കോവിഡ് കാലത്തെ പ്രതികാര രാഷ്ട്രീയം ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. ജെ എന്‍ യു വിദ്യാര്‍ഥി നജീബിന് എന്ത് സംഭവിച്ചു? ഗുജറാത്തിലെ ഗര്‍ഭിണിയായിരുന്ന ബല്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും പിഞ്ചുകുഞ്ഞുങ്ങളെ കാലില്‍ തൂക്കിപിടിച്ച് നിലത്തിട്ട് തല ചിതറിച്ച് കൊന്നവര്‍ക്കെതിരെയുമുള്ള നിയമ നടപടി എന്തായിരുന്നു? എന്‍റെ പൗരത്വം റദ്ദ് ചെയ്ത് വിവേചനം നേരിടാത്ത രാജ്യത്തേക്ക് നാടുകടത്തുകയോ അല്ലെങ്കില്‍ ദയാവധത്തിന് അനുവാദം തരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടാവശ്യപ്പെട്ട ഗുജറാത്തിലെ ഉനയില്‍ നിന്നുള്ള വശ്രം സര്‍വ്വയ്യക്ക് മറുപടി ലഭിച്ചോ? അലീഗഢില്‍ സി എ എ വിരുദ്ധ പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്‍റെ പേരില്‍ 153ബി, 109 എന്നീ സാമുദായിക ശത്രുത വളര്‍ത്തല്‍ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാനെതിരെയുള്ള പ്രതികാര നടപടി ഇനിയും തുടരുമോ? ഷഹീന്‍ബാഗ് സമാധാന സമരത്തിന്‍റെ മാസ്റ്റര്‍ മൈന്‍ഡായിട്ടുള്ള ഐ ഐ ടി ബിരുദധാരിയും ജെ എന്‍ യു വിദ്യാര്‍ഥിയുമായ ഷര്‍ജില്‍ ഇമാമിനെ ആസാം പോലീസ് അറസ്റ്റ് ചെയ്തതും കുടുംബത്തിന് ഭ്രഷ്ട് കല്‍പിച്ചതും എന്തിന്‍റെ പേരിലായിരുന്നു? അവസാനം ഡല്‍ഹി കലാപത്തിന്‍റെ ആസൂത്രകരും കൊലയാളികളും അക്രമികളും ആരൊക്കെയാണ്? അവര്‍ ശിക്ഷിക്കപ്പെടുമോ? ഉത്തരം പറയേണ്ടവരും നീതി നടപ്പാക്കേണ്ടവരും സ്പോന്‍സര്‍മാരായിട്ടുള്ള ഈ ഒടുങ്ങാത്ത ചോദ്യാവലി ഇനിയും നീണ്ടു കടക്കുകയാണ്.
ഇങ്ങനെയുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും ഇന്ത്യയില്‍ നടക്കുന്നത് കൊണ്ടാണ് സമാധാനമില്ലാത്ത രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നത്. സിഡ്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക് ആന്‍ഡ് പീസ് വെളിപ്പെടുത്തുന്നത് സാമ്പത്തികമായും സാമൂഹികമായും അസമാധാനം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ബഹുദൂരം മുന്നേറിയിരിക്കുന്നുവെന്നാണ്. അവര്‍ പഠനം നടത്തിയ 163 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 137 ാണ് എന്നുള്ളതാണ് ഖേദകരമായ ഒരു സത്യം.
