ശരീഅത്ത് നാട്ടുശീലങ്ങളുടെ പ്രസക്തി
ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
ഇസ്‌ലാമിക ശരീഅത്ത് അഥവാ മതനിയമങ്ങള്‍ നീതിയുക്തവും ഗുണകരവുമാണ്. അതുകൊണ്ടുതന്നെ മാനവ സമൂഹത്തിന്റെ നന്മയും ആരോഗ്യകരമായ അവസ്ഥയുമാണ് ഇത് മുന്നോട്ടു വെക്കുന്നത്. മനുഷ്യന്‍ ഇടപെടുന്ന മേഖലകളിലെല്ലാം സ്വാഭാവികമായും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രതിവിധികളായി ശരീഅത്ത് കാണുന്നത് പരിശുദ്ധ ഖുര്‍ആനിനെയും പ്രവാചക ചര്യയെയും ശേഷം ഇജ്മാഅ്, ഖിയാസ് തുടങ്ങിയ മേഖലകളെയുമാണ്. ഈ നാല് പ്രശ്‌ന പരിഹാര ഉറവിടങ്ങള്‍ക്ക് ശേഷം സാമൂഹിക നന്മയും നീതിയും പുലരുന്നതിന് വേണ്ടി അടിസ്ഥാന കര്‍മ്മശാസ്ത്ര പണ്ഡിതര്‍ മുന്നോട്ടു വെക്കുന്ന സംജ്ഞയാണ് ഉര്‍ഫ് അഥവാ നാട്ടുശീലങ്ങള്‍. ഉര്‍ഫ് എന്ന അറബി പദത്തിന് ആചാരം, നാട്ടുശീലങ്ങള്‍ എന്നീ അര്‍ഥങ്ങളുണ്ടങ്കിലും ഇതിനെ നിദാന കര്‍മശാസ്ത്ര പണ്ഡിതര്‍ വിവക്ഷിക്കുന്നത് ഇപ്രകാരമാണ്: ഒരു സമൂഹം അല്ലെങ്കില്‍ പ്രത്യേക ജനവിഭാഗം അനുവര്‍ത്തിച്ചു പോരുന്ന ശീലങ്ങള്‍.
ഉദാഹരണത്തിന് തുണിയുടുക്കുക എന്നത് കേരള ജനതയുടെ ഒരു ശീലമാണ്. എന്നാല്‍ വലതു ഭാഗത്തേക്ക് തുണിയുടുക്കുന്ന മുസ്‌ലിം സഹോദരങ്ങളെയും ഇടതു ഭാഗത്തേക്ക് തുണിയുടുക്കുന്ന ഹൈന്ദവ സഹോദരങ്ങളെയും പൊതുവെ കാണാം. ഇപ്രകാരം ഒരു പ്രത്യേക സമൂഹം ചെയ്തുപോരുന്ന നാട്ടുശീലങ്ങളാണ് ഉര്‍ഫ്. ഇത് ഭക്ഷണരീതിയിലും വസ്ത്രരീതിയിലുമെല്ലാം കാണാം. ഇങ്ങനെയുള്ള മാന്യവും ധര്‍മാധിഷ്ഠിതവുമായ നാട്ടുശീലങ്ങള്‍ സമൂഹത്തിന്റെ ആരോഗ്യകരവും ഗുണകരവുമായ അവസ്ഥക്ക് ആക്കംകൂട്ടുന്നവയാണെന്നതില്‍ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ എതിരഭിപ്രായമില്ല. ശരീഅത്ത് വിധിവിലക്കുകള്‍ക്ക് പിന്തുണ സംവിധാനമായി അവ നിലനില്ക്കും.
പൊതുസമൂഹത്തില്‍ ഉര്‍ഫിന്റെ അഥവാ നാട്ടുശീലങ്ങളുടെ സ്ഥാനവും സ്വാധീനവും വിശാലവും വ്യാപ്തി നിറഞ്ഞതുമാണ്. അടിസ്ഥാന കര്‍മ്മശാസ്ത്രപരമായി ഉര്‍ഫിന്റെ ഗുണങ്ങളും അത് സമൂഹത്തോട് ചെയ്യുന്ന ധര്‍മ്മങ്ങളും ഇപ്രകാരമാണ്.
