠനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ചെക്ക്റിപ്ലബ്ലിക് സന്ദര്‍ശന വേളയില്‍ ദീര്‍ഘമായ ഒരു പ്രബന്ധം എഴുതിയിരുന്നു. പിന്നെ തുടര്‍ച്ചയുണ്ടായില്ല. വീണ്ടും ഗവേഷണം നടത്താനുള്ള അവസരം ലഭിച്ചതുകൊണ്ട് ഈ രംഗത്ത് പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ വര്‍ഷം ഏഴ് മാസത്തോളം ഇന്തോനേഷ്യയില്‍ ചെലവഴിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കൊറോണ കാരണം യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. പുരാവസ്തു ശാസ്ത്രത്തിലും മാനവവംശ ശാസ്ത്രത്തിലും കൂടുതല്‍ ഫീല്‍ഡ്വര്‍ക്ക് നടത്തി അടുത്ത വര്‍ഷം ഗവേഷണം പുനരാരംഭിക്കണമെന്ന് വിചാരിക്കുന്നു.

മരുമക്കത്തായ പാരമ്പര്യത്തില്‍ തന്നെ മലബാറുമായി മറ്റിടങ്ങള്‍ക്കുള്ള സാമ്യങ്ങളും പ്രധാന വ്യത്യാസങ്ങളും പറയാമോ? ഈ വ്യവസ്ഥയെ മതവുമായി ബന്ധപ്പെടുത്തി അതിന്‍റെ ശരിതെറ്റുകളെ കുറിച്ചുള്ള സംവാദങ്ങള്‍ മറ്റിടങ്ങളില്‍ നടന്നിട്ടുണ്ടോ? മലബാറില്‍ മക്തി തങ്ങളും മറ്റും ഈ വ്യവസ്ഥയെ വിമര്‍ശിച്ചിരുന്നത് പോലെ?

വളരെ വിശാലമായ ചോദ്യങ്ങളാണിത്. എന്‍റെ പഠനത്തിന്‍റെ അന്വേഷണവും ഇതുതന്നെയാണ്. മാതൃദായക്രമത്തെയും മതത്തെയും അടിസ്ഥാനമാക്കി മറ്റുള്ള സ്ഥലങ്ങളിലും സംവാദം നടന്നിട്ടുണ്ട്. മലബാറില്‍ മക്തി തങ്ങളൊക്കെ ഇത്തരം ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു ഒരു നൂറ്റാണ്ട് മുമ്പെങ്കിലും ഇന്തോനേഷ്യയില്‍ ഇത്തരം വിവാദങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. 1780-90കളില്‍ ആരംഭിച്ച് 1840 വരെ നീണ്ടുനിന്ന പാതിരിയുദ്ധം മരുമക്കത്തായം സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇമാം ബൊഞ്ചോലിനെ പോലുള്ള പണ്ഡിതന്മാര്‍ മരുമക്കത്തായത്തെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്.
1890-കളുടെ അവസാനത്തിലും 1900-ന്‍റെ തുടക്കത്തിലുമൊക്കെയായി ഇമാം ഖതീബ് പോലുള്ള ഒരുപാട് ആളുകള്‍ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മലേഷ്യയില്‍ ദീര്‍ഘകാലം ഇതൊരു സംവാദവിഷയമായിരുന്നു. മുസാംബികിലും കൊമോറോസിലും ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. മലബാറില്‍ നടന്നതുപോലെയോ അല്ലെങ്കില്‍ ഇവിടെ നടക്കുന്നതിനു മുമ്പായി തന്നെ മറ്റു പ്രദേശങ്ങളിലും മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് വിശദമായ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഈ സമ്പ്രദായത്തിന് അനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ആത്യന്തികമായി ഈ വിവാദങ്ങള്‍ക്കെല്ലാം അപ്പുറത്ത് ഈ സമ്പ്രദായം അതിജീവിക്കുന്നതാണ് നാം കാണുന്നത്.