ലോകം നശിച്ചാലും തങ്ങളുടെ തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് നിലപാടുകളില്‍ നിന്ന് പുറകോട്ട് പോകില്ലായെന്ന് തെളിയിക്കുന്ന നടപടിയും പ്രവര്‍ത്തിയുമാണ് ഭരണകൂടം ഈ ലോക്ഡൗണ്‍ കാലത്തും ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്‍റെ പ്രകടമായ തെളിവുകളാണ് ഷഹീന്‍ ബാഗ് സമാധാന സമരത്തിന്‍റെ മാസ്റ്റര്‍ മൈന്‍ഡായ ഷര്‍ജീല്‍ ഇമാമിനെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഈ കോവിഡ് കാലത്ത് അറസ്റ്റ് ചെയ്തത്. തടവുകാര്‍ക്ക് പോലും കോടതി ഇളവു അനുവദിച്ച സമയത്താണ് ബുദ്ധിജീവിയും ദളിത് ചിന്തകനും എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ആനന്ദ് തെല്‍തുംഡെ ഈ കഴിഞ്ഞ ഏപ്രില്‍ 14 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറിന്‍റെ 129ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14 നാണ് അദ്ദേഹത്തിന്‍റെ ചെറുമകളുടെ ഭര്‍ത്താവ് കൂടിയായ ആനന്ദ് തെല്‍തുംഡെയുടെ അറസ്റ്റ്. ഗൗതം നവലഖയും കവി വരവറാവുവും മനുഷ്യാവകാശ പ്രവര്‍ത്തകനായ റോണ്ട വില്‍സനെയുമെല്ലാം പ്രതികാര രാഷ്ട്രീയ മനോഭാവത്തോടെയാണ് അറസ്റ്റ് ചെയ്തത്. ദ വയര്‍ പോര്‍ട്ടലിന്‍റെ സ്ഥാപക പത്രാധിപനായ സിദ്ധാര്‍ത്ഥ് വരദരാജനും അറസ്റ്റിന്‍റെ വക്കിലാണ്.
മതേതര ഇന്ത്യയെ ഫാസിസ്റ്റ് കരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ധിഷണാശാലികളായ യുവനിരകള്‍ മുന്നോട്ടു വന്നതിന്‍റെ പ്രതികാരം മതാടിസ്ഥാനത്തില്‍ തീര്‍ക്കുകയാണിപ്പോള്‍. അറസ്റ്റ് ചെയ്യപ്പെട്ട ജാമിഅ മില്ലിയ ഗവേഷക സഫൂറ സര്‍ഗാറും, മീരാന്‍ ഹൈദറും, പിഞ്ച്റതോഡ് സ്ത്രീപക്ഷ സംഘടനയുടെ ഗുല്‍ശിഫാനുമെല്ലാം പ്രതിഷേധിച്ചത് മതേതരത്വത്തിന്‍റേയും മാനവികതയുടേയും ബാനറിലായിരുന്നു. എന്നാല്‍ ഗുല്‍ശിഫാന്‍റെ കൂടെയുണ്ടായിരുന്ന സുഹാസിനി, നടാഷ , കവിത, ദേവാംഗന തുടങ്ങിയവരുടെ പേരുകള്‍ പോലീസ് എഫ് ഐ ആറില്‍ ഉണ്ടെങ്കിലും യു എ പി എയും ജയിലും ഗുല്‍ശിഫാന്. ജയില്‍വാസം കൊണ്ടും വേര്‍തിരിക്കല്‍ കൊണ്ടും ഇല്ലാതാക്കാന്‍ പറ്റുന്നതല്ല ധര്‍മ്മത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടം. നിരവധി ധീരദേശാഭിമാനികളെ അറസ്റ്റ് ചെയ്തും തൂക്കിലേറ്റിയും വെടിയുതിര്‍ത്തും അവരുടെ സ്വാതന്ത്ര്യവും മതേതരവുമെന്ന ആദര്‍ശത്തെ തല്ലികെടുത്തുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചിരുന്നെങ്കില്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമാകുമായിരുന്നോ?
ഫാസിസത്തിനു മുന്നില്‍ വെറുപ്പും വിദ്വേഷവും മാത്രമേയുള്ളൂ. അതിന് മഹാമാരിയും തടസ്സമല്ല.