വാക്കുകള്‍ പ്രയോഗങ്ങള്‍
ഒരു പദത്തിന് സാമൂഹിക ചുറ്റുപാടുകള്‍ക്കനുസരിച്ച് വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളും അര്‍ഥങ്ങളുമുണ്ടാവാം. ഉദാഹരണത്തിന് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ‘പെങ്ങള്‍’ എന്ന പദം മാതൃ-പിതൃ സഹോദര, സഹോദരി മക്കള്‍ക്കും സ്വന്തം സഹോദരിക്കും ഉപയോഗിക്കാം. എന്നാല്‍ ഉര്‍ഫ് പ്രകാരം പെങ്ങളെ വിവാഹം കഴിക്കാന്‍ പാടില്ല എന്നത് മാതൃ-പിതൃ സഹോദരീ സഹോദര പുത്രന്‍മാരെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് സ്വപിതാവിലും മാതാവിലുമുള്ള സഹോദരിയെയാണ്. അതുകൊണ്ടുതന്നെ പദങ്ങളുടെ ശരിയായ അര്‍ഥവും ഉദ്ദേശ്യവും മനസ്സിലാക്കേണ്ടത് ഉര്‍ഫിന്റെ അടിസ്ഥാനത്തിലാണ്.
ആയതിനാല്‍ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിധി പുറപ്പെടുവിക്കുന്നവര്‍ ആ പ്രദേശത്തിന്റെ ഉര്‍ഫ് അല്ലെങ്കില്‍ നാട്ടുശീലങ്ങള്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. അപ്പോള്‍ മാത്രമേ ആശയതലങ്ങളുള്‍ക്കൊള്ളുന്ന പദത്തിന്റെ ശരിയായ ബോധമനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്താനാവൂ.
കരാറുകളും ഉടമ്പടികളും
പൊതു സമൂഹത്തില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ ഒരു കരാറിലേര്‍പ്പെടുമ്പോള്‍ വ്യക്തമായും വിശദമായും നിര്‍ദേശങ്ങള്‍ എഴുതിവെക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ദേശങ്ങളും നിയമാവലികളും പരാമര്‍ശിക്കാതെയുള്ള കരാറില്‍ ആശയക്കുഴപ്പങ്ങളും സങ്കീര്‍ണതകളും ഉടലെടുത്തേക്കാം. ഇപ്രകാരം സങ്കീര്‍ണമായേക്കാവുന്ന പ്രശ്‌നത്തിന് ഉര്‍ഫ് പ്രകാരം വിധി കല്‍പിക്കാവുന്നതാണ്. ഉദാഹരണമായി രണ്ടു കക്ഷികള്‍ രേഖപ്പെടുത്തലുകളില്ലാതെ ഒരു നിശ്ചിത തുകക്ക് വീടിന്റെ പണി പൂര്‍ത്തികരിച്ചതിനു ശേഷം താക്കോല്‍ കൈമാറാം എന്ന ധാരണയിലെത്തുന്നു. എന്നാല്‍ താക്കോല്‍ കൈമാറ്റം എന്നതിന്റെ സമ്പൂര്‍ണമായ ഉദ്ദേശ്യം മനസ്സിലാക്കാതെയും പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെയും താക്കോല്‍ കൈമാറുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ശരീഅത്ത് കോടതിയില്‍ ചര്‍ച്ച ചെയ്താല്‍ ഉര്‍ഫ് അഥവാ നാട്ടു ശീല പ്രകാരമുള്ള കാര്യനിര്‍വഹണത്തിനാണ് പ്രാമുഖ്യം നല്‍കുക.
താക്കോല്‍ കൈമാറ്റം വരെ എന്നതുകൊണ്ട് നാട്ടുശീലപ്രകാരം എല്ലാ പ്രവൃത്തികളും പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നാണ്. ഇബ്‌നു ഖുദാമ പറയുന്നത് കരാറില്‍ നിയമങ്ങളും നിര്‍ദേശങ്ങളും വ്യക്തമായി വിശദീകരിക്കുന്നുവെങ്കില്‍ ഉര്‍ഫിനല്ല (നാട്ടു ശീലങ്ങള്‍) പ്രാമുഖ്യം കൊടുക്കേണ്ടത്, മറിച്ച് കരാറിലെ നിയമ നിര്‍ദേശങ്ങള്‍ക്കാണ്. അതോടൊപ്പം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വസ്തുവിന്റെ ഇനം, ഗുണം, രീതി എന്നിവ വ്യക്തമായി പരാമര്‍ശിക്കേണ്ടതുമാണ്.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് മാന്യമായത് നല്‍കണം എന്ന ഖുര്‍ആന്‍ സൂക്തത്തില്‍ മഅ്‌റൂഫിന് ഉര്‍ഫിന്റെ അര്‍ഥതലവും നല്‍കാറുണ്ട്. അപ്പോള്‍ ധനികനായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ഭാര്യക്ക് ലഭിച്ച സമ്പത്ത്, വിവാഹമോചനം ചെയ്യപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നത് ഉര്‍ഫിന് എതിരുമാണ്.