നമ്മള്‍ ചൈനയെയും ഇന്തോനേഷ്യയെയും കുറിച്ചൊക്കെ സംസാരിച്ചു. ഏഷ്യന്‍ രാജ്യങ്ങളുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായും നമുക്ക് വിനിമയങ്ങള്‍ ഉണ്ടായിരുന്നല്ലോ. മലബാര്‍ തീരങ്ങളുമായി അടുത്ത് ബന്ധപ്പെട്ട, സാംസ്കാരിക വിനിമയങ്ങള്‍ ഉണ്ടായ ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് സംക്ഷിപ്തമായി പറയാമോ?

ഇന്ത്യന്‍ മഹാസമുദ്രം വഴി ആഫ്രിക്കന്‍ രാജ്യങ്ങളുമായി മലബാറിന് ബന്ധമുണ്ടായിരുന്നു. മലബാറിന്‍റെ നേരെ കൗണ്ടര്‍പോയിന്‍റ് ആയി ആഫ്രിക്കന്‍ തീരങ്ങളില്‍ നില്‍ക്കുന്ന സ്ഥലമാണ് സാന്‍സിബാര്‍. ടാന്‍സാനിയയുടെ ഭാഗമാണിത്. ഇവിടങ്ങളുമായി മലബാറിന് ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നതായി അവിടെ സഞ്ചരിച്ചപ്പോള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. മധ്യകാല കേരളത്തില്‍ മലബാറിലെ ആഫ്രിക്കന്‍ ബന്ധങ്ങളെക്കുറിച്ച് ഞാനെഴുതിയ ഒരു പഠനം നേരത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. പല പള്ളികളില്‍ ഇമാമുമാരായും ഖാസിമാരായും മേല്‍നോട്ടക്കാരായുമൊക്കെ ആഫ്രിക്കക്കാര്‍ ഇവിടെസേവനം ചെയ്തത് കാണാന്‍ പറ്റും. ഉഗാണ്ട, ടാന്‍സാനിയ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോടും കണ്ണൂരുമൊക്കെ പതിനാലാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലുമൊക്കെ ജോലി ചെയ്തിരുന്നു.

മറ്റ് ദേശങ്ങളില്‍ നിന്ന് മലബാര്‍ തീരങ്ങളില്‍ പല രാജ്യക്കാരും വന്ന പോലെ, രാഷ്ട്രീയവും വാണിജ്യപരവും മതപരവുമൊക്കെയായ ആവശ്യങ്ങള്‍ക്ക് വേണ്ടി മലബാറില്‍ നിന്ന് തിരിച്ചും രാജ്യാന്തര യാത്രകള്‍ നടന്നിട്ടുണ്ടാകുമല്ലോ. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മലബാറില്‍ നിന്ന് ഉണ്ടായ കുടിയേറ്റങ്ങള്‍ വഴി പല രാജ്യങ്ങളിലും മലബാരികള്‍ എത്തിപ്പെടുകയും അവിടങ്ങളില്‍ മലബാരികള്‍ തങ്ങളുടെ സാംസ്കാരിക സ്വത്വത്തോടെ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്തത് നമുക്കറിയാം. എന്നാല്‍ പ്രാചീന മലബാറില്‍ നിന്ന് കടല്‍മാര്‍ഗമുള്ള രാജ്യാന്തര യാത്രകള്‍ ഉണ്ടായിട്ടുണ്ടോ? അതിന്‍റെ റിക്കാര്‍ഡുകള്‍ ഉണ്ടോ? മലേഷ്യയിലും ന്യൂസിലാന്‍റിലുമുള്ള പോലെ മലബാരികള്‍ വേറെ എവിടെയെങ്കിലുമുണ്ടോ?