കോവിഡ് 19 മൂലം മരണ സംഖ്യ എത്ര വര്‍ധിച്ചാലും മനുഷ്യന്‍റെ കൊലപാതക രാഷ്ട്രീയത്തിനും ഫാസിസ്റ്റ് നയങ്ങള്‍ക്കും മാറ്റമുണ്ടാകില്ലായെന്നാണ് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജനലക്ഷങ്ങള്‍ മരിച്ചു വീണ ഒന്നാം ലോക മഹായുദ്ധ വിജയം ആഘോഷിക്കുന്നതിനിടയിലാണ് ഫിലാഡെല്‍ഫിയയില്‍ സ്പാനിഷ് ഫ്ലൂ പടര്‍ന്നു പിടിച്ചത്. അഞ്ചു കോടി ജനങ്ങളാണ് ഈ പകര്‍ച്ചവ്യാധിമൂലം മരണപ്പെട്ടത്. 1918 ല്‍ അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനേയും ഈ അസുഖം ബാധിച്ചു. എന്നാല്‍ ഇതിനു ശേഷമാണ് രണ്ടാം ലോകയുദ്ധം അണുബോംബുകളുടെ വേദിയാകുന്നതും ഹിരോഷിമയും നാഗസാക്കിയും വെന്തുവെണ്ണീരാകുന്നതും. ലോകം മുഴുക്കെ ആബാലവൃദ്ധം മനുഷ്യരെയും കൊന്നൊടുക്കി മത്സരിച്ച് ഒന്നാമനാകുന്നതിലായിരുന്നു മനുഷ്യന്‍റെ താല്‍പര്യം. മനുഷ്യകുലത്തിന് സമൂഹമനസ്സ് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് ചരിത്രകാരനായ പ്രൊഫ. ടോണി ജൂഡിത് ചൂണ്ടികാട്ടുന്നത്. ഇന്ത്യന്‍ ജനതയുടെ മനസ്സാക്ഷിയെ മരവിപ്പിച്ച് ഒന്നാമനാകാനുള്ള ശ്രമമാണ് ഈ കൊറോണ കാലത്തും ഫാസിസ്റ്റുകള്‍ നടത്തികൊണ്ടിരിക്കുന്നത്.
ഫാസിസത്തിന്‍റെ പൊതുസ്വഭാവത്തെ സംക്ഷിപ്തമായി വിവക്ഷിച്ച വലിയ ഭാഷാ ശാസ്ത്രജ്ഞനും മനശാസ്ത്രജ്ഞനും ചിന്തകനും നോവലിസ്റ്റുമാണ് ഉംബര്‍ട്ടോ എക്കോ. യൂണിവേഴ്സല്‍ ഫാസിസത്തിന്‍റെ പൊതുസ്വഭാവമാണ് വിയോജിപ്പുകളെ ഗൂഢാലോചനയായി കാണുകയും അതിനോട് പൂര്‍ണ്ണമായ അസഹിഷ്ണുത കാണിക്കുകയും ചെയ്യുക എന്നത്. ഈയൊരു വിയോജിപ്പ് തന്നെയാണ് ആനന്ദ് തെല്‍ തുംഡയ്ക്കെതിരെ ഈ കോവിഡ് കാലത്ത് ഉയര്‍ന്നതും. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നതിന്‍റെ പേരില്‍ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യുന്ന സമയത്ത് ജനങ്ങള്‍ക്ക് എഴുതിയ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ എന്‍ ഐ എ കസ്റ്റഡിയിലേക്ക് പോവുകയാണ്, ഇനി എന്നാണ് നിങ്ങളോട് സംസാരിക്കാന്‍ കഴിയുക എന്നെനിക്കറിയില്ല. എന്നിരുന്നാലും ഞാന്‍ ഗൗരവമായിതന്നെ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഊഴം വരുന്നതിന് മുമ്പ് നിങ്ങള്‍ അഭിപ്രായം തുറന്നു പറയുമെന്ന്. അതെ, നമ്മുടെ ഊഴവുമടുത്തിരിക്കുന്നു.