ഉര്‍ഫ് പ്രകാരം ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് സാമൂഹികവും പ്രാദേശികവുമായ അന്തസ്സിനും ആഭിജാത്യത്തിന്നുമനുസരിച്ച് നീതിയുക്തമായ രീതിയില്‍ ധനമോ മറ്റു മൂല്യവസ്തുക്കളോ നല്‍കല്‍ ഉര്‍ഫിന്റെ പരിധിയില്‍ വരുന്നതാണ്.
കച്ചവട ഇടപാടുകള്‍
രണ്ടു കക്ഷികള്‍ തമ്മില്‍ രേഖപ്പെടുത്തലുകളൊന്നുമില്ലാതെയും നിര്‍ണിതമായ വില നിശ്ചയിക്കാതെയും ഒരു വസ്തുവിന്റെമേല്‍ കച്ചവടമുറപ്പിക്കുകയോ കരാറിലേര്‍പ്പെടുകയോ ചെയ്യുന്നു. വില നിര്‍ണയിക്കാത്തതുകൊണ്ടു തന്നെ തുച്ഛമായ വില ഉടമസ്ഥന് നല്‍കുകയും അതുവഴി ആശങ്കയും അസ്വാരസ്യങ്ങളും രൂപപ്പെട്ടാല്‍ നാട്ടുവില അടിസ്ഥാനപ്പെടുത്തി യഥാര്‍ത്ഥ വില നിശ്ചയിക്കാന്‍ ഉര്‍ഫ് വഴി സാധിക്കും. ഉദാഹരണമായി വില നിര്‍ണയിക്കാതെ 50,000 രൂപ വിലയുള്ള വാഹനം സൗഹൃദത്തിന്റെ പേരില്‍ സുഹൃത്തിന് വിറ്റു. എന്നാല്‍ ന്യായവില പ്രതീക്ഷിച്ച ഉടമക്ക് 20,000 രൂപ മാത്രമേ നല്‍കിയുള്ളൂ. ഇതൊരു പ്രശ്‌നമായി തീരുകയും വിഷയം ശരീഅത്ത് കോടതിയില്‍ വരികയും ചെയ്താല്‍ ഉര്‍ഫ് പ്രകാരം വാഹനത്തിന്റെ ന്യായവില ഉടമസ്ഥന് നല്‍കല്‍ അനിവാര്യമാകും.
രണ്ട് വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നത്തില്‍ ഒരാള്‍ വാദവും രണ്ടാമന്‍ നിഷേധവും നടത്തിയാല്‍ ശരീഅത്ത് നിയമപ്രകാരം ഒന്നാമനാണ് തെളിവ് ഹാജരാക്കേണ്ടത്. രണ്ടാമന്റെ നിഷേധം സ്ഥാപിക്കാന്‍ തെളിവുകള്‍ വേണ്ടതില്ല. ഈ സമീപനത്തോട് പൊരുത്തപ്പെടുന്ന നാട്ടുനടപ്പുകളും എതിരായി വരുന്ന ശീലങ്ങളും പ്രാദേശിക ഭേദമനുസരിച്ച് ഉണ്ടായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ശരീഅത്തിന്റെ പ്രാമാണിക രേഖകള്‍ക്കാണ് മുന്‍തൂക്കം കല്പിക്കേണ്ടത്. എന്നാല്‍ ഇത്തരം രേഖകളില്‍ കൃത്യമായ പ്രശ്‌ന പരിഹാര സൂചന കാണുന്നില്ലായെങ്കില്‍ വിഷയം പരിഹരിക്കേണ്ടത് ധര്‍മം, നീതി, പൊതുതാല്പര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള നാട്ടുനടപ്പുകള്‍ക്കായിരിക്കും.