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ മാത്രമല്ല, പസഫിക്കിലും അറ്റ്ലാന്‍റിക്കിന്‍റെ വിവിധ ഭാഗങ്ങളിലുമെല്ലാം മലബാറില്‍ നിന്നുള്ള ആളുകള്‍ പലപ്പോഴായി പോയിട്ടുണ്ട്. മൗറീഷ്യസിലും മഡഗാസ്കറിലും ന്യൂസിലാന്‍റിലും ഫിജിയിലുമെല്ലാം മലബാറികള്‍ എന്ന പേരില്‍ വിഭാഗങ്ങളെ കാണാന്‍ പറ്റും. എന്നാല്‍ മലബാരികള്‍ എന്ന വിശേഷണത്തില്‍ ഇന്ന് കാണുന്ന കേരളത്തിലെ മലബാര്‍ മാത്രമല്ല. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവരും ഇന്ത്യക്കാര്‍ മൊത്തത്തിലും മലബാറി എന്ന പേരില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇപ്പോഴും മൗറീഷ്യസിലൊക്കെ അങ്ങനെയാണ് അറിയപ്പെടുന്നത്.
ഇത്തരം യാത്രകള്‍ അധികവും ഉണ്ടായിട്ടുള്ളത് 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമാണ്. ഇന്‍ടെഞ്ചേഡ് ലാബേഴ്സ് സിസ്റ്റം വന്നതിനു ശേഷം. അതിനു മുമ്പ് അടിമത്ത വ്യവസ്ഥയിലും മറ്റുമൊക്കെ ഒരുപാട് യാത്രകളുണ്ടായിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് സംഘടിതമായ വിവരങ്ങള്‍ ലഭ്യമല്ല. ഡച്ച് ആര്‍കൈവ്സില്‍ മലബാര്‍ തീരങ്ങളില്‍ നിന്നുള്ള അടിമ വ്യാപാരത്തെക്കുറിച്ചുള്ള രേഖകളുണ്ട്.
മതപരമായ ആവശ്യാര്‍ഥവും കച്ചവട ആവശ്യാര്‍ഥവുമൊക്കെ ഒരുപാട് ആളുകള്‍ പോയിട്ടുണ്ട്. കച്ചവടത്തിന് പോയവരെ സംബന്ധിച്ച് ദീര്‍ഘമായ രേഖകള്‍ തന്നെ കാണാനാവും. 14,15,16 നൂറ്റാണ്ടുകളില്‍ ചെങ്കടല്‍ തീരങ്ങളിലും ആഫ്രിക്കന്‍ തീരങ്ങളിലും അറേബ്യന്‍ തീരങ്ങളിലുമൊക്കെ കച്ചവടക്കാരായി പോയ മലബാരികളെക്കുറിച്ച് പരാമര്‍ശമുണ്ട്. മാലികി മദ്ഹബിന്‍റെ ഖാസിയായിരുന്ന തഖ്യുദ്ദീന്‍ ഫാസിയുടെ എഴുത്തുകളില്‍ 15-ാം നൂറ്റാണ്ടില്‍ മക്കത്ത് എത്തിയ കോഴിക്കോട് നിന്നുള്ള കച്ചവടക്കാരനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇങ്ങനെയുള്ള ദീര്‍ഘമായ വിവരങ്ങള്‍ നമുക്ക് ഒരുപാട് സ്രോതസ്സുകളില്‍ നിന്നു കിട്ടും. 19-ാം നൂറ്റാണ്ടില്‍ മക്കയില്‍ മലബാരികളായ ഒരു സമൂഹം നിലനിന്നിരുന്നുവെന്നും അവര്‍ അവിടത്തെ പണ്ഡിത സദസ്സുകളില്‍ അംഗങ്ങളായിരുന്നുവെന്നും ഡച്ച് അറബിക് പ്രഫസറായിരുന്ന സ്നോക്ക് ഹുര്‍ ഗ്രോഞെ 1880-കളില്‍ എഴുതുന്നുണ്ട്. അങ്ങനെ മലബാരികളുടെ പുറത്തേക്കുള്ള യാത്രയെക്കുറിച്ച് ദീര്‍ഘമായ ചരിത്രം തന്നെയുണ്ട്.

(ബാക്കി അടുത്ത ലക്കത്തില്‍)

 

